രുപത്തിരണ്ട്‌ വാര നീളമുള്ള ഒരു പ്രതലം. രണ്ടു ടീമുകളിലായി 22 കളിക്കാർ. 200 ഗ്രാമിൽ താഴെ ഭാരമുള്ള ഒരു പന്ത്... ഉരുണ്ടും ഉയർന്നും പോകുന്ന ആ പന്തിന്റെ സഞ്ചാരപഥങ്ങളിൽ കണ്ണുംനട്ട് നമ്മൾ ഇരിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി? നിമിഷങ്ങൾ മണിക്കൂറുകളായി മാറുന്നതറിയാതെ ആ പന്തിനുപിറകെ പാഞ്ഞ കാലം... അഞ്ചുദിവസം നീണ്ട ടെസ്റ്റ് മത്സരങ്ങൾ ആദ്യം 60 ഓവറായും പിന്നെ 50 ഓവറായും ചുരുങ്ങിയ ഏകദിനങ്ങൾ. ഇപ്പോൾ 20 ഓവറിൽ മറ്റൊരു മത്സരം നടക്കുന്നു. 100 പന്തുകൾ മാത്രമുള്ള മത്സരങ്ങളെക്കുറിച്ച് ആലോചന തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ടിൽ മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് കൂടി കഴിയുമ്പോൾ ചരിത്രം വീണ്ടും നമ്മളെ വിളിക്കുന്നു. 

ഇംഗ്ലീഷ് വിംഗ്ലീഷ്

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടമുയർത്തിയിരിക്കുന്നു. ലോകത്തിനുമുന്നിൽ ക്രിക്കറ്റ് ആദ്യമായി അവതരിപ്പിച്ചത് ഇംഗ്ലണ്ടാണ്. ടെസ്റ്റിലും ഏകദിനത്തിലും ആദ്യത്തെ അന്താരാഷ്ട്ര മത്സരം കളിച്ചപ്പോൾ അതിലൊരു ടീം ഇംഗ്ലണ്ടായിരുന്നു. പക്ഷേ,  ഏകദിനമത്സരത്തിൽ ഒരു ലോകകിരീടത്തിനായി അവർക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നു. നേരത്തേ മൂന്നുതവണ ഫൈനലിലെത്തിയപ്പോഴും ഇംഗ്ലണ്ട് തോൽക്കുകയായിരുന്നു.

ക്രിക്കറ്റിന്റെ ചരിത്രം

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിക്കറ്റുകളി തുടങ്ങിയിട്ടുണ്ടെന്ന് അനുമാനിക്കുന്നു. തെക്കു-കിഴക്കൻ ഇംഗ്ലണ്ടിലായിരുന്നു ഉദ്ഭവം. ആൺകുട്ടികളുടെ കളി എന്നാണ് തുടക്കത്തിൽ ക്രിക്കറ്റിന്റെ വിശേഷണം. പിന്നീട് മുതിർന്നവരും കളിച്ചുതുടങ്ങി. പിന്നെ മാന്യന്മാരുടെ കളി (ജെന്റിൽമാൻസ് ഗെയിം) എന്നായി ക്രിക്കറ്റിന്റെ വിശേഷണം.
17-ാം നൂറ്റാണ്ടോടെ ഇംഗ്ലണ്ടിൽ കൗണ്ടി ടീമുകൾ തമ്മിൽ മത്സരം തുടങ്ങി. 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലണ്ടിലെ ഏറ്റവും ജനകീയ വിനോദമായി ക്രിക്കറ്റ് വളർന്നു. 1744-ൽ ക്രിക്കറ്റിന് ആദ്യത്തെ നിയമം എഴുതപ്പെട്ടു.  ഇംഗ്ലണ്ട്, ലോകത്തിന്റെ പല ഭാഗങ്ങളിൽ കോളനികൾ സ്ഥാപിക്കാൻ പുറപ്പെട്ടപ്പോൾ അക്ഷരങ്ങൾക്കും ആയുധങ്ങൾക്കുമൊപ്പം അവർ ക്രിക്കറ്റ് എന്ന കളിയും കൂടെക്കരുതി. 
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വാധീനത്തിലാണ് ഇന്ത്യയിലും ക്രിക്കറ്റ് വേരുപടർത്തിയത്. ഇപ്പോൾ ഫുട്‌ബോൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ആരാധകരുള്ള കായികവിനോദം ക്രിക്കറ്റാണെന്ന് കണക്കുകൾ പറയുന്നു. 

ആദ്യത്തെ മത്സരം

1877-ൽ ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യത്തെ അന്താരാഷ്ട്ര മത്സരം നടന്നു. ആതിഥേയരായ ഓസ്‌ട്രേലിയയും ക്രിക്കറ്റിന്റെ സ്രഷ്ടാക്കളായ ഇംഗ്ലണ്ടും തമ്മിലായിരുന്നു ആ മത്സരം. 45 റൺസിന് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഒരർഥത്തിൽ, കളിയിൽ ഇംഗ്ലണ്ടിന്റെ അധീശത്വം അന്നുതീർന്നു. 

ലോകകപ്പുകളുടെ ചരിത്രം

പരിമിത ഓവർ മത്സരം ആരംഭിച്ച് നാലുവർഷത്തിനകം ആദ്യ ഏകദിന ലോകകപ്പ് നടന്നു. 1975 ജൂൺ ഏഴ് മുതൽ ജൂൺ 21 വരെ ഇംഗ്ലണ്ടിലാണ് ആദ്യ ഏകദിന ലോകകപ്പ് നടന്നത്. ആദ്യത്തെ ഏകദിന മത്സരം നടന്ന്, ലോകകപ്പിനിടയിലുള്ള നാലു വർഷത്തിനിടെ 18 അന്താരാഷ്ട്ര മത്സരങ്ങളേ നടന്നുള്ളൂ. ആദ്യത്തെ ടൂർണമെന്റിൽ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ പങ്കെടുത്തു. വെസ്റ്റിൻഡീസ് ജേതാക്കളായി. 60 ഓവർ ആയിരുന്നു മത്സരം. ഞായറാഴ്ച ഇംഗ്ലണ്ടിൽ പൂർത്തിയായത് പന്ത്രണ്ടാമത്തെ ഏകദിന ലോകകപ്പ്. അടുത്ത ടൂർണമെന്റ് 2023-ൽ ഇന്ത്യയിൽ നടക്കും. 
പിന്നീട് ഏകദിന മത്സരം 50 ഓവറായി നിജപ്പെടുത്തി. ഓരോ ഘട്ടത്തിലും കളിയിലും നിയമത്തിലും മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. 1992 ലോകകപ്പോടെ കളിക്കാർ നിറമുള്ള ജേഴ്‌സി ഉപയോഗിച്ചുതുടങ്ങി. പകൽ-രാത്രി മത്സരങ്ങൾ തുടങ്ങി. മഴ നിയമം വന്നു. ഫീൽഡിലെ നിയന്ത്രണങ്ങളും പവർ പ്ലേകളും അമ്പയറുടെ തീരുമാനത്തെ ചോദ്യംചെയ്യുന്ന ഡിസിഷൻ റിവ്യൂ സിസ്റ്റവു(ഡി.ആർ.എസ്.)മെല്ലാം സമീപകാലത്തുവന്ന മാറ്റങ്ങളാണ്.

ഇംഗ്ലണ്ടിൽ അഞ്ചുതവണ

അഞ്ചുതവണ ഇംഗ്ലണ്ട് ടൂർണമെന്റിന് ആതിഥേയരായി. ആദ്യത്തെ മൂന്ന് ലോകകപ്പുകളും (1975, 1979, 1983) ഇംഗ്ലണ്ടിലായിരുന്നു. 

ട്വന്റി 20 ലോകകപ്പ്

2007 T20 WC Champions

20 ഓവർ വീതമുള്ള ആദ്യ അന്താരാഷ്ട്ര മത്സരം നടന്നത് 2005-ൽ ഓസ്‌ട്രേലിയയും ന്യൂസീലൻഡും തമ്മിലാണ്. 2007-ൽ ട്വന്റി 20 ലോകകപ്പ് തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി. അടുത്ത ലോകകപ്പ് 2020-ൽ ഓസ്‌ട്രേലിയയിൽ നടക്കും.

ഐ.സി.സി.

ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന ഐ.സി.സി.(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) എന്നറിയപ്പെടുന്നു. 1909-ൽ രൂപത്‌കരിക്കപ്പെട്ടു. അതിനുമുമ്പുതന്നെ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങൾക്ക് സംഘടനയുണ്ടായിരുന്നു. ഇന്ത്യ 1926-ൽ ഇന്ത്യ സംഘടനയിൽ അംഗമായി. ഇന്ത്യക്കാരനായ ശശാങ്ക് മനോഹറാണ് ഇപ്പോൾ ഐ.സി.സി. അധ്യക്ഷൻ. 12 ടീമുകൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള പദവിയുണ്ട്.  ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ സംഘടന ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) എന്നറിയപ്പെടുന്നു.

വർഷം വിജയികൾ റണ്ണറപ്പ് വേദി

1975 -  വെസ്റ്റിൻഡീസ് ഓസ്‌ട്രേലിയ ഇംഗ്ലണ്ട്
1979 - വെസ്റ്റിൻഡീസ് ഇംഗ്ലണ്ട് ഇംഗ്ലണ്ട്
1983 - ഇന്ത്യ വെസ്റ്റിൻഡീസ് ഇംഗ്ലണ്ട്
1987 - ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ഇന്ത്യ, പാകിസ്താൻ
1992 - പാകിസ്താൻ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ, ന്യൂസീലൻഡ്
1996 - ശ്രീലങ്ക ഓസ്‌ട്രേലിയ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക
1999 - ഓസ്‌ട്രേലിയ പാകിസ്താൻ ഇംഗ്ലണ്ട്, വെയ്ൽസ്
2003 - ഓസ്‌ട്രേലിയ ഇന്ത്യ ദക്ഷിണാഫ്രിക്ക
2007 - ഓസ്‌ട്രേലിയ ശ്രീലങ്ക വെസ്റ്റിൻഡീസ്
2011 - ഇന്ത്യ ശ്രീലങ്ക ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക
2015 - ഓസ്‌ട്രേലിയ ന്യൂസീലൻഡ് ഓസ്‌ട്രേലിയ, ന്യൂസീലൻഡ്
2019 - ഇംഗ്ലണ്ട് ന്യൂസീലൻഡ് ഇംഗ്ലണ്ട്, വെയ്ൽസ്

ലോകകപ്പിൽ ഇക്കുറി

കൂടുതൽ റൺസ്- 648 - രോഹിത് ശർമ (ഇന്ത്യ)

കൂടുതൽ വിക്കറ്റ് - 27 - മിച്ചൽ സ്റ്റാർക് (ഓസ്‌ട്രേലിയ)

ലോകകപ്പിൽ ഉയർന്ന  വ്യക്തിഗത സ്‌കോർ - 237* - മാർട്ടിൻ ഗപ്ടിൽ (ന്യൂസീലൻഡ്‌ -2015)

ലോകകപ്പിൽ കൂടുതൽ വിക്കറ്റ് - 71 - ഗ്ലെൻ മഗ്രാത്ത്‌ (ഓസ്‌ട്രേലിയ)

കൂടുതൽ റൺസ്

ലോകകപ്പിൽ 
കൂടുതൽ റൺസ് നേടിയത് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ്. 1992 മുതൽ 2011 വരെ ആറ് ലോകകപ്പുകൾ കളിച്ച സച്ചിൻ 45 മത്സരങ്ങളിലായി 2278 റൺസ് നേടി. രണ്ടാമത്  ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്  (1743 റൺസ്)

Content Highlights: Cricket World Cup Facts, ICC Cricket World Cup 2019, Rohit Sharma, Mitchell Stark