ലോകത്തെ എണ്ണംപറഞ്ഞ ടെക് കമ്പനികളുടെയെല്ലാം സാരഥ്യം ഇന്ത്യന്‍ സി.ഇ.ഒ.മാരുടെ കൈക്കുള്ളിലാകുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ ആഗോള ടെക് രംഗം സാക്ഷ്യംവഹിക്കുന്നത്. ഏറ്റവും ഒടുവിലായിതാ ട്വിറ്ററിന്റെ തലപ്പത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍

ഗൂഗിള്‍– സുന്ദര്‍ പിച്ചൈ

ബിഗ് ടെക് കമ്പനികളിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ സാന്നിധ്യം ഗൂഗിള്‍ സി.ഇ.ഒ. ആയ സുന്ദര്‍ പിച്ചൈ തന്നെയാകും. തമിഴ്‌നാട്ടില്‍ ജനിച്ച് ഐ.ഐ.ടി. ഖരഗ്പുരില്‍നിന്ന് എന്‍ജിനിയറിങ് ബിരുദവും സ്റ്റാന്‍ഫഡില്‍ നിന്നു മാസ്റ്റേഴ്‌സും നേടിയ പിച്ചൈയും കഠിനാധ്വാനം എന്ന മന്ത്രം മുറുകെപ്പിടിച്ചാണ് ഗൂഗിളിന്റെ തലപ്പത്ത് എത്തിയത്. ഗൂഗിളിന്റെ നിയന്ത്രണം തന്റെ കൈകളില്‍ ഏറ്റെടുത്ത ശേഷം കമ്പനിയെ ലാഭത്തിന്റെയും മികവിന്റെയും പാതയിലേക്കു നയിക്കാന്‍ പിച്ചൈയ്ക്കു കഴിഞ്ഞു. ലാഭക്കണക്കുകളില്‍ മാത്രം അഭിരമിക്കുന്ന നായകന്‍ എന്നതിനപ്പുറം സ്‌നേഹമുള്ള, കെയറിങ്ങുള്ള സി.ഇ.ഒ. എന്നാണു പിച്ചൈയെപ്പറ്റി ഗൂഗിളില്‍ത്തന്നെയുള്ള അഭിപ്രായം.

മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത പിച്ചൈ 2004ലാണ് ഗൂഗിളില്‍ ജോലി ചെയ്യാനാരംഭിച്ചത്. ഗൂഗിള്‍ ക്രോം, ക്രോം ഒഎസ്, ഗൂഗിള്‍ ഡ്രൈവ് എന്നിവ വികസിപ്പിക്കുന്നതില്‍ നേതൃത്വംവഹിച്ച സുന്ദര്‍ പിച്ചൈ 2015ലാണ് ഗൂഗിളിന്റെ സി.ഇ.ഒ. ആയത്. പിന്നീട് ആല്‍ഫബെറ്റ് എന്ന മാതൃകമ്പനി സ്ഥാപിച്ചപ്പോള്‍ അതിന്റെയും സി.ഇ.ഒ. ആയി

ട്വിറ്റര്‍ - പരാഗ് അഗ്രവാള്‍

ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കമ്പനിയുടെ സാങ്കേതിക അമരത്ത് പരാഗായിരുന്നു. പരാഗിനെ സി. ഇ.ഒ. സ്ഥാനത്തേക്ക് നിയോഗിച്ചുകൊണ്ട് മുന്‍ സി.ഇ.ഒ. ജാക്ക് ഡോര്‍സി പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു– കഴിഞ്ഞ പത്തു വര്‍ഷത്തെ പരാഗിന്റെ കഠിനാധ്വാനം ട്വിറ്ററിനെ പുതിയ തലത്തിലേക്ക് നയിച്ചെന്നായിരുന്നു അത്.

ഐ.ഐ.ടി. ബോംബെയില്‍നിന്ന് ബിരുദംനേടിയ പരാഗ്, സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് ഉപരിപഠനത്തിനായാണ് യു.എസിലെത്തിയത്. 2011ലായിരുന്നു ട്വിറ്ററിലെ അരങ്ങേറ്റം. പിന്നീട് ട്വിറ്റര്‍ വളര്‍ന്നതിനൊപ്പം പരാഗും വളര്‍ന്നു.


മൈക്രോസോഫ്റ്റ് - സത്യ നാദെല്ല

ലോക ഐ.ടി. രംഗത്ത് ഗൂഗിളിനും മുന്‍പ് ഉയര്‍ന്നുകേട്ട പേരാണ് മൈക്രോസോഫ്റ്റ്, സാക്ഷാല്‍ ബില്‍ഗേറ്റ്‌സിന്റെ കമ്പനി. ഇതിഹാസതുല്യമായ പാരമ്പര്യമുള്ള ഈ കമ്പനിയെയും നയിക്കുന്നത് ഇന്ത്യന്‍ കരങ്ങളാണ്. 54 വയസ്സുകാരനായ സത്യ നാദെല്ല 2014ലാണ് മൈക്രോസോഫ്റ്റിന്റെ അമരത്തെത്തിയത്. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു എന്‍ജിനിയറിങ് ബിരുദവും ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ.യും നേടി. 1992 മുതല്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന സത്യ നദെല്ല സി.ഇ.ഒ. ആകുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്‍ഡ് എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.


അഡോബി – ശന്തനു നാരായന്‍

ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ നമ്മളില്‍ പലരും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വേറാണ് ഫോട്ടോഷോപ്പ്. ഈ സോഫ്‌വേര്‍ തയ്യാറാകുന്ന അഡോബിയുടെ തലപ്പത്തും ഇന്ത്യന്‍ വംശജനാണ്, ശന്തനു നാരായണ്‍. ജനനം ഹൈദരാബാദില്‍ ആയിരുന്നു. ഒസ്മാനിയ സര്‍വകലാശാലയില്‍നിന്നു എന്‍ജിനിയറിങ് ബിരുദം നേടിയ ശേഷം കലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. നേടിയ അദ്ദേഹം 2007 മുതല്‍ അഡോബിയുടെ സി.ഇ.ഒ.യും പ്രസിഡന്റും ചെയര്‍മാനുമാണ്.


ഐ.ബി.എം.- അരവിന്ദ് കൃഷ്ണ

ഐ.ടി. ഹാര്‍ഡ്‌വേര്‍ രംഗത്തെ പ്രശസ്ത കമ്പനിയായ ഐ.ബി.എമ്മിന്റെ സി.ഇ.ഒ. ഇന്ത്യക്കാരനായ അരവിന്ദ് കൃഷ്ണയാണ്. 2015ല്‍ ഐ.ബി.എമ്മിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ അരവിന്ദ് കൃഷ്ണ, റെഡ്ഹാറ്റിനെ ഐ.ബി.എം. ഏറ്റെടുത്തതില്‍ നിര്‍ണായക ശക്തിയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് അരവിന്ദ് കൃഷ്ണ ഐ.ബി.എമ്മിന്റെ സി.ഇ. ഒ. ആയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചെയര്‍മാന്‍ പദവിയും ഏറ്റെടുത്തു.

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലായിരുന്നു അരവിന്ദ് കൃഷ്ണയുടെ ജനനം. 1985ല്‍ കാന്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ അരവിന്ദ് കൃഷ്ണ അതേവിഷയത്തില്‍ പിഎച്ച്.ഡി. നേടാന്‍ അധികം താമസമില്ലാതെ അമേരിക്കയിലെത്തുകയായിരുന്നു.


മാസ്റ്റര്‍കാര്‍ഡ് - അജയ്പാല്‍ സിങ് ബംഗ

സാമ്പത്തികരംഗത്തെ ബഹുരാഷ്ട്ര കമ്പനിയായ മാസ്റ്റര്‍കാര്‍ഡിന്റെ നിലവിലെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അജയ്പാല്‍ സിങ് ബംഗ ജനിച്ചത് പുണെയിലാണ്.

പദ്മശ്രീ അവാര്‍ഡ് ജേതാവുകൂടിയായ അജയ്പാല്‍ സിങ് ബംഗ, 2010 മുതല്‍ 2020 വരെ മാസ്റ്റര്‍കാര്‍ഡിന്റെ സി.ഇ.ഒ.യുമായിരുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബി.എ. ബിരുദം നേടിയ അജയ്പാല്‍ സിങ് ബംഗ, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം.ബി. എ.യും പൂര്‍ത്തിയാക്കി. മാസ്റ്റര്‍കാര്‍ഡില്‍ ചേരുന്നതിനു മുന്‍പ് നെസ്‌ലെ, പെപ്‌സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലും അജയ്പാല്‍ സിങ് ബംഗ പ്രവര്‍ത്തിച്ചിട്ടുണ്ട്.