ഭൂമിയിലെ ഏറ്റവും വേഗമുള്ള ജീവി ചീറ്റപ്പുലിയാണെന്ന് (Acinonyx Jubatus)  അറിയാമല്ലോ. പണ്ട് ചീറ്റപ്പുലി ഇന്ത്യയില്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ ഇത് നമ്മുടെ നാട്ടില്‍നിന്നും വംശമറ്റുപോയി. 69 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇവയെ മടക്കിയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തുകയാണ്.

മടങ്ങിവരവ് അസാധ്യമോ

വംശക്ഷയം ഉണ്ടായതിനെത്തുടര്‍ന്ന് 1950കളില്‍ത്തന്നെ ചീറ്റയെ ഭാരതത്തില്‍ വീണ്ടുമെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും അവ ലക്ഷ്യം കണ്ടില്ല. ചീറ്റയില്‍ ഏഷ്യന്‍ (Acinonyx jubatus venaticus ) ആഫ്രിക്കന്‍ (Acinonyx jubatus soemmeringii) എന്നിങ്ങനെ രണ്ടു സബ്‌സ്പീഷീസുകളുണ്ട്. ഇന്ത്യയില്‍ കാണപ്പെട്ടിരുന്ന ചീറ്റ ഏഷ്യനാണ്. ഇറാനാണ് ഏഷ്യന്‍ചീറ്റ കൂടുതലായുള്ള ഒരു പ്രദേശം. 1970കളില്‍ ഇറാനുമായി ഇന്ത്യ ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങി. ഷാ മുഹമ്മദ് റെസപഹ്‌ലാവിയായിരുന്നു അക്കാലത്തെ ഇറാന്‍ ഭരണാധികാരി. ഇന്ദിരാഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയും. ചീറ്റയ്ക്കു പകരം സിംഹത്തെ നല്‍കാമെന്നായിരുന്നു ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശം. ഇത് ഇറാന് സ്വീകാര്യമായി.

എന്നാല്‍, ഇന്ത്യയില്‍ അടിയന്തരാവസ്ഥ നിലവില്‍വന്നതും ഇറാനില്‍ ഷാ മുഹമ്മദിന്റെ ഭരണം ഇല്ലാതായതും ഇതിന് തിരിച്ചടിയായി. ഇറാനിലുണ്ടായ രാഷ്ട്രീയമാറ്റങ്ങള്‍ ചീറ്റയെ ഇവിടേക്ക് എത്തിക്കുകയെന്ന ആശയം അസാധ്യമാക്കി. 2009ല്‍ ഇറാനിയന്‍ ചീറ്റയെ ക്ലോണ്‍ ചെയ്യാന്‍ ഇന്ത്യ അനുമതി ആവശ്യപ്പെട്ടെങ്കിലും നിരാകരിക്കപ്പെട്ടു. സംരക്ഷണത്തിന് പ്രാധാന്യം നല്‍കാത്തതിനാല്‍ ഇന്ന് ഇറാനിലുള്ളത് 40ഓളം ചീറ്റകള്‍ മാത്രമാണ്. ഇറാനിലും ചീറ്റ വംശമറ്റുപോകുന്ന കാലവും വിദൂരമല്ല.

ചീറ്റകളെ ഒരു രാജ്യത്തുനിന്നും മറ്റൊരിടത്തേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ചീറ്റക്കുഞ്ഞുങ്ങള്‍ കടത്തപ്പെടുന്നുണ്ട്. യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളിലെ ധനാഢ്യരാണ് ഇവയുടെ പ്രധാന ആവശ്യക്കാര്‍. 'വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന്റെ' (IUCN) ചെമ്പട്ടികയില്‍ 'രൂക്ഷമായ വംശനാശം നേരിടുന്നവയുടെ' കൂട്ടത്തിലാണ് (critically endangered) ഏഷ്യന്‍ ചീറ്റയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വരുന്നൂ ആഫ്രിക്കന്‍ മച്ചാന്‍

ഏഷ്യന്‍ ചീറ്റയുടെ വഴിയടഞ്ഞതോടെയാണ് ഇതിന്റെ ആഫ്രിക്കന്‍ കസിനായ ആഫ്രിക്കന്‍ ചീറ്റയെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നീക്കം തുടങ്ങിയത്. ലോകത്തിന്ന് 7100ഓളം ചീറ്റകളുണ്ട്. ഇതില്‍ 1000ഓളം സൗത്ത് ആഫ്രിക്കയിലാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ അഭ്യര്‍ഥനപ്രകാരം ചീറ്റകളെ നല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തയ്യാറായി. തുടര്‍ന്ന് 2020 ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ വിദഗ്ധര്‍ ഇന്ത്യയിലെത്തി. ആഫ്രിക്കന്‍ ചീറ്റയ്ക്കു കഴിയാനും പെരുകാനും അനുയോജ്യമായി മധ്യപ്രദേശിലെ 'കുനോ പാല്‍പുര്‍' നാഷണല്‍ പാര്‍ക്കാണ് വിദഗ്ധര്‍ തിരഞ്ഞെടുത്തത്. പണ്ട് ഏഷ്യന്‍ ചീറ്റകള്‍ ഉണ്ടായിരുന്ന പ്രദേശവുമാണ് ഇവിടം.

ചീറ്റകളെ പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെഭാഗമായി ഇപ്പോള്‍ ചീറ്റയുമായി സമ്പര്‍ക്കത്തില്‍ വന്നേക്കാവുന്ന, സമീപപ്രദേശങ്ങളിലുള്ള നായ്ക്കള്‍ക്ക് പേവിഷ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ എടുക്കുകയാണ്. മധ്യപ്രദേശ് വനംവകുപ്പ് ചീറ്റയുടെ വരവറിയിച്ചുകൊണ്ട് ഇക്കഴിഞ്ഞ രക്ഷാബന്ധന്‍ദിവസം 'കുനോപാല്‍പുരിനുസമീപത്ത് കഴിയുന്ന 10,000 ആള്‍ക്കാരുടെ കൈകളില്‍ ചീറ്റയുടെ ചിത്രമുള്ള രാഖി അണിയിച്ചു. മറ്റു തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഈവര്‍ഷം നവംബറോടെ ആദ്യഘട്ടമായി എട്ടു ചീറ്റകള്‍ (5ആണും 3 പെണ്ണും) 5222മൈല്‍ താണ്ടി ഇന്ത്യയിലെത്തും.

വേട്ടമൃഗമായി വളര്‍ത്തുചീറ്റ

മറ്റുജീവികളെ വേട്ടയാടാന്‍ വളര്‍ത്തു ചീറ്റകളെ ഉപയോഗിച്ചപ്പോള്‍ത്തന്നെ വനത്തില്‍ കടുവകള്‍ക്കുംമറ്റുമൊപ്പം ചീറ്റകളും വന്‍തോതില്‍ വേട്ടയാടപ്പെട്ടു. മനുഷ്യസാമീപ്യമുള്ള സ്ഥലങ്ങളിലേക്കെത്തുന്നു എന്ന കാരണം പറഞ്ഞ് ഒരു ദാക്ഷിണ്യവുമില്ലാതെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇവയെ കൊന്നത്. ഇതോടൊപ്പം ആവാസസ്ഥലങ്ങളുടെ നശീകരണവും കൃഷ്ണമൃഗം, കലമാന്‍, ചെവിയന്‍ തുടങ്ങിയ ഇരകളുടെ വംശനാശവും ചീറ്റയുടെ നിലനില്‍പ്പിനെ ബാധിച്ചു. 1947ല്‍ ഇന്നത്തെ ഛത്തീസ്ഗഢില്‍പ്പെടുന്ന ഒരു നാട്ടുരാജ്യത്തെ രാജാവായ മഹാരാജ രാമാനുജ് പ്രതാപ് സിങ് ഇന്ത്യയില്‍ ശേഷിച്ച അവസാനത്തെ മൂന്നു ചീറ്റപ്പുലികളെ വെടിവെച്ചുകൊന്നു. ചീറ്റ ഭാരതത്തില്‍ വംശമറ്റതായി 1952ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍പ്രഖ്യാപിച്ചു.

അവസാനത്തെ ചീറ്റപ്പുലി

ചീറ്റയുടെ ആവാസകേന്ദ്രങ്ങള്‍ ഇന്ത്യ, ഇറാന്‍, ആഫ്രിക്ക എന്നിവിടങ്ങളാണ്. ഈജിപ്തിലെ ഫറവോമാര്‍ കരുത്തിന്റെ പ്രതീകമായി ചീറ്റകളെ വളര്‍ത്തിയിരുന്നു. ഇന്ത്യയില്‍ പണ്ടുതൊട്ടേ ഇവയുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. ബി.സി.ഇ. 200ല്‍ ഇന്ത്യയില്‍വെച്ച് ചീറ്റയെ കണ്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഗള്‍കാലഘട്ടത്തില്‍ ഇവയെ വളര്‍ത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ വനങ്ങളില്‍ ഏതാണ്ട് 10,000 ചീറ്റകള്‍ അക്കാലത്തുണ്ടായിരുന്നത്രേ. അക്ബര്‍ ചക്രവര്‍ത്തി 1000ഓളം ചീറ്റപ്പുലികളെ വളര്‍ത്തുകയും മറ്റു ജീവികളെ വേട്ടയാടാന്‍ അവയെ ഉപയോഗിക്കുകയും ചെയ്തു. ജഹാംഗീറിന്റെ കാലത്ത്, കൊട്ടാരത്തിന്റെ സംരക്ഷണത്തില്‍ പരിപാലിച്ചിരുന്ന ചീറ്റ ആദ്യമായി വനത്തിനുപുറത്ത് സന്താനോത്പാദനം നടത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ (1813-1846) ഭരണകാലത്ത് തിരുവന്തപുരത്തെ കുതിരലായത്തോട് അനുബന്ധിച്ച് ഒരു വന്യമൃഗശാല ഉണ്ടായിരുന്നെന്നും ഇവിടെ തിരുവിതാംകൂര്‍ കാടുകളില്‍നിന്നും പിടിച്ച ചീറ്റ, കടുവ, പുലി തുടങ്ങിയ മൃഗങ്ങളെ പാര്‍പ്പിച്ചിരുന്നുവെന്നും 'A History of Travancore from the Earliest Times' എന്ന ഗ്രന്ഥത്തില്‍ പി. ശങ്കുണ്ണിമേനോന്‍ എഴുതിയിരിക്കുന്നു. ചീറ്റ അക്കാലത്ത് ഇന്ത്യയില്‍ അപൂര്‍വമല്ലാത്ത ജീവിയായിരുന്നുവെന്ന് ഇതില്‍നിന്നൊക്കെ അനുമാനിക്കാം.

Content Highlights: cheetah in india