ഒക്ടോബറില്‍ വിടപറഞ്ഞ ചില പ്രമുഖ സാഹിത്യകാരന്മാരെ കുറിച്ചാണ് ഇത്തവണത്തെ വിദ്യയിൽ
ഇടശ്ശേരി (1906-1974)
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ 1906-ല്‍ കുറ്റിപ്പുറത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു. കവി, നാടകകൃത്ത്, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഒക്ടോബര്‍ 16-ന് അദ്ദേഹം അന്തരിച്ചു.
പ്രധാനകൃതികള്‍: കാവ്യസമാഹാരങ്ങള്‍- അളകാവലി, കറുത്ത ചെട്ടിച്ചികള്‍, കാവിലെ പാട്ട്, ഒരുപിടി നെല്ലിക്ക, തത്ത്വശാസ്ത്രമുറങ്ങുമ്പോള്‍, പുത്തന്‍ കലവും അരിവാളും. നാടകങ്ങള്‍- കൂട്ടുകൃഷി, നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും.
പുരസ്‌കാരങ്ങള്‍
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
കാക്കനാടന്‍ (1935-2011)
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടന്‍ 1935 ഏപ്രിലില്‍ തിരുവല്ലയിലാണ് ജനിച്ചത്. ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്നാണ് മുഴുവന്‍ പേര്. അധ്യാപകനായും റെയില്‍വേ ഉദ്യോഗസ്ഥനായും അദ്ദേഹം ജോലി ചെയ്തു. നോവല്‍, ചെറുകഥ, യാത്രാവിവരണം എന്നീ വിവിധ മേഖലകളില്‍ ധാരാളം കൃതികള്‍ അദ്ദേഹം രചിച്ചു. 2011 ഒക്ടോബര്‍ 19-ന് അദ്ദേഹം അന്തരിച്ചു.
പ്രധാന കൃതികള്‍: സാക്ഷി, ഏഴാംമുദ്ര, വസൂരി, ഉഷ്ണമേഖല, കോഴി, ഒറോത, കച്ചവടം, പതിനേഴ്, അശ്വത്ഥാമാവിന്റെ ചിരി, കുടജാദ്രിയുടെ സംഗീതം, യാത്രയ്ക്കിടയില്‍, അജ്ഞതയുടെ താഴ്വര, കാക്കനാടന്റെ ലഘുനോവലുകള്‍.
പുരസ്‌കാരങ്ങള്‍
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
മുട്ടത്തുവര്‍ക്കി അവാര്‍ഡ് ബാലാമണിയമ്മ പുരസ്‌കാരം പദ്മപ്രഭാ പുരസ്‌കാരം
ജോസഫ് മുണ്ടശ്ശേരി (1903-1977)
തൃശ്ശൂര്‍ ജില്ലയില്‍ കണ്ടശ്ശാംകടവ് ഗ്രാമത്തില്‍ മുണ്ടശ്ശേരി ജനിച്ചു. അധ്യാപകന്‍, സാഹിത്യനിരൂപകന്‍, നിയമസഭാംഗം, വിദ്യാഭ്യാസ മന്ത്രി, വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കേരളം, പ്രേക്ഷിതന്‍, കൈരളി എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. 1949-ല്‍ കൊച്ചി നിയമസഭാംഗമായ മുണ്ടശ്ശേരി 1957-ല്‍ ആദ്യ കേരള മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി.
പ്രധാനകൃതികള്‍: കാവ്യപീഠിക, മാനദണ്ഡം, രാജരാജന്റെ മാറ്റൊലി, മനുഷ്യകഥാനുഗായികള്‍, ഒറ്റനോട്ടത്തില്‍, കാലത്തിന്റെ കണ്ണാടി, നാടകാന്തം കവിത്വം, കരിന്തിരി, പുതിയ കാഴ്ചപ്പാടില്‍, രൂപഭദ്രത, പാശ്ചാത്യസാഹിത്യ സമീക്ഷ, പ്രയാണം, കൊന്തയില്‍നിന്ന് കുരിശിലേക്ക്, പാറപ്പുറത്ത് വിതച്ച വിത്തുകള്‍, പ്രൊഫസര്‍, ഇല്ലാ പോലീസ്, കടാക്ഷം (ചെറുകഥാ സമാഹാരങ്ങള്‍), ചിന്താമാധുരി (കവിതാസമാഹാരം), ചൈന മുന്നോട്ട് (യാത്രാവിവരണം), കൊഴിഞ്ഞ ഇലകള്‍ (ആത്മകഥ) 1977 ഒക്ടോബര്‍ 25-ന് അദ്ദേഹം ഓര്‍മയായി.
പുരസ്‌കാരങ്ങള്‍
കൊച്ചിരാജാവ് സാഹിത്യകുശലന്‍ ബഹുമതി സമ്മാനിച്ചു
സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ്
ചെറുകാട് (1914-1976)
നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്, കവി എന്നീ നിലകളില്‍ പ്രസിദ്ധനായ ചെറുകാട് 1914 ഓഗസ്റ്റ് 26-ന് പട്ടാമ്പിയില്‍ ജനിച്ചു. സി. ഗോവിന്ദപിഷാരടി എന്നാണ് യഥാര്‍ഥ പേര്. സ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ചെറുകാട് പിന്നീട് പട്ടാമ്പി സംസ്‌കൃത കോളേജില്‍ മലയാളം പ്രൊഫസറായി.
പ്രധാനകൃതികള്‍: മുത്തശ്ശി, ശനിദശ, ഭൂപ്രഭു, മരണപത്രം, മണ്ണിന്റെ മാറില്‍ (നോവലുകള്‍), സ്‌നേഹബന്ധങ്ങള്‍ മനുഷ്യഹൃദയങ്ങള്‍, വാല്‍നക്ഷത്രം, വിശുദ്ധ നുണ, ചുറ്റുവിളക്ക്, തറവാടിത്തം, അടിമ, കൊടുങ്കാറ്റ്, നമ്മളൊന്ന്, മുളങ്കൂട്ടം (നാടകങ്ങള്‍), ചെകുത്താന്റെ കൂട്, മുദ്രമോതിരം, തെരുവിന്റെ കുട്ടി (ചെറുകഥകള്‍) എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. 'ജീവിതപ്പാത' എന്ന ആത്മകഥ മലബാറിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തിന്റെ തുടിക്കുന്ന നേര്‍ചിത്രമാണ്. ചെറുകാടിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ശക്തി അവാര്‍ഡ്. 1976 ഒക്ടോബര്‍ 28-ന് അദ്ദേഹം അന്തരിച്ചു.
പുരസ്‌കാരങ്ങള്‍
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
വയലാര്‍ രാമവര്‍മ (1928-1975)
കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ 1928 മാര്‍ച്ച് 25-ന് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ വയലാറിന്റെ ആദ്യകവിത 'സ്വരാട്' വാരികയാണ് പ്രസിദ്ധീകരിച്ചത്. സാധാരണക്കാരുടെ വികാരവിചാരങ്ങളെ ഹൃദയസ്പര്‍ശിയായ വിധത്തില്‍ സംഗീതസാന്ദ്രമായി അദ്ദേഹം കവിതകളില്‍ ആവിഷ്‌കരിച്ചു. ഒക്ടോബര്‍ 27ന് വയലാര്‍ അന്തരിച്ചു.
പ്രധാനകൃതികള്‍: സര്‍ഗസംഗീതം, കൊന്തയും പൂണൂലും, മുളങ്കാട്, എനിക്കു മരണമില്ല, മാറ്റൊലിക്കവിതകള്‍, ഒരു യൂദാസ് ജനിക്കുന്നു എന്നിവ കാവ്യസമാഹാരങ്ങളാണ്. ആയിഷ അദ്ദേഹത്തിന്റെ പ്രസിദ്ധ ഖണ്ഡകാവ്യമാണ്. രക്തംകലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നിവ വയലാറിന്റെ ചെറുകഥാ സമാഹാരങ്ങളാണ്.
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങള്‍ ദേശീയചലച്ചിത്രപുരസ്‌കാരം
കേരളസംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങള്‍