1990ല്‍ പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബിളിന്റെ പേരുനല്‍കി വിക്ഷേപിച്ച ബഹിരാകാശ ടെലിസ്‌കോപ്പാണ് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ്. പ്രപഞ്ചത്തില്‍ 1300 കോടി വര്‍ഷംമുമ്പു രൂപപ്പെട്ട ഗാലക്‌സികളുടെ ചിത്രമെടുക്കാന്‍ ഹബിളിന് കഴിഞ്ഞു. 2030 - ഓടെ ഹബിളിന്റെ പ്രവര്‍ത്തനം അവസാനിക്കും. ഹബിളിന്റെ ശാസ്ത്രീയ പിന്‍ഗാമിയായി കൂടുതല്‍ മെച്ചപ്പെട്ട നിരീക്ഷണം നടത്തുകയാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ലക്ഷ്യം. സൗരയൂഥത്തിലെ ഗ്രഹങ്ങളെ നിരീക്ഷിക്കാനും എങ്ങനെയാണ് പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപംകൊള്ളുന്നത് എന്ന് പഠിക്കാനും അകലെയുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെക്കുറിച്ചും അവയുടെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കാനും ഈ ബഹിരാകാശ ടെലിസ്‌കോപ്പ് സഹായിക്കും.

വെബ് ഒരു അന്താരാഷ്ട്രകൂട്ടായ്മയുടെ പദ്ധതിയാണ്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും കൈകോര്‍ത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. പതിന്നാലോളം രാജ്യങ്ങളിലെ ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും കൂട്ടായ്മയുടെ ഫലമാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്. 1996ലാണ് ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാലുമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഒരു സ്‌പേസ് ടെലിസ്‌കോപ്പ് നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്. 2004ല്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചു. 2017ല്‍ ടെലിസ്‌കോപ്പിന്റെ ഭാഗങ്ങള്‍ ബന്ധിപ്പിക്കുകയും അതിലെ ശാസ്ത്രീയ ഉപകരണങ്ങള്‍ കൂട്ടിയിണക്കുകയും ചെയ്തു. 2021ല്‍ അത് വിക്ഷേപണത്തിന് പൂര്‍ണ സജ്ജമായി. ഈ ദൗത്യത്തിന്റെ കാലാവധി പത്തുവര്‍ഷം വരെയാണ്. പ്രപഞ്ചത്തിന്റെ ബാല്യം എങ്ങനെയായിരുന്നു? ആദ്യം രൂപപ്പെട്ട ഗാലക്‌സികളും നക്ഷത്രങ്ങളും എങ്ങനെ യായിരുന്നു? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ വെബ് സ്‌പേസ് ടെലിസ്‌കോപ്പിനു കഴിയും. ഇതുവരെ അറിയാത്ത ആ പ്രപഞ്ചവിസ്മയങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

വെബിലെ തൊപ്പി
ഈ ടെലിസ്‌കോപ്പിന് സൂര്യനില്‍നിന്നുള്ള ഇന്‍ഫ്രാറെഡ് തരംഗത്തില്‍നിന്ന് രക്ഷനേടാന്‍ ഒരു മറയുണ്ട്. വെബിലെ ഉപകരണങ്ങളും കണ്ണാടിയും വളരെ സെന്‍സിറ്റീവാണ്. അതുകൊണ്ടുതന്നെ അഞ്ച് പാളികളുള്ള, മറയാണ് വെബിനെ സംരക്ഷിക്കാനുള്ളത്. അലുമിനിയം ലോഹം പൂശിയതാണ് ഇതിലെ വളരെ നേര്‍ത്ത പാളികള്‍.

ആരാണ് ജെയിംസ് വെബ് ?
1961 - 68 കാലത്ത് നാസയുടെ തലവനായിരുന്നു ജെയിംസ് വെബ്ബ്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അപ്പോളോ പദ്ധതി അദ്ദേഹത്തിന്റെ കാലത്തായിരുന്നു ആരംഭിച്ചത്. ജെയിംസ് വെബ്ബിന്റെ ബഹുമാനാര്‍ഥമാണ് പ്രപഞ്ചചരിത്രം തേടുന്ന ഈ പുതുതലമുറ ബഹിരാകാശ ടെലിസ്‌കോപ്പിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.

വലുപ്പം
1000 കോടി ഡോളര്‍ ചെലവു വരുന്ന ജെയിംസ് വെബ് ടെലിസ്‌കോപ്പിന് ഒരു മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരമുണ്ട്. ടെലിസ്‌കോപ്പിലേക്ക് സൂര്യന്‍, ചന്ദ്രന്‍ ഭൂമി എന്നിവയില്‍നിന്ന്
പ്രകാശം എത്താതെ തടയുന്ന സൗരമറയ്ക്ക് ഒരു ടെന്നീസ് കോര്‍ട്ടിന്റെ വിസ്താരമുണ്ട്. ഇതിനെ ചുരുട്ടി മടക്കിയാണ് റോക്കറ്റില്‍ സ്ഥാപിക്കുക. ബഹിരാകാശത്ത് എത്തിച്ച ശേഷം ഇതിന്റെ മടക്കുകള്‍ നിവര്‍ത്തി പൂര്‍വസ്ഥിതിയിലാക്കും

വിക്ഷേപണത്തിനുശേഷം
ഭൂമിക്ക് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള പരിക്രമണപാതയില്‍ എത്താന്‍ വെബ് ടെലിസ്‌കോപ്പിന് ഒരുമാസം വേണം. വിക്ഷേപണത്തിന് ശേഷം ആറുമാസം കഴിയുമ്പോള്‍ മാത്രമേ ഈ ടെലിസ്‌കോപ്പ് പ്രവര്‍ത്തനം തുടങ്ങുകയുള്ളൂ. ബഹിരാകാശത്തെത്തിയ വെബിന് ആദ്യഘട്ടത്തില്‍ ചെയ്തുതീര്‍ക്കാന്‍ ഒരുപാട് ജോലിയുണ്ട്. ഏരിയന്‍ റോക്കറ്റില്‍ മടക്കിവെച്ചുകൊണ്ടുപോയ ഭാഗങ്ങള്‍ കൃത്യമായ രീതിയില്‍ നിവര്‍ത്തി വിന്യസിക്കുകയാണ് ആദ്യഘട്ടത്തിലെ ജോലികള്‍. സൗരമറ നിവര്‍ത്തുന്ന പ്രവര്‍ത്തനത്തോടെ വെബ്ബിലെ ഉപകരണങ്ങളുടെ തണുപ്പിക്കല്‍ പ്രക്രിയയും ആരംഭിക്കും.

വെബ് ടെലിസ്‌കോപ്പിലെ കണ്ണാടി
ജെയിംസ് വെബ് ടെലിസ്‌കോപ്പിലെ പ്രധാനഭാഗം അതിലെ പ്രാഥമിക കണ്ണാടിയാണ്. ഈ കണ്ണാടിയാണ് ഇന്‍ഫ്രാറെഡ് തരംഗങ്ങളെ പ്രതിഫലിപ്പിക്കുക. ദര്‍പ്പണത്തിന്റെ വലുപ്പം കൂടുമ്പോള്‍ ലഭിക്കുന്ന ദൃശ്യത്തിന്റെ വ്യക്തതയും കൂടും. ഹബിള്‍ ടെലിസ്‌കോപ്പില്‍ ഉപയോഗിച്ച ദര്‍പ്പണത്തിന്റെ വ്യാസം വെറും 2.5 മീറ്റാണ്. എന്നാല്‍, വെബില്‍ ഉപയോഗിച്ചിരിക്കുന്നത് ഇതുവരെ ഉപയോഗിച്ചതില്‍ വെച്ച് ഏറ്റവും വലിയ ദര്‍പ്പണമാണ്. 6.5 മീറ്റര്‍ വ്യാസമുള്ള ഈ കോണ്‍കേവ് ദര്‍പ്പണം നിര്‍മിച്ചിരിക്കുന്നത് ബെറിലിയം ലോഹം കൊണ്ടാണ്. ഇതിനു മുകളില്‍ നേര്‍ത്ത പാളിയായി സ്വര്‍ണം പൂശിയിട്ടുണ്ട്. സമഷഡ്ഭുജാകൃതിയിലുള്ള 1.32 മീറ്റര്‍വ്യാസമുള്ള 18 ദര്‍പ്പണ കഷണങ്ങള്‍ ചേര്‍ന്നതാണ് ഈ വലിയ ദര്‍പ്പണം. ആറു കഷണങ്ങള്‍ വീതമുള്ള മൂന്ന് മടക്കുകളാക്കിയാണ് ഈ ദര്‍പ്പണത്തെ ബഹിരാകാശത്ത് എത്തിക്കുക.

സഞ്ചാരപാത
ഏകദേശം 6215 കിലോഗ്രാം ഭാരമുള്ള ഈ ടെലിസ്‌കോപ്പ് ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള പാതയില്‍ (L2)കൂടിയാണ് സൂര്യനെ പരിക്രമണം ചെയ്യുക. (ചന്ദ്രന്‍ ഭൂമിയില്‍നിന്ന് ഏകദേശം നാലുലക്ഷം കിലോമീറ്റര്‍ അകലെയാണ്. അതിന്റെ നാലിരട്ടി അകലെയാണ് വെബിന്റെ സ്ഥാനം). സൂര്യനില്‍നിന്ന് നോക്കിയാല്‍ വെബ് എപ്പോഴും ഭൂമിക്ക് മറുവശത്തായിരിക്കും. എപ്പോഴും ഭൂമിയുടെ രാത്രി വശത്ത്. ഈ പരിക്രമണ പാത സൂര്യനും ഭൂമിയും അടങ്ങിയ സംവിധാനത്തിലെ രണ്ടാമത്തെ ലഗ്രാഞ്ച് ബിന്ദു (L2) ആണ്. ഈ സ്ഥാനത്ത് വിക്ഷേപിക്കപ്പെടുന്ന വസ്തുവിന് ഭ്രമണപഥത്തില്‍ തുടരാന്‍ വലിയ ഊര്‍ജം ചെലവഴിക്കേണ്ടാ.

സൂര്യനു നേരെ തിരിഞ്ഞിരിക്കുന്ന ഭാഗത്തെ സൗരമറയിലാണ് സോളാര്‍ പാനലുകളുള്ളത്. ഇത് ഊര്‍ജോത്പാദനത്തിന് സഹായിക്കുകയും ചെയ്യും.

വെബിലെ ഉപകരണങ്ങള്‍
ബഹിരാകാശ വസ്തുക്കളുടെ ചിത്രം എടുക്കാനുള്ള ക്യാമറ, ബഹിരാകാശ വസ്തുക്കളില്‍നിന്ന് വരുന്ന പ്രകാശത്തെ വിശകലനം ചെയ്ത് ആ വസ്തുക്കളുടെ പ്രത്യേകതകള്‍ മനസ്സിലാക്കാനുള്ള സ്‌പെക്ട്രോഗ്രാഫ്, നക്ഷത്രങ്ങള്‍ക്കുചുറ്റും കറങ്ങുന്ന ഗ്രഹങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന കൊറോണഗ്രാഫ് തുടങ്ങിയവയാണ് വെബിലെ ശാസ്ത്രീയ ഉപകരണങ്ങള്‍.

Content Highlights: Details About James web Telescope