സംസാരിക്കാനുള്ള കഴിവിന്റെ വില നമ്മൾ പലപ്പോഴും മനസ്സിലാക്കാറില്ല.. എന്നാൽ ആശയവിനിമയം നടത്തുന്നതിന് കേൾവിശക്തിയില്ലാത്തവർ നേരിടുന്ന വെല്ലുവിളികൾ ഒട്ടേറെയാണ്. ശബ്ദമില്ലാത്ത ലോകത്തിലെ ശബ്ദമാണ് ആംഗ്യഭാഷ. ഇത് പഠിക്കുന്നതിലൂടെ അവരുടെ നിശ്ശബ്ദലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ ചേർത്തുനിർത്താനും നമുക്ക് കഴിയും.
അന്തർദേശീയ ആംഗ്യഭാഷാദിനം
യു.എൻ. പൊതുസഭാ അംഗീകാരപ്രകാരം സെപ്റ്റംബർ 23 അന്തർദേശീയ ആംഗ്യഭാഷാദിനമായി ആചരിക്കുന്നു. 2018 മുതലാണ് ഈ ദിനം ആചരിച്ചുതുടങ്ങിയത്. ആംഗ്യഭാഷാദിനത്തിന്റെ 2019-ലെ പ്രമേയം ‘ആംഗ്യഭാഷാ അവകാശം എല്ലാവർക്കും’ എന്നാണ്. ആംഗ്യഭാഷാ ബോധവത്‌കരണവും അവരുടെ പുനരധിവാസവുമാണ് ഈ ദിവസംകൊണ്ട് ലക്ഷ്യമിടുന്നത്.
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 50,71,007 ബധിരർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 19,98,535 പേർക്ക് സംസാരവൈകല്യങ്ങൾ ഉണ്ട്. ബധിരർക്ക് പൊതുജനങ്ങളുമായി അനായാസം ആശയവിനിമയം നടത്താൻ സാധിച്ചാൽ അവരുടെ പ്രശ്‌നങ്ങൾ ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെടും. അതിനായി ജനങ്ങളിൽ ആംഗ്യഭാഷ പ്രാവർത്തികമാക്കുകയാണ് ചെയ്യേണ്ടത്.
ലോക ബധിര സംഘടന (ഡബ്ല്യു.എഫ്.ഡി.) കണക്കുപ്രകാരം ലോകത്ത് ഏഴുകോടി 20 ലക്ഷം പേർ ബധിരരായിട്ടുണ്ട്. അതിൽ 80 ശതമാനവും വികസ്വര രാഷ്‌ട്രങ്ങളിലാണ്. അവരെല്ലാംതന്നെ 300-ൽപ്പരം ആംഗ്യഭാഷകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ദേശീയ ബധിരവാരം
ലോക ബധിര സംഘടന (ഡബ്ല്യു.എഫ്.ഡി.) യു.എൻ. ആഹ്വാനപ്രകാരം 1958 മുതൽ സെപ്റ്റംബർ അവസാന ആഴ്ച അന്തർദേശീയ ബധിരവാരമായി ആചരിക്കുന്നു. ബധിരരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, പുനരധിവാസ പ്രവർത്തനങ്ങൾ, പൊതുജനങ്ങളിൽ അവബോധം വളർത്തുക, അവരുമായുള്ള ഇടപെടലുകൾ എളുപ്പമാക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആംഗ്യഭാഷാ നിഘണ്ടു
ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലനകേന്ദ്രം (ഐ.എസ്.എൽ.ആർ.എ.ടി.) 2018 മാർച്ചിൽ ആംഗ്യഭാഷാ നിഘണ്ടു പുറത്തിറക്കി. വിവിധ ആംഗ്യഭാഷകൾ ക്രോഡീകരിച്ച് മൂവായിരത്തിൽപ്പരം വാക്കുകൾക്കുപകരം ആംഗ്യങ്ങൾ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഡി.വി.ഡിയാണ് പുറത്തിറക്കിയിട്ടുള്ളത്. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. നിയമ, മെഡിക്കൽ, വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക വാക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ
കേൾവിക്ക് തകരാറുള്ള കുട്ടികൾ അവരുടെ വികാരവിചാരങ്ങൾ രക്ഷിതാക്കളോടും സുഹൃത്തുക്കളോടും പങ്കുവെക്കാൻ കഴിയാതെ ഒതുങ്ങിക്കൂടുകയാണ് ചെയ്യാറ്. അതിനവർ ശ്രമിച്ചാൽത്തന്നെ മറ്റുള്ളവർക്ക് അത് പൂർണമായും മനസ്സിലാകണമെന്നില്ല.
കൈക്കുഞ്ഞായിരിക്കുമ്പോൾത്തന്നെ കുട്ടിക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്നു കണ്ടെത്തിയാൽ രക്ഷിതാക്കളും ആംഗ്യഭാഷ സ്വായത്തമാക്കേണ്ടതുണ്ട്. ഇതുവഴി കൂടുതൽ കാര്യങ്ങൾ അവരെ പഠിപ്പിക്കാനും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
ഇന്ത്യൻ, ബ്രിട്ടീഷ്, ഇറ്റാലിയൻ, സ്വീഡിഷ്, ഫ്രഞ്ച്, ഡാനിഷ്, ജർമൻ, ജാപ്പനീസ്, ക്രൊയേഷ്യൻ, സെർബിയൻ തുടങ്ങിയവയാണ് ആഗോള അംഗീകാരം നേടിയ ആംഗ്യഭാഷകളിൽ ചിലത്.
ഔദ്യോഗികഅംഗീകാരം നേടിയ ഭാഷകൾക്കുപുറമേ പ്രാദേശികമായി രൂപംകൊണ്ടതും തലമുറകളായി ഉപയോഗിച്ചും അഭ്യസിച്ചും പോരുന്ന നൂറുകണക്കിന് ആംഗ്യഭാഷാ വകഭേദങ്ങൾ വേറെയുമുണ്ട്. ശ്രീലങ്ക, ടാൻസാനിയ ഉൾപ്പെടെയുള്ള ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇവയിലേറെയും. ആംഗ്യഭാഷ സംബന്ധിച്ച് ലഭ്യമായ ഏറ്റവും പുരാതനരേഖ ബി.സി. അഞ്ചാം നൂറ്റാണ്ടിലേതാണ്.
രക്ഷിതാക്കളോടൊപ്പം പൊതുസമൂഹവും ആംഗ്യഭാഷയോട് അനുതാപപൂർണമായ നിലപാടാണ് സ്വീകരിക്കേണ്ടത്. എങ്കിൽമാത്രമേ ഇവർക്ക് സമൂഹവുമായി സുഗമമായി ഇടപെടാൻ സാധിക്കൂ.
-സിസ്റ്റർ വിക്ടോറിയ പ്രിൻസിപ്പൽ (കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്‌കൂൾ)
വൈകല്യം നേരത്തേ കണ്ടെത്തി സ്പീച്ച് തെറാപ്പിയും ആംഗ്യഭാഷാപഠനവും ചുണ്ടുകളുടെ ചലനം മനസ്സിലാക്കിയുള്ള പഠനവും നൽകിയതുകൊണ്ട് മകളെ ഒരു സർക്കാർ ഉദ്യോഗസ്ഥയായി കാണാൻ സാധിച്ചു.
-ലീല പുതുക്കുടി, രക്ഷിതാവ് (സ്പീച്ച് ആൻഡ് ഹിയറിങ് അധ്യാപിക)
കുട്ടി ജനിച്ച് ഒരുമാസം ആകുന്നതിന് മുമ്പേതന്നെ കേൾവിശക്തി പരിശോധിച്ചാൽ ഒരുപരിധിവരെയെങ്കിലും പൂർണമായും കേൾവിശക്തി നഷ്ടപ്പെടുന്നത് തടയാനാകും. അഥവാ അങ്ങനെ ഒരു പ്രശ്‌നം ഉണ്ടെങ്കിൽത്തന്നെ കൃത്യമായ പരിശീലനത്തിലൂടെ അതിനെ മറികടക്കാൻ കഴിയും.
-ഡോ. എം.പി. മനോജ്, (കോക്ലിയർ ഇംപ്ലാന്റ് സർജൻ)മെസിയാർക് ഇ.എൻ.ടി. ഹോസ്പിറ്റൽ, കോഴിക്കോട്
Content Highlights: people who can see the voice sign language day special story