പ്രതിരോധ, ഏറോസ്‌പേസ് മേഖലകളില്‍ നൂതന ആശയങ്ങള്‍തേടി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് െഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.). സാങ്കേതികമേഖലകളില്‍ ആശയങ്ങളും ചിന്തകളും രൂപപ്പെടുത്തി പ്രതിരോധസേനകളുടെ കാര്യപ്രാപ്തി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'ദി കലാം വിഷന്‍: ഡയര്‍ ടു ഡ്രീം' മത്സരത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം.
ശാസ്ത്ര-സാങ്കേതിക മേഖലകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോണമസ് സിസ്റ്റംസ്, സൈബര്‍ സെക്യൂരിറ്റി, ഹൈപ്പര്‍സോണിക് ടെക്നോളജീസ്, ക്വാണ്ടം കംപ്യൂട്ടിങ്, സ്മാര്‍ട്ട് മെറ്റീരിയല്‍, സോള്‍ജിയര്‍ ആസ് എ സിസ്റ്റം, ടെറാ ഹെര്‍ട്സ് കമ്യൂണിക്കേഷന്‍. ഇവയുമായി ബന്ധപ്പെട്ട് വെല്ലുവിളികള്‍ നേരിടുന്ന മേഖലകളുടെ വിശദാംശങ്ങള്‍ https://drdo.res.inല്‍ ലഭ്യമാണ്.
പങ്കെടുക്കാനുള്ള അര്‍ഹത
പതിനെട്ടുവയസ് തികഞ്ഞവര്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡി.ഐ.പി.പി.) അംഗീകാരമുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം. വ്യക്തിഗത, സ്റ്റാര്‍ട്ടപ്പ് കാറ്റഗറികളില്‍ മത്സരമുണ്ട്. സ്റ്റാര്‍ട്ടപ്പുള്ള വ്യക്തിക്ക് വേണമെങ്കില്‍ രണ്ടുവിഭാഗത്തിലും പങ്കെടുക്കാം. വ്യക്തിക്കും സ്റ്റാര്‍ട്ടപ്പിനും പരമാവധി അഞ്ചുമേഖലകളില്‍ ആശയം നല്‍കാം.
നിര്‍ദേശങ്ങള്‍ നല്‍കാം
തിരഞ്ഞെടുക്കുന്ന ഓരോ വെല്ലുവിളിയെയും അടിസ്ഥാനമാക്കി 500 വാക്കില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഒരു റൈറ്റപ്പ് തയ്യാറാക്കണം. ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍: ഏതുവിഷയം അഭിസംബോധന ചെയ്യാനുദ്ദേശിക്കുന്നു, എങ്ങനെ, നിര്‍ദേശങ്ങള്‍ എന്തുപ്രതിഫലനം ശാസ്ത്രമേഖലയില്‍ ഉണ്ടാക്കും. ആശയം, ഉപയോഗപ്രദമായ ആവശ്യവസ്തുവായി എങ്ങനെ മാറ്റാം. അതിന് കൈവശമുള്ളതും വേണ്ടതുമായ സാധനസമ്പത്തുകള്‍, സമയക്രമം, നേരിട്ടേക്കാവുന്ന പ്രതിബന്ധങ്ങള്‍. ആശയം പ്രതിരോധ, ഏറോസ്‌പേസ് മേഖലകളില്‍ എങ്ങനെ പ്രയോജനപ്രദമാകും.
കൂടുതല്‍ വിവരങ്ങള്‍/ആശയങ്ങള്‍ കൈമാറാന്‍ പി.ഡി.എഫ്. മാതൃകയിലുള്ള (വലിപ്പം രണ്ട് എം.ബി. കവിയാത്ത) അനുബന്ധങ്ങളും സമര്‍പ്പിക്കാം. റൈറ്റപ്പില്‍ അപേക്ഷാര്‍ഥിയെ തിരിച്ചറിയുന്ന രേഖപ്പെടുത്തല്‍ പാടില്ല. നിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി ഫെബ്രുവരി 28-നകം https://drdo.res.in വഴി നല്‍കണം.
സമ്മാനങ്ങള്‍
വ്യക്തിഗതവിഭാഗത്തില്‍ അഞ്ചുലക്ഷം രൂപ, നാലുലക്ഷം രൂപ, മൂന്നുലക്ഷം രൂപ എന്നിങ്ങനെ മൂന്നുസമ്മാനങ്ങള്‍. സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ സമ്മാനത്തുക 10 ലക്ഷം രൂപ, എട്ടുലക്ഷംരൂപ, ആറുലക്ഷം രൂപ. വിവരങ്ങള്‍ക്ക്: https://drdo.res.in/kalamdb/portal/kalam.html
Content Highlights: Defence Research, Innovation in defence research