റെയില്‍വേ സിഗ്‌നല്‍ നിറങ്ങള്‍ മൂന്ന് തരത്തിലാണ്. പച്ച, മഞ്ഞ, ചുവപ്പ്. പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ തീവണ്ടിക്ക് മുന്നോട്ടുപോകാം. മഞ്ഞ മുന്നറിയിപ്പാണ്, പതുക്കെ മുന്നോട്ടുപോകാം. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. ഒരു റെയില്‍വേസ്റ്റേഷനില്‍ എങ്ങനെയാണ് സിഗ്‌നല്‍ പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് നോക്കാം.

അടുത്തടുത്തായി A, B, C എന്നിങ്ങനെ മൂന്ന് റെയില്‍വേസ്റ്റേഷനുകള്‍ ഉണ്ടെന്ന് കരുതുക. A യില്‍നിന്നും പുറപ്പെട്ട ഒരു തീവണ്ടി B യിലേക്ക് പ്രവേശിക്കണം. B സ്റ്റേഷന്‍ എത്തുന്നതിനുമുമ്പ് അവിടെ ഒരു സിഗ്‌നല്‍ പോസ്റ്റ് ഉണ്ടാകും. ഇതിനെ ഔട്ടര്‍ സിഗ്‌നല്‍ എന്നാണ് പറയുക. ഇത് മഞ്ഞയോ പച്ചയോ ആണെങ്കില്‍ വണ്ടി B സ്റ്റേഷനിലേക്ക് പ്രവേശിക്കും.

ചിലപ്പോള്‍ ഒരു തീവണ്ടിക്ക് B യില്‍ സ്റ്റോപ്പ് ഇല്ലെന്ന് കരുതുക. അപ്പോള്‍ ആ തീവണ്ടിക്ക് ഔട്ടര്‍ സിഗ്‌നല്‍ പച്ചയാണെങ്കില്‍ B സ്റ്റേഷനിലൂടെ അനുവദിച്ച പരമാവധി വേഗത്തില്‍ പോകാം. B യില്‍ സ്റ്റോപ്പില്ലാത്ത വണ്ടിക്ക് ചിലപ്പോള്‍ B സ്റ്റേഷനിലേക്ക് പ്രവേശനം നല്‍കാന്‍ പറ്റില്ല. കാരണം, അവിടെ പ്ലാറ്റ്‌ഫോമോ ട്രാക്കോ ഒഴിവുണ്ടാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ B സ്റ്റേഷന്റെ ഔട്ടറില്‍ ആ തീവണ്ടി നിര്‍ത്തിയിടേണ്ടിവരും.

എന്നാല്‍, ആ വണ്ടി വേഗത്തില്‍ വരുമ്പോള്‍ B സ്റ്റേഷന്റെ ഔട്ടര്‍ സിഗ്‌നലിലെ ചുവപ്പ് കണ്ട് പെട്ടെന്ന് നിര്‍ത്താന്‍ പറ്റില്ലല്ലോ. അതിനായി ഔട്ടര്‍ സിഗ്‌നലിന് ഏകദേശം ഒരുകിലോമീറ്റര്‍ മുമ്പേ മറ്റൊരു സിഗ്‌നല്‍ പോസ്റ്റ് ഉണ്ടാകും. അതിനെ ഡിസ്റ്റന്‍ഡ് സിഗ്‌നല്‍ എന്നാണ് പറയുക. ഇത് ഔട്ടര്‍ സിഗ്‌നലിന്റെ സ്ഥിതി എന്താണെന്ന് സൂചന നല്‍കും. ഔട്ടര്‍ പച്ചയാണെങ്കില്‍ ഡിസ്റ്റന്റും പച്ച. ഇത് കണ്ടാല്‍ ലോക്കോ പൈലറ്റിന് പരമാവധിവേഗത്തില്‍ പോകാം. ഔട്ടര്‍ ചുവപ്പാണെങ്കില്‍ ഡിസ്റ്റന്‍ഡ് മഞ്ഞയായിരിക്കും. അപ്പോള്‍ B യിലേക്ക് പ്രവേശനമില്ല, തീവണ്ടി ഡിസ്റ്റന്‍ഡ് സിഗ്‌നലില്‍ നിന്നും ഔട്ടര്‍ സിഗ്‌നല്‍വരെ പതുക്കെ പോകണം. ഡിസ്റ്റന്‍ഡ് സിഗ്‌നല്‍ ഒരിക്കലും ചുവപ്പ് ആയിരിക്കുകയില്ല, മറിച്ച് മഞ്ഞയോ പച്ചയോ ആയിരിക്കും. അതായത് തീവണ്ടികള്‍ ഒരിക്കലും ഡിസ്റ്റന്‍ഡ് സിഗ്‌നലിന് മുമ്പില്‍ നില്‍ക്കേണ്ടിവരില്ല. അപ്പോള്‍ ഒരു റെയില്‍വേ സ്റ്റേഷനിലേക്ക് കയറുമ്പോള്‍ ആദ്യം കാണുക ഡിസ്റ്റന്‍ഡ് സിഗ്‌നലാണ്. പിന്നീട് ഔട്ടര്‍ സിഗ്‌നലുകള്‍. കൂടുതല്‍ പ്ലാറ്റ്‌ഫോമുകളും ട്രാക്കുകളും ഉള്ള സ്റ്റേഷനുകളില്‍ ഔട്ടര്‍ സിഗ്‌നല്‍ കഴിഞ്ഞ് സ്റ്റേഷന് മുമ്പേ വീണ്ടും സിഗ്‌നലുകള്‍ ഉണ്ടാകും. ഇതിനെ ഹോം (Home) സിഗ്‌നല്‍, റൂട്ടിങ് (routing) സിഗ്‌നല്‍ എന്നൊക്കെ പറയും.

ഇനി ഒരു തീവണ്ടി സ്റ്റേഷനില്‍നിന്ന് പുറപ്പെടുമ്പോള്‍ കാണുന്ന സിഗ്‌നലുകളെപ്പറ്റി പറയാം. വണ്ടി പുറപ്പെടുവാന്‍ വേണ്ടിയുള്ള സിഗ്‌നലിന്റെ പേര് സ്റ്റാര്‍ട്ടര്‍ (starter) സിഗ്‌നല്‍ എന്നാണ്. ഇതുകഴിഞ്ഞ് സ്റ്റേഷനിലെ എല്ലാ ട്രാക്കുകളും പ്രധാന പാതയില്‍ കൂടിയതിനുശേഷം വീണ്ടുമൊരു സിഗ്‌നല്‍ ഉണ്ടാകും. അതിനെ അഡ്വാന്‍സ് സ്റ്റാര്‍ട്ടര്‍ (advance starter) എന്നു പറയും. ചില വലിയ സ്റ്റേഷനുകളില്‍ ഇവയ്ക്കിടയില്‍ മറ്റൊരു സ്റ്റാര്‍ട്ടര്‍ സിഗ്‌നല്‍ ഉണ്ടാകും. അപ്പോള്‍ അവസാനം കാണുന്ന സ്റ്റാര്‍ട്ടര്‍ സിഗ്‌നലിനെ ആ സ്റ്റേഷനിലെ ലാസ്റ്റ് സ്റ്റോപ്പ് സിഗ്‌നല്‍ (last stop signal) എന്നാണ് പറയുക. ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലല്ലാതെ വെള്ളനിറത്തിലുള്ള സിഗ്‌നലുകള്‍ ചെറിയ പോസ്റ്റുകളില്‍ റെയില്‍വേസ്റ്റേഷനകത്ത് കാണാം. ഇതിനെ ഷണ്ട് സിഗ്‌നല്‍ എന്നാണ് വിളിക്കുക. റെയില്‍വേ സ്റ്റേഷനകത്തുള്ള നീക്കങ്ങള്‍ക്ക് മാത്രമായുള്ളതാണിത്.

വിവിധ സിഗ്‌നലുകള്‍

ഇന്ന് കേരളത്തില്‍ കാണുന്നത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. (light emitting diode) സിഗ്‌നലുകള്‍ ആണ്. അതിന് മുമ്പേ വൈദ്യുതിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

അതില്‍ എല്‍.ഇ.ഡി.ക്ക് പകരമായി ജ്വലിക്കുന്ന (incandescent) ബള്‍ബുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിനുംമുമ്പേ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന സിഗ്‌നലുകള്‍ (mechanical signals) ആയിരുന്നു ഉപയോഗത്തില്‍. സിഗ്‌നല്‍പോസ്റ്റില്‍ ചൂണ്ടുപലകപോലുള്ള ഇരുമ്പുതകിട് (signal arm) കൊണ്ടുള്ള അത്തരം സിഗ്‌നലുകളെ സെമഫോര്‍ സിഗ്‌നലുകള്‍ (semaphore signals) എന്നാണ് പറഞ്ഞിരുന്നത്.

സിഗ്‌നല്‍പോസ്റ്റിലുള്ള ഇരുമ്പുപലക (signal arm) തിരശ്ചീന (horizontal) നിലയിലാണെങ്കില്‍ അത് ഇപ്പോഴത്തെ ചുകപ്പ് നിറത്തിനും ലംബ (vertical) നിലയിലാണെങ്കില്‍ പച്ചനിറത്തിനും രണ്ടിനും ഇടയില്‍ നാല്‍പ്പത്തിയഞ്ച് ഡിഗ്രി നിലയിലാണെങ്കില്‍ മഞ്ഞയ്ക്കും സമാനമാണ്. ഇത്തരം സിഗ്‌നലുകള്‍ ഇപ്പോള്‍ കേരളത്തില്‍ ഉപയോഗത്തിലില്ല.

പ്രവര്‍ത്തനരീതി

തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഒരു റെയില്‍വേട്രാക്കിനെ മറ്റൊരു ട്രാക്കുമായി യോജിപ്പിക്കുന്നത് പോയന്റ് എന്നറിയപ്പെടുന്ന ചലിപ്പിക്കാന്‍ പറ്റുന്ന റെയില്‍ കഷണങ്ങളിലൂടെയാണ് (tongue rail). ഇത്തരം റെയിലുകളുടെ ചലനം, പോയന്റ് മെഷീന്‍ (Point Machine) എന്നറിയപ്പെടുന്ന ഒരു പെട്ടിയിലൂടെയാണ് നിയന്ത്രിക്കുന്നത്. റെയില്‍ ട്രാക്കുകള്‍ പിരിയുന്ന സ്ഥലങ്ങളില്‍ റെയിലില്‍നിന്നും ഏകദേശം ഒരുമീറ്റര്‍മാറി റെയിലിന്റെ അതേ ഉയരത്തില്‍ ഇത്തരം പെട്ടികള്‍ കൂട്ടുകാര്‍ക്ക് കാണാം. ഇതിനകത്തുള്ള വൈദ്യുത മോട്ടോറുപയോഗിച്ചാണ് ടങ് റെയിലുകള്‍ ചലിപ്പിക്കുന്നതും റെയില്‍പ്പാത മാറ്റുന്നതും. സ്റ്റേഷന്‍മാസ്റ്റര്‍ അദ്ദേഹത്തിന്റെ മുറിയിലുള്ള പാനല്‍ബോര്‍ഡില്‍നിന്ന് ഒരു നിശ്ചിത റെയില്‍റൂട്ട് സജ്ജമാക്കുമ്പോള്‍ പോയന്റുകള്‍ മാറുകയും സിഗ്‌നലുകള്‍ തെളിയുകയും ചെയ്യും. റൂട്ടുകള്‍ സെറ്റ് ചെയ്യാന്‍ പാനല്‍ ഇന്റര്‍ലോക്കിങ് (Panel Interlocking), റൂട്ട് റിലേ ഇന്റര്‍ലോക്കിങ് (Route Relay Interlocking), ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിങ് (Eletcronic Interlocking) എന്നിങ്ങനെ പലവിധ സാങ്കേതികവിദ്യകള്‍ ഉണ്ട്. ത്തിപ്പിച്ചാണ് സിഗ്‌നലുകള്‍ സജ്ജമാക്കിയിരുന്നത്.

മറ്റ് സിഗ്‌നലുകള്‍

സിഗ്‌നല്‍ പോസ്റ്റില്‍ കാണുന്ന സിഗ്‌നലുകള്‍ അല്ലാതെ മറ്റ് വിധത്തിലുള്ള സിഗ്‌നലുകളും തീവണ്ടിഗതാഗതത്തിന് ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് സ്റ്റേഷന്‍മാസ്റ്ററും മറ്റ് ബന്ധപ്പെട്ട റെയില്‍വേജീവനക്കാരും ഉപയോഗിക്കുന്ന ചുവപ്പ്, പച്ച നിറങ്ങളിലുള്ള കൊടികള്‍. പ്രധാന സിഗ്‌നലുകള്‍ പച്ചയാണെങ്കിലും, ഏതെങ്കിലും ഒരു ചുവന്ന കൊടി ഉയര്‍ന്നുകണ്ടാല്‍ തീവണ്ടി മുന്നോട്ടു പോകില്ല. നേരെമറിച്ച് പച്ചക്കൊടിയാണ് വീശുന്നതെങ്കില്‍ മറ്റ് സിഗ്‌നലുകളനുസരിച്ച് വണ്ടിക്ക് മുന്നോട്ടുപോകാം. രാത്രികളില്‍ കൊടികള്‍ക്ക് പകരം എല്‍.ഇ.ഡി. ടോര്‍ച്ചുകളാണ് ഉപയോഗിക്കുന്നത്. ട്രാക്ക് മാന്‍, ലോക്കോ പൈലറ്റ്, ഗാര്‍ഡ് തുടങ്ങിയവര്‍ ഉപയോഗിക്കുന്ന ഡിറ്റനേറ്റര്‍ (detonator) ആണ് മറ്റൊരു സിഗ്‌നല്‍.

Content Highlights: Details About Railway Signals