Mariana Trenchമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ വ്യാപിച്ചുകിടക്കുന്ന മലനിരകളും മലയിടുക്കുകളും നിറഞ്ഞ മേഖലയാണ് മരിയാന ട്രെഞ്ച്.

ചുരുളഴിയുന്നു

1872. ബ്രിട്ടന്റെ റോയൽ നേവി കപ്പലായ എച്ച്.എം.എസ്. ചലഞ്ചറിൽ സമുദ്രങ്ങളുടെ ആഴവും അടിത്തട്ടിന്റെ ഘടനയും പഠിക്കാൻ ഗവേഷകർ യാത്രതിരിച്ചു. നാലുവർഷത്തിൽ 70,000 കിലോമീറ്റർ യാത്ര. നീളമുള്ള കയറിൽ ഈയക്കട്ടകൾ കെട്ടി ഓരോ 140 കിലോമീറ്ററിലും ആഴമളന്നുകൊണ്ടിരുന്നു.

പസഫിക് സമുദ്രത്തിൽ മരിയാന ട്രെഞ്ചിനു മുകളിൽ കയർ താഴ്ത്തി. ഈയക്കട്ട കയറിനെ താഴ്ത്തിക്കൊണ്ടിരുന്നു. 26,850 അടി (8183 മീറ്റർ) ആഴത്തിലാണ് അതുനിന്നത്.

തുടർന്നുള്ള ഗവേഷണത്തിൽ ആ ഭാഗത്ത് അടിത്തട്ട് ആദ്യം കുത്തനെ ചെരിഞ്ഞിറങ്ങുന്നതും പിന്നീട് കുറച്ചുദൂരം പരന്നുകിടക്കുന്നതും കണ്ടെത്തി. അതിനും മുന്നോട്ടുപോയപ്പോൾ കിലോമീറ്ററുകൾ നീണ്ട് കുത്തനെ വീണ്ടും ഗർത്തം.

75 വർഷം കഴിഞ്ഞ് 1951-ൽ റോയൽ നേവിയുടെ എച്ച്.എം.എസ്. ചലഞ്ചർ 2 വിശദപഠനത്തിനെത്തി. സോണാർ ഉപയോഗിച്ച് 35,760 അടി (10,900 മീറ്റർ) വരെ അളന്നെടുത്തു. ഈ കപ്പലിന്റെ ഓർമയ്ക്കാണ് ഈ ആഴത്തിന് ‘ചലഞ്ചർ ഡീപ്പ്’ എന്നു പേരിട്ടത്. 2010-ൽ അമരിക്കയിലെ സെന്റർ ഫോർ കോസ്റ്റൽ ഓഷ്യൻ മാപ്പിങ് നടത്തിയ സർവേയിൽ 36,070 അടി (10,994 മീറ്റർ) ആഴമാണ് രേഖപ്പെടുത്തിയത്.

എന്തുകൊണ്ട് ആഴം

ടെക്ടോണിക് ഭൗമപാളികളായ പസഫിക് പ്ലേറ്റും ഫിലിപ്പീൻ പ്ലേറ്റും ചേരുന്ന ഭാഗത്താണ് മരിയാന ട്രെഞ്ച്. യു.എസ്. നേവിയിലെ ഭൗമശാസ്ത്രജ്ഞൻ ഹാരമോണ്ട് ഹീസ് ആണ് ഗർത്തമുണ്ടാകാൻ കാരണം തേടിയിറങ്ങിയത്. ഭൗമഫലകങ്ങളുടെ നിരങ്ങിനീങ്ങലാണ് കാരണമെന്ന് അദ്ദേഹം കണ്ടെത്തി.

പിന്നീടാണ് ഈ ട്രെഞ്ചിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. എതിർവശത്തായി പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ അടിത്തട്ടിലെ പർവതനിരകളും ഇതിന്റെ ഭാഗമാണെന്നു വ്യക്തമായി. രണ്ടും ചേർന്ന് 50,000 കിലോമീറ്ററിലധികം വരുന്ന ശൃംഖലയാണ്.

ബേസ്ബോളിനുചുറ്റിലുമുള്ള വളയംപോലെ ഭൂമിക്കുചുറ്റും ഒരു വളയമെന്നരീതിയിലാണ് ഇതിന്റെ കിടപ്പ്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നിലനിന്ന ശീതസമരമാണ് ഇവതമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിച്ചത്.

ശീതസമരം കണ്ടെത്തിയ ഉത്തരങ്ങൾ

സോവിയറ്റ് യൂണിയന്റെ ഓരോ നീക്കങ്ങളുമറിയാൻ അമേരിക്കയും തിരിച്ചും മത്സരബുദ്ധിയോടെ സാങ്കേതികവിദ്യകൾ വികസിപ്പിച്ചിരുന്ന കാലം. സമുദ്രപര്യവേക്ഷണങ്ങൾ ഇതിന്റെ ഭാഗമായി.
സമുദ്രാന്തർ ആണവപരീക്ഷണങ്ങൾ നടത്തിയാൽ കണ്ടെത്തുന്നതിന് അമേരിക്ക കൊണ്ടുവന്ന നിരീക്ഷണസംവിധാനമാണ് മരിയാന ട്രെഞ്ചിന്റെ രഹസ്യം വെളിപ്പെടുത്തിയത്.

ഇതിനായി സമുദ്രത്തിൽ പലയിടത്തായി അമേരിക്ക സീസ്‌മോ ഗ്രാഫുകൾ സ്ഥാപിച്ചു. ഇതിൽ പസഫിക് മേഖലയിൽ ഉണ്ടായിരുന്നവയിൽ പലവട്ടം ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ആ പ്രദേശങ്ങളെ ചേർത്തുണ്ടാക്കിയ മാപ്പിൽ മരിയാന ട്രെഞ്ചും മലനിരകളും ഉൾപ്പെട്ട പ്രദേശത്തായിരുന്നു ഇവയുടെ പ്രഭവകേന്ദ്രം. ഭൗമഫലകങ്ങളുടെ ചലനത്തിലേക്ക് ഇതു വിരൽചൂണ്ടി.

അന്തർവാഹിനികൾ കണ്ടെത്താൻ കാന്തികതരംഗങ്ങൾ ഉപയോഗിച്ചുള്ള അമേരിക്കയുടെ പഠനത്തിൽ കിഴക്കൻ മേഖലയിൽ പർവതങ്ങൾക്ക് സമാന്തരമായി കാന്തികമണ്ഡലവും കണ്ടെത്തി. ഒന്നിടവിട്ട് പോസിറ്റീവും നെഗറ്റീവും ചാർജുകളോടുകൂടിയ മാഗ്‌നെറ്റിക് സ്ട്രിപ്പുകളായിരുന്നു ഇവ. ഏറ്റവും ഉയരമുള്ള ഭാഗത്തിന് ഇരുദിശയിലും ഒരേരീതിയിൽ പോകുന്ന ഈ സ്ട്രിപ്പുകളെ ‘സീബ്ര സ്‌ട്രൈപ്‌സ്’ എന്നു വിളിക്കുന്നു. പസഫിക്കിലെ പർവതനിരകളുടെ മുകളിലായി അഗ്നിപർവതത്തിലെ ഉരുകിയ മാഗ്മയിൽ ഭൂമിയുടെ കാന്തികമണ്ഡല പ്രഭാവത്താൽ കാന്തികശേഷിയുള്ള ധാതുക്കൾ വടക്കുതെക്കുദിശയിൽ ഉറയ്ക്കുന്നതാണ് ഇതിനു കാരണം.

ഭൂകേന്ദ്രവും ചലഞ്ചർ ഡീപ്പും

മനുഷ്യൻ കണ്ടെത്തിയിട്ടുള്ള ഏറ്റവും ആഴംകൂടിയ സ്ഥലമാണ് മരിയാന ട്രെഞ്ചിന്റെ ഭാഗമായ ചലഞ്ചർ ഡീപ്പ്. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഗുവാം ദ്വീപിൽനിന്ന് 340 കിലോമീറ്റർ അകലെയാണിത്. ഏറ്റവും ആഴമുള്ള സ്ഥലമാണെങ്കിലും ഇത് ഭൂമിയുടെ കേന്ദ്രത്തോട് ഏറ്റവും അടുത്ത സ്ഥലമല്ല.

ഭൂമധ്യരേഖയിൽ ഭൂമി പുറത്തേക്കു തള്ളിയിരിക്കുന്നതാണ് ഇതിനു കാരണം.

ഭൂമിയുടെ ആരം ഭൂമധ്യരേഖയിലേക്കാൾ ധ്രുവപ്രദേശങ്ങളിൽ 25 കിലോമീറ്റർ വരെ കുറവാണ്. ആർട്ടിക് സമുദ്രത്തിലെ കടൽത്തട്ടാണ് ചലഞ്ചർ ഡീപ്പിനേക്കാൾ ഭൂമിയുടെ കേന്ദ്രത്തോട് അടുത്തിരിക്കുന്നത്.

നിഗൂഢതയുടെ ആഴംതേടി

സമുദ്രനിരപ്പിനേക്കാൾ ആയിരം മടങ്ങുവരെ മർദമുള്ള ചലഞ്ചർ ഡീപ്പിൽ നേരിട്ടെത്താനാകുമായിരുന്നില്ല. 1953-ൽ സ്വിസ് ഗവേഷകനായ ആഗസ്ത് പിക്കാർ ഇറ്റലിയിൽ സമുദ്രാന്തർ മർദം അതിജീവിക്കുന്ന വാഹനത്തിന് ശ്രമം തുടങ്ങി. ഏഴുവർഷമെടുത്തു പരീക്ഷണം വിജയിക്കാൻ. അങ്ങനെ ഉരുക്കുപാളികളിൽ 50 അടി നീളത്തിൽ ട്രിയസ്റ്റ എന്ന സമുദ്രാന്തർ പര്യവേക്ഷണ വാഹനം തയ്യാറായി. മൂന്നരവർഷംകൊണ്ട് 5600 മീറ്റർ ആഴത്തിൽവരെ പരീക്ഷണം നടത്തിയശേഷമായിരുന്നു ചരിത്രം കണ്ട മഹാദൗത്യം.

അമേരിക്കൻ നേവിയിൽ ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷ്, ആഗസ്ത് പിക്കാറിന്റെ മകൻ ജാക്‌സ് പിക്കാർ എന്നിവർ 1960 ജനുവരി 23-ന് ട്രിയസ്റ്റയിൽ അടിത്തട്ടിലെത്തി. പകുതിദൂരത്തിൽ മർദത്തിൽനിന്ന് സംരക്ഷണം നൽകിയ ഗ്ലാസ് നിർമിത ഇരട്ടക്കവചങ്ങളിലൊന്ന് തകർന്നു. മരണം മുന്നിൽക്കണ്ട് തുടർയാത്ര. 4.48 മണിക്കൂർകൊണ്ട് അവർ 35,800 അടിയിൽ ചലഞ്ചർ ഡീപ്പിലെത്തി ചരിത്രമെഴുതി. ചെളിയിളകി കാഴ്ചമറഞ്ഞതോടെ മടക്കം. ആ ഒമ്പതു മണിക്കൂർ യാത്ര ഒട്ടേറെ നിഗൂഢതകളാണ് വെളിപ്പെടുത്തിയത്.

Pacific
ജെയിംസ് കാമറൂണിന്റെ വാഹനം

2012 മാർച്ച് 26-ന് ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ വീണ്ടും ഈ ആഴത്തിലെത്തി. 2009-ൽ വുഡ്‌സ് ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂഷന്റെ നെരിയസ് എന്ന റോബോട്ടിക് വാഹനവും 10,902 മീറ്റർ ആഴംവരെയെത്തിയിരുന്നു.

മരിയാന ഐലന്റ്

മരിയാന ട്രെഞ്ചിന് 322 മൈൽ അകലെ അതിനു സമാന്തരമായി കാണുന്ന അഗ്നിപർവത ദ്വീപുകളുടെ ശൃംഖലയാണ് മരിയാന ഐലന്റ്. ട്രെഞ്ചിനടുത്തായി ഉണ്ടാകുന്ന സബ്ഡക്ഷൻ പ്രക്രിയയാലാണ് (ഒരു ടെക്ടോണിക് പ്ലേറ്റ് (ഭൗമപാളി) മറ്റൊന്നിനടിയിലേക്ക് താഴ്ന്നുപോകുന്നത്) ഈ ദ്വീപുകൾ രൂപപ്പെടുന്നത്. അഗ്നിപർവതമുണ്ടെങ്കിലും ഇവിടെ ലാവ പുറത്തുവരുന്നില്ല. പകരം വായുവിനൊപ്പം ഒരുതരം നേർത്ത പൊടിരൂപത്തിലുള്ള ചെളിയാണ് ഉയർന്നുവരുന്നത്. ഇവയടിഞ്ഞാണ് ദ്വീപുകളുണ്ടായിരിക്കുന്നത്.

ഭൗമപാളികളിലൊന്ന് മറ്റൊന്നിനടിയിലേക്ക് നിരങ്ങിയിറങ്ങുമ്പോൾ വൻ ഭൂകമ്പത്തിനും സൂനാമിക്കും സാധ്യത കൂടുതലാണ്. എന്നാൽ, പസഫിക് മേഖല പൊതുവേ ശാന്തമാണ്. ഈ മേഖലയിലെ ബലം കുറഞ്ഞ പൊടിയുന്ന പാറകളാണ് ഇതിനു കാരണം. ഭൗമപാളികൾ ഉരയുമ്പോൾ ഈ പാറ പൊടിഞ്ഞുപോകുന്നതിനാൽ വലിയ അളവിൽ ഊർജം സ്വതന്ത്രമാക്കപ്പെടില്ല. ഈ പൊടി ഒരു ലൂബ്രിക്കന്റായി പ്രവർത്തിക്കുന്നു. ഇതാണ് ഭൂകമ്പങ്ങൾ ഒഴിവാകാൻ കാരണം.

Also Read: അര്‍ക്കാട്ട മാര്‍ഷും കാട്ടുജാതിക്കയും; അറിയാം ചതുപ്പുനിലങ്ങളുടെ പ്രാധാന്യം

ഭൗമപാളികളുടെ ചലനം

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പസഫിക് പ്ലേറ്റ് ഫിലിപ്പീന്‍ പ്ലേറ്റിനടിയിലൂടെ മാന്റിലിലേക്ക് ഇടിച്ചുകയറാന്‍ തുടങ്ങിയതാണ് മരിയാന ട്രെഞ്ച് രൂപപ്പെടാനിടയാക്കിയത്. പ്ലേറ്റുകളുടെ ഘടനയ്ക്കനുസരിച്ച് ചില സ്ഥലങ്ങളിൽ ചലനം വേഗത്തിലും ചിലയിടത്ത് തടസ്സപ്പെടുന്നതുമാകാം ഒരുഭാഗത്ത് വലിയ ഗർത്തത്തിനു കാരണമായതെന്നു കരുതുന്നു. പ്ലേറ്റിന്റെ ചലനം ധാതുക്കളെ ഒരു കൺവേയർ ബെൽറ്റ്‌പോലെ കറക്കിക്കൊണ്ടിരിക്കുന്നു. 40 ലക്ഷം വർഷം കൂടുമ്പോൾ അമേരിക്കയുടെ അത്ര വലുപ്പമുള്ള പ്രദേശം ആഴ്ന്നിറങ്ങുന്നുണ്ടെന്നാണ് നിരീക്ഷണം.

ഭൂകമ്പങ്ങൾക്ക്‌ കാരണം

ഭൗമഫലകങ്ങളുടെ നിരങ്ങിനീങ്ങൽ പല വേഗത്തിലാണ്. ഈ ഫലകങ്ങളുടെ അരികുകളിലാണ് ഭൂകമ്പങ്ങൾ കൂടുതലുണ്ടാകുന്നത്. ഈ നിരങ്ങൽ തടസ്സപ്പെടുമ്പോൾ മർദം കൂടുന്നു. ഇത് കൂടിവരുമ്പോൾ തടസ്സപ്പെട്ടഭാഗം പെട്ടെന്ന് തെന്നിനീങ്ങാൻ കാരണമാകും. പെട്ടെന്നുള്ള ഈ നീക്കമാണ് ശക്തമായ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നത്.

മലിനീകരണം

വൻതോതിൽ മാലിന്യമടിയുന്ന സ്ഥലമാണിവിടം. അടുത്തുനടന്ന പഠനത്തിൽ ന്യൂകാസിൽ സർവകലാശാലയിലെ ഗവേഷകർ മനുഷ്യനിർമിതമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. 1970-ൽ നിരോധിച്ച രാസവസ്തുക്കൾവരെ ഇക്കൂട്ടത്തിലുണ്ട്.

മരിയാന ട്രെഞ്ചിൽനിന്ന് കണ്ടെടുത്ത ആംഫിപോഡുകളുടെ കലകളിൽ ഓർഗാനിക് മാലിന്യത്തിന്റെ സാന്നിധ്യം വലിയ അളവിൽ കണ്ടെത്തി. പോളിക്ലോറിനേറ്റഡ് ബൈഫീനൈൽസ്,
പോളിബ്രോമിനേറ്റഡ് ബൈഫീനൈൽസ് തുടങ്ങിയ രാസവസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നു. വ്യാവസായിക അപകടങ്ങളിലൂടെ പുറത്തുപോയ രാസമാലിന്യങ്ങളാണിവ.

ജീവൻ

സമുദ്രനിരപ്പിലേക്കാൾ ആയിരം മടങ്ങുവരെ മർദവും ഓക്സിജന്റെ അഭാവവുമൊന്നും മരിയാന ട്രെഞ്ചിൽ ജീവനു തടസ്സമല്ല. വൈവിധ്യമായ ജീവിസാന്നിധ്യമാണ് ഇവിടെയുള്ളത്. ചലഞ്ചർ ഡീപ്പിൽനിന്നു ശേഖരിച്ച ചെളിയിൽ 200 വ്യത്യസ്ത ഇനങ്ങളിലുള്ള സൂക്ഷ്മജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ആഴത്തിൽ കനത്ത ഇരുട്ടിലും മർദത്തിലും ജീവികളെ കണ്ടെത്തിയിട്ടുണ്ട്.

സീനോഫയോഫോറുകൾ, ആംഫിപോഡുകൾ, ചെറിയ കടൽവെള്ളരികൾ എന്നിവയാണ് അടിത്തട്ടിലുള്ളത്. ഏകകോശ ജീവികളായ സീനോഫയോഫോറുകൾ വലിയ അമീബകളെപ്പോലെയാണ്.
ആംഫിപോഡുകൾ ചെമ്മീനുകളെപ്പോലെ കാണപ്പെടുന്നു. 26,200 അടിവരെ ആഴത്തിൽ സ്‌നെയിൽഫിഷിനെ കണ്ടെത്തിയിരുന്നു. ശൽക്കങ്ങളില്ലാത്ത പിങ്ക് നിറത്തോടു കൂടിയവയാണിവ.

സോണാർ

ശബ്ദതരംങ്ങൾ അയച്ച് അത് അടിത്തട്ടിൽ തട്ടി തിരിച്ചെത്താനെടുക്കുന്ന സമയമളന്നാണ് ആഴം കണ്ടെത്തുന്നത്. ഇതിന്റെ മികച്ച സാങ്കേതികത വികസിപ്പിച്ചെടുത്ത് 1940-ലായിരുന്നു. കടലിൽ മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്താനാണ് ഇവ വികസിപ്പിച്ചത്.

ചിംബൊരാസോ

Chimborazo
ചിംബൊരാസോ

ഭൂമിയിൽ ഏറ്റവും ഉയരം കൂടിയ സ്ഥലം എവറസ്റ്റ് കൊടുമുടിയാണ്. 8848 മീറ്റർ (29,029 അടി) ഉയരം. എന്നാൽ, ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് (കോർ അല്ലെങ്കിൽ അകക്കാമ്പ്) ഏറ്റവും അകലെയുള്ള സ്ഥലം ഇക്വഡോറിൽ ആൻഡിസ് പർവതനിരയുടെ ഭാഗമായ ചിംബൊരാസോ ആണ്. അകക്കാമ്പിൽനിന്ന് 6384.4 കിലോമീറ്റർ ദൂരം. എവറസ്റ്റിന്റെ തലപ്പിലേക്ക് 6263.47 കിലോമീറ്ററും.

ചിംബൊരാസോ ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്താണെന്നതാണ് ഇതിനു കാരണം. ഭൂമധ്യരേഖാപ്രദേശത്ത് ഭൂമിക്ക് വീതി കൂടുതലും ധ്രുവപ്രദേശങ്ങളിൽ കുറവുമാണ്. മുമ്പ് അഗ്നിപർവതമായിരുന്നു ചിംബൊരാസോ. ഇപ്പോൾ നിർജീവമാണ്. 6263 മീറ്റർ (20,548 അടി) ഉയരം. മുകളിൽ മഞ്ഞുപാളികൾ മൂടിക്കിടക്കുന്നു. പെറുവിലെ ഹുവാസ്‌കരാൻ ആണ് ഇക്കാര്യത്തിൽ രണ്ടാമത്. ചിംബൊരാസോയേക്കാൾ 23 മീറ്റർ മാത്രമാണ് കുറവ്. ഭൂമിയിൽ ഗുരുത്വാകർഷബലം ഏറ്റവും കുറഞ്ഞ സ്ഥലം ഹുവാസ്‌കരാനിന്റെ മുകളിലാണ്.

Content Highlights: Mariana trench and its mysteries