അടുത്തകാലത്തായി ഹ്രസ്വദൂരയാത്രയ്ക്കായി ഇന്ത്യൻ റെയിൽവേ തുടങ്ങിയ പാസഞ്ചർ തീവണ്ടികളാണ് മെമു. മെയിൻലൈൻ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (Mainline Electric Multiple Unit) എന്നതിന്റെ ചുരുക്കപ്പേരാണിത്. പ്രത്യേക എൻജിൻ ഇല്ലാതെ ഓടുന്ന ഇത്തരം തീവണ്ടികൾ പെട്ടെന്നുതന്നെ കേരളത്തിൽ ജനപ്രീതിനേടി.
എമു (EMU)
മെമുവിന്റെ ആദ്യരൂപമാണ് എമു (EMU). മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ വൈദ്യുതിയിൽ ഓടുന്ന സബർബൻ തീവണ്ടികളാണ് ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് അഥവാ എമു. രണ്ടു കോച്ചുകളും ഒരു എൻജിനോടുകൂടിയ കോച്ചും ചേർന്നതാണ് ഒരു യൂണിറ്റ്. ഇത്തരം മൂന്നോ നാലോ യൂണിറ്റുകളാണ് (അതായത് ഒമ്പതോ പന്ത്രണ്ടോ കോച്ചുകൾ) ആണ് സാധാരണയായി എമു തീവണ്ടിയിൽ ഉണ്ടാകുക. പ്രത്യേക എൻജിൻ ഇല്ലാത്തതിനാൽ വണ്ടിയുടെ ദിശമാറ്റാൻ വളരെ എളുപ്പമാണ്. സാധാരണ തീവണ്ടികൾക്കുവേണ്ട എൻജിൻ മാറ്റം അഥവാ ഷണ്ടിങ് എമുവിന് വേണ്ട. പെട്ടന്നുതന്നെ വേഗംകൂട്ടാനും കുറയ്ക്കാനുമുള്ള കഴിവ് എമുവിന് ഉള്ളതുകൊണ്ട് യാത്രാസമയം കുറച്ചുമതി.
മെമു (MEMU)
എമു, സാധാരണയായി, സബർബൻ തീവണ്ടികൾക്കായി പ്രത്യേകം നിർമിച്ച പാതയിൽ (dedicated lines) കൂടെ മാത്രമേ ഓടൂ. അതേസമയം, പ്രധാനപാതയിൽക്കൂടി മറ്റു തീവണ്ടികളോടൊപ്പം ഓടുന്ന എമുവാണ്, മെമു. എമുവിന്റെ എല്ലാ സവിശേഷതകളും സാങ്കേതികഗുണങ്ങളും മെമുവിനുമുണ്ട്. മെമുവിൽ, ഒരു യൂണിറ്റ് എന്നാൽ, നാലു കോച്ചുകളാണ്. അതിൽ ഒന്നിൽ എൻജിനുകൾ ഉൾപ്പെട്ട കോച്ചും (പവർ കാർ). അതുകൊണ്ടുതന്നെ മെമുവിൽ എട്ടോ പന്ത്രണ്ടോ കോച്ചുകളാണ് സാധാരണ ഉണ്ടാകുക. കേരളത്തിൽ ഇപ്പോൾ ഓടുന്നത് എട്ടു കോച്ചുകളുള്ള മെമു തീവണ്ടികളാണ്. കോച്ചുകളിലൂടെ സഞ്ചരിക്കാനുള്ള വെസ്റ്റിബ്യുൾ സൗകര്യം, സീറ്റുകളിൽ കുഷ്യൻ എന്നിവയാണ് എമുവിനെ അപേക്ഷിച്ച് മെമുവിലുള്ള പ്രത്യക്ഷവ്യത്യാസങ്ങൾ.
കോച്ചുകളിലേക്ക് കയറാനുള്ള പടവുകൾ എമുവിലില്ല, എന്നാൽ മെമുവിലുണ്ട്. എമുവിൽ എല്ലാ വാതിലുകളും വിശാലമാണെങ്കിൽ, മെമുവിൽ മധ്യത്തിലുള്ള വാതിലുകൾ മാത്രമാണ് വിശാലമായത്. എമു എന്ന സബർബൻ വണ്ടികളിൽ ടോയ്‌ലറ്റുകൾ ഇല്ല.
കേരളത്തിന് അനുയോജ്യം
ജനസാന്ദ്രതകൂടിയ കേരളത്തിൽ പൊതുവേ തീവണ്ടികൾക്ക് സ്റ്റോപ്പുകൾ കൂടുതലാണ്. ഉള്ള പാതയിൽ കൂടുതൽ വണ്ടികൾ ഓടിക്കണമെങ്കിൽ, റെയിൽവേ സ്റ്റേഷനുകളിൽ നിർത്തുന്ന വണ്ടികൾ പെട്ടെന്ന് പുറപ്പെട്ട് വേഗത്തിൽ പോകണം. എന്നാലേ, പിറകെവരുന്ന തീവണ്ടികൾക്കും വേഗത്തിൽ സഞ്ചരിക്കാൻ പറ്റൂ. ഇതിന് മെമു വണ്ടികളാണ് ഏറ്റവും അനുയോജ്യം. മെമു വണ്ടികൾ അടിസ്ഥാനപരമായി പാസഞ്ചർ വണ്ടികളായതിനാൽ ടിക്കറ്റ് നിരക്ക് തുലോം കുറവാണ്. ചുരുങ്ങിയ ചെലവിൽ വേഗത്തിൽ സുരക്ഷയോടെ സഞ്ചരിക്കാൻ കഴിയുമെന്നതാണ് മെമുവിന്റെ പ്രധാന ഗുണം.
ഊർജലാഭം
തീവണ്ടിപ്പാതയ്ക്ക് മുകളിലുള്ള 25,000 വോൾട്ട് വൈദ്യുതിക്കമ്പികളിൽനിന്നാണ് മെമുവിന് ഓടാൻവേണ്ടുന്ന വൈദ്യുതോർജം ലഭിക്കുന്നത്. എട്ടു കോച്ചുകൾ വരുന്ന ഒരു മെമുവിന്റെ എൻജിൻ (രണ്ട് പവർ കാറുകളിലായി എട്ട് ട്രാക്‌ഷൻ മോട്ടോറുകൾ) ഏകദേശം രണ്ടായിരം കുതിരശക്തിയാണ്. ഒരു സാധരണ പാസഞ്ചർ തീവണ്ടിയുടെ ഇലക്‌ട്രിക് എൻജിന്റെ കുതിരശക്തി നാലായിരവും. ഫലത്തിൽ, മെമുവിന് പകുതി വൈദ്യുതിമതി എന്നർഥം. സാധാരണ പാസഞ്ചർ വണ്ടികൾ മെമുവിലേക്ക് മാറ്റിയാൽ രാഷ്ട്രത്തിന് കോടിക്കണക്കിന് രൂപ വൈദ്യുതിയിനത്തിൽ ലാഭിക്കാം.
മറ്റൊരു പ്രത്യേകത, മെമു ട്രെയിനിലെ ഫാനുകളും വിളക്കുകളും പ്രവർത്തിപ്പിക്കുന്നത് മുകളിലെ കമ്പിയിൽനിന്നും ലഭിക്കുന്ന 25,000 വോൾട്ട് വൈദ്യുതി സ്റ്റെപ്പ് ഡൗൺ ചെയ്താണ്. പ്രത്യേക ബാറ്ററികൾ വേണ്ടെന്നർഥം. സാധാരണ തീവണ്ടിയുടെ കോച്ചുകളിൽ ഇത് കോച്ചിൽത്തന്നെയുള്ള ആൾട്ടർനേറ്ററുമായി ബന്ധപ്പെടുത്തിയ ബാറ്ററികളിൽനിന്നായിരിക്കും.
ത്രീ ഫേസ് മെമു
മെമു തീവണ്ടികൾ ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ചുഫാക്ടറിയിൽനിന്നും കപൂർത്തലയിലെ കോച്ചുഫാക്ടറിയിൽനിന്നുമാണ് നിർമിക്കുന്നത്. ഇപ്പോൾ കേരളത്തിൽ ഓടുന്ന മെമുവിന്റെ പരമാവധി വേഗം 105 കിലോമീറ്ററാണ്. എന്നാൽ, 130 കിലോമീറ്ററിൽ ഓടാൻ കഴിയുന്ന ത്രീ ഫേസ് സാങ്കേതികവിദ്യയുള്ള മെമു ഇന്റഗ്രൽ കോച്ചുഫാക്ടറി ഇപ്പോൾ പുറത്തിറക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പുതിയ മെമു എറണാകുളം - കൊല്ലം പാതയിലും പാലക്കാട് - എറണാകുളം പാതയിലും ഓടാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, 130 കിലോമീറ്റർ വേഗത്തിൽ ഓടാൻപറ്റിയ റെയിൽപ്പാതകൾ കേരളത്തിൽ ഇപ്പോഴില്ല. കുറഞ്ഞ വൈദ്യുതി ഉപഭോഗവും ആധുനിക യാത്രാ സൗകര്യങ്ങളും ത്രീ ഫേസ് മെമുവിന്റെ പ്രത്യേകതകളാണ്. ബ്രെയ്‌ക്കുചെയ്യുമ്പോൾ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ത്രീ ഫേസ് മെമുവിൽ ഉണ്ട്.
മെമു വേഗം
മെമു പെട്ടെന്ന് നിർത്തി, പെട്ടെന്ന് പുറപ്പെട്ട് വേഗത്തിൽ യാത്രചെയ്യും. സാധാരണ പാസഞ്ചർ വണ്ടികൾ മെമുവിലേക്ക് മാറ്റുകയാണ് റെയിൽവേ ഇപ്പോൾ ചെയ്യുന്നത്. യാത്രാവസാനം, എൻജിൻ മാറ്റിഘടിപ്പിക്കേണ്ട ആവശ്യം മെമുവിന് ഇല്ലാത്തതിനാൽ, അതിനുവേണ്ട ഷണ്ടിങ് സമയവും ലാഭിക്കാം.
മെമു ഷെഡ്ഡുകൾ
മെമു തീവണ്ടികൾ പരിപാലനം ചെയ്യാനായി കേരളത്തിൽ പാലക്കാട്ടും കൊല്ലത്തും മെമു ഷെഡ്ഡുകൾ റെയിൽവേ തുടങ്ങിയിട്ടുണ്ട്. അതിനാൽ വരുംകാലങ്ങളിൽ കൂടുതൽ മെമു ട്രെയിനുകൾ കേരളത്തിൽ ഓടുമെന്നു പ്രതീക്ഷിക്കാം.
കേരളത്തിലെ മെമുകൾ
നിലവിൽ കേരളത്തിൽ താഴെപ്പറയുന്ന റൂട്ടുകളിൽ രണ്ടു ഭാഗത്തേക്കും മെമു തീവണ്ടികൾ ഒടുന്നുണ്ട്.
- പാലക്കാട് ടൗൺ-കോയമ്പത്തൂർ
- ഷൊർണൂർ-കോയമ്പത്തൂർ
- പാലക്കാട് ടൗൺ-ഈറോഡ്
- പാലക്കാട്-എറണാകുളം
- എറണാകുളം-കോട്ടയം-കൊല്ലം
- എറണാകുളം-ആലപ്പുഴ-കൊല്ലം
- കൊല്ലം-കന്യാകുമാരി
ഷൊർണൂർ മുതൽ മംഗലാപുരംവരെയുള്ള 307 കിലോമീറ്റർ തീവണ്ടിപ്പാത വൈദ്യുതീകരിച്ചെങ്കിലും ഈ റൂട്ടിൽ ഇതുവരെയും മെമു വണ്ടികൾ ഓടിക്കാൻ തുടങ്ങിയിട്ടില്ല. നൂറിലേറെ വർഷം പഴക്കമുള്ള ഈ പാതയിലൂടെയും മെമു വണ്ടികൾ മൂളിപ്പറക്കാൻ തുടങ്ങിയാൽ കേരളത്തിന്റെ ഗതാഗതമേഖലയിൽ അത് പുതിയൊരു അധ്യായം കുറിക്കുകയായിരിക്കും.
പരിസ്ഥിതി സൗഹൃദം
ഡീസൽ എൻജിനെപ്പോലെ മെമു പുക പുറത്തേക്ക് വിടുന്നില്ല. ഇതിന്റെ എൻജിന് വളരെക്കുറച്ചു മാത്രമേ ശബ്ദമുള്ളൂ. ആയതിനാൽ, തീർത്തും പരിസ്ഥിതി സൗഹൃദമാണ് മൂളിപ്പറക്കുന്ന മെമു
Content Highlights: Mainline Electric Multiple Unit, MEMU Trains, MEMU Services in Kerala