ഇംഗ്ലീഷിലെ ഏറ്റവും നീളമേറിയ വാക്ക് ഏതാവും. അതിന് എത്ര അക്ഷരമുണ്ടാവും?

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലോക്‌സഭാംഗവും സാഹിത്യകാരനുമായ ശശി തരൂർ അടുത്തിടെ floccinaucinihilipilification എന്ന വാക്ക് ട്വീറ്റ് ചെയ്യുംവരെ അധികമാരും ഇക്കാര്യം ചിന്തിച്ചിരിക്കാൻ ഇടയില്ല. എന്താണ് ആ വാക്കെന്ന് ഒട്ടേറെപ്പേർ തിരഞ്ഞു. അപ്പോഴാണ് പിറ്റേന്ന് അദ്ദേഹംതന്നെ അതിനേക്കാൾ നീണ്ട മറ്റൊരുവാക്ക് പരിചയപ്പെടുത്തിയത്; hippopotomonstrosesquippedaliophobia.

ഇതിലും നീളമുള്ള വാക്കുകളുണ്ടോ?

ഉണ്ട്. പക്ഷേ, അവയിലേറെയും സാങ്കേതികപദങ്ങളാണ്.  അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് പരിചയമോ ആവശ്യമോ ഇല്ലാത്തവയുമാണ്. ഏറ്റവും നീളമുള്ള വാക്കേത് എന്ന ക്വിസിന് ഉത്തരം പറയാനേ ഇവ ആവശ്യമുള്ളൂ.

അത്തരം ചില നീളൻവാക്കുകൾ (അക്ഷരങ്ങളുടെ എണ്ണം ബ്രാക്കറ്റിൽ) പരിചയപ്പെടാം.

 floccinaucinihilipilification (29)

ഉച്ചാരണം: ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ

അർഥം: ഒരു പ്രവൃത്തിയോ ശീലമോ കഴമ്പില്ലാത്തതാണെന്ന വിലയിരുത്തൽ. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ വാക്കുണ്ടായത്. ലാറ്റിൻ ഭാഷയിലെ നാലുവാക്കുകൾക്കൊപ്പം ഇംഗ്ലീഷിലെ ‘ഫിക്കേഷൻ’ (fication) എന്ന പ്രത്യയവും (suffix) ചേർത്താണ് ഈ വാക്കുണ്ടാക്കിയത്.

ഫ്ളോക്സി (flocci), നോസി (nauci), നിഹിലി (nihili), പിലി (pili) എന്നിവയാണ് ആ ലാറ്റിൻ വാക്കുകൾ. മൂല്യമില്ലാത്തത് എന്നാണ് ഇവയുടെ അർഥം. ആരാണ് floccinaucinihilipilification എന്ന വാക്കുണ്ടാക്കിയത് എന്നത്‌ വ്യക്തമല്ലെങ്കിലും ഇംഗ്ലീഷ് കവിയായ വില്യം ഷെൻസ്റ്റോണാണ് ഇത് ആദ്യം പ്രയോഗിച്ചത്.

1741-ൽ എഴുതിയ കത്തിലാണ് അദ്ദേഹം ഈ വാക്ക് പ്രയോഗിച്ചത്. അത് ഇങ്ങനെയായിരുന്നു:

''I loved him for nothing so much as his flocci-nauci-nihili-pili-fication of money''

ഇംഗ്ലീഷ് പദങ്ങളുടെ ആധികാരികശേഖരമായ ഓക്സ്‌ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിയിലുള്ള ഏതാനും ചില നീണ്ട വാക്കുകളാണ് താഴെ കൊടുക്കുന്നത്. ഇവയെല്ലാംതന്നെ സാങ്കേതികപദങ്ങളാണ്. 

pneumonoultramicroscopicsilico- volcanoconiosis (45)

ഉച്ചാരണം: ന്യൂമൊണോഅൾട്രാമൈക്രോസ്കോപിക്‌സിലിക്കോവോൾകാനോകോണിയോസിസ്

അർഥം: വളരെ നേർമയായ ചാരമോ പൊടിയോ (അഗ്നിപർവതം വമിപ്പിക്കുന്നത്) ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം.

ഓക്സ്‌ഫഡ് ശബ്ദകോശപ്രകാരം ഇംഗ്ലീഷിലെ ഏറ്റവും നീളംകൂടിയ അർഥപൂർണമായ വാക്കാണിത്.

1930-തുകളിൽ എവെറെറ്റ് എം. സ്മിത്താണ് ഈ വാക്കുണ്ടാക്കിയത് എന്നാണ് കരുതുന്നത്. അമേരിക്കയിൽ 1883-ൽ സ്ഥാപിതമായ നാഷണൽ പസ്‌ലേഴ്‌സ് ലീഗിന്റെ പ്രസിഡന്റായിരുന്നു സ്മിത്ത്. വളരെ നീളമേറിയ വൈദ്യശാസ്ത്രനാമങ്ങൾ അനുകരിച്ചാണ് അദ്ദേഹം ഈ വാക്കുണ്ടാക്കിയത്. പിന്നീട് ഇത് ശബ്ദകോശത്തിന്റെ ഭാഗമായി. ഉച്ചരിക്കാനുള്ള പ്രയാസംകാരണം P45 എന്ന ചുരുക്കരൂപത്തിലാണ് ഈ വാക്ക് അറിയപ്പെടുന്നത്. 

 വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചില നീളൻ പദങ്ങൾ

pseudopseudohypoparathyroidism (30)  

സ്യൂഡോസ്യൂഡോഹൈപ്പോപാരാതൈറോയിഡിസം

spectrophotofluorometrically (28)         

 സ്പെക്ട്രോഫോട്ടോഫ്ളൂറോമെട്രിക്കലി

hepaticocholangiogastrostomy (28)      

 ഹെപ്പാറ്റിക്കോകൊളാൻജിയോഗ്യാസ്‌ട്രോസ്റ്റമി

 psychoneuroendocrinological (27)     

സൈക്കോന്യൂറോഎൻഡോക്രൈനോളജിക്കൽ

l radioimmunoelectrophoresis (26)     

റേഡിയോഇമ്മ്യുണോഇലക്ടോഫൊറീസസ്

l pneumoencephalographically (26)    

ന്യൂമോഎൻസെഫലോഗ്രാഫിക്കലി

l thyroparathyroidectomized (25)       

തൈറോപാരാതൈറോയിഡെക്ടോമൈസ്ഡ്

l psychophysicotherapeutitcs (25)     

സൈക്കോഫിസിക്കോതെറാപ്യൂട്ടിക്സ്

l immunoelectrophoretically (25)     

ഇമ്യൂണോഇലക്ട്രോഫൊറെറ്റിക്കലി

l otorhinolaryngological (22)             

ഓട്ടോറൈനോലാറിങ്കോളജിക്കൽ

ഇംഗ്ലീഷിന്റെ നാടായ ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും നീളമുള്ള വാക്കായി ഓക്സ്‌ഫഡ് ഡിക്‌ഷനറി പറയുന്നത് ഒരു സ്ഥലപ്പേരാണ്. വെയ്ൽസിലാണ് ഈ സ്ഥലം. പേര് Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch. മലയാളം അക്ഷരമാലയിലുള്ളയത്രയും അക്ഷരം ഈ പേരിലുണ്ട്.

ലാൻവെയർപുഷ്‌ക്വിൻഗിഷഗോഗറിഹ്‌വിൻഡ്രോബ്‌വിൽലാന്റിസിലിയോഗോഗോഹ് എന്നാണ് ഉച്ചാരണം. പറയാൻ വളരെ പണിയുണ്ട്. അതുകൊണ്ട് ‘ലാൻവെയർ പി.ജി.’ എന്നേ പറയാറുള്ളൂ.

 നീളൻവാക്കുകൾ ഇനിയുമുണ്ട്. രാസനാമങ്ങളാണവ. അവയെയൊന്നും പക്ഷേ, യഥാർഥ ഇംഗ്ലീഷ് പദങ്ങളുടെ പട്ടികയിൽ ഓക്സ്‌ഫഡ് ഡിക്‌ഷനറി പെടുത്തിയിട്ടില്ല. 

വലിയ വാക്കുകളോടുള്ള പേടിയെ വിശേഷിപ്പിക്കാനും ഇംഗ്ലീഷിൽ വാക്കുണ്ട്. അതാണ് തരൂർ രണ്ടാമത് പ്രയോഗിച്ച hippopotomonstrosesquippedaliophobia (ഹിപ്പോപൊട്ടോമൊൺസ്‌ട്രോസെസ്‌ക്വിപെഡേലിയോഫോബിയ).

ഈ വാക്ക് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് കാര്യമായ ധാരണയില്ല. നീണ്ടവാക്കുകളോടുള്ള പേടി എന്ന് അർഥം വരുന്ന sesquipedalophobia  എന്ന ലാറ്റിൻ വാക്കാകണം  hippopotomonstrosesquippedaliophobia എന്നതിന്റെ മൂലപദം. sesquipedalian എന്ന ലാറ്റിൻ വാക്കിന് ഒന്നരയടിനീളമുള്ളത് എന്നാണ് അർഥം. നീളമേറിയ വാക്കുകളെ സാധാരണ sesquipedalian എന്നാണ് പറയാറ്. രസികത്വമുള്ള ഏതോ വ്യക്തി ഇതിനൊപ്പം ഹിപ്പോപൊട്ടാമസിനെയും മോൺസ്റ്ററിനെയുമൊക്കെച്ചേർത്ത് ഒരു ഒന്നൊന്നരയടി നീളമുള്ള വാക്കുണ്ടാക്കിയെന്ന്‌ കരുതാം.

ഈ വാക്കുപരിചയപ്പെടുത്തുന്ന ഒരു കുസൃതിപ്പാട്ടുണ്ട്. കുട്ടികൾക്കായി പാട്ടുകളുണ്ടാക്കുന്ന അമേരിക്കൻ ഗായകൻ ബ്രയന്റ് ഓഡനാണ് ഈ പാട്ടിന്റെ ശിൽപ്പി. 

 

Content highlights : hippopotomonstrosesquippedaliophobia, longest word in English, floccinaucinihilipilification, lengthy english words in English