ഭൂമിയില്‍ ജീവനാധാരമായ മിശ്രിതമാണ് മണ്ണ്. അനേകം സൂക്ഷ്മജീവികള്‍, ജൈവാവശിഷ്ടങ്ങള്‍, മൂലകങ്ങള്‍, വാതകങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുള്ള ഒരു വലിയ ആവാസവ്യവസ്ഥ! ചെറുതും വലുതുമായ അനേക കോടി ജീവാംശങ്ങളുടെ ഈറ്റില്ലമായ മണ്ണില്ലെങ്കില്‍ ജീവനില്ല.  

മണ്ണുദിനത്തിന്റെ പിറവി
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോയില്‍സയന്‍സ് (ഐ.യു.എസ്.എസ്.) ശുപാര്‍ശ ചെയ്തതിനുശേഷമാണ് ലോക മണ്ണുദിനം അന്താരാഷ്ട്ര ദിനമായി മാറിയത്. 2013 ജൂണില്‍ നടന്ന എഫ്. എ.ഒ.(ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) സമ്മേളനത്തില്‍ ലോക മണ്ണുദിനത്തെ അംഗീകരിച്ചു. ഔദ്യോഗികമായി അംഗീകരിച്ചതിനുശേഷം 2014 ഡിസംബര്‍ അഞ്ച് ആദ്യത്തെ ഔദ്യോഗിക ലോക മണ്ണുദിനമായി.

രൂപപ്പെടാന്‍ ആയിരം വര്‍ഷം
ഒരു സെന്റിമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരത്തോളം വര്‍ഷം വേണ്ടിവരും. അനേക കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമി ഉരുകിത്തിളച്ചുകൊണ്ടിരുന്ന ഗോളമായിരുന്നു. കാലക്രമേണ ഇത് തണുക്കാന്‍ തുടങ്ങിയപ്പോള്‍ പാറകളുണ്ടായി. പാറകള്‍ക്ക് ഭൗതികവും രാസപരവുമായ ഒട്ടേറെ മാറ്റങ്ങളുണ്ടായി. നൂറ്റാണ്ടുകളിലൂടെ മഴയും മഞ്ഞും കാറ്റും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളില്‍ സസ്യജാലങ്ങള്‍ വളര്‍ന്നു. ഇത്തരം ജൈവാംശങ്ങളും ചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രകൃതി പ്രതിഭാസത്തെ 'പെഡോജെനസിസ്' എന്നു പറയുന്നു. സാധാരണയായി മണ്ണ് രൂപം കൊള്ളുന്നത് പാളികളായിട്ടാണ്. ഇതിനെ 'ഹൊറിസോണ്‍' എന്നാണ് പറയുക.

ലക്ഷണമൊത്ത മണ്ണ്
കരയുടെ 28 ശതമാനം മരുഭൂമിയും 23 ശതമാനം പോഷകമില്ലാത്ത വന്ധ്യഭൂമിയും 22 ശതമാനം നേര്‍ത്ത മണ്ണും പത്തുശതമാനം വെള്ളം കെട്ടിക്കിടക്കുന്നതും ആറുശതമാനം മഞ്ഞുപാളികളാല്‍ മൂടിക്കിടക്കുന്നതുമാണ്. ശേഷിക്കുന്ന പതിനൊന്ന് ശതമാനമേ കൃഷിയോഗ്യമായുള്ളൂ.

ഗുണമേന്മയുള്ള മണ്ണില്‍ 45 ശതമാനം ധാതുലവണങ്ങളും അഞ്ചു ശതമാനം ജൈവവസ്തുക്കളും 25 ശതമാനം വായുവും 25 ശതമാനം ജലവും ഉണ്ടാകണം. ആരോഗ്യം നിറഞ്ഞ മണ്ണില്‍ 50 ശതമാനം ഫംഗസുകള്‍, 20 ശതമാനം ബാക്ടീരിയകള്‍, അത്രതന്നെ പ്രോട്ടോസോവകള്‍ പത്തുശതമാനം മണ്ണിര, മറ്റ് സൂക്ഷ്മജീവികള്‍ എന്നിവ വേണം.
ആരോഗ്യമുള്ള ഒരു ഹെക്ടര്‍ മണ്ണില്‍ അഞ്ചു ടണ്‍ വരെ പ്രാണികളും അര ടണ്ണോളം സൂക്ഷ്മജീവികളും അഞ്ചു ടണ്‍ വരെ മണ്ണിരയും വേണം. കാട്ടിലെ ശുദ്ധമായ ഒരു ചതുരശ്രമീറ്റര്‍ മണ്ണില്‍ 12 കോടിയോളം നിമാറ്റോഡുകള്‍ കാണപ്പെടുന്നു. എത്രമാത്രം ജീവിസമ്പന്നമാണ് നമ്മുടെ സ്വാഭാവിക മണ്ണ്.

 അമൂല്യസിദ്ധികള്‍
വലിയ ജലസംഭരണിക്കൂടിയാണ് മണ്ണ്. വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം ശേഖരിച്ചു വെക്കാന്‍ മണ്ണിനു കഴിയും. ഉപരിതലത്തില്‍നിന്ന് പത്തുമുതല്‍ 15 സെന്റിമീറ്റര്‍ വരെ താഴ്ചയുള്ള മേല്‍മണ്ണിലാണ് ഭൂമിയില്‍നിലനില്‍ക്കുന്ന എല്ലാ സസ്യങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വളരാന്‍ ആവശ്യമായതെല്ലാം ഉള്ളത്. മേല്‍മണ്ണ് ജീവന്റെ പുതപ്പാണ്. അന്തരീക്ഷത്തില്‍ അധികമുള്ള കാര്‍ബണിനെ വലിച്ചെടുക്കാന്‍ മണ്ണിന് കഴിയും. സസ്യജാലങ്ങള്‍ വലിച്ചെടുക്കുന്നതിന്റെ ഏകദേശം ആറിരട്ടിയോളം വരും ഇത്. ജീവികള്‍ക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്കെടുത്ത് അവര്‍ക്കാവശ്യമുള്ളത് നല്‍കുന്ന അത്യപൂര്‍വ സൃഷ്ടിയാണ് മണ്ണ് എന്ന് തോന്നുന്നില്ലേ.

 ഭീഷണികള്‍
വിസ്തൃതി കുറഞ്ഞുവരുന്നതിനൊപ്പം മണ്ണ് മലിനീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജൈവവിഘടനത്തിന് വിധേയമാകാത്ത ആയിരം കോടി ടണ്‍ ഖരമാലിന്യം പ്രതിവര്‍ഷം ആളുകള്‍ വലിച്ചെറിയുന്നതായാണ് കണക്ക്. അനിയന്ത്രിതമായി കര്‍ഷകര്‍ ഉപയോഗിക്കുന്ന കീടനാശിനികളും മണ്ണിനെ വിഷലിപ്തമാക്കുന്നു. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നതോടൊപ്പം കാര്‍ഷികവിഭവങ്ങളുടെ ഉത്പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും കുറവുണ്ടാക്കുന്നു. ഇന്ത്യയില്‍ ഏകദേശം 600 കോടി ടണ്‍ മേല്‍മണ്ണ് ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാകുന്നു. ഒരു തുണ്ട് പ്‌ളാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോള്‍, ഒരുപിടി മണ്ണ് ഒലിച്ചുപോകുമ്പോള്‍ ഒരു കോടി ജീവന്‍ ഇല്ലാതെയാകുന്നു എന്ന് ഓര്‍മിക്കണം.  

നമുക്ക് ശ്രദ്ധിക്കാം
പരമാവധി വെള്ളം ഭൂമിയില്‍ പതിയാന്‍ അനുവദിക്കുക, ജൈവമാലിന്യങ്ങള്‍ മണ്ണില്‍ അലിഞ്ഞുചേരാന്‍ സമ്മതിക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക, ജൈവകൃഷിക്ക് മുന്‍ഗണന നല്‍കുക, കീടനാശിനികളുടെ അനിയന്ത്രിത പ്രയോഗം ഒഴിവാക്കുക എന്നതെല്ലാം മണ്ണ് സംരക്ഷണത്തിനു സ്വീകരിക്കാവുന്ന മാര്‍ഗങ്ങളാണ്.

പഴഞ്ചൊല്ലുകള്‍

  1. മണ്ണറിഞ്ഞു വിത്ത്
  2. മണ്ണിലിട്ടാല്‍ പൊന്ന്
  3. മണ്ണുതന്നെ പൊന്ന്
  4. മണ്ണു തിന്നുകയാണെങ്കിലും മറഞ്ഞിരുന്നു തിന്നണം
  5. മണ്ണുതിന്നെങ്കിലും മണ്ണില്‍ കിടക്കണം
  6. മണ്ണു വിറ്റ് ഉണ്ണരുത്.
  7. മണ്ണ് വിറ്റ് പൊന്നു വാങ്ങരുത്.
  8. മണ്ണോളം വലിയ ബാങ്കില്ല
  9. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി

ശാസ്ത്രശാഖകള്‍

പെഡോളജി (Pedology)

മണ്ണ് രൂപവത്കരണം, വര്‍ഗീകരണം, ഭൗതികവും രാസപരവും ജൈവികവുമായ സവിശേഷതകള്‍, ഫലപുഷ്ടി തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ.

എഫഡോളജി.(Ephadology)

സസ്യങ്ങളിലുള്ള മണ്ണിന്റെ സ്വാധീനത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ 

എട്ടുതരം മണ്ണ്

കേരളത്തില്‍ പ്രധാനമായും എട്ടുതരം മണ്ണാണുള്ളത്.

തീരദേശമണ്ണ് : മണല്‍മണ്ണ് എന്നും പറയും. പടിഞ്ഞാറ9 സമുദ്രതീരത്തും അതിനോടു ചേര്‍ന്ന സമതലപ്രദേശങ്ങളിലും കാണുന്നു

എക്കല്‍മണ്ണ്: നദിയോരങ്ങളിലും അതിനടുത്തുള്ള സമതലപ്രദേശങ്ങളിലും കാണുന്ന മണ്ണാണിത്.
 

വെട്ടുകല്‍ മണ്ണ്: ചരല്‍ മണ്ണ്, ലാറ്ററൈറ്റ് എന്നും പറയും. നമ്മുടെ നാട്ടില്‍ ഏറ്റവും അധികം കാണപ്പെടുന്ന മണ്ണ്.  

കറുത്ത പരുത്തി മണ്ണ്: പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കിഴക്ക9 പ്രദേശങ്ങളില്‍ കാണുന്ന ക്ഷാരഗുണമുള്ള മണ്ണ്.

കരിമണ്ണ്: ആലപ്പുഴ, കോട്ടയം ജില്ലയിലെ കുട്ടനാട9 നെല്‍പ്പാടങ്ങള്‍ കാണുന്നിടത്ത് സമുദ്രനിരപ്പിന് താഴെയായി കാണുന്ന മണ്ണ്.

ചെമ്മണ്ണ്: തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ കാണുന്ന മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണിത്.

മലയോരമണ്ണ്: കേരളത്തിലെ കിഴക്ക9മേഖലയില്‍ ചരിവുള്ള പ്രദേശങ്ങളില്‍ കാണുന്നു.

വനമണ്ണ്: വനമേഖലയില്‍ കാണുന്ന ജൈവവൈവിധ്യ സംരക്ഷണത്തിന് മുഖ്യ പങ്കുവഹിക്കുന്ന ഫലപുഷ്ടിയുള്ള മണ്ണ്.

Content Highlights: December 5 World Soil Day