ഉച്ചാരണസൗകര്യത്തിനായി പദങ്ങളെ തമ്മിൽ ചേർത്തുച്ചരിക്കുന്ന പതിവ് എല്ലാഭാഷകളിലുമുണ്ട്. അങ്ങനെ പദങ്ങളെ ചേർത്തുച്ചരിക്കുമ്പോൾ, ചേരുന്ന പദങ്ങളിൽ ചില മാറ്റങ്ങൾ സംഭവിക്കും. ആദ്യത്തെ പദത്തിന്റെ ഒടുവിലിരിക്കുന്ന വർണത്തിനോ രണ്ടാമത്തെ പദത്തിന്റെ ആദ്യമിരിക്കുന്ന വർണത്തിനോ ആണ് മിക്കപ്പോഴും മാറ്റംവരുക ഇത്തരത്തിൽ വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നുപറയാം. രണ്ടുപദങ്ങൾ കൂടിച്ചേരുമ്പോൾ അതിലെ വർണങ്ങൾക്കുണ്ടാകുന്ന മാറ്റമാണ് സന്ധി.
‘എന്റമ്മേടെ ജിമിക്കിക്കമ്മൽ...’ എന്ന ഗാനത്തിന്റെ ആദ്യവരിയിൽ എന്റെ, അമ്മ, ജിമിക്കി, കമ്മൽ എന്നു നാലുപദങ്ങളുണ്ട്. എന്റെ, അമ്മ എന്നീ പദങ്ങൾ ചേർന്ന് ‘എന്റമ്മ’ എന്നാകുമ്പോൾ ‘എന്റെ’ എന്ന പദത്തിന്റെ ഒടുവിലിരിക്കുന്ന വർണമായ ‘എ’ ലോപിച്ചുപോകും. അതുപോലെ ജിമിക്കി, കമ്മൽ എന്നിവ ചേരുമ്പോൾ കമ്മൽ എന്ന പദത്തിലെ ആദ്യ വർണമായ ക ഇരട്ടിച്ച് ‘ക്ക’ ആയിമാറും. വർണങ്ങൾക്കുണ്ടാകുന്ന ഇത്തരം മാറ്റമാണ് സന്ധി.
വർണവും അക്ഷരവും
ഒരു ഭാഷയിലെ ഉച്ചാരണക്ഷമമായ ഏറ്റവും ചെറിയ ഘട്ടമാണ് വർണം വർണത്തെ പിന്നീട് വിഭജിക്കാനാവില്ല. വ്യഞ്ജനങ്ങളും സ്വരങ്ങളും വർണങ്ങളാണ്. സ്വരങ്ങൾ സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്നവയായതുകൊണ്ട് അവ വർണങ്ങളും അക്ഷരങ്ങളും കൂടിയാണ്. വ്യഞ്ജനങ്ങൾക്ക് ഉച്ചാരണശേഷി കുറവാകുകയാൽ അവ വർണങ്ങൾ മാത്രമാണ്. അവയോട് സ്വരം ചേരുമ്പോഴാണ് അക്ഷരമായി മാറുക. ‘ക്’ എന്ന വ്യഞ്ജനത്തോട് ‘അ’ എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരമാണ് ‘ക’ മലയാളത്തിലെ എല്ലാ വ്യഞ്ജനങ്ങളോടും ‘അ’ എന്ന സ്വരം ചേർത്ത് അക്ഷരമാക്കി മാറ്റിയിട്ടുണ്ട്. കുയിൽ എന്ന പദം വർണമാലയിൽ എഴുതിയാൽ ‘ക്‌ഉയ്‌ഇൽ’ എന്നാണു വരിക. ഇംഗ്ളീഷിലെ വർണമാലയിൽ ‘KUYIL’ എന്നെഴുതുന്നതുപോലെയാണിത്. അക്ഷരമാലയിൽ എഴുതുമ്പോൾ കുയിൽ എന്നാവും എഴുതുക.
ഇനി വർണങ്ങൾ തമ്മിൽചേരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കാം. ഈ മാറ്റങ്ങൾ നാലെണ്ണമുണ്ട്. അതായത് സന്ധി നാലുവിധമുണ്ട്. ഓരോന്നും പ്രത്യേകം നോക്കാം. ഒരുവർണം നഷ്ടപ്പെടുന്നു. ഒന്നു പുതുതായി വരുന്നു. ഒരു വർണംപോയി അതിന്റെ സ്ഥാനത്ത് മറ്റൊന്നുവരുന്നു. ഒന്ന് ഇരട്ടിക്കുന്നു. വർണം നഷ്ടപ്പെടുന്നതിന് ലോപസന്ധിയെന്നും പുതിയതായി ഒരു വർണം വരുന്നതിന് ആഗമസന്ധിയെന്നും ഒന്നുപോയി മറ്റൊന്നുവരുന്നതിന് ആദേശസന്ധിയെന്നും ഇരട്ടിക്കുന്നതിന് ദ്വിത്വസന്ധിയെന്നും പറയും. ഓരോന്നും ഉദാഹരിക്കാം.
ലോപസന്ധി
ഒരുവർണത്തിന്റെ നഷ്ടമാണ് ലോപസന്ധി. ചേരുന്ന വർണങ്ങളിൽ ഒന്ന് ലോപിച്ചുപോവുന്നു. സ്വരങ്ങൾ ചേരുന്നിടത്താണ് ലോപസന്ധിവരുക. രണ്ടുസ്വരങ്ങൾ അടുപ്പിച്ച് ഉച്ചരിക്കേണ്ടിവരുമ്പോൾ ഒരെണ്ണംലോപിപ്പിച്ച് ഉച്ചാരണം സുഗമമാക്കുന്നു.
അമ്മ+അമ്മ = അമ്മമ്മ. ഇതിൽ ആദ്യത്തെ അമ്മയുടെ ഒടുവിലുള്ള ‘അ’ എന്ന വർണവും രണ്ടാമത്തെ അമ്മയുടെ ആദ്യത്തിലുള്ള ‘അ’ എന്ന വർണവും തമ്മിലാണ് ചേരുന്നത്. ഇതു ചേരുമ്പോൾ ആദ്യത്തെ അമ്മയുടെ ഒടുവിലുള്ള ‘അ’ ലോപിക്കുന്നു.
‘കാടെവിടെ മക്കളേ
നാടെവിടെ മക്കളേ
കാട്ടുപുൽത്തകിടിയുടെ
വേരെവിടെ മക്കളേ’
കാടെവിടെ, നാടെവിടെ, വേരെവിടെ എന്നിവയിൽ ലോപസന്ധി വരുന്നു. കാട്+എവിടെ, നാട്+എവിടെ, വേര്+എവിടെ ഇവ ചേരുമ്പോൾ കാട്, നാട്, വേര് എന്നിവയുടെ ഒടുവിലെ സംവൃതോകാരം( ്)ലോപിക്കുന്നു. കടവിൽ, ആറേഴ്, അഞ്ചാറ് അല്ലെങ്കിൽ, വന്നില്ല, ഒരാഴ്ച തുടങ്ങി പാഠപുസ്തകത്തിൽ ലോപസന്ധിക്ക് ഒട്ടേറെ ഉദാഹരണങ്ങൾ കണ്ടെത്താം. ചിലയിടത്ത് വ്യഞ്ജനങ്ങൾക്കും ലോപം വരാറുണ്ട്. കടൽ+പുറം = കടപ്പുറം, പാൽ + കലം = പാക്കലം തുടങ്ങിയിടത്ത് ‘ൽ’ ലോപിക്കുന്നു. പായ്+മരം = പാമരം ഇവിടെ ‘യ്’ ലോപിക്കുന്നു.
ആഗമസന്ധി
പുതിയതായി ഒരു വർണം വരുന്നതാണ് ആഗമം. ചേരുന്ന വർണങ്ങൾക്കിടയ്ക്ക് പുതിയതായി ഒരു വർണം വരുന്നു. ‘തിരുവാവണിരാവ് മനസ്സാകെ നിലാവ്’ -ഇവിടെ തിരുവാവണി പിരിച്ചെഴുതിയാൽ തിരു + ആവണി എന്നുവരും. ‘തിരു’വിന്റെ ഒടുവിൽ ‘ഉ’വും ആവണിയുടെ ആദ്യം ‘അ’യുമാണ്. ‘ഉ’ വിനും ‘ആ’യ്ക്കും ഇടയിൽ ‘വ്’ എന്ന വർണം പുതിയതായി വന്നുചേരും. അങ്ങനെയാണ് ‘തിരുവാണി’യാകുന്നത്. കളിയച്ഛൻ =കളി+അച്ഛൻ -യ് ആഗമിച്ചു. സൗകര്യത്തിനുവേണ്ടി യ്, വ് എന്നിവയെ ‘യ’ ആഗമിച്ചുഎന്നും ‘വ’ ആഗമിച്ചു എന്നും പറയും. തിരുവോണം, അവൻ, തുഴയാൻ, അന്തിയിൽ, മഴയില്ല, കൊച്ചുണ്ണിയേട്ടൻ തുടങ്ങിയ പദങ്ങൾ പിരിച്ചുനോക്കുക.
ആദേശസന്ധി
ഒരു വർണം പോയി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണം വരുന്നതാണ് ആദേശം വ്യഞ്ജനങ്ങൾ തമ്മിൽ ചേരുന്നിടത്താണ് മിക്കപ്പോഴും ആദേശം വരുന്നത്. നെന്മണി എന്ന പദം പിരിച്ചെഴുതുമ്പോൾ നെല്+മണി എന്നോ നെൽ+മണി എന്നോ ആണ് വരിക. ‘ല്’ എന്നു പിരിച്ചാലും ‘ൽ’ എന്നു പിരിച്ചാലും അതുപോയി ന്, ൻ എന്നിവയിൽ ഒന്നുവരും. ദേ പോയി ദാ വന്നു എന്ന മട്ടിൽ ഒരു വർണംപോയി മറ്റൊന്നു വരുന്നു. കണ്ണീർ കൺ+നീർ; നീർ എന്നതിലെ ‘ന’ പോയി അതിന്റെ സ്ഥാനത്ത് ‘ണ’ വരും. വിണ്ടലം പിരിച്ചാൽ വിൺ+തലം എന്നുവരും. തലം എന്നതിലെ ‘ത’ പോയി അതിനുപകരം ‘ട’ വരും. അങ്ങനെ വിൺ+തലം വിണ്ടലമാകും.
ദ്വിത്വസന്ധി
വർണങ്ങളിലൊന്ന് ഇരട്ടിക്കുന്നത് ദ്വിത്വം. രണ്ടാമത്തെ പദത്തിന്റെ ആദ്യമുള്ള വ്യഞ്ജനവർണമേതോ അതിനാണ് ഇരട്ടിപ്പുവരുക. ചിലപ്പോൾ ആദ്യപദത്തിന്റെ ഒടുവിലിരിക്കുന്ന വ്യഞ്ജനത്തിനും ഇരട്ടിപ്പുണ്ടാകും.
‘ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി’
വെള്ളിക്കിണ്ണം എന്നത് വെള്ളി+കിണ്ണം എന്നു പിരിച്ചെഴുതുമ്പോൾ കിണ്ണത്തിന്റെ ‘ക’യും തുള്ളിത്തുള്ളി എന്നതിൽ രണ്ടാമത്തെ തുള്ളിയുടെ ‘ത’യും ഇരട്ടിക്കും.
‘ആറ്റിലേക്കച്യുതാ ചാടൊല്ലേ ചാടൊല്ലേ
കാട്ടിലെ പൊയ്‌കയിൽപ്പോയി നീന്താം’
ആറ്റിൽ, കാട്ടിൽ എന്നിവയിൽ ‘റ’, ‘ട’, എന്നിവ ഇരട്ടിച്ച് ‘റ്റ’, ‘ട്ട’ എന്നായി മാറും. ചൊല്ലിക്കൊണ്ട്, വണ്ടിക്കാള, തെണ്ടിപ്പട്ടി, വിഷക്കാവ്, തേവിത്തേവി, ചേനത്തല, ഓണപ്പൂക്കളം, മഴത്തുള്ളി എന്നിങ്ങനെ ദ്വിത്വസന്ധിക്ക് ഒട്ടേറെ ഉദാഹരണങ്ങൾ പാഠപുസ്തകത്തിൽ നിന്ന് തിരഞ്ഞെടുക്കാം.
എല്ലാ ക്ലാസിലെയും മലയാള ചോദ്യങ്ങളിൽ പിരിച്ചെഴുതാനുള്ള ഒരു ചോദ്യമുണ്ടാകും. സന്ധി കണ്ടെത്താൻ ചോദ്യം ചോദിക്കുന്നത് അപൂർവമാണ്. പിരിച്ചെഴുതുമ്പോൾ വ്യത്യസ്തമായിത്തോന്നുന്നത് ഏത് എന്നും ചോദ്യം തരാം. മറ്റൊരു ചോദ്യം വരുന്നത് മാതൃകപോലെ പിരിച്ചെഴുതുക എന്നതാണ്. ‘പച്ചച്ചക്ക’ എന്നത് പച്ച, ചക്ക എന്ന് വേർപിരിക്കാം. ഇതുപോലെ ‘പച്ചത്തത്ത’ എങ്ങനെ പിരിച്ചെഴുതാം. ഈ വിധത്തിലുള്ള ചോദ്യമാണ് ചോദിക്കുക. ഏതു രീതിയിലായാലും ചെറിയ ക്ലാസുകളൊഴിച്ച്, പദച്ചേരുവകൾ വേർപ്പെടുത്തിയെഴുതാനുള്ള ചോദ്യം സ്ഥിരമായി ഉണ്ടാകാറുണ്ട്. ‘പോയാൽ ലോപം വന്നാൽ ആഗമം പോയിട്ടു വന്നാൽ ആദേശം ഇരട്ടിച്ചാൽ ദ്വിത്വം’ എന്നതോർക്കുക.
തയ്യാറാക്കിയത്: എസ്. ജ്യോതിനാഥവാര്യർ
Content HIghlights: Malayalam Grammar,