മ്മുടെ ഭൂമി അത്ര സുരക്ഷിതമാണോ? അല്ല എന്നാണുത്തരം. ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു. അവയില്‍ ചിലത് വഴിതെറ്റി ഭൂമിയില്‍ വന്നിടിച്ചേക്കും. അങ്ങനെ വന്നാല്‍ അത് വന്‍ ദുരന്തത്തിനിടയാക്കും. (6.5 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ വന്നിടിച്ച ഒരു ഛിന്നഗ്രഹമാണ് ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയത് എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്). വരുന്ന 100 വര്‍ഷത്തിനിടയ്ക്ക് ഭൂമിക്ക് ഭീഷണിയായി ഒരു ഛിന്നഗ്രഹത്തെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും അത്തരമൊരു ഛിന്നഗ്രഹ ഭീഷണി എന്നെങ്കിലും വരും. അപ്പോള്‍ എങ്ങനെയാണ് ഇത്തരം അപകടകാരികളായ ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്താതെ തടയുക? പല മാര്‍ഗങ്ങളും ശാസ്ത്രജ്ഞന്മാര്‍ ആലോചിച്ചിട്ടുണ്ട്. അതിലൊന്നാണ് നമുക്കുനേരെ വരുന്ന ഛിന്നഗ്രഹങ്ങളെ ഇടിച്ച് വഴിമാറ്റി വിടുക എന്നത്. പരീക്ഷണശാലകളിലും കംപ്യൂട്ടര്‍ മോഡലുകളിലും ചെയ്തുനോക്കിയ പ്രവര്‍ത്തനം യഥാര്‍ഥത്തില്‍ നടത്താന്‍ പോവുകയാണ് നാസയുടെ ഡാര്‍ട്ട് പരീക്ഷണം.

ഛിന്നഗ്രഹങ്ങള്‍

ഗ്രഹങ്ങളെക്കാള്‍ വലുപ്പംകുറഞ്ഞതും സൂര്യനെ പരിക്രമണം ചെയ്യുന്നതുമായ വസ്തുക്കളാണ് ഛിന്ന ഗ്രഹങ്ങള്‍ (ക്ഷുദ്ര ഗ്രഹങ്ങള്‍). ടെലസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഒരു മങ്ങിയ നക്ഷത്രത്തെപ്പോലെ കാണുന്നതുകൊണ്ടാണ് വില്യം ഹെര്‍ഷല്‍ ഇത്തരം വസ്തുക്കള്‍ക്ക് ആസ്റ്ററോയ്ഡ് (നക്ഷത്രം പോലുള്ളത്) എന്ന പേര് നല്‍കിയത്. ഇവയില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ്. ഇവിടെയല്ലാതെ കാണപ്പെടുന്നവയാണ് ഭൂസമീപ ഛിന്നഗ്രഹങ്ങള്‍ (Near Earth Asteroids). ഭൂമിയുടെ പരിക്രമണപാത മുറിച്ചു സഞ്ചരിക്കുന്ന ഇവ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളവയാണ്. നൂറുമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് കണ്ടെത്തിയിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ വ്യാസം. ഏറ്റവും വലിയ ഛിന്നഗ്രഹം സെറസ് ആണ്.

ഉല്‍ക്ക

ബഹിരാകാശത്തുനിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍വന്ന് ഘര്‍ഷണംമൂലം കത്തിപ്പോവുന്ന പാറക്കഷണങ്ങളും തരികളും ആണ് ഉല്‍ക്കകള്‍. അന്തരീക്ഷത്തില്‍ കത്തിപ്പോകുന്ന ഇവയെ 'കൊള്ളിമീന്‍' ആയി നമുക്ക് കാണാം.

ഡാര്‍ട്ട്

ഡാര്‍ട്ട് (DART) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡബിള്‍ ആസ്‌ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് (Double Asteroid Redirection Test) ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഭൗമ പ്രതിരോധ പരീക്ഷണമാണ്. ഇടിയുടെ ആഘാതം എത്രത്തോളം ഛിന്നഗ്രഹത്തിന്റെ പ്രവേഗത്തെയും അതിന്റെ ഭ്രമണപഥത്തെയും ബാധിക്കുമെന്ന് പഠിക്കാന്‍ ഡാര്‍ട്ട് സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.

വിക്ഷേപണ മുഹൂര്‍ത്തം

2021 നവംബര്‍ 24ന് പുലര്‍ച്ചെ 1.20നാണ് ഡാര്‍ട്ട് വിക്ഷേപിച്ചത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് കാലിഫോര്‍ണിയയില്‍നിന്ന് വിക്ഷേപിച്ചു. 2022 സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ഡാര്‍ട്ട് ഡൈമോര്‍ഫോസിനെ ഇടിക്കും.

ഡാര്‍ട്ട് ഇംപാക്ടര്‍

ഡാര്‍ട്ട് വളരെ ചെലവ് കുറഞ്ഞ ഒരു പര്യവേക്ഷണ പേടകമാണ്. ഇതിന്റെ വീതി ഏകദേശം 1.8 മീറ്ററും നീളം 1.9 മീറ്ററും ഉയരം 2.6 മീറ്ററുമാണ്. പൂര്‍ണമായും വിടര്‍ത്തിയ സോളാര്‍ പാനലുകള്‍ക്ക് ഓരോന്നിനും 8.5 മീറ്റര്‍ നീളമുണ്ടാവും. വിക്ഷേപണ സമയത്ത് ഡാര്‍ട്ടിന്റെ ഏകദേശ ഭാരം 610 കിലോഗ്രാമാണ്.

ഇടിക്കാന്‍ പോകുന്ന സമയത്ത് അത് 550 കിലോഗ്രാം ആയിരിക്കും. സെക്കന്‍ഡില്‍ ഏകദേശം 6.6 കിലോമീറ്റര്‍ വേഗത്തിലാണ് ഡാര്‍ട്ട് ഡൈമോര്‍ഫോസിനെ ഇടിക്കുക. ഭൂമിയില്‍നിന്ന് ഏകദേശം 1.1 കോടി കിലോമീറ്റര്‍ അകലെവെച്ചാണ് ഇത് സംഭവിക്കുക.

ഡാര്‍ട്ടിലെ ഡ്രാക്കോ

ഡാര്‍ട്ട് പേടകത്തിലെ ഏക ഉപകരണം DRACO (Didymos Reconnaissance and Asteroid Camera for Optical Navigation) ആണ്. ഇത് ഡിഡിമോസിന്റെയും ഡൈമോര്‍ഫോസിന്റെയും ചിത്രമെടുക്കും.

ഒപ്പം സ്വയം നിയന്ത്രിതമായി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഡാര്‍ട്ട് പേടകത്തിന് വഴികാട്ടിയാവുകയും ചെയ്യും. ഡ്രാക്കോ എടുക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചാണ് ഡാര്‍ട്ട് ഡിഡിമോസിനെയും ഡൈമോര്‍ഫസിനെയും തിരിച്ചറിയുക. എന്നിട്ട് ഡൈമോര്‍ഫോസിനെ ഇടിച്ച് അതിന്റെ ഭ്രമണപഥം മാറ്റും. ഡാര്‍ട്ട് ഡൈമോര്‍ഫസില്‍ ഇടിക്കുന്നതിന് പത്തുദിവസം മുമ്പ് അതില്‍നിന്നും വേര്‍പ്പെടുന്ന ലിസിയ ക്യൂബ് എന്ന ഇറ്റാലിയന്‍ ഉപഗ്രഹം ഇടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്കയക്കും.

ഹെറ ദൗത്യം

ഇടികൊണ്ട ഡൈമോര്‍ഫസിനെക്കുറിച്ച് പഠിക്കാന്‍ 2024ല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിക്കുന്ന പേടകമാണ് ഹെറ. ഇതിലെ പ്രധാന പേടകവും രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും ഡിഡിമോസിനെയും ഡൈമോര്‍ഫോസിനെയും കുറിച്ച് പഠിക്കും. ഡാര്‍ട്ടിന്റെ ഇടി ഡൈമോര്‍ഫോസിനെ എങ്ങനെ ബാധിച്ചു എന്ന പഠനം ഭൗമപ്രതിരോധ പരിപാടികള്‍ക്ക് കൂടുതല്‍ തെളിച്ചംനല്‍കും. നമ്മുടെ ഗ്രഹത്തിനുനേരെ വരുന്ന അപകടകാരികളായ ഛിന്നഗ്രഹങ്ങളെ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഒരുക്കാന്‍ കൈകോര്‍ക്കുകയാണ് ശാസ്ത്രലോകം.

കൈനറ്റിക് ഇംപാക്ട് ഡിഫ്‌ളക്ഷന്‍

ഡാര്‍ട്ട് സ്‌പേസ് ക്രാഫ്റ്റ് നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് മേരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയാണ്. നാസയുടെ മേല്‍നോട്ടത്തിലുള്ള ഈ പദ്ധതിയില്‍ ഒരു ബഹിരാകാശ പേടകത്തെ മനഃപൂര്‍വം ഒരു ഛിന്നഗ്രഹത്തില്‍ ഇടിപ്പിച്ച് അതിന്റെ ദിശ മാറ്റുകയാണ് ചെയ്യുന്നത്. ഈ രീതി കൈനറ്റിക് ഇംപാക്ട് ഡിഫ്‌ലക്ഷന്‍ എന്നറിയപ്പെടുന്നു. അപകടകാരികളായ ഛിന്നഗ്രഹങ്ങളുടെ ദിശമാറ്റുന്നതിന് നിര്‍ദേശിക്കപ്പെട്ട മാര്‍ഗങ്ങളില്‍ ഒന്നാണിത്. പേടകത്തിന്റെ ഇടിക്കു ശേഷം ഛിന്നഗ്രഹത്തിന് എത്രമാത്രം ദിശാ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്ന് ഭൂമിയിലിരുന്ന് ടെലസ്‌കോപ്പിലൂടെ നിരീക്ഷിക്കും.

ഡിഡിമോസും ഡൈമോര്‍ഫസും

ഏകദേശം 780 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ഛിന്നഗ്രഹമാണ് ഡിഡിമോസ്. 1996ലാണ് ഇതിനെ കണ്ടെത്തിയത്. ഇതിനെ ചുറ്റുന്ന കുഞ്ഞന്‍ ഛിന്നഗഹമാണ് ഡൈമോര്‍ഫോസ്. ഇതിന്റെ വ്യാസം ഏകദേശം 160 മീറ്ററാണ്. ഒരു ഉപഗ്രഹം ഉള്ളതുകൊണ്ട് ഡിഡിമോസ് ഒരു ബൈനറി ഛിന്നഗ്രഹം ആയിട്ടാണ് അറിയപ്പെടുന്നത്.

ഗ്രീക്ക് ഭാഷയില്‍ ഇരട്ട എന്നര്‍ഥമുള്ള ഡിഡിമോസ് എന്ന പേര് ഈ ഛിന്നഗ്രഹത്തിന് കിട്ടാനുള്ള കാരണവും അതുതന്നെ. ഡാര്‍ട്ട് പേടകത്തിന്റെ ലക്ഷ്യം ഡൈമോര്‍ഫോസ് ആണ്. 'രണ്ട് രൂപം ഉള്ളത്' എന്നാണ് ഡൈമോര്‍ഫോസ് എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം. ഡാര്‍ട്ടിന്റെ ഇടികൊണ്ടാല്‍ ഇതിന്റെ രൂപവും സഞ്ചാരപാതയും മാറും അതിനാലാണ് ഈ പേര് ലഭിച്ചത്. ഡിഡിമോസും ഡൈമോര്‍ഫോസും ഭൂമിക്ക് ഭീഷണി അല്ല. പക്ഷേ, ഭൂമിക്ക് ഇത്തിരി അടുത്തുകൂടെ പോകുന്നു എന്നതുകൊണ്ട് ഇടിച്ചു പരിശീലിക്കാന്‍ അതിനെ തിരഞ്ഞെടുത്തെന്നുമാത്രം.

Content Highlights: Asteroid threat and NASA's dart experiment