രിത്രത്തിലെ കുഞ്ഞാലി മരക്കാര്‍മാരെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരേ വീറോടെ ഒരു നൂറ്റാണ്ടോളം പോരാടിയ വ്യക്തികളുടെ പരമ്പരയാണ് കുഞ്ഞാലിമരക്കാര്‍മാര്‍. സമ്പത്തും അധികാരവും മോഹിച്ചെത്തിയ പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍) ആദ്യം കാലുകുത്തിയത് കോഴിക്കോടിനടുത്ത കാപ്പാട് ആയിരുന്നു, 1498-ല്‍. കോഴിക്കോട് സാമൂതിരിയും കൊച്ചിരാജാവും കോലത്തിരിയുമെല്ലാം പരസ്പരം കലഹിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഈ കലഹങ്ങള്‍ മുതലാക്കി പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ ഒരു കോട്ട പണിതു. മാനുവല്‍ കോട്ട. യൂറോപ്യന്മാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കോട്ടയായിരുന്നു ഇത്. കൊച്ചിയും കൊടുങ്ങല്ലൂരും പറങ്കികളുടെ താവളമായി. പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടെ ഗോവ പോര്‍ച്ചുഗല്‍ കോളനിയായിമാറി. അവിടെ നിലനിന്നിരുന്ന ഗോവന്‍ സംസ്‌കാരം പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടു. പറങ്കികള്‍ വന്നിറങ്ങിയ കേരളത്തിന് ഇത്തരമൊരു ഗതികേട് വരാഞ്ഞതിനുകാരണം പോര്‍ച്ചുഗീസുകാര്‍ക്കെതിരേ നമ്മുടെ നാട്ടിലുണ്ടായ ധീരമായ ചെറുത്തുനില്‍പ്പാണ്. ഇതിന് നേതൃത്വം കൊടുത്തത് ധീരദേശാഭിമാനികളായ കുഞ്ഞാലി മരക്കാര്‍മാരാണ്. സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാരായ കുഞ്ഞാലി മരക്കാര്‍മാര്‍.

കുഞ്ഞാലി ഒന്നാമന്‍

മുസ്ലിങ്ങളുടെ കടുത്ത വിരോധികളായിരുന്നു പറങ്കികള്‍. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കുഞ്ഞാലി ഒന്നാമന്‍ സാമൂതിരിയുടെ നാവികത്തലവനായി സ്ഥാനമേറ്റത്. പടവുകള്‍ എന്നറിയപ്പെടുന്ന ചെറു വള്ളങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗറില്ലാ യുദ്ധരീതിയായിരുന്നു കുഞ്ഞാലിയുടേത്. കൊച്ചു വള്ളങ്ങളുപയോഗിച്ച് അതിവേഗം സഞ്ചരിച്ച് മിന്നലാക്രമണം നടത്തി മറയുന്നരീതിയാണ് കുഞ്ഞാലി ഒന്നാമന്‍ സ്വീകരിച്ചത്. ഈ മിന്നലാക്രമണങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ ഉറക്കം കെടുത്തി. 1539-ല്‍ സിലോണ്‍ തീരത്തുനടന്ന പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തില്‍ കുഞ്ഞാലി ഒന്നാമന്‍ കൊല്ലപ്പെട്ടു.

കുഞ്ഞാലി രണ്ടാമന്‍

കുഞ്ഞാലി മരക്കാര്‍ ഒന്നാമന്റെ പുത്രനായിരുന്നു കുഞ്ഞാലി രണ്ടാമന്‍. അച്ഛനെക്കാള്‍ കേമനായിരുന്നു മകന്‍. പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് നിര്‍മിച്ച ചാലിയം കോട്ട സാമൂതിരിക്ക് ഒരു ഭീഷണിയായിരുന്നു. സാമൂതിരിയുടെ കര സൈന്യവും കുഞ്ഞാലിയുടെ നാവികസൈന്യവും ഒന്നിച്ച് ആക്രമിച്ച് ചാലിയം കോട്ട നാമാവശേഷമാക്കി. മലബാര്‍, സിലോണ്‍, കൊങ്കണ്‍ തീരങ്ങളില്‍ പോര്‍ച്ചുഗീസുകാരുടെ പേടിസ്വപ്നമായിരുന്ന കുഞ്ഞാലി രണ്ടാമന്‍ 1569-ല്‍ അറുപത്തിയെട്ടാം വയസ്സില്‍ അന്തരിച്ചു.

കുഞ്ഞാലി മൂന്നാമന്‍

ചാലിയം കോട്ട തകര്‍ക്കുന്നതിന് പ്രധാന പങ്കുവഹിച്ച പട്ടു മരക്കാര്‍ കുഞ്ഞാലി മരക്കാര്‍ മൂന്നാമനായി. കുഞ്ഞാലി മൂന്നാമന്‍ കേരളതീരത്ത് ആധിപത്യം പുലര്‍ത്തി. പോര്‍ച്ചുഗീസുകാര്‍ക്ക് ഒരിക്കല്‍പ്പോലും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. 1584-ല്‍ സ്ഥാനമേറ്റ പുതിയ സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് പൊന്നാനിയില്‍ ഒരു കോട്ട കെട്ടാന്‍ അനുമതി നല്‍കി. അപകടം തിരിച്ചറിഞ്ഞ കുഞ്ഞാലി മൂന്നാമന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. കുഞ്ഞാലിയെ അനുനയിപ്പിക്കാന്‍ വടകര - കോട്ടക്കലില്‍ ഒരു കോട്ട കെട്ടാന്‍ കുഞ്ഞാലിക്ക് സാമൂതിരി അനുമതി നല്‍കി. കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കുഞ്ഞാലിയുടെ ആസ്ഥാനം കോട്ടക്കല്‍ ആയി. ഇവിടെ ഒരു ചെറുനഗരവും രൂപംകൊണ്ടു - പുതുപ്പട്ടണം. 1594-ല്‍ പന്തലായിനിയില്‍ കടലില്‍ നടത്തിയ യുദ്ധത്തില്‍ പറങ്കികളെ തോല്പിച്ച് പന്തലായിനി തുറമുഖത്ത് കപ്പലില്‍ നിന്നിറങ്ങുമ്പോള്‍ പരിക്കേറ്റാണ് കുഞ്ഞാലി മൂന്നാമന്‍ അന്തരിച്ചത്.

കുഞ്ഞാലി നാലാമന്‍

കുഞ്ഞാലി മൂന്നാമന്റെ അനന്തരവനായ മുഹമ്മദ് മരക്കാര്‍ ആണ് 1595-ല്‍ കു ഞ്ഞാലി നാലാമനായി സാമൂതിരിയുടെ നാവികപ്പടയുടെ തലവനായത്. കുഞ്ഞാലിയുടെ തന്ത്രവും ആക്രമണങ്ങളും പോര്‍ച്ചുഗീസുകാരുടെ ഉറക്കം കെടുത്തി. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഴിവുകള്‍ കണ്ട സാമൂതിരി അദ്ദേഹത്തിന് ഉയര്‍ന്ന പദവികള്‍ നല്‍കി. ഇത് പറങ്കികളെയും അസൂയാലുക്കളെയും അരിശം കൊള്ളിച്ചു. അവര്‍ സാമൂതിരിയെയും കുഞ്ഞാലിയെയും പിണക്കാനുള്ള ശ്രമം തുടങ്ങി. കേട്ട പല കഥകളും സാമൂതിരിയെ അസ്വസ്ഥനാക്കി. പോര്‍ച്ചുഗീസുകാര്‍ ഈയവസരം മുതലെടുത്തു. അതോടെ സാമൂതിരിയും കുഞ്ഞാലിയും തെറ്റിപ്പിരിഞ്ഞു. കുഞ്ഞാലിമരക്കാര്‍ തന്റെ സൈനികശക്തി വര്‍ധിപ്പിക്കുകയും സ്വന്തംനിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. കുഞ്ഞാലി നാലാമനെ കീഴടക്കാന്‍ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ സഹായം തേടി. 1599 മാര്‍ച്ചില്‍ സാമൂതിരിയുടെ കാലാള്‍ പടയാളികളും പോര്‍ച്ചുഗീസുകാരുടെ സൈന്യവും ഒന്നിച്ച് കോട്ടക്കല്‍ കോട്ട ആക്രമിച്ചു. ആ ആക്രമണം കുഞ്ഞാലി പരാജയപ്പെടുത്തി. പക്ഷേ, പോര്‍ച്ചുഗീസുകാര്‍ കോട്ടയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. 1600-ല്‍ പോര്‍ച്ചുഗീസ് തലവനായ ഫുര്‍ത്താഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസ് സൈന്യവും സാമൂതിരിയുടെ സൈന്യവും ഒന്നിച്ച് അവസാന ആക്രമണം ആരംഭിച്ചു. തിരിച്ചടിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്ന വിധത്തില്‍ ആയിരുന്നു ഫുര്‍ത്താഡോയുടെ ആക്രമണം. ഗത്യന്തരമില്ലാതെ കുഞ്ഞാലി മരക്കാര്‍ നാലാമന്‍, തന്റെയും കൂട്ടുകാരുടെയും ജീവന്‍ രക്ഷിക്കണമെന്ന ഉപാധിയോടെ സാമൂതിരിക്കുമുന്നില്‍ കീഴടങ്ങാന്‍ ഒരുങ്ങി. കുഞ്ഞാലിയെ വധിക്കണമെന്ന പക്ഷക്കാരനായിരുന്നു പറങ്കിത്തലവനായ ഫുര്‍ത്താഡോ. അതിന് അനുവദിച്ചില്ലെങ്കില്‍ കോഴിക്കോട് നഗരം ചുട്ടുചാമ്പലാക്കുമെന്ന് സാമൂതിരിയെ അയാള്‍ ഭീഷണിപ്പെടുത്തി.

1600 മാര്‍ച്ച് 16-ന് കുഞ്ഞാലി മരക്കാര്‍ നാലാമന്‍ സാമൂതിരിക്കുമുമ്പില്‍ ഉടവാള്‍ അടിയറവെച്ച് കീഴടങ്ങി. ഉടന്‍ ചതിയന്മാരായ പോര്‍ച്ചുഗീസുകാര്‍ ചാടിവീണ് കുഞ്ഞാലിയെയും കൂട്ടുകാരെയും കീഴ്പ്പെടുത്തി അവരുടെ പാളയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഈ മര്യാദകെട്ട പരിപാടി കണ്ട സാമൂതിരിയുടെ നായര്‍ പടയാളികള്‍ കുഞ്ഞാലിയെ രക്ഷിക്കാന്‍ ഒരുങ്ങി. കുഞ്ഞാലി കീഴടങ്ങിയപ്പോള്‍ പോര്‍ച്ചുഗീസുകാരും സാമൂതിരിയുടെ പടയാളികളും ചേര്‍ന്ന് കോട്ടക്കല്‍ കോട്ട ഇടിച്ചുനിരത്തി. കുഞ്ഞാലി നാലാമനെയും കൂട്ടുകാരെയും ഗോവയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് വിചാരണ നടത്തി കുഞ്ഞാലി നാലാമന്റെയും കൂട്ടുകാരുടെയും തലയറത്തു. ഈ ശവശരീരങ്ങള്‍ കൊത്തിനുറുക്കി ഗോവയുടെ വിവിധഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്രേ. വെട്ടിയെടുത്ത കുഞ്ഞാലി നാലാമന്റെ ശിരസ്സ് കണ്ണൂര്‍ കടപ്പുറത്ത് കുന്തത്തില്‍ നാട്ടി പ്രദര്‍ശിപ്പിച്ചു. സ്വന്തം നാടിനെ സംരക്ഷിക്കാന്‍ സധൈര്യം പോരാടിയ കുഞ്ഞാലിമരക്കാര്‍മാരുടെ ഓര്‍മകള്‍മാത്രം ബാക്കിയായി.

പറങ്കികള്‍ക്കെതിരേ ഒരു നൂറ്റാണ്ടോളം പോരാടിയ കുഞ്ഞാലിമരക്കാര്‍മാരുടെ സ്മാരകം കോഴിക്കോട് ജില്ലയില്‍ വടകരയ്ക്കടുത്ത് ഇരിങ്ങല്‍ എന്ന സ്ഥലത്താണുള്ളത്.

തയ്യാറാക്കിയത്:സുമേഷ് തോട്ടത്തില്‍

Content Highlights: History Of Kunjali Marakkar