റവോമാരുടെ കാലത്തുതന്നെ തേളുകൾ ഈജിപ്തുകാരുടെ പേടിസ്വപ്നമായിരുന്നു. അക്കാലത്ത് അവിടത്തെ മരുഭൂമികളിൽ തേളുകൾ ധാരാളമായി ഉണ്ടായിരുന്നിരിക്കാം. മരണാനന്തര ജീവിതത്തിൽ മനുഷ്യരെ ‘സേർകെറ്റ്’ (serket) എന്ന വിഷജന്തുക്കളുടെ ദേവത അനുഗമിക്കുമെന്നു വിശ്വസിച്ചിരുന്നു. ഈ ദേവതയെ തലയിൽ തേളിന്റെ രൂപം വഹിക്കുന്നവളായും തേളിന്റെ ഉടലുള്ള സ്ത്രീരൂപമായും പിരമിഡുകളിലും മറ്റും ചിത്രീകരിച്ചിട്ടുണ്ട്.  ‘സ്കോർപിയോൺ കിങ്‌’ (scorpion  king ) എന്ന പേരിൽ രണ്ടു ചക്രവർത്തിമാർ ഈജിപ്ത് ഭരിച്ചിട്ടുണ്ട്‌. തേൾവിഷത്തിനുള്ള പ്രതിവിധികളും പിരമിഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല ഭിഷഗ്വരന്മാർക്കു ‘സേർകെറ്റിന്റെ ശിഷ്യൻ’ എന്ന സ്ഥാനം നൽകിയിരുന്നു. ഇരട്ടവാലുള്ള അപൂർവ തേളുകളുടെ ചിത്രവും ‘സെറ്റി ഒന്നാമൻ ഫറവോയുടെ’ (1290–1279 BC) പിരമിഡിൽ നിരീക്ഷിച്ചിട്ടുണ്ട്. റോമൻ പ്രകൃതിശാസ്ത്രജ്ഞനായ പ്ലിനി ചില തേളുകളിലെ  ഈ വൈചിത്ര്യം രേഖപ്പെടുത്തുന്നതിന്  നൂറ്റാണ്ടുകൾക്ക്  മുൻപാണ് ഈ ചിത്രങ്ങൾ വരയ്ക്കപ്പെട്ടത്. ഇന്ന് അന്റാർട്ടിക്കയിലൊഴികെ ലോകത്തെമ്പാടും തേളുകൾ ഉണ്ട്.

പതിയിരിക്കുന്ന മരണം

ലോകത്തുള്ള 1500- സ്പീഷീസ് തേളുകളിൽ 50- എണ്ണം മനുഷ്യർക്ക്‌ അപകടമുണ്ടാക്കാൻ ശേഷിയുള്ളവയാണ്, 25 എണ്ണത്തോളം മനുഷ്യരെ കൊല്ലാൻമാത്രം വിഷം വഹിക്കുന്നുണ്ട്. ഇവയിൽ ‘ആൻഡ്രോക്റ്റനസ്‌ ക്രാസ്സികോഡ (Androctonus crassicauda ) അഥവാ ‘ഫാറ്റ് ടെയിൽഡ് സ്കോർപിയോൺ’ ആണ് ഈജിപ്തുകാർക്കു ഭീഷണിയായത്. ഗിന്നസ് റെക്കോഡനുസരിച്ച്‌  ലോകത്തെ ഏറ്റവും അപകടകാരികളായ വിഷത്തേളുകളാണ് ‘ആൻഡ്രോക്റ്റനസ്‌’ ജനുസ്സിൽപ്പെട്ടവ. പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ് ഈയിനം തേൾ കൂടുതലുള്ളത്. നാല്‌  ഇഞ്ചുവരെ ഇത് നീളമുണ്ടാവാറുണ്ട്‌. Acra 1, Acra 2 തുടങ്ങിയ ‘പോളി പെപ്റ്റൈഡുകൾ’ (അമിനോ ആസിഡുകളുടെ ചെറു ചങ്ങലകളാണ് ‘പോളി പെപ്റ്റൈഡുകൾ’, ഒന്നോ അതിലധികമോ പെപ്റ്റൈഡുകൾ ചേർന്നാണ് പ്രോട്ടീനുകൾ ഉണ്ടാവുക) ആഫ്രിക്കൻ ഫാറ്റ് ടെയിൽഡ് തേളിന്റെ വിഷത്തിൽനിന്നു വേർതിരിച്ചിട്ടുണ്ട്. ഇവ ചേർന്നുണ്ടാകുന്ന പ്രോട്ടീനുകൾ; നാഡികൾ, ഹൃദയം, മാംസപേശികൾ, വൃക്ക, ശ്വാസകോശം എന്നിവയെ ബാധിക്കുന്നു.

കടിയേറ്റാൽ  കഠിനമായ വേദന, നീരുകെട്ടൽ, ഹൃദയസ്തംഭനം, ആന്തരിക രക്തസ്രാവം, അന്ധത, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. ചികിത്സ കിട്ടിയില്ലെങ്കിൽ ഒരു മണിക്കൂറിനകം കടിയേറ്റ ആൾ മരിക്കും. 70-കിലോ ഭാരമുള്ള ഒരാളെ കൊല്ലാൻ 18.2 മില്ലിഗ്രാം വിഷം മതിയാകും. പ്രതിവിഷം (antivenom) എത്രയും പെട്ടെന്ന് കുത്തിവെക്കുകയാണ് രക്ഷിക്കാനുള്ള മാർഗം.

 ഭാരതത്തിലെ ‘ചുവപ്പൻ തേൾ’ 

ഇന്ത്യയിൽ 25 ജനുസ്സിൽപ്പെട്ട 113 സ്പീഷീസ് തേളുകളുണ്ട്.  ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന ‘ഹോട്ടെൻടോട്ട   ടേമുലസ്സ്’ (Hottentotta tamulus) അഥവാ ‘ഇന്ത്യൻ റെഡ് സ്കോർപിയോൺ’ ലോകത്തെ ഏറ്റവും അപകടകാരിയായ തേളിനങ്ങളിലൊന്നാണ്. ഓറഞ്ചോ ചുവപ്പോ നിറമാണിതിന്. രണ്ട്‌ മുതൽ മൂന്നര ഇഞ്ചുവരെയാണ് ഈ തേളിന്റെ നീളം.  ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഈയിനത്തിന്റെ കടിയേറ്റുള്ള  മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് കുട്ടികളിൽ. ശ്വാസകോശത്തെയും ഹൃദയത്തെയുമാണ് വിഷം ബാധിക്കുക . ചെമ്പൻ തേളിന്റെ വിഷവും പ്രോട്ടീനുകളുടെ മിശ്രിതമാണ്. ടമാപ്പിൻ (Tamapin),ടമൂലോടോക്സിൻ’(Tamulustoxin), ‘ഐബെറിയോ ടോക്സിൻ’ (Iberiotoxin) തുടങ്ങിയ ‘വിഷ പെപ്റ്റൈഡുകൾ’ ഇതിന്റെ വിഷത്തിൽനിന്ന്‌ വേർതിരിച്ചിട്ടുണ്ട്. തേൾവിഷത്തിൽനിന്ന് ഔഷധം    
തേളുകളെ വില്ലന്മാരെന്നു എഴുതിത്തള്ളാൻ വരട്ടെ. അവയെക്കൊണ്ട് ചില ഗുണങ്ങളുമുണ്ട്. കത്രികപോലുള്ള മുൻകാലുകൾ ഉപയോഗിച്ച് പിടിച്ചുവെച്ച ശേഷമാണ് തേൾ  ഇരയെ  പല കഷ്ണങ്ങളാക്കി മുറിച്ച് തിന്നുക. ഇതിന് മുൻപായി എൻസൈമുകൾ പ്രയോഗിച്ച് ഇരയുടെ മാംസത്തെ കുഴമ്പാക്കുന്നു.

ആവശ്യഘട്ടങ്ങളിൽ  തേളുകൾ ഇരയ്ക്കു മേൽ വാലിന്റെ അഗ്രത്തുള്ള മുള്ളുപയോഗിച്ച് വിഷം കുത്തിവെച്ച്‌ അതിനെ നിശ്ചലമാക്കുകയോ കൊല്ലുകയോ ചെയ്യും. കൃഷിക്കു  ദോഷമുണ്ടാക്കുന്ന കീടങ്ങൾ ഉൾപ്പെടെയുള്ള  ഒട്ടേറെ ഷട്പദങ്ങളെ ഇവ കൊന്നൊടുക്കുന്നുണ്ട്. തേൾവിഷത്തിൽനിന്നു വേർതിരിച്ച പെപ്റ്റൈഡുകളെ അനുകരിച്ച് ചില ഔഷധങ്ങളും വികസിപ്പിക്കുകയുണ്ടായി .ഇത്തരത്തിൽ ‘Deathstalker’  എന്ന തേളിന്റെ വിഷത്തിൽനിന്ന് വിഘടിപ്പിച്ച ഘടകങ്ങളെ കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കാൻ ശ്രമം നടക്കുന്നുണ്ട്‌. Lesser Asian scorpion എന്നയിനത്തിൽ നിന്ന് ലഭിച്ച പെപ്റ്റൈഡുകൾക്ക്‌ ബാക്റ്റീരിയ, കുമിൾ, മലേറിയ ഉണ്ടാക്കുന്ന പരാദം എന്നിവയെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ഏതായാലും തേളുകൾ മരണം വിതയ്ക്കുമ്പോൾത്തന്നെ അവയുടെ വിഷത്തെ നല്ല കാര്യങ്ങൾക്കു ഉപയോഗിക്കാനുള്ള ശ്രമവും നടക്കുകയാണ്.

ഭൂമിയിൽ  നമുക്ക് മുൻപേ

 420 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ‘സൈലൂറിയൻ കാലഘട്ടത്തിൽ’ തേളുകൾ ജീവിച്ചിരുന്നു, ദിനോസറുകൾക്കും   മുൻപേയാണിത്. ചൈനീസ് ഗവേഷകർ നായോളം വലുപ്പമുള്ള തേളിന്റെ ഫോസിൽ ദക്ഷിണ ചൈനാ  കടലിൽനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. റേഡിയോ ആക്റ്റീവ് പ്രതിഭാസമുള്ള പ്രദേശത്തുപോലും ഇവയ്ക്ക് നിലനിൽക്കാനാവും

എട്ട്‌ ഇഞ്ചോളം നീളംവെക്കുന്ന ‘എമ്പറർ സ്കോർപിയോൺ’ ആണ് ഏറ്റവും നീളമുള്ളത് 

ഇണചേരലിനു മുൻപായി ആൺതേളുകൾ ഇണയുടെ മുൻകാലിൽ  പിടിച്ചു   നൃത്തമാടാറുണ്ട്,   ‘Promenade à a deux’  എന്നാണ് ഇതറിയപ്പെടുന്നത്.  തേൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. പ്രായപൂർത്തിയാകുംവരെ ഇവ അമ്മയുടെ മുതുകത്ത് പറ്റിപ്പിടിച്ചു കഴിയും, ചിലതു രണ്ടു വർഷം വരെ. ഈ സമയത്തു പോഷകദ്രാവകം അടങ്ങിയ മുതുകിലെ സഞ്ചി (Yolk sac) ഇവയ്ക്കു തുണയാകും.

Scorpion
Photo credits prof.bizzarroCC BY 2.0, via Wikimedia Commons

തേളുകളുടെ ബാഹ്യാസ്ഥികൂടത്തിൽ ഫ്ലൂറസെന്റ് രാസവസ്തു ഉള്ളതിനാൽ അവ  അൾട്രാവയലറ്റ്‌ പ്രകാശത്തിൽ തിളങ്ങും
 ചിലയിനം  തേളുകൾക്കു ഭക്ഷണമില്ലാതെ ഒരു വർഷംവരെ കഴിയാനാവും. വാലിൽ ഇരട്ട മുള്ളുള്ള തേളുകൾ അത്യപൂർവമായി കാണാറുണ്ട്. തേളിന് അതിന്റെ വാല് പലരീതിയിൽ തിരിക്കാനും മടക്കാനുമൊക്കെ ആവും, ഒരു പ്രത്യേക സന്ധിയാണ്‌ ഈ കഴിവ് നൽകുന്നത്‌

Content Highlights: Facts About Scorpion