കൊതുകുകളെ ഇഷ്ടമുള്ളവരായി ആരും കാണാൻ വഴിയില്ല. ലോകത്തേറ്റവുമധികം പേർ വെറുക്കുന്ന ജീവിവർഗവും കൊതുകുകളാണ്. ഒരു മൂളിപ്പാട്ടുമായി പറന്നെത്തി ചോരയൂറ്റിക്കുടിച്ചശേഷം ചൊറിച്ചിലും വേദനയും ബാക്കിവെച്ച് പാട്ടുംപാടി പറന്നുപോകുന്ന ഈ പഹയൻമാരെ കണ്ടാൽത്തന്നെ ആരുടെയും കൈയൊന്നു തരിക്കും.

ലക്ഷങ്ങളുടെ ജീവൻ രക്ഷിച്ച കണ്ടുപിടിത്തം

ലോകത്ത് ഏറ്റവുമധികമാളുകളുടെ ജീവനെടുക്കുന്ന രോഗങ്ങളിലൊന്നാണ് മലേറിയ. മലേറിയ പരത്തുന്നതിൽ കൊതുകുകൾക്കുള്ള പങ്ക് കണ്ടെത്താനായതാണ് ഈ മാരക രോഗത്തെ നിയന്ത്രിക്കാൻ വൈദ്യശാസ്ത്രത്തെ സഹായിച്ചത്. റൊണാൾഡ് റോസ് എന്ന ബ്രിട്ടീഷുകാരനായ ഡോക്ടറായിരുന്നു ഈ മഹത്തായ കണ്ടുപിടിത്തത്തിനുപിന്നിൽ. ബ്രിട്ടീഷ് ഇന്ത്യയിലെ അൽമോറയിൽ ജനിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ വൈദ്യശാസ്ത്രപഠനത്തിനുശേഷം ഇന്ത്യൻ മെഡിക്കൽ സർവീസിൽ പ്രവേശിച്ചു.

ഇന്ത്യയിലെ 25 വർഷത്തെ സേവനത്തിനിടയിലാണ് മലേറിയ എന്ന മരണവ്യാധിയെക്കുറിച്ചുള്ള ഗവേഷണത്തിൽ അദ്ദേഹം ശ്രദ്ധപതിപ്പിക്കുന്നത്. 1897 ഓഗസ്റ്റ് 20-ന് മലേറിയ ബാധിതരുടെ രക്തത്തിൽനിന്ന് കണ്ടെത്തിയ രോഗകാരിയായ പരാദത്തെ പരിസരത്തെ കൊതുകുകളിൽനിന്നും അദ്ദേഹം കണ്ടെത്തി. മാരക രോഗങ്ങൾ പരത്തുന്നതിൽ കൊതുകുകൾക്കുള്ള പങ്കിലേക്ക് വെളിച്ചംവീശിയത് ഈ കണ്ടെത്തലായിരുന്നു. മലേറിയ രോഗകാരിയായ പരാദത്തിന്റെ (പ്ളാസ്‌മോഡിയം)  ജീവിതചക്രത്തെക്കുറിച്ചുള്ള പഠനത്തിന് 1902-ൽ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

കൊതുകു ചരിത്രം

ജുറാസിക് കാലഘട്ടംമുതൽ കൊതുകുകൾ ഭൂമുഖത്തുണ്ട്. 226 മില്യൻ വർഷങ്ങൾക്കുമുമ്പും കൊതുകുകൾ ജീവിച്ചിരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഏതാണ്ട് 3500 സ്പീഷീസ് കൊതുകുകളെയാണ് ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. എന്നാലിവയിൽ ആറുശതമാനം കൊതുകുവർഗങ്ങളിലെ പെൺകൊതുകുകൾ മാത്രമാണ് രക്തം കുടിക്കുകയും രോഗം പരത്തുകയുമൊക്കെ ചെയ്യുന്നത്. അതായത്, 100 സ്പീഷീസുകളിലെ പെൺകൊതുകളാണ് അപകടകാരികളായിട്ടുള്ളത്. ബാക്കിയുള്ളവ തേനും ചെടികളുടെ നീരുമൊക്കെ കുടിച്ച് ജീവിക്കുന്നവരാണ്.

മലേറിയമുതൽ മഞ്ഞപ്പനിവരെ

ലോകത്തെ ഏറ്റവും അപകടകാരിയായ ജീവിയെന്നാണ് പെൺകൊതുകുകളെ വിളിക്കുന്നത്. മാരകമായ പകർച്ചവ്യാധികളുടെ വാഹകരാകാനുള്ള ഇവയുടെ കഴിവാണ് ഇതിനുകാരണം. മലേറിയ, വെസ്റ്റ്‌നൈൽ പനി, സിക്ക, ഡെങ്കിപ്പനി, മന്ത്, മഞ്ഞപ്പനി എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. ഇവയിൽ മലേറിയ, വെസ്റ്റ്‌നൈൽ, ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവ പെട്ടെന്ന് മരണകാരികളാകുന്ന രോഗങ്ങളാണ്. 85,0000 പേരാണ് വർഷംതോറും മലേറിയമാത്രം ബാധിച്ച് ലോകത്ത് മരിക്കുന്നത്. ലോകജനസംഖ്യയുടെ പകുതിയും കൊതുകുകൾ പരത്തുന്ന രോഗങ്ങളിൽനിന്ന്‌ ഭീഷണി നേരിടുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ ജനങ്ങളാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം പേറുന്നത്.

കടികൊള്ളാതെ രക്ഷപ്പെടാം

കൊതുകുകളുടെ കടികൊള്ളാതെ സൂക്ഷിക്കുകയെന്നതും പ്രധാനമാണ്. നമ്മുടെ ശരീരത്തിലെ വിയർപ്പും മറ്റും ഇടകലർന്ന മണമാണ് പലപ്പോഴും കൊതുകുകളെ ആകർഷിക്കുന്നത്. അതിനാൽ അവയ്ക്കിഷ്ടമല്ലാത്ത ഗന്ധമുള്ള ക്രീമുകളും മരുന്നുകളുമൊക്കെ പുരട്ടുന്നത് കൊതുകുകളിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഇളം നിറങ്ങളിലുള്ള, കൈയും കാലുമൊക്കെ മൂടുന്ന വസ്ത്രങ്ങൾ ധരിച്ചും കൊതുകുവല ഉപയോഗിച്ചും കടിയേൽക്കാതെ സൂക്ഷിക്കാം.

കൊതുകു നിയന്ത്രണത്തിലെ പുതിയ വഴികൾ

കൊതുകുകളുടെ പെരുപ്പം നിയന്ത്രിക്കാനായി പല രീതികളും ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ളൊരു പരീക്ഷണമാണ് ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകരും ഓക്സിടെക് എന്ന കമ്പനിയും ചേർന്നുനടത്തിയത്. ജനിതക വ്യതിയാനം വരുത്തിയ ഈഡിസ് ഈജിപ്തി ആൺകൊതുകുകളെ അവർ വൻതോതിൽ കൊതുകുകളുണ്ടായിരുന്ന കേയ്‌മാൻ ദ്വീപുകളിൽ എത്തിച്ചു. ഈ കൊതുകുകൾ ദ്വീപിലെ കൊതുകുകളുമായി ഇണചേർന്ന് അടുത്ത തലമുറയെ സൃഷ്ടിച്ചെങ്കിലും അത്തരം കൊതുകുകൾക്ക് പ്രത്യുത്‌പാദനശേഷി ഇല്ലായിരുന്നു. ഇങ്ങനെ 2009 മുതൽ 2010 വരെയുള്ള ചെറിയ കാലയളവിൽ ദ്വീപിലെ 96 ശതമാനം കൊതുകും ഇല്ലാതായി.

ജനിതകമാറ്റംവഴി കൊതുകുകളുടെ പ്രത്യുത്‌പാദനപ്രക്രിയയിൽ മാറ്റംവരുത്തി അവയുടെ വംശഹത്യയിലേക്ക് നയിക്കുന്നതാണ് കൊതുകുപരത്തുന്ന രോഗങ്ങൾ നിർമാർജനംചെയ്യാനുള്ള പുതിയ വഴി. ഇതിനായി ‘ഈഡിസ് ഈജിപ്തി’ കൊതുകുകളിൽ ജനിതകമാറ്റത്തിലൂടെ ആർ.എൻ.എ. തന്മാത്രകൾ പ്രവേശിപ്പിക്കുന്നു. ഈ കൊതുകുകളുടെ മുട്ടകളുടെ തോടിന് കട്ടി വളരെയധികം കുറവായിരിക്കും. മുട്ടവിരിയാതെ, ക്രമേണ കൊതുകുകൾക്ക് വംശനാശം സംഭവിക്കും. 

കൊതുകുകൾ വേണോ?

കൊതുകുകളെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനോട് ശാസ്ത്രലോകത്തിന് യോജിപ്പില്ല. കൊതുകുകളില്ലാതായാൽ പകരം മറ്റൊരു ജീവിവർഗം ഉണ്ടാവാനുള്ള സാധ്യതയാണ് പ്രധാന കാരണം. ആമസോൺ പോലുള്ള പല ഘോരവനങ്ങളെ മനുഷ്യരുടെ അധിനിവേശത്തിൽനിന്ന്‌ രക്ഷിക്കാൻ മാരകരോഗങ്ങൾ പരത്തുന്ന ഈ കൊച്ചുപ്രാണികൾക്ക് മാത്രമാണ് കഴിയുന്നതെന്നതും മറ്റൊരു കാരണമാണ്. അതിനാൽ, കൊതുകുകളെ പൂർണമായി വെറുക്കാതെ അവ പരത്തുന്ന രോഗങ്ങളെ ചെറുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.
 
പരിസരശുചിത്വം ആദ്യ പാഠം

സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുകയെന്നതാണ് കൊതുകിനെ അകറ്റിനിർത്താനുള്ള പ്രധാനവഴി.

1. വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകളും പാത്രങ്ങളുമൊക്കെ മറിച്ചുകളഞ്ഞ് കൊതുക് മുട്ടയിടില്ലെന്ന്‌  ഉറപ്പുവരുത്തുക
2. ഓടകളിലും ചാലുകളിലുമൊക്കെ മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക
3. ശുദ്ധജലസംഭരണികളും മറ്റും മൂടിവെക്കുക

അന്താരാഷ്ട്ര  കൊതുകുദിനം 

Ronald Rose
റൊണാൾഡ് റോസ് 

കൊതുകുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചത്  1897 ഓഗസ്റ്റ്‌ 20-ന് റൊണാൾഡ് റോസ് എന്ന ഡോക്ടർ നടത്തിയ കണ്ടുപിടിത്തമായിരുന്നു. മലേറിയ പരത്തുന്നത് പെൺകൊതുകുകളാണെന്ന ഈ കണ്ടുപിടുത്തത്തിന്റെ ഓർമപ്പെടുത്തലായാണ് ഓഗസ്റ്റ്‌ 20 അന്താരാഷ്ട്ര കൊതുകുദിനമായി ആചരിക്കുന്നത്‌.  

വീണ്ടും ചില കൊതുകു കാര്യങ്ങൾ

‘കൊതുകുകളുടെ അന്തകൻ’ എക്സ്പ്രസ്

mosquito train

കൊതുകുകൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാൻ പലരും പലസംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്. ഡൽഹിസർക്കാർ ഇതിനായി പ്രത്യേക ട്രെയിൻ സർവീസ് തന്നെയാണ് ആരംഭിച്ചത്. ‘മൊസ്കിറ്റോ ടെർമിനേറ്റർ’ അഥവാ ‘കൊതുകുകളുടെ അന്തകൻ’ എന്നാണ് ഈ ട്രെയിനിന് നൽകിയ പേര്. എൻജിനുപിന്നിൽ  കൊതുകുനാശക കീടനാശിനിയടങ്ങിയ ടാങ്കർ ഘടിപ്പിച്ച ട്രെയിൻ പോകുംവഴി ജലസ്രോതസ്സുകളിലും മറ്റും കീടനാശിനി തളിക്കും. ഈ കീടനാശിനികൾ കൊതുകു ലാർവകളെ നശിപ്പിക്കുക മാത്രമല്ല, മുതിർന്ന കൊതുകുകളെ  വന്ധ്യംകരിക്കുകയും ചെയ്യും. 2016-ൽ ആരംഭിച്ച ട്രെയിൻ എല്ലാവർഷവും മഴക്കാലമെത്തുംമുമ്പ് സർവീസ് നടത്താറുണ്ട്.

ഡ്രാക്കുള കൊതുകുകൾ

കൊതുകുകൾ യഥാർഥത്തിൽ കടിക്കുകയല്ല, തൊലിയിലേക്ക് രണ്ട് കുഴലുകൾ കുത്തിയിറക്കി രക്തം വലിച്ചെടുക്കുകയാണ്. ഇങ്ങനെ കുത്തിവെക്കപ്പെടുന്ന ഉമിനീരാണ് തൊലിപ്പുറത്ത് അപ്പം ചുട്ടതുപോലെയുള്ള പാടുകളും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നത്. ഒരു കുഴൽകൊണ്ട് തൊലിമരവിപ്പിക്കാനുള്ള എൻസൈം കുത്തിവെച്ചശേഷം മറ്റേ കുഴലുകൊണ്ടാണ് രക്തം വലിച്ചെടുക്കുക. ഇത്‌ തങ്ങളുടെ വയറ്റിലെ മുട്ടകളുടെ വളർച്ചയ്ക്കായാണ് അവ ഉപയോഗിക്കുക. ഭക്ഷണത്തിനായി ആൺ കൊതുകുകളും പെൺകൊതുകുകളും ആശ്രയിക്കുന്നത് സസ്യങ്ങളെത്തന്നെയാണ്.

ഓർമവേണം ഈ മുഖങ്ങൾ

അനോഫിലസ് ഗാംബിയെ

mosquitoഈ കൊതുകുകളെ പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും. ചിറകുകളിൽ പുള്ളികളും ചെറിയ ശരീരവുമുള്ളവരാണ് ഇത്തരം കൊതുകുകൾ. അനോഫിലസ് കൊതുകുകളാണ് മലേറിയക്ക് കാരണമാകുന്ന ഏകകോശ ജീവികളായ പ്ലാസ്‌മോഡിയങ്ങളെ വഹിക്കുന്നത്. ഈയിനത്തിലെ പെൺകൊതുകുകളുടെ വയറ്റിൽ കഴിയുന്ന രോഗകാരിയായ പരാദം പിന്നീട് കൊതുകുകടിയേൽക്കുന്ന മനുഷ്യരിലും ജന്തുക്കളിലും എത്തിച്ചേരുന്നു. ലോകജനസംഖ്യയിൽ നാൽപ്പതുശതമാനവും മലേറിയ ഭീഷണിയിലാണ്.

പനി, തലവേദന, സന്ധിവേദന, വയറിളക്കം, വിറയൽ എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിച്ച് രോഗി മരിക്കാനിടയാകുന്നു. ഇത്തരത്തിൽ മരണത്തിന് കീഴടങ്ങുന്നവരിലധികവും കുട്ടികളാണ്. ഉഷ്ണമേഖലാ പ്രദേശത്തുള്ള രാജ്യങ്ങളിലാണ് മലേറിയ കൂടുതലായി കണ്ടുവരുന്നത്.

ക്യൂലക്സ് പിപിയെൻസ്‌

mosquitoവെസ്റ്റ്നൈൽ പനി, ജപ്പാൻ മസ്തിഷ്ക ജ്വരം, സെയ്ന്റ് ലൂയിസ് മസ്തിഷ്കജ്വരം എന്നീ രോഗങ്ങൾ പടർത്തുന്നത് ക്യൂലക്സ് കൊതുകുകളാണ്. ഇത്തരം കൊതുകുകൾക്ക് താരതമ്യേന വലുപ്പം കൂടുതലായിരിക്കും. ഇരിക്കുമ്പോൾ ഇവയുടെ ശരീരം മറ്റ് കൊതുകുവർഗങ്ങളെ അപേക്ഷിച്ച് പ്രതലത്തിന് സമാന്തരമായാണുണ്ടാകുക. ഇവ പരത്തുന്ന വെസ്റ്റ്നൈൽ പനി പ്രായമായവരിലും കുട്ടികളിലും പെട്ടെന്ന് മരണകാരണമാകാൻ സാധ്യതയുണ്ട്. സാധാരണ പനിയുടെ ലക്ഷണങ്ങളായ വിറയൽ, സന്ധിവേദന, ചൊറിച്ചിൽ എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങളെന്നതുകൊണ്ടുതന്നെ പെട്ടെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

ഈഡിസ് ഈജിപ്തി

mosquitoകാലുകളിലെ വെള്ളവരകളാണ് ഈ കൊതുകുകളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നത്. സിക്ക വൈറസ്, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങൾ പരത്തുന്നതിന്റെ ഉത്തരവാദികൾ ഈ കൊതുകുകളാണ്.
ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നീ മേഖലകളിലാണ് ഈ രോഗങ്ങളും രോഗവാഹകരായ കൊതുകുകളും അധികമായി കണ്ടുവരുന്നത്.

സിക്ക വൈറസ്, ഡെങ്കിപ്പനി എന്നീ ഗുരുതര രോഗങ്ങൾ കുട്ടികളെയും മുതിർന്നവരെയും സാരമായി ബാധിക്കുന്നതാണ്. അടുത്ത കാലഘട്ടങ്ങളിൽ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ 30 ശതമാനത്തോളം ഉയർന്നതായി ഗവേഷകർ പറയുന്നു.
സന്ധ്യയ്ക്കും അതിരാവിലെയുമൊക്കെയാണ് ഈ കൊതുകുകൾ ഇരതേടിയിറങ്ങുന്നത്. അതിനാൽത്തന്നെ ഈ സമയങ്ങളിൽ കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണം.

Content Highlights:  check out some facts on different types of mosquitoes