‘ദഹ്‌ലി’ എന്ന പദത്തിൽനിന്നാണ് ഡൽഹി എന്ന പേരുണ്ടായത്. (ഇപ്പോൾ ദില്ലി) ദഹ്‌ലി എന്നാൽ വാതിൽപ്പടി എന്നാണർഥം. ആരവല്ലി പർവതത്തിനും യമുനാനദിക്കും ഇടയിലുള്ള ഡൽഹി കടന്നുവേണം ഗംഗാതടത്തിലേക്ക്‌ പ്രവേശിക്കാൻ. അതുകൊണ്ടുതന്നെ ഗംഗാതടത്തിലേക്കുള്ള വാതിൽപ്പടിയാണ് ഡൽഹി. 

എ.ഡി. എട്ടാം നൂറ്റാണ്ടിൽ രജപുത്രവിഭാഗത്തിൽപ്പെട്ട തോമർമാരാണ് ഡൽഹിയെ ആദ്യമായി തലസ്ഥാനമാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡൽഹിയുടെ നിയന്ത്രണം രജപുത്ര വിഭാഗത്തിലെ ചൗഹാൻമാർക്കായി. 1192-ൽ മുഹമ്മദ് ഗോറി ഡൽഹി പിടിച്ചെടുത്തു. തുടർന്ന് സുൽത്താൻമാരുടെയും മുഗളൻമാരുടെയും ബ്രിട്ടീഷുകാരുടെയും സ്വതന്ത്ര ഇന്ത്യയുടെയും തലസ്ഥാനമായി ഡൽഹി. 

1206 മുതൽ 1526 വരെയാണ് സുൽത്താൻ ഭരണകാലം. ഈ കാലയളവിൽ ഡൽഹി തലസ്ഥാനമായി അഞ്ച് രാജവംശങ്ങൾ ഭരണം നടത്തി. അടിമവംശം, ഖിൽജിവംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധിവംശം എന്നിവ. 1526-ൽ ഹരിയാണയിലെ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയതോടെ, മുഗൾ സാമ്രാജ്യം നിലവിൽവന്നു. ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് എന്നിവരാണ് ബാബറിനുശേഷം അധികാരത്തിൽവന്ന പ്രധാന മുഗൾ ചക്രവർത്തിമാർ. 

 1803-ൽ ബ്രിട്ടീഷുകാർ ഡൽഹിയിൽ ആധിപത്യം സ്ഥാപിച്ചു. മറാത്തകളുടെ ആക്രമണം തടയാൻ ബ്രിട്ടീഷുകാർ മുഗൾചക്രവർത്തിക്ക്‌ സൈനികസഹായം നൽകി. 1803 സെപ്‌റ്റംബർ 11-ന്‌ മറാത്ത സൈന്യത്തെ പരാജയപ്പെടുത്തിയതോടെ ഡൽഹി ബ്രിട്ടീഷുകാരുടെ കൈയിലായി. ബ്രിട്ടീഷ്‌ ആസ്ഥാനം കൽക്കട്ടയിലായതിനാൽ മുഗൾചക്രവർത്തിയെ ചെങ്കോട്ടയിൽ തുടരാൻ ബ്രിട്ടീഷുകാർ അനുവദിച്ചു.

1857-ലെ കലാപത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഡൽഹി. മീററ്റിൽ നിന്ന്‌ ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ വിപ്ളവകാരികൾ 1857 മേയ്‌ 11-ന്‌ അതിരാവിലെ ഡൽഹിയിലെത്തിയത്‌. ചെങ്കോട്ടയിൽ എത്തിയ അവർ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ രണ്ടാമനെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. 1857 സെപ്‌റ്റംബറിൽ ഡൽഹി തിരിച്ചുപിടിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങൾ ലക്ഷ്യംകണ്ടു. ബഹദൂർഷാ രണ്ടാമനെ തടവുകാരനായി പിടിച്ച്‌ ചെങ്കോട്ടയിൽ വിചാരണചെയ്തു. തുടർന്ന്‌ മ്യാൻമറിലേക്ക്‌ നാടുകടത്തി. 1862 നവംബർ ഏഴിന്‌  മ്യാൻമറിൽ ബഹദൂർഷാ രണ്ടാമൻ അന്തരിച്ചു. 

1911-ൽ ഡൽഹി ബ്രിട്ടീഷ്‌ ഇന്ത്യയുടെ തലസ്ഥാനമായി. ഇന്ത്യയിലെത്തിയ ജോർജ്‌ അഞ്ചാമന്റെയും ഭാര്യ മേരിയുടെയും ബഹുമാനാർഥം നടത്തിയ ദർബാറിലായിരുന്നു ഡൽഹിയെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം. റെയ്‌സിനകുന്ന്‌ കേന്ദ്രീകരിച്ച്‌ പത്ത്‌ ചതുരശ്രമൈൽ പ്രദേശത്ത്‌ നഗരം നിർമിച്ചു. ക്ലാസിക്കൽ ഗ്രീക്ക്‌ ശൈലിയും ഇന്ത്യൻ വാസ്തുനിർമാണശൈലിയും സംയോജിപ്പിച്ചായിരുന്നു നിർമാണം. ഹെർബർട്ട്‌ ബേക്കർ, എഡ്വിൻ 
ല്യൂട്ടൻസ്‌ എന്നിവരായിരുന്നു ശില്പികൾ.

1947-ലെ ഇന്ത്യാവിഭജനം ഡൽഹിയെ പിടിച്ചുകുലുക്കി. അഞ്ചുലക്ഷത്തോളം അഭയാർഥികൾ ഡൽഹിയിലെത്തി. തിലക്‌നഗർ, ലജ്‌പത്‌ നഗർ എന്നീ കോളനികൾ അഭയാർഥികൾക്കായി തുറന്നു. അന്ന്‌ ഡൽഹി നേരിട്ട മറ്റൊരു വിപത്ത്‌ വർഗീയ കലാപങ്ങളായിരുന്നു.

ഡൽഹിയുടെ വിജ്ഞാനമേഖലയ്ക്ക്‌ തുടക്കം കുറിച്ചത്‌ 1792-ൽ സ്ഥാപിച്ച ഡൽഹി കോളേജാണ്‌. ഉറുദു ഭാഷയുടെയും ശാസ്ത്ര-സാഹിത്യത്തിന്റെയും കാലമായിരുന്നു അത്‌. ‘ഡൽഹി നവോത്ഥാനം’ എന്നാണ്‌ ഈ മാറ്റം വിശേഷിപ്പിക്കപ്പെട്ടത്‌. 

മുഗൾ പ്രഭുവർഗം ഡൽഹിയിൽ താമസിച്ചിരുന്ന വസതികളാണ്‌ ഹവേലികൾ. 19-ാം നൂറ്റാണ്ടുവരെ നൂറോളം ഹവേലികൾ ഡൽഹിയിലുണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹവേലികളുടെ സംരക്ഷണം ഇപ്പോൾ പുരാവസ്തുവകുപ്പിനാണ്‌.

ഏഴുനഗരങ്ങളുടെ നഗരമെന്നാണ്‌ ഡൽഹിയെ വിശേഷിപ്പിക്കാറുള്ളത്‌. നഗരങ്ങൾ പണികഴിപ്പിച്ച്‌ ചരിത്രത്തിൽ ഇടം നേടിയവർ:

  • ഖില റായ്‌ പിത്തോറ -പൃഥ്വിരാജ്‌ ചൗഹാൻ
  • സിരി -അലാവുദ്ദീൻ ഖിൽജി
  • തുഗ്ലാക്കാബാദ്‌  -ഗിയാസുദ്ദീൻ തുഗ്ലക്ക്‌ 
  • ഫിറോസാബാദ്‌  -ഫിറോസ്‌ഷാ തുഗ്ലക്ക്‌  
  • ഷാജഹാനാബാദ്‌ -ഷാജഹാൻ
  • ജഹാൻ പനാഹ്‌  -മുഹമ്മദ്‌ബിൻ തുഗ്ലക്ക്‌
  • ദിൻപനാഹ -ഹുമയൂൺ 

ചെങ്കോട്ട

Red Fort

പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതാണ്‌ ചെങ്കോട്ട. മുഗൾ ചക്രവർത്തി ഷാജഹാൻ 1618-ൽ തറക്കല്ലിട്ടു. 1647-ൽ പണിപൂർത്തിയായി. ചെങ്കല്ലിലും കരിങ്കല്ലിലും പണിത ചെങ്കോട്ടയ്ക്ക്‌ പതിന്നാല്‌ കവാടങ്ങളുണ്ട്‌. തുർക്ക്‌മാൻ, കശ്മീർ, ഡൽഹി, ലാഹോറി, അജ്‌മീരി, മോറി എന്നിവയാണ്‌ പ്രധാന കവാടങ്ങൾ. കൊട്ടാരങ്ങൾ, പൂന്തോട്ടങ്ങൾ, മസ്‌ജിദ്‌ തുടങ്ങിയവയും ചെങ്കോട്ടയിലുണ്ട്‌. ദേശഭക്തി തുളുമ്പുന്ന ചെങ്കോട്ട ഐക്യരാഷ്ട്ര സഭയുടെ പൈതൃക കേന്ദ്രപട്ടികയിൽ ഇടം നേടിയിട്ടുണ്ട്‌.

കുത്തബ്‌മിനാർ

qutub minar : a photo journey

അടിമവംശ സ്ഥാപകനായ ഖുത്തബുദീൻ ഐബക്കാണ്‌ കുത്തബ്‌മിനാറിന്റെ നിർമാണത്തിന്‌ തുടക്കമിട്ടത്‌. ഇദ്ദേഹത്തിന്റെ പിൻഗാമി ഇൽത്തുമിഷാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. ഇന്തോ-ഇസ്‌ലാമിക്‌ ശൈലിയിൽ ഒരുക്കിയ കുത്തബ്‌മിനാറിന്‌ അഞ്ച്‌ നിലകളുണ്ട്‌.

ഹുമയൂൺ കുടീരം

ഹുമയൂണിന്റെ ഭാര്യ ബേഗബാനു ബീഗമാണ്‌ ഈ ശവകുടീരം നിർമിച്ചത്‌. പേർഷ്യയിൽ നിന്നെത്തിയ വിദഗ്‌ധരാണ്‌ നിർമാണജോലിയിലേർപ്പെട്ടത്‌.

  • നിസാമുദ്ദീൻ ഔലിയയുടെ ദർഗ പ്രസിദ്ധമായ ഈ ദർഗ സൂഫിവര്യനായ നിസാമുദ്ദീൻ ഔലിയയുടേതാണ്‌. ജാതിമത ഭേദമില്ലാതെ ഒട്ടേറെപ്പേർ ഇവിടെ സന്ദർശനം നടത്തുന്നു.


ഇന്ത്യാഗേറ്റ്‌

India Gate

ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ 80,000 പട്ടാളക്കാരുടെയും 1919-ലെ അഫ്‌ഗാൻ യുദ്ധത്തിൽ മരണപ്പെട്ടവരുടെയും ഓർമയ്ക്ക്‌, ബ്രിട്ടീഷുകാർ പണിതുയർത്തിയതാണ്‌ രാജ്‌പഥിൽ രാഷ്ട്രപതി ഭവന്‌ കിഴക്ക്‌ സ്ഥിതിചെയ്യുന്ന ഇന്ത്യാഗേറ്റ്‌. 1971-ൽ ഇന്ത്യ-പാക് യുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യാഗേറ്റിൽ ‘അമർജവാൻ’ ജ്യോതി തെളിയുന്നുണ്ട്‌. ഇന്ത്യാഗേറ്റ്‌ രൂപകല്പന ചെയ്തത്‌ എഡ്വിൻ ല്യൂട്ടൻസാണ്‌.

മെഹ്‌റോളിയിലെ ഇരുമ്പ്‌ തൂൺ

തുരുമ്പിക്കാത്ത ഈ ഇരുമ്പ്‌ തൂൺ ലോഹസംസ്കരണ രംഗത്തെ പുരാതന ഇന്ത്യയുടെ മികവിന്‌ ഉദാഹരണമാണ്‌. 7.2 മീറ്റർ ഉയരവുമുണ്ട്‌.

ജുമാമസ്‌ജിദ്‌

ഇന്ത്യയിലെ ഏറ്റവും വലിയ മസ്‌ജിദാണ്‌ ഡൽഹി ജുമാമസ്‌ജിദ്‌. ഷാജഹാനാണ്‌ ഇത്‌ പണികഴിപ്പിച്ചത്‌. 

പാർലമെന്റ്‌ മന്ദിരം

Parliament

ബ്രിട്ടീഷുകാർ നിർമിച്ച കൗൺസിൽ ഹൗസാണ്‌ പാർലമെന്റ്‌ മന്ദിരം. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വാസ്തുശില്പി ഹെർബർട്ട്‌ ബേക്കറാണ്‌. 

രാഷ്ട്രപതി ഭവൻ

rashtrapati bhavan

വൈസ്രോയി ഹൗസാണ്‌ രാഷ്ട്രപതി ഭവൻ. 340 മുറികളുള്ള രാഷ്ട്രപതിഭവന്റെ ആകർഷണം താഴികക്കുടമാണ്‌. എഡ്വിൻ ല്യൂട്ടൻസാണ്‌ രൂപകല്പന ചെയ്തത്‌.

Content Highlights: Delhi in History: Important Events and Monuments