വന്ദനം എന്ന പഴയ മലയാള സിനിമ കണ്ടിട്ടുണ്ടോ, അല്ലെങ്കിൽ  ഉദയനാണ് താരം? മോഹൻലാൽ നായകനായ രണ്ടു ചിത്രങ്ങളിലും രണ്ടു ചെറിയ സംഭവങ്ങളുണ്ട്. ആദ്യത്തേതിൽ Wherever you go I am there എന്ന പരസ്യശീർഷകത്തിനായി മോഹൻലാലിന്റെ കഥാപാത്രം നടത്തുന്ന അവകാശവാദം. രണ്ടാമത്തേതിൽ ഉദയനെഴുതിയ തിരക്കഥ മോഷ്ടിച്ച രാജപ്പനെന്ന കഥാപാത്രവും. തിരക്കഥ  രചിച്ചയാൾക്കും ശീർഷകം എഴുതിയ വ്യക്തിക്കും തങ്ങളുടെ ആശയത്തിനും കണ്ടുപിടിത്തങ്ങൾക്കും ബുദ്ധിയിലുദിക്കുന്ന ഏതൊരു നൂതനകാര്യത്തിനും  അവകാശമുണ്ട്. കാരണം അത് അയാളുടെ ബുദ്ധിയുടെ സ്വത്താണ്.  ഇത്തരം  ബൗദ്ധിക സ്വത്തവകാശങ്ങളെക്കുറിച്ച് വായിക്കാം 

ലോകവ്യാപാരസംഘടന കരാറിന്റെ (WTO Agreement) ഭാഗമായ ട്രിപ്‌സ് (TRIPS-Trade Related Aspects of Intellectual Propetry Rights) എന്ന അന്താരാഷ്ട്ര നിയമപരമായ കരാറാണ് ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. 1994-ലെ  യുറഗ്വായ്‌ വട്ട ചർച്ചകൾക്കൊടുവിലാണ് ഈ കരാർ നിലവിൽവന്നത്. ലോക വ്യാപാരസംഘടനയിലെ എല്ലാ അംഗങ്ങളും ഈ കരാറിൽ അംഗങ്ങളാണ്. പകർപ്പവകാശം (Copyright), ഭൂപ്രദേശ സൂചിക (Geographical Indication), വ്യവസായിക രൂപകല്പന (Indutsrial designs), ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ രൂപരേഖ (Integrated circuit layout designs), പേറ്റന്റ് (Patents), പുതിയ സസ്യയിനങ്ങൾ (New plant varieties), വ്യാപാരനാമങ്ങൾ (Trade Marks), കച്ചവട രഹസ്യം (Confidential information) എന്നിവ ബൗദ്ധിക  സ്വത്തവകാശത്തിൽ ഉൾപ്പെടുന്നു. കൂടാതെ ഇവ നടപ്പാക്കാനുള്ള രീതികൾ, പ്രതിവിധികൾ, തർക്കപരിഹാരം എന്നിവയും ലോക വ്യാപാരസംഘടന നിയന്ത്രിക്കുന്നു. 

പകർപ്പവകാശം (Copyrights)

പുത്തൻ സിനിമകളുടെ പകർപ്പൊക്കെ ഇന്റർനെറ്റിൽ കാണുന്നവരുണ്ടെങ്കിൽ ഓർക്കുക നിങ്ങൾ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്‌. അനുവാദമില്ലാതെ പുസ്തകങ്ങളുടെ കോപ്പി എടുക്കുന്നതും ഇന്റർനെറ്റിൽനിന്ന്‌ പുസ്തകങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഡൗൺലോഡ് ചെയ്യുന്നതുമൊക്കെ പകർപ്പവകാശത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുവേണം. 

നിങ്ങളുടെ മനസ്സിൽ വിരിയുന്ന കഥ, കവിത, പാട്ട്, ചിത്രം, ഫോട്ടോ, നാടകം, ചലച്ചിത്രകഥ, തിരക്കഥ തുടങ്ങി സർഗസൃഷ്ടിയായ എന്തിന്റെയും പകർപ്പവകാശം സൃഷ്ടികർത്താവിന്റെ സ്വന്തമാണ്. അതയാൾ രേഖപ്പെടുത്തണം. എന്നാൽ, ഈ അവകാശം കൈമാറാനും വിൽക്കാനും വെറുതേ നൽകാനും അവകാശമുണ്ടെന്നുമാത്രം. നിങ്ങളുടെ സമ്മതമില്ലാതെ ഉപയോഗിക്കപ്പെട്ടാൽ നിയമപരിരക്ഷ ലഭിക്കുകയും ചെയ്യും. 

വ്യാവസായിക ഡിസൈൻ (Indutsrial Design)

ഉത്‌പന്നങ്ങളുടെ രൂപത്തിനാണ് വ്യാവസായിക ഡിസൈൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വാങ്ങുന്ന ഉത്‌പന്നത്തിന്റെ ഗുണവും വിലയും കമ്പനിയുടെ വിശ്വസ്തതയും മാത്രമല്ല രൂപഭംഗിയും പ്രധാനമാണ്. 
ഉദാഹരണത്തിന് ഒരു സ്വർണമാലയുടെ രൂപകല്പന ആകർഷകമാണെങ്കിൽ സ്രഷ്ടാവിന്റെ ഭൗതികസ്വത്താണ്.

വ്യാപാരനാമങ്ങൾ (Trade Mark)

വമ്പൻ കമ്പനികളുടെ ജനപ്രിയതയ്ക്ക് പിന്നിൽ അവരുടെ ട്രേഡ് മാർക്കുകളുണ്ടാകും. പെട്ടെന്ന് ആകർഷിക്കപ്പെടുന്ന വ്യാപാരനാമങ്ങൾക്കാണ് ഡിമാൻഡ്‌. ഇത്തരം പേരുകൾ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. പല കമ്പനികളുടെ പേരുകളിൽ TM എന്ന് എഴുതിയിരിക്കുന്നതിന്റെ അർഥം അതവരുടെ ബുദ്ധിയുടെ സ്വത്താണെന്നതാണ്. മറ്റുള്ളവരുടെ പേരുപയോഗിച്ച് നമുക്ക് വിലസാൻ പറ്റില്ല എന്നർഥം. 

പേറ്റന്റുകൾ (Patents)

ഉപയോഗപ്രദമായ കണ്ടുപിടിത്തങ്ങൾ ഉണ്ടോ കൈയിൽ? എങ്കിൽ നിങ്ങൾക്ക് അവയുടെ പേറ്റന്റിനായി അപേക്ഷിക്കാം. വിശദപരിശോധനയ്ക്കുശേഷം പേറ്റന്റ് അനുവദിക്കപ്പെട്ടാൽ അവ നിങ്ങളുടെ സ്വന്തം അവകാശം. ഇന്ത്യയിൽ ലഭിക്കുന്ന പേറ്റന്റ് 20 വർഷത്തേക്കാണ്. അത് ഇന്ത്യയിലേ ബാധകമാവുകയുള്ളൂ. 

എത്ര പേറ്റന്റുകൾ ഉണ്ട്

ഒരു രാജ്യം ഗവേഷണ വികസനത്തിന് (R&D – Research & Development) ചെലവഴിക്കുന്ന തുകയും വികസിപ്പിച്ചെടുക്കുന്ന പേറ്റന്റുകളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ രാജ്യം ഗവേഷണ വികസനത്തിന് മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 0.6 ശതമാനം ചെലവഴിക്കുമ്പോൾ (2015-ൽ) ചൈന ചെലവഴിച്ചത് രണ്ടു ശതമാനം. ഇന്ത്യക്കാർക്ക് ലഭിച്ച പേറ്റന്റുകളുടെ എണ്ണം ആ വർഷം 5819.  ചൈനക്കാർക്ക് ലഭിച്ചത് 2.5 ലക്ഷം. 

ഗാന്ധി, ടാഗോർ പുസ്തകങ്ങളുടെ പകർപ്പവകാശം

ഇന്ത്യയിലെ  പകർപ്പവകാശ നിയമമനുസരിച്ച് ഒരാളുടെ മരണത്തിനുശേഷം അറുപതു വർഷംവരെ പകർപ്പവകാശമുണ്ട്. ഗാന്ധിജിയുടെ സൃഷ്ടികളുടെ പകർപ്പവകാശം ഗാന്ധിജി മരിച്ച 1948 ജനുവരി 30 മുതൽ അറുപതുവർഷം അലാഹാബാദിലെ നവജീവൻ ട്രസ്റ്റിനായിരുന്നു. അറുപതുവർഷങ്ങൾക്കുശേഷം പുതിയ അവകാശവാദം ഉന്നയിക്കാത്തതോടെ ഗാന്ധിയൻ സൃഷ്ടികൾ പൊതുസ്വത്തായി മാറിയിരിക്കുന്നു. അതുപോലെ ടാഗോറിന്റെ മരണശേഷം 60 വർഷം വിശ്വഭാരതി സർവകലാശാലയ്ക്കായിരുന്നു ഈ അവകാശം. 

ഭൂപ്രദേശ സൂചിക

ലോകമെങ്ങും  ഓരോ ദേശത്തിനും തങ്ങളുടെ സ്വന്തമായ ഉത്‌പന്നങ്ങളുണ്ടാകും.  വിപണിയിൽ ഏറെ പ്രിയമുള്ള ഇത്തരം ഉത്‌ന്നങ്ങളുടെ അവകാശം അതത് ദേശത്തെ ഉത്‌പാദകർക്ക് ഉറപ്പാക്കുന്നതിനുള്ള മാർഗമാണ് ഭൂപ്രദേശ സൂചികാ മുദ്രണം (Geographical Indication - GI). ഇന്ത്യയിൽ 301 ഉത്‌പന്നങ്ങൾക്ക് ഇതുവരെ ഈ അംഗീകാരം ലഭിച്ചു. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ഭൂപ്രദേശ സൂചിക രജിസ്ട്രിക്കാണ് ഇതിന്റെ മേൽനോട്ടം. കാർഷിക ഉത്‌പന്നങ്ങൾ, പ്രകൃത്യാലുള്ള ഉത്‌പന്നങ്ങൾ, കരകൗശല വസ്തുക്കൾ  എന്നിവയാണ് ഇവയിൽ മിക്കതും.  കേരളത്തിൽനിന്ന്‌ ഇതുവരെ മുദ്രണം ലഭിച്ചത് 26 ഉത്‌പന്നങ്ങൾക്ക്. പാലക്കാടൻ മട്ടയരി, മലബാർ കുരുമുളക്, പൊക്കാളി അരി, ആലപ്പുഴ പച്ച ഏലം, വാഴക്കുളം കൈതച്ചക്ക, പചിയൻ ശർക്കര, ജീരകശാല, ഗന്ധകശാല അരി, ഞവര അരി, ആറന്മുള കണ്ണാടി, പാലക്കാടൻ മദ്ദളം, പയ്യന്നൂർ പവിത്രമോതിരം എന്നിവ ഉദാഹരണങ്ങളാണ്. 

കേരളത്തിൽ ഭൂപ്രദേശസൂചിക സംരക്ഷണം ലഭിച്ച പ്രധാന കാർഷികവിളകൾ​

  • പാലക്കാടൻ മട്ട അരി - പാലക്കാടിന്റെ സവിശേഷമായ ഭൂമിശാസ്ത്ര മേഖലയിൽ കിഴക്കൻ കാറ്റടിച്ചു വളരുന്ന പത്തോളം നെല്ലിനങ്ങളിൽ നിന്നാണ് ചുവന്ന പാലക്കാടൻ മട്ട അരി ലഭിക്കുന്നത്. ചിറ്റേനി, തവളക്കണ്ണൻ, ആര്യൻ, വട്ടൻ, അപുക്കാരി, പെങ്കഴമ, പേറ്റാടി, ജ്യോതി, കുഞ്ഞുകുഞ്ഞ്, പൂചെമ്പൻ, എരുപ്പ് എന്നിവയാണ് ഈ പരമ്പരാഗത നെല്ലിനങ്ങൾ. 
  • മലബാർ കുരുമുളക്  - 'മലബാർ പെപ്പർ'എന്ന പേരിൽ യൂറോപ്പ്യൻ രാജ്യങ്ങളിൽ കീർത്തികേട്ടതാണിത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ടു നിന്നാണ് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന കുരുമുളക് സംസ്കരിച്ച് കയറ്റി അയച്ചിരുന്നത്. 
  • ആലപ്പുഴ പച്ച ഏലം - ആലപ്പി ഗ്രീൻ കാർഡമം എന്ന് പേരിൽ കടൽ കടന്നിരുന്ന ലോകത്തിലെ തന്നെ മികച്ച ഏലം. വാണിജ്യ കേന്ദ്രം ആലപ്പുഴയായതിനാലാണ് ഈ പേര് ലഭിച്ചത്. സുഗന്ധം, സ്വാഭാവിക പച്ചനിറം, ഗുണമേന്മ എന്നിവ നഷ്ടപ്പെടുത്താതെ പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നമാണിത്.
  • പൊക്കാളി അരി  - ഉപ്പ് വെള്ളത്തെ അതിജീവിക്കാൻ ശേഷിയുള്ള പൊക്കാളി  നെല്ലിനം എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ ഉപ്പുവെള്ളം കലർന്ന  നിലങ്ങളിലാണ് കൃഷി ചെയ്യപ്പെടുന്നത്
  • വാഴക്കുളം കൈതച്ചക്ക  - ഇടുക്കി, എറണാകുളം, കോട്ടയം, പത്തനം തിട്ട എന്നീ ജില്ലകളിൽ 116 പഞ്ചായത്തുകളിൽ കൃഷി ചെയ്യപ്പെടുന്ന പൈനാപ്പിൾ  വാഴക്കുളെ പൈനാപ്പിൾ എന്ന പേരിലറിയപ്പെടുന്നു.  രുചി, മണം, നിറം, ഗുണമേന്മ എന്നിവയിൽ ഏറെ പ്രസിദ്ധം. 
  • മധ്യതിരുവിതാകൂറിലെ പതിയൻ ശർക്കര  - കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പമ്പ, മണിമല, അച്ചൻ കോവിൽ, മീനച്ചിൽ എന്നീ നദികളുടെ തീരത്ത് വളർത്തുന്ന  കരിമ്പിൻ നിന്നുള്ള ഗുണമേന്മയുള്ള ശർക്കരയാണിത്.  
  • ജീരകശാല, ഗന്ധകശാല അരി  - വയനാട് ജില്ലയിലെ ചെട്ടി, കുറുമ, കുറിച്യ വിഭാഗങ്ങൾ പ്രധാനമായും കൃഷി ചെയ്യുന്ന സുഗന്ധ ഇനങ്ങളാണ് ഇവ. വയനാട്ടിലെ കാലാവസ്ഥ, പരമ്പരാഗത രീതികൾ, ഇനങ്ങൾ എന്നിവ മിശ്രണം ചെയ്യപ്പെടുമ്പോൾ ലഭിക്കുന്നത് മണവും ഗുണവുമുള്ള ഈ അരിയാണ്. നെയ്‌ച്ചോറ്, പായസം, പലഹാരം എന്നിവയുണ്ടാക്കാൻ വിശേഷപ്പെട്ടത്. 
  • ഞവര അരി- ജൈവരീതിയിൽ പരമ്പരാഗതമായി കൃഷി ചെയ്യപ്പെടുന്ന ഔഷധ ഗുണമുള്ള നെല്ലിനം.  ഞവരക്കിഴി പ്രസിദ്ധമാണല്ലോ? ആയുർവേദ ഔഷധ വിധികളിൽ പ്രമേഹ ചികിത്സയിലും  മറ്റും ഇത് ഉപയോഗിക്കപ്പെടുന്നു. ഇരുമ്പ് ധാതു കൂടുതലുള്ള ഈ അരി കഞ്ഞി, പലഹാരം എന്നിവയുണ്ടാക്കാനും ഉത്തമം.

കേരളത്തിൽനിന്ന്‌ ഭൂപ്രദേശ സൂചിക അംഗീകാരം ലഭിച്ച മറ്റു ചില ഉത്‌പന്നങ്ങൾ

ആറന്മുള കണ്ണാടി, ആലപ്പുഴ കയർ, പാലക്കാടൻ മദ്ദളം, തഴപ്പായ ഉത്പന്നങ്ങൾ, ചിരട്ടകൊണ്ടുള്ള  കരകൗശലവസ്തുക്കൾ, കണ്ണൂർ ഹോം ഫർണിഷിങ്‌സ്, ബാലരാമപുരം സാരിയും തുണിത്തരങ്ങളും, കാസർകോട് സാരി, കുത്താമ്പുള്ളി സാരി, പയ്യന്നൂർ പവിത്രമോതിരം, ചേന്ദമംഗലം മുണ്ട്.

ഇന്ത്യയിലെ ഭൂപ്രദേശ സൂചികാ സംരക്ഷണം  ലഭിച്ച ചില ഉത്പന്നങ്ങൾ

ഡാർജിലിങ്‌ ചായ, പൊച്ചാംപള്ളി സാരി, മൈസൂർ സിൽക്ക്, മൈസൂർ ചന്ദനത്തിരി, കാഞ്ചിപുരം സിൽക്ക്, കോയമ്പത്തൂർ ആട്ടുകല്ല്, മൈസൂർ ചന്ദന എണ്ണ, മൈസൂർ ചന്ദന സോപ്പ്, കൂർഗ് ഓറഞ്ച്, മൈസൂർ വെറ്റില, മൈസൂർ മുല്ല, ഉഡുപ്പി മുല്ല, മൺസൂൺഡ് മലബാർ റോബസ്റ്റ കാപ്പി, മൺസൂൺഡ് മലബാർ അറബി കാപ്പി, കുർഗ് പച്ച ഏലം, സേലം വെൺപട്ട്, തഞ്ചാവൂർ പാവ, ഗോവ ഫെനി, തിരുപ്പതി ലഡു, ബനാറസ് സാരി, ഗുണ്ടൂർ മുളക്, മധുര മല്ലി, ചെട്ടിനാട് കോട്ടൺ.

Content Highlights: Intellectual Property Rights, Geographical Indication, Trade Mark, Copy Right