പോളിയോ (പോളിയോ മൈലറ്റിസ്)

polioസുഷുമ്‌നയിലെ നാഡീകോശങ്ങളെ മാരകമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. മലിനജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന ഒരു രോഗമാണിത്. ചികിത്സകൊണ്ട് പൂര്‍ണമായി ഭേദപ്പെടുത്താന്‍  കഴിയാത്ത ഈരോഗത്തിന് പ്രതിരോധവാക്‌സിന്‍ ഫലപ്രദമാണ്. മുതിര്‍ന്നവരേക്കാള്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നത്.
പനി, തൊണ്ടവേദന, തലവേദന, ഛര്‍ദി,  കോച്ചിപ്പിടിത്തം എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. രോഗം നാഡികളെ  ബാധിക്കുന്നത് സ്ഥിരമായ അംഗവൈകല്യത്തിലേക്ക് നയിക്കുന്നു. ലോകാരോഗ്യസംഘടനയുടെ  കണക്കുപ്രകാരം 200-ല്‍ ഒരാള്‍ക്കുമാത്രമേ ഈ വൈറസാക്രമണം മാരകമായി ബാധിക്കുകയുള്ളൂ.

പോളിയോ നിര്‍മാര്‍ജനം അതിന്റെ  അവസാനഘട്ടത്തിലേക്ക് കടക്കുന്നു. 1988-ലാണ് ഇതിനുള്ള നടപടികളാരംഭിച്ചത്. 1953-ലാണ്  പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. രണ്ടുതരം പോളിയോ വാക്‌സിനുകളുണ്ട്. IPV (Inactivated Polio Vaccine), OPV (Oral Polio Vaccine) 

ചിക്കുന്‍ഗുനിയ (Chikungunya)

Chikungunyaകൊതുകുപരത്തുന്ന ഒരു വൈറസ് രോഗമാണിത്. പനി, സന്ധിവേദന, തലവേദന, സന്ധികളില്‍ വീക്കം, ചുവന്നുതിണര്‍ത്ത പാടുകള്‍, പേശിവേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗബാധിതനായ ഒരാളെ കടിക്കുന്ന കൊതുകിലൂടെ വൈറസ് മറ്റുള്ളവരിലേക്കും പകരുന്നു. 
ഈഡിസ് ആല്‍ബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നീ  കൊതുകുകളിലൂടെയാണ് വൈറസ്  ഒരാളില്‍നിന്ന്  മറ്റൊരാളിലേക്ക് എത്തുന്നത്. രോഗം  മാരകമാവുന്നത് അപൂര്‍വമാണ്. വൈറസ്  മനുഷ്യശരീരത്തില്‍ ഏകദേശം ഒരാഴ്ചയോളം നിലനില്‍ക്കും. കൊതുകുപെരുകുന്നത് തടയുകയാണ് ഒരുപോംവഴി. വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണപാനീയങ്ങളും ഈ അവസരത്തില്‍ അനുയോജ്യമാണ്. സന്ധിവേദന ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതിനാല്‍ വിശ്രമം ആവശ്യമാണ്.

ജപ്പാന്‍ ജ്വരം Japan Fever

കൊതുകിലൂടെ പകരുന്ന ഒരു വൈറസ് രോഗം.  ശക്തമായ പനി, തലവേദന, വിറയല്‍, ഛര്‍ദി, കഴുത്തുവേദന ഇവ ലക്ഷണങ്ങളാണ്. ഫ്‌ളാവി ഫാമിലിയില്‍ ഉള്‍പ്പെടുന്ന വൈറസുകളാണ് ഈ രോഗത്തിനുകാരണം. ക്യൂലെക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകിലൂടെ ഇത് പകരുന്നു. കൊതുകുനശീകരണത്തിലൂടെ നിയന്ത്രിക്കാമെന്നതിനാല്‍ മലിനജലം  കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ഡ്രൈ ഡേ (dry day) ആചരിക്കല്‍ തുടങ്ങിയവ ഫലപ്രദമാണ്.

നിപ (നിപ വൈറസ് ഇന്‍ഫെക്ഷന്‍)

വൈറസ് ബാധയുള്ള വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ മനുഷ്യനിലേക്ക് എത്തുന്ന മാരക രോഗമാണ് നിപ. 2018 ?മേയ് മാസത്തില്‍ കേരളത്തില്‍ നിരവധി ജീവന്‍ അപഹരിച്ച ഈ വൈറസ് ഹെനിപാ വൈറസ് ജനുസില്‍പ്പെട്ടതാണ്. സ്രവങ്ങളിലൂടെയാണ് ഒരു മനുഷ്യനില്‍നിന്ന് അടുത്തയാളിലേക്ക് ഇത് എത്തിപ്പെടുന്നത്. വൈറസ് ബാധയുള്ള വവ്വാല്‍ കഴിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിലേക്ക് എത്തുന്നത്. 

പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, ഛര്‍ദി, ക്ഷീണം, കാഴ്ചക്കുറവ് തുടങ്ങിയവയും ചിലരില്‍ കണ്ടുവരുന്നു. 14ദിവസമാണ് ഇന്‍ക്യുബേഷന്‍ കാലയളവ്. രോഗനിര്‍ണയം നടത്താന്‍ സമയമെടുക്കും എന്നതുകൊണ്ട് നിപ വൈറസ് അണുബാധ സംശയിക്കപ്പെടുന്നവരെ ഒറ്റപ്പെട്ടയിടത്തിലേക്ക് മാറ്റിയാണ് പരിചരിക്കുക. 
മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന പ്രദേശത്താണ് ആദ്യമായി വൈറസ് രോഗബാധ കണ്ടെത്തിയത്. അതാണ് നിപ എന്ന പേരിന് കാരണം. 

എബോള (Ebola)

ebolaമാരകമായ ഈ വൈറസ്രോഗം കോശങ്ങളെ നശിപ്പിക്കുകയും പ്രതിരോധശേഷി തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വന്യജീവികളില്‍നിന്ന് മനുഷ്യനിലെത്തുകയും ഭീതിജനകമാംവിധം വ്യാപിക്കുകയുംചെയ്ത എബോള രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിലില്ല.
കടുത്തപനിയും പേശിവേദനയുമാണ് പ്രാരംഭലക്ഷണങ്ങള്‍. വയറിളക്കവും ആന്തര-ബാഹ്യ രക്തസ്രാവവും രോഗം മാരകമാക്കുന്നു. 2014-ല്‍ മധ്യ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈരോഗം ചിമ്പാന്‍സി, ഗൊറില്ല, പഴംതീനി വവ്വാലുകള്‍ എന്നിവയിലൂടെ പകരുന്നു. രോഗിയെ സ്പര്‍ശിക്കുന്നതോ രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുന്നതോ   രോഗബാധയുണ്ടാക്കാം.

SARS (Severe Acute Respiratory Syndrome)

sarsന്യുമോണിയപോലെയുള്ള ഈ രോഗം ശ്വസനവ്യവസ്ഥയെ മാരകമായി ബാധിക്കുന്നു. ശ്വസനതടസ്സം അനുഭവപ്പെടുന്നത് മരണത്തിലേക്ക് നയിക്കുന്ന അവസ്ഥവരെ ഉണ്ടാക്കിയേക്കാം. 2003 ഫെബ്രുവരിയിലാണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന രോഗം രോഗിയുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെ വൈറസ് വായുവിലെത്തുന്നതിനിടയാക്കുന്നു. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം, ഇടപെടല്‍ ഇവ  രോഗവ്യാപനത്തിനിടയാക്കുന്നു.

Content Highlights: Viral infection, Polio Vaccine, Chikungunya, Nipah, Ebola, SARS