രണ്ടുപേർക്ക് പരസ്പരം സംസാരിക്കാൻ പൊതുവായ ഒരു ഭാഷ വേണമല്ലോ. ഇതുപോലെ നെറ്റ്‌വർക്കിലെ രണ്ടുപകരണങ്ങൾക്ക് ആശയവിനിമയത്തിലേർപ്പെടാനും പൊതുരീതികൾ വേണം. ഇതുദ്ദേശിച്ചുള്ളതാണ് നെറ്റ്‌വർക്ക് പ്രോട്ടോക്കോളുകൾ. ദൂരെയിരിക്കുന്ന സെർവറിനും നമ്മുടെ കംപ്യൂട്ടറിലെ ബ്രൌസറിനും 'ഹൈപ്പർടെക്സ്റ്റ് ട്രാൻസ്‌ഫർ പ്രോട്ടോക്കോൾ' (HTTP) ഒരുപോലെ അറിയാവുന്നതുകൊണ്ടാണ് രണ്ടും ആശയവിനിമയം നടത്തി നമുക്കുമുന്നിൽ വെബ്‌സൈറ്റ് എത്തിച്ചുതരുന്നത്.
പ്രോട്ടോക്കോളുകളുമായി ബന്ധപ്പെട്ട ഈ ചോദ്യം നോക്കൂ:
- തന്നിട്ടുള്ളവയിൽ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ ഏതെല്ലാം?
(a) TCP (b) DHCP (c) Firewall (d) HTML
ഇതിൽ (a), (b) എന്നിവയാണ് പ്രോട്ടോക്കോളുകൾ. TCP എന്നാൽ 'ട്രാൻസ്മിഷൻ കൺട്രോൾ പ്രോട്ടോക്കോൾ'. ഇന്റർനെറ്റിന്റെ അടിസ്ഥാന സാങ്കേതികവിദ്യകളിൽ ഒന്നാണിത്. DHCP എന്നാൽ 'ഡൈനാമിക് ഹോസ്റ്റ് കോൺഫിഗറേഷൻ പ്രോട്ടോക്കോൾ'. നെറ്റ്‌വർക്കിലെ ഉപകരണങ്ങൾക്ക് ഐ.പി. വിലാസവും മറ്റും താനേ അനുവദിച്ചുകിട്ടാനുള്ള ഒരു സംവിധാനമാണിത്.
നെറ്റ്‌വർക്കിലെ അനാവശ്യസന്ദേശങ്ങളും ആക്രമണവും തടയാനുള്ള ഉപകരണമാണ് ഫയർവാൾ. വെബ്‌പേജുകൾ തയ്യാറാക്കാനുള്ള ഭാഷയാണ് എച്ച്.ടി.എം.എൽ. ഇവ രണ്ടും പ്രോട്ടോക്കോളുകളല്ല.
പ്രധാനപ്പെട്ട മറ്റു ചില പ്രോട്ടോക്കോളുകൾ
IP - Internet Protocol
HTTP - Hypertext Transfer Protocol
FTP - File Transfer Protocol
SMTP - Simple Mail Transfer Protocol
IMAP - Internet Message Access Protocol
SSH - Secure Shell
ഐ.പി. വിലാസം
നാമുപയോഗിക്കുന്ന കംപ്യൂട്ടർ നെറ്റ്‌വർക്കുകളിലെ ഓരോ ഉപകരണത്തിനും ഒരു പ്രത്യേക വിലാസം ലഭിക്കുന്നുണ്ട്. ഇതാണ് ഐ.പി. അഡ്രസ് (IP Address). ഐ.പി. അഡ്രസ്സുമായി ബന്ധപ്പെട്ട ഈ ചോദ്യം നോക്കൂ:
- താഴെ കൊടുത്തിരിക്കുന്നവയിൽ ഐ.പി. അഡ്രസ്സാവാൻ സാദ്ധ്യതയില്ലാത്തത് ഏതെല്ലാം?
(a) 192.168.324.12 (b) 1.1.1.1 (c) 127.0.0.0 (d) 162.145.120
രണ്ടുതരം ഐ.പി. വിലാസമാണ് നിലവിലുള്ളത്. IPv4, IPv6 എന്നിവയാണവ. ആദ്യത്തേതിൽ 32 ബിറ്റും രണ്ടാമത്തേതിൽ 128 ബിറ്റുമാണുള്ളത് (ഒരു ബിറ്റ് എന്നാൽ ഒരു പൂജ്യമോ ഒന്നോ). ഐ.പി. വിലാസങ്ങൾ എങ്ങനെ വേണമെങ്കിലും എഴുതാമെങ്കിലും ഇതിനൊരു പൊതുരീതിയുണ്ട്. നാലു ദശാംശസംഖ്യകൾ (നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതരം സംഖ്യകൾ) കുത്തിട്ട് വേർതിരിച്ചാണ് ഐ.പി. 4 എഴുതുക. ഐ.പി. 6 ആകട്ടെ എട്ട് ഹെക്സാഡെസിമൽ സംഖ്യകൾ കോളൻ (:) ഉപയോഗിച്ച് വേർതിരിച്ചും. കൂടുതൽ എണ്ണം ഉപകരണങ്ങൾക്ക് വിലാസം നൽകാൻ ഐ.പി. 6-ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ലോകം.
ചോദ്യത്തിൽ തന്നിട്ടുള്ള വിലാസങ്ങളെല്ലാം ഐ.പി. 4-ന്റെ ശൈലിയിലുള്ളതാണ്. ഇതിൽ നാലു സംഖ്യകൾ വേണമല്ലോ. അതുകൊണ്ട് (d) തെറ്റാണ്. (a)-യിൽ നാലു സംഖ്യകളുണ്ടെങ്കിലും ഒരെണ്ണം 324 ആണ്. ഇത് ശരിയാവില്ല. എന്തുകൊണ്ട്?
32 ബിറ്റാണല്ലോ ഒരു ഐ.പി. 4 വിലാസത്തിലുള്ളത്. ഇതിനെ നാലാക്കി മുറിച്ചാൽ എട്ടു ബിറ്റ് വീതം. എട്ടു ബിറ്റുകൊണ്ട് 256 സംഖ്യകളേ സൂചിപ്പിക്കാനാകൂ (0 മുതൽ 255 വരെ). അതിനുമപ്പുറത്താണല്ലോ 324.
(b) മുഴുവനായും ശരിയാണ്. പ്രചാരമേറിയ ഒരു സ്വകാര്യ ഡി.എൻ.എസ്. സേവനത്തിന്റെ വിലാസമാണിത്. (c) തെറ്റല്ലെങ്കിലും ഒരു കംപ്യൂട്ടറിന് ഇത് കൊടുക്കാനാവില്ല. ഒരു നെറ്റ്‌വർക്കിന്റെ വിലാസമാണിത്.
ഐ.പി. വിലാസങ്ങളുടെ എഴുത്തുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ കൂടി ഓർക്കാനുണ്ട്. ചിലപ്പോൾ ഐ.പി. 4 വിലാസങ്ങളുടെ വലതുവശത്ത് സ്ലാഷ് (/) ഇട്ടശേഷം ഒരു സംഖ്യ കൊടുത്തുകാണാം. ഇത് 32-ൽക്കൂടില്ല. വിലാസത്തിലെ ആദ്യത്തെ എത്ര ബിറ്റ് നെറ്റ്‌വർക്കിനെ സൂചിപ്പിക്കുന്നു എന്നാണ് ഇത് പറയുന്നത്. ഇത്തരം വിലാസങ്ങളിൽ നാലു കുത്തുണ്ടാവണമെന്ന് നിർബന്ധവുമില്ല.
ഐ.പി. 6 വിലാസങ്ങളിൽ പൂജ്യം മാത്രമുള്ള ഗ്രൂപ്പ് ഒഴിവാക്കാറുണ്ട് എന്നതാണ് അടുത്തത്. fc:45:0:0:0:0:0:96 എന്ന വിലാസം fc:45::96 എന്ന് ചുരുക്കാമെന്നര്‍ഥം.
Content Highlights: Internet Protocol, IP Address, Internet Protocol, Hypertext Transfer Protocol, File Transfer Protocol, Simple Mail Transfer Protocol, Internet Message Access Protocol, Secure Shell