നാടോടി വിജ്ഞാനീയം എന്ന് നമ്മള്‍ മലയാളത്തില്‍ പേരിട്ടുവിളിക്കുന്ന ഫോക്ലോറും ഫോക്ലോര്‍ പഠനവും ഏറെ പ്രാധാന്യമുള്ളതാണ്. കൂട്ടായ്മയെ അഥവാ ജനതയെക്കുറിച്ചുള്ള അന്വേഷണമാണത്. ഓരോ സമൂഹവും അവരുടെ ലോകബോധത്തിനനുസരിച്ച് പരസ്പരവിനിമയത്തിനായി വൈവിധ്യപൂര്‍ണമായ നാടോടി ആവിഷ്‌കാരങ്ങള്‍ പാരമ്പര്യമായി സൃഷ്ടിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്നു. അതാണ് ഫോക്‌ലോറുകള്‍. തെയ്യം, തിറ, ഒപ്പന, പടയണി, മാര്‍ഗംകളി, ഗദ്ദിക, മുടിയേറ്റ്, കണ്യാര്‍കളി, കോല്‍ക്കളി, ചവിട്ടുനാടകം, കാക്കരിശ്ശി നാടകം, ദഫ്മുട്ട് തുടങ്ങിയ നാടോടിക്കലകള്‍, നാടന്‍പാട്ടുകളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളും ഉള്‍പ്പെടുന്ന വാമൊഴിവഴക്കങ്ങള്‍, അടുക്കള ഉപകരണം മുതല്‍ കാര്‍ഷികോപകരണങ്ങള്‍വരെയുള്ള തൊട്ടറിയുന്നതും കണ്ടറിയുന്നതുമായ ഭൗതികസംസ്‌കാരം, കടലറിവും കാട്ടറിവും വയലറിവും നാടോടിസാങ്കേതികവിദ്യയുമെല്ലാം ഉള്‍ക്കൊള്ളുന്ന നാട്ടറിവുകള്‍, പിന്നെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങളും നാട്ടുചന്തകളും നാടോടിവൈദ്യവും നാടോടിഭക്ഷണവും നാട്ടുചരിത്രവുമെല്ലാം ഉള്‍ക്കൊള്ളുന്ന വലിയലോകമാണ് ഫോക്‌ലോറിന്റേത്.

ജനകല

നാടോടിക്കഥ പറയുന്ന മുത്തശ്ശിയെ നമുക്കറിയാമെങ്കിലും ആ കഥ ആരാണ് സൃഷ്ടിച്ചതെന്ന് അറിയില്ല. നാടന്‍പാട്ട് പാടുന്ന ആളെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ആ പാട്ട് കെട്ടിയുണ്ടാക്കിയതാരെന്ന് നമുക്കറിയില്ല. കൂട്ടായ്മയിലെ ഏതോ ഒരാളുടെ സൃഷ്ടിയെ സമൂഹം ഏറ്റെടുക്കുകയും മാറ്റം വരുത്തി അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് നാടോടിക്കലകളുടെ സൃഷ്ടിയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ''ചെറിയ സമൂഹങ്ങള്‍ക്കിടയിലെ സൗന്ദര്യാത്മകവിനിമയമാണ് ഫോക്ലോറുകള്‍'' എന്നാണ് ഡാന്‍ ബെന്‍ അമോസ് എന്ന ഫോക്ലോര്‍ പണ്ഡിതന്‍ നിര്‍വചിക്കുന്നത്. ''ഭൂതകാലത്തിന്റെ പ്രതിധ്വനിയാണ് നാടോടി അവതരണങ്ങളെങ്കിലും വര്‍ത്തമാനകാലത്തില്‍ മുഴങ്ങുന്ന അതിശക്തമായ ശബ്ദമാണ് അതെന്ന് '' വൈ.എം. സോക്കലോവ് എന്ന റഷ്യന്‍ പണ്ഡിതന്‍ വിലയിരുത്തുന്നു.

പല പാഠങ്ങള്‍

ഒരു ഫോക്ലോര്‍ ഇനംതന്നെ രൂപത്തിലും ഭാവത്തിലും പലയിടങ്ങളില്‍ പലതരത്തില്‍ നിലനില്‍ക്കുന്നതുകാണാം. ഓരോ സമൂഹത്തിന്റെയും പ്രദേശത്തിന്റെയും വ്യത്യസ്തതയ്ക്കും രുചിഭേദത്തിനുമനുസരിച്ചാണ് ഈ വകമാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക. കേരളത്തില്‍ അങ്ങോളമിങ്ങോളം സുപ്രസിദ്ധ എണ്ണല്‍പ്പാട്ടായ 'അക്കുത്തിക്കുത്ത് ആന വരുംകുത്തി'ന് മുപ്പതിലധികം വ്യത്യസ്തതരത്തിലുള്ള ആവിഷ്‌കാരമുണ്ട്. കാലപരമായും ദേശപരമായും കടന്നുവരുന്ന നാടോടിക്കലകളിലെ ഈ വൈവിധ്യം അതിന്റെ നിത്യ പരിണാമസ്വഭാവത്തെ വെളിപ്പെടുത്തുന്നു.

പാരമ്പര്യപഠനം

ഫോക്‌ലോറുകള്‍ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്തിനാണ് പാരമ്പര്യത്തെ പഠിക്കുന്നത്? എങ്ങനെയാണ് പഠിക്കേണ്ടത്? വില്യം ജോണ്‍ എന്ന പണ്ഡിതന്‍ ഇങ്ങനെ പറയുന്നു: ''ഭൂതകാലത്തിന്റെ ജൈവോര്‍ജത്തെയാണ് നമ്മള്‍ ഉപയോഗപ്പെടുത്തേണ്ടത്, മറിച്ച് അതിന്റെ ചാരത്തെയല്ല''. പഴഞ്ചൊല്ലുകള്‍ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഫോക്‌ലോര്‍ ആണെങ്കിലും എല്ലാ പഴഞ്ചൊല്ലുകളും ഇന്നത്തെ കാലത്ത് പ്രയോഗിക്കാനാവില്ല. സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പല ചൊല്ലുകളും ആധുനികസമൂഹത്തിന് ചേരുന്നതല്ല. എന്നാല്‍, മുരിങ്ങയുണ്ടെങ്കില്‍ മരുന്ന് വേണ്ടാ, കാവു വെട്ടല്ലേ കുളം വറ്റും, വിത്താഴം ചെന്നാല്‍ പത്തായം നിറയും, തുടങ്ങിയ ചൊല്ലുകളില്‍ നാട്ടറിവും പരിസ്ഥിതിവിവേകവും കൃഷിയുടെ പ്രാധാന്യവും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ തലമുറകള്‍ പരിചയപ്പെടണം. വാക്കുകള്‍ കൊണ്ടുള്ള കളിയായ കടങ്കഥ പ്രധാനമായും കുട്ടികളുടെ വിനോദമാണ് ലക്ഷ്യമാക്കുന്നത്.

പഴഞ്ചൊല്ലിലൂടെയും കടങ്കഥയിലൂടെയും ഓര്‍മശക്തി, ഭാഷാവിനിമയശേഷി, ഭാവനാശക്തി, യുക്തിചിന്ത, ബുദ്ധിവികാസം, പ്രകൃതിനിരീക്ഷണം, താളബോധം തുടങ്ങി ഒട്ടേറെ ശേഷികള്‍ നമുക്ക് ലഭിക്കുന്നു.

നാട്ടറിവിന്റെ ശേഖരണം

ഓരോ പ്രദേശത്തും ആയിരക്കണക്കിന് ഫോക്‌ലോറുകളും അവയെക്കുറിച്ച് അറിവുള്ള മനുഷ്യരുമുണ്ട്. നാടന്‍കലകളും നാടോടികലാകാരന്‍മാരും ഉണ്ടാവും. സംസ്‌കൃതിയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും നന്നായി മനസ്സിലാക്കിയവരെയാണ് ആവേദകര്‍ (informant) എന്നുവിളിക്കുന്നത്. ചിലപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തച്ഛനോ മുത്തശ്ശിയോ ആവാം ഈ ആവേദകര്‍. അത്തരം ആളുകളെ കണ്ടെത്തി അവരോട് നമുക്കാവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കാം. ഇങ്ങനെ കണ്ടെത്തുന്ന വസ്തുതകള്‍ നമുക്കൊരിക്കലും ഗൂഗിളില്‍നിന്നോ പുസ്തകങ്ങളില്‍നിന്നോ ലഭിക്കില്ല.

നാടോടിഭാഷ

മനുഷ്യന്റെ വിനിമയോപാധിയായ ഭാഷയ്ക്ക് പലതലങ്ങളുണ്ട്. വൈകാരികത ചോര്‍ന്നുപോകാതെ അനുഭവങ്ങളെ ആവിഷ്‌കരിക്കാന്‍ ഈ നാടോടിഭാഷ അനിവാര്യമാണ്. അതുകൊണ്ടാണ് നമ്മുടെ സിനിമയിലും സാഹിത്യത്തിലുമെല്ലാം കഥാപാത്രങ്ങളുടെ സംഭാഷണമായി നാട്ടുഭാഷ കടന്നുവരുന്നത്. നാട്ടുപദങ്ങള്‍, ശൈലികള്‍, പ്രയോഗങ്ങള്‍, ചൊല്‍വഴക്കങ്ങള്‍ തുടങ്ങിയവയൊക്കെ ശേഖരിക്കുകയും വിശകലനം ചെയ്യുകയുംവേണം. നാട്ടുഭാഷയില്‍ നിഘണ്ടു നിര്‍മാണം സംഘമായി ചെയ്യാവുന്നതാണ്.

നാടോടിക്കഥ

കുഞ്ഞുങ്ങളുടെ ഭാവനയെയും ചിന്തയെയും ഉണര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരമ്പര്യ പഠന ഉപാധിയാണ് നാടോടിക്കഥ. പഞ്ചതന്ത്രം കഥകളുടെയും അറബിക്കഥകളുടെയും പിന്നിലെ കഥതന്നെ ബുദ്ധിവികാസത്തെയും മനഃസംസ്‌കരണത്തെയും സംബന്ധിച്ചാണെന്ന് നമുക്കറിയാം. വീട്ടില്‍നിന്നായാലും ക്ലാസില്‍ നിന്നായാലും നിങ്ങള്‍ കേള്‍ക്കുന്ന കഥകളിലെല്ലാം നന്മയും നൈതികതയും ധാര്‍മികതയും സരളമായി ബോധ്യപ്പെടുത്തുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

നാടന്‍പാട്ട്

ഈണവും താളവും പ്രാസവും കാവ്യാത്മകവുമായ കല്പനകളും നാട്ടു ഭാഷാനുഭവങ്ങളുമാണ് നാടോടിഗീതങ്ങളുടെ പ്രത്യേകത. സുന്ദരമായ ആവിഷ്‌കാരം, ചുറ്റുപാടുകളുടെയും സംഭവങ്ങളുടെയും മൂര്‍ത്തമായ വിവരണങ്ങള്‍, ഓര്‍മയില്‍ തങ്ങിനില്‍ക്കാന്‍ പര്യാപ്തമായ പ്രാസവ്യവസ്ഥകള്‍, പ്രതിപാദനത്തിലെ നാട്ടനുഭവങ്ങള്‍, പാരമ്പര്യബോധത്തിന്റെ ചൂടും ചൂരും തുടങ്ങിയ ഗുണങ്ങള്‍ നാടന്‍പാട്ടിനെ ആഹ്‌ളാദകരമായ അനുഭവമാക്കുന്നു. താരാട്ടുപാട്ട്, കളിയൊരുക്കപ്പാട്ട്, കളിപ്പാട്ട്, വിനോദഗാനങ്ങള്‍, ഫലിതഗാനം, കഥാഗാനം, അനുഷ്ഠാനഗാനം, നാവുവഴക്കപ്പാട്ട്, തൊഴില്‍പ്പാട്ട്... അങ്ങനെ നീളുന്നു നാടോടിപ്പാട്ടിന്റെ വകഭേദങ്ങള്‍. നമ്മുടെ നാട്ടിലെ പാട്ടുകളുടെ ശേഖരണവും അതിന്റെ നവീനമായ ആവിഷ്‌കാരവും സ്‌കൂളില്‍ ചെയ്യാവുന്നതാണ്.

തികച്ചും ജൈവികമായ ഒരു പാഠപുസ്തകം നമുക്കുണ്ട്. നാട്ടറിവുകളായും സാംസ്‌കാരിക വിനിമയങ്ങളായും തദ്ദേശീയജനത കാലങ്ങള്‍കൊണ്ട് രൂപപ്പെടുത്തിയ ഈ പാഠങ്ങള്‍ നമുക്ക് അനൗപചാരിക വിദ്യാഭ്യാസം നല്‍കുന്നു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ പല വിഷയങ്ങളിലും നാടോടി അറിവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠനപ്രക്രിയയുടെ ഭാഗമാണ്. ഇത്തരം പാരമ്പര്യവസ്തുതകളെ എങ്ങനെയാണ് സമീപിക്കേണ്ടത്, അവയുടെ സ്വഭാവമെന്ത് എന്നതിനെ സംബന്ധിച്ചുള്ള വിശദീകരണം തീര്‍ച്ചയായും അറിവും ആനന്ദവും കൗതുകവും നല്‍കും.

നാട്ടറിവും മറ്റുവിഷയങ്ങളും

ഒരു സ്വതന്ത്രവിഷയമായി നില്‍ക്കെത്തന്നെ ഫോക്ലോര്‍ മറ്റെല്ലാ വിഷയങ്ങളുമായി സവിശേഷവും സജീവവുമായ ബന്ധം പുലര്‍ത്തുന്നു. ഒരര്‍ഥത്തില്‍ സകല വിഷയത്തിന്റെയും കുട്ടിക്കാലമാണ് ഫോക്‌ലോര്‍. ഏതുനാട്ടിലെ ഏതുസാഹിത്യവിഷയവും അതിന്റെ ശൈശവകാലം അന്വേഷിച്ചുപോയാല്‍ എത്തിച്ചേരുക നാടന്‍പാട്ടിലും നാടോടിക്കഥയിലും പഴഞ്ചൊല്ലിലും കടങ്കഥയിലുമൊക്കെയായിരിക്കും. അപ്രകാരം, ചരിത്രത്തിനെയും(വാമൊഴി ചരിത്രം) ഗണിതശാസ്ത്രത്തിനെയും (ഫോക് മാത്തമാറ്റിക്‌സ് ) ബോട്ടണിയെയും (വംശീയ സസ്യശാസ്ത്രം) സുവോളജിയെയും (ആനിമല്‍ ലോര്‍), കെമിസ്ട്രിയെയും (ഫോക് കെമിസ്ട്രി), സമുദ്രശാസ്ത്രത്തിനെയും (കടലറിവുകള്‍) അങ്ങനെ ഏത് വിഷയത്തിനെയും അതിന്റെ അക്കാദമിക അറിവിനൊപ്പം പാരമ്പര്യ അറിവിനെയും ചേര്‍ത്ത് പഠിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഫോക് ലോര്‍ വിവിധ ശാഖകളെ ഉള്‍ക്കൊള്ളുന്ന വിഷയമാണെന്നുപറയാം.

Content Highlights: Facts about Folklore