കാലില്‍ കെട്ടിത്തൂക്കിയ കണ്ടാമൃഗ ഗവേഷണത്തിന് ഇത്തവണത്തെ പാരഡി നൊബേൽ പുരസ്കാരം (ഐജി നൊബേൽ). നൊബേല്‍ സമ്മാനത്തിന്റെ പാരഡിയായാണ് ഐജി നൊബേല്‍ സമ്മാനം അറിയപ്പെടുന്നത്. 1991 ല്‍ ആരംഭിച്ച ഈ പുരസ്കാരം ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്ത കണ്ടുപിടിത്തങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരമായാണ് പരിഗണിക്കപ്പെടുന്നത്. വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും സയൻസ് ഹ്യുമർമാഗസിൻ നൽകുന്നതാണ് പുരസ്കാരം. ഇത്തവണ ശ്രദ്ധേയമായ ഐജി പുരസ്കാരങ്ങളിലൊന്നാണ് കണ്ടാമൃഗങ്ങളെ തലകീഴായി ഹെലികോപ്റ്ററില്‍ കെട്ടിത്തൂക്കി കൊണ്ടുപോകുന്നതിന്റെ മേൽ നടത്തിയ പഠനത്തിന് ലഭിച്ചത്.

ഹെലികോപ്റ്ററില്‍ തലകീഴായി കെട്ടിത്തൂക്കി കൊണ്ടു പോകുന്ന മൃഗങ്ങളുടെ ആരോഗ്യം അപകടത്തിലാകുമോ എന്നറിയാൻ കോര്‍ണല്‍ സര്‍വകലാശാലയിലെ വന്യജീവി മൃഗഡോക്ടര്‍ റോബിന്‍ റാഡ്ക്ലിഫും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തിനാണ് അവാർഡ്. നമീബിയയിലാണ് ഈ പഠനം സംഘം നടത്തിയത്.

വന്യജീവികളുടെ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആഫ്രിക്കയിൽ പലയിടത്തും പ്രചാരമുള്ളതാണ് ഈ കെട്ടിത്തൂക്കൽ രീതി.  "റൈനോകളെ കെട്ടിത്തൂക്കി കൊണ്ടുപോകുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമല്ല നബീബിയ, എന്നാൽ ഈ രീതി ശരിയാണോ എന്ന് പരിശോധിക്കാൻ പഠനം നടത്താൻ തയ്യാറായ ആദ്യ രാജ്യമാണ് നബീബിയ", റോബിൻ റാഡ്ക്ലിഫ് പറയുന്നു. നമീബിയന്‍ പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയത്തിന്റെ പങ്കാളിത്തത്തില്‍, റോബിനും സംഘവും ഒരു ക്രെയിന്‍ ഉപയോഗിച്ച് 12 കാണ്ടാമൃഗങ്ങളെ കാലിൽ കെട്ടിത്തൂ്കകിയ ശേഷം ശാരീരിക പ്രതികരണങ്ങള്‍ പരിശോധിക്കുകയായിരുന്നു പഠനത്തിലൂടെ. മയക്കിയ മൃഗങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും തലകീഴായി കൊണ്ടുപോകുന്നത് കൊണ്ട് പ്രശ്നം സംഭവിക്കുന്നുണ്ടോ എന്ന അടിസ്ഥാന ഗവേഷണം നടത്തിയില്ല എന്ന പോരായ്മയുമുണ്ട്.

ഇത്തരത്തില്‍ തലക്കീഴായി കൊണ്ടുപോവുന്നതാണ് ഈ മൃഗത്തിന് നല്ലതെന്ന് റോബിന്‍ റാഡ്ക്ലിഫ് പറയുന്നു. ശരീരത്തിലേക്കുള്ള രക്തപ്രവാഹം കൃത്യമായി രീതിയില്‍ നടക്കുന്നുവെന്നാണ് ഇവരുടെ അവകാശവാദം. കാലില്‍ കെട്ടിയ സ്ട്രാപ്പിന്റെ ബുദ്ധിമുട്ട് മാത്രമേ ബാധിക്കുന്നുള്ളു. 

ചരിച്ച് കിടത്തി കണ്ടാമൃഗങ്ങളെ കൊണ്ടു പോവുമ്പോള്‍ കിടക്കുന്ന വശത്തെ പേശികള്‍ക്ക് ക്ഷതമേല്‍ക്കുന്നു.കൂടാതെ വാരിയെല്ലുകള്‍ക്കും ഇവ നല്ലതല്ല. രക്ത പ്രവാഹം ഒരു വശത്തേക്ക് മാത്രം ത്വരിതപ്പെടുത്തുകയാണ് ഈ രീതി മൂലം സംഭവിക്കുന്നത്. അതിനാൽ കെട്ടിത്തൂക്കൽ രീതിയാണ് മികച്ചതെന്നും പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.

യു.എസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ഈ അവാര്‍ഡ് ദാനം സാധാരണയായി നടക്കുന്നത് എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഓണ്‍ലൈനായാണ് ചടങ്ങ് നടന്നത്.

Content Highlights: Ig Nobel Prize 2021: hung rhinos upside down from a helicopter