വെള്ളപ്പുതപ്പു പുതച്ചതുപോലെ മഞ്ഞുമൂടി, തണുത്തുറഞ്ഞു നിൽക്കുകയാണ് ഭൂമിയുടെ രണ്ട് അറ്റങ്ങളിലായി അന്റാർട്ടിക്കയും ആർട്ടിക്കും. ഭൂമിയുടെ വടക്കെയറ്റത്താണ് ആർട്ടിക്കെങ്കിൽ ഏറ്റവും തെക്കെയറ്റത്താണ് അൻറാർട്ടിക്ക.
ജനവാസം കാര്യമായില്ലാത്തതിനാൽ അധികമാരും ഈയിടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറില്ല. ആഗോളതാപനം ആർട്ടിക്കിലെയും അൻറാർട്ടിക്കയിലെയും മഞ്ഞിനെ ഉരുക്കി ഭൂമിയെ സമുദ്രത്തിൽ മുക്കിയില്ലാതാക്കുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് വരുമ്പോഴാണ് ഇവിടങ്ങളെക്കുറിച്ച് നാമോർക്കുന്നതു തന്നെ. ആർട്ടിക്കിനെയും അന്റാർട്ടിക്കയെയും കുറിച്ച് കൂടുതലറിയാം.
അടിസ്ഥാന വിവരങ്ങള്‍
ആര്‍ട്ടിക് | അന്റാര്‍ട്ടിക്ക |
വിസ്തൃതി 1.45 കോടി ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി |
വിസ്തൃതി 1.4 കോടി ചതുരശ്ര കിലോമീറ്റര്‍ |
പാതിരാസൂര്യനും ധ്രുവരാത്രിയും
മറ്റിടങ്ങളിലേതുപോലെ കൃത്യസമയത്ത് സൂര്യന്‍ ഉദിച്ചസ്തമിക്കുന്ന പതിവൊന്നുമില്ല ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കയിലും. ആറുമാസം നീളുന്ന വേനല്‍ക്കാലത്ത് അന്റാര്‍ട്ടിക്കയില്‍ സൂര്യനസ്തമിക്കാറില്ല. അക്കാലം ചക്രവാളത്തിനടുത്തായി സൂര്യനെ കാണാം. അടുത്ത ആറുമാസം ശൈത്യകാലമാണ്. ആ ആറുമാസം സൂര്യനുദിക്കാറുമില്ല.

അന്റാര്‍ട്ടിക്കയില്‍ ഇങ്ങനെയാണെങ്കില്‍ ആര്‍ട്ടിക്കില്‍ തിരിച്ചാണ്. സൂര്യനില്ലാത്ത വേനല്‍ക്കാലത്തിന്റെ മധ്യത്തില്‍ ജൂലായ് 21-ന് ആര്‍ട്ടിക് മേഖലയില്‍ 24 മണിക്കൂറും സൂര്യപ്രകാശമുണ്ടാകും. ഇതിനെ പാതിരാസൂര്യന്‍ (മിഡ്‌നൈറ്റ് സണ്‍) എന്നു പറയുന്നു. ശൈത്യകാലത്തിന്റെ മധ്യമായ ഡിസംബര്‍ 21-ന് 24 മണിക്കൂര്‍ ഇരുട്ടും. ഇതിനെ ധ്രുവരാത്രി (പോളാര്‍ നൈറ്റ്) എന്നും. അന്റാര്‍ട്ടിക്കയില്‍ ഡിസംബര്‍ 21-ന് മുഴുവന്‍ സമയം വെളിച്ചവും ജൂലായ് 21-ന് ഇരുട്ടുമായിരിക്കും.
പേരുവന്ന വഴി
ആര്‍ക്ടോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ആര്‍ട്ടിക് എന്ന പേരുണ്ടായത്. ആര്‍ക്ടോസ് എന്നാല്‍ കരടി. കരടിയുടെ അടുത്തുള്ളത് എന്നാണ് ആര്‍ട്ടിക് എന്ന പദത്തിനര്‍ഥം. ധ്രുവക്കരടികള്‍ സാധാരണയായി ആര്‍ട്ടിക്കില്‍ കാണപ്പെടുന്നതാണ് പേരിനു കാരണം. അന്റാര്‍ട്ടിക്കയെന്നാല്‍ ആര്‍ട്ടിക്കിന് എതിരായതെന്നര്‍ഥം.
ആര്‍ട്ടിക്
ഭൂമിയുടെ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള മേഖലയാണ് ആര്‍ട്ടിക്. യൂറേഷ്യയുടെയും വടക്കെ അമേരിക്കയുടെയും കരഭാഗങ്ങളും ആര്‍ട്ടിക് സമുദ്രവും കൂടിച്ചേര്‍ന്ന മേഖലയാണിത്. ഫിന്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ്, ഗ്രീന്‍ലന്‍ഡ് അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌ക, കാനഡ എന്നിവയുടെ അധീനതയിലുള്ള കരഭാഗങ്ങളാല്‍ ചുറ്റപ്പെട്ടാണ് ആര്‍ട്ടിക് സമുദ്രം സ്ഥിതിചെയ്യുന്നത്. ആര്‍ട്ടിക് സമുദ്രമാണെങ്കില്‍ക്കൂടിയും മുഴുവന്‍ സമയവും ഇത് മഞ്ഞുമൂടിക്കിടക്കുന്നു.
ശൈത്യകാലത്ത് മൈനസ് 40 ഡിഗ്രിയും വേനല്‍ക്കാലത്ത് മൈനസ് പത്തു ഡിഗ്രിയുമാണ് ശരാശരി താപനില. ഏറ്റവുംകുറവ് താപനില രേഖപ്പെടുത്തിയിട്ടുള്ളത് മൈനസ് 68 ഡിഗ്രി സെല്‍ഷ്യസാണ്. 1885 ജനുവരി മൂന്നിനും 1933 ഫെബ്രുവരി ആറിനുമായിരുന്നു ഇത്.
സസ്യങ്ങള്‍
ആര്‍ട്ടിക്കിന്റെ ചിലഭാഗങ്ങളില്‍ ചെറുപുഷ്പ സസ്യങ്ങള്‍ വളരുന്നു. വളരെ നീളംകുറഞ്ഞ തണ്ടോടുകൂടിയതാണിവ. പിന്നെയുള്ളത് പാറകളില്‍ പറ്റിപ്പിടിച്ചു വളരുന്ന ലൈക്കനുകള്‍. തുന്ദ്ര (വൃക്ഷങ്ങള്‍ക്ക് വളരാന്‍ കഴിയാത്തതരത്തില്‍ കുറഞ്ഞ താപനിലയുള്ള പ്രദേശങ്ങള്‍) പ്രദേശങ്ങളില്‍ വൃക്ഷങ്ങളില്ല.
ജന്തുജാലങ്ങള്‍
ആര്‍ട്ടിക്കെന്നു കേട്ടാല്‍ മനസ്സിലാദ്യം തെളിയുന്ന ചിത്രം ധ്രുവക്കരടിയുടേതാണ്. അവയെക്കൂടാതെ നീര്‍ക്കുതിര, നീര്‍നായ, തിമിംഗിലം, ആര്‍ട്ടിക് കുറുക്കന്‍, മഞ്ഞുമൂങ്ങ, മുയല്‍, മസ്‌ക് ഓക്‌സ്, ലെമ്മിങ്ങുകള്‍, ആര്‍ട്ടിക് ടേണ്‍, അണ്ണാന്‍, റെയിന്‍ ഡിയര്‍ എന്നിവയും ആര്‍ട്ടിക് പ്രദേശങ്ങളില്‍ കാണപ്പെടുന്നു. ശൈത്യകാലത്ത് ഇവരില്‍ ചിലര്‍ കരഭാഗങ്ങളിലേക്ക് (യൂറേഷ്യയുടെയും വടക്കെ അമേരിക്കയുടെയും ആര്‍ട്ടിക്കിന്റെ ഭാഗമായ മേഖലകളിലേക്ക്) നീങ്ങുകയും വേനലില്‍ തിരികെയെത്തുകയും ചെയ്യുന്നു.
മനുഷ്യവാസം
സ്ഥിരവാസികളായ ഒട്ടേറെ മനുഷ്യര്‍ ഇവിടെയുണ്ടെന്നത് ആര്‍ട്ടിക്കിനെ അന്റാര്‍ട്ടിക്കയില്‍നിന്ന് വ്യത്യസ്തമാക്കുന്നു. ആയിരത്തിലേറെക്കൊല്ലം മുമ്പു മുതല്‍ ആര്‍ട്ടിക്കില്‍ സ്ഥിരതാമസമാക്കിയ മനുഷ്യസമൂഹമുണ്ട്. ഏതാണ്ട് 40 ലക്ഷം സ്ഥിരതാമസക്കാര്‍ ആര്‍ട്ടിക്കിലുണ്ടെന്നാണ് കണക്ക്.
- എസ്‌കിമോകള്‍: നാടോടികളായി നടക്കുന്നവരാണ് എസ്‌കിമോകള്‍. ഇവരുടെ പ്രശസ്തമായ മഞ്ഞുവീടാണ് ഇഗ്ലു. നായാടി ജീവിക്കുന്ന വര്‍ഗമാണിവര്‍. യാത്ര നായ്ക്കള്‍ വലിക്കുന്ന സ്‌ലെഡ്ജിലും. പച്ചമാംസം കഴിച്ചു ജീവിക്കുന്നവരാണിവര്‍.
- ലാപ്പ്‌സ്: യൂറോപ്പിന്റെ ഏറ്റവും വടക്കുഭാഗത്തുള്ള ലാപ്‌ലന്‍ഡ് മേഖലയില്‍ അധിവസിക്കുന്നവരാണ് ലാപ്പുകള്‍. സമി എന്ന പേരുമുണ്ട് ഇവര്‍ക്ക്. ലാപ്പുകള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ വിഭാഗങ്ങളുണ്ട്. റെയിന്‍ ഡിയറുകള്‍ വലിക്കുന്ന സ്‌ലെഡ്ജാണ് ഇവരുടെ വാഹനം.
- ഇന്യൂട്ട്: ഗ്രീന്‍ലന്‍ഡ്, കാനഡ, അലാസ്‌ക എന്നിവയുടെ ആര്‍ട്ടിക് മേഖലകളില്‍ ജീവിക്കുന്നവരാണ് ഇന്യൂട്ടുകള്‍. രണ്ടുലക്ഷത്തോളം ജനസംഖ്യ. തങ്ങളെ എസ്‌കിമോകളെന്നു വിളിക്കുന്നത് അവഹേളനമായാണ് കണക്കാക്കുന്നത്. എസ്‌കിമോകളെപ്പോലെ ഇന്യൂട്ടുകള്‍ പച്ചമാംസം കഴിക്കാറില്ലെന്നതാണ് കാരണം.
- ഇനുപിയത്: ബെറിങ് കടലിനു വടക്ക് കാനഡയുടെയും അലാസ്‌കയുടെയും അതിര്‍ത്തിയിലേക്ക് കുടിയേറിയ ഇന്യൂട്ടുകള്‍.
- യുപിക്:അലാസ്‌കയുടെ പടിഞ്ഞാറന്‍, കിഴക്കുപടിഞ്ഞാറന്‍ മേഖലകളിലും റഷ്യയുടെ ഏറ്റവും കിഴക്കുഭാഗത്തും ജീവിക്കുന്ന ഗോത്രവര്‍ഗം.
- ചുക്ച്ചി: ആര്‍ട്ടിക്ക് സമുദ്രത്തിന്റെ ചുക്ച്ചി കടല്‍ത്തീരത്തു ജീവിക്കുന്നവര്‍. റഷ്യയുടെ അധീനതയിലുള്ള പ്രദേശമാണിത്.
അന്റാര്‍ട്ടിക്ക
ഭൂമിയുടെ ഏറ്റവും തെക്കെയറ്റത്തുള്ള ഭൂഖണ്ഡം. ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. അന്റാര്‍ട്ടിക്കയുടെ 98 ശതമാനവും മഞ്ഞുമൂടപ്പെട്ടിരിക്കുന്നു. ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശം. സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഭൂമിയിലെ ഒരേയൊരു പ്രദേശം. ശൈത്യകാലത്ത് താപനില മൈനസ് 60 ഡിഗ്രിയും വേനല്‍ക്കാലത്ത് മൈനസ് 28 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഭൂമിയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 89.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് അന്റാര്‍ട്ടിക്കയിലാണ്. 1983 ജൂലായ് 21-ന് സോവിയറ്റ് യൂണിയന്റെ വൊസ്‌തോക്ക് സ്റ്റേഷനിലായിരുന്നു ഇത്.
സസ്യങ്ങള്‍
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുമൂടാത്തതായി വെറും ഒരുശതമാനം പ്രദേശം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ സസ്യവര്‍ഗങ്ങള്‍ അധികമില്ല. ലൈക്കനുകളാണ് ഇവിടെ കാണപ്പെടുന്ന പ്രധാന സസ്യവര്‍ഗം. ഇതുകൂടാതെ ചെറുസസ്യമായ ആര്‍പ്പൈനുകളും കാണപ്പെടുന്നു.
ജന്തുജാലങ്ങള്‍
പെന്‍ഗ്വിന്‍, തിമിംഗിലം, നീര്‍നായ എന്നിവരാണ് അന്റാര്‍ട്ടിക്കയുടെ അധിപന്മാര്‍.
മനുഷ്യവാസം
ആര്‍ട്ടിക്കിലേതുപോലെ അന്റാര്‍ട്ടിക്കയില്‍ സ്ഥിരവാസികളില്ല. എന്നാല്‍ ഗവേഷണത്തിനായി പ്രത്യേക സമയങ്ങളില്‍മാത്രം അവിടെയെത്തുന്നവര്‍ ഇന്ന് ധാരാളമുണ്ട്.
ഉടമകളാര്
ആര്‍ട്ടിക്കിന്റെ കരഭാഗങ്ങള്‍ കാനഡ, നോര്‍വേ, റഷ്യ, ഡെന്മാര്‍ക്ക് (ഗ്രീന്‍ലന്‍ഡ്), ഐസ്‌ലന്‍ഡ്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, യു.എസ്. എന്നിവരുടെ ഉടമസ്ഥതയില്‍.
അന്റാര്‍ട്ടിക്കയില്‍ ആര്‍ക്കും ഉടമസ്ഥാവകാശമില്ല. അര്‍ജന്റീന, ചിലി, ഓസ്‌ട്രേലിയ, യു.എസ്., ന്യൂസീലന്‍ഡ്, ഫ്രാന്‍സ്, നോര്‍വേ, ബ്രിട്ടന്‍ എന്നിവര്‍ അന്റാര്‍ട്ടിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവകാശമുന്നയിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശം നിയന്ത്രിക്കുന്നത് 1959-ല്‍ ഇവരൊപ്പിട്ട അന്റാര്‍ട്ടിക്ക ഉടമ്പടി പ്രകാരം.
അറിയാന്‍ ഇന്ത്യയും
ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കയിലും ലോകം നടത്തുന്ന പര്യവേക്ഷണങ്ങളില്‍ ഇന്ത്യയും ഭാഗമായിട്ടുണ്ട്. അന്റാര്‍ട്ടിക്കയില്‍ മൂന്നും ആര്‍ട്ടിക്കില്‍ ഒരു പര്യവേക്ഷണ കേന്ദ്രവുമാണ് ഇന്ത്യയ്ക്കുള്ളത്.
അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ
ദക്ഷിണ ഗംഗോത്രി-അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ-ഗവേഷണ കേന്ദ്രം. 1983-'84-ലെ മൂന്നാം അന്റാര്‍ട്ടിക്ക പര്യടനത്തില്‍ സ്ഥാപിക്കപ്പെട്ടു. ദക്ഷിണധ്രുവത്തില്‍നിന്ന് 2500 കിലോമീറ്റര്‍ അകലെ. 1990-ല്‍ ഇതിനെ എണ്ണവിതരണ കേന്ദ്രമായി മാറ്റി.
മൈത്രി-1988-ല്‍ സ്ഥാപിച്ചു. മഞ്ഞുകാലത്ത് 25 പേരെയും വേനലില്‍ 40 പേരെയും ഉള്‍ക്കൊള്ളാന്‍ കഴിയും. ഭാരതി-മൈത്രി സ്റ്റേഷന് 3000 കിലോമീറ്റര്‍ കിഴക്ക്. 2015-ല്‍ സ്ഥാപിച്ചു. 134 ഷിപ്പിങ് കണ്ടെയ്‌നറുകളെ പുനരുപയോഗിച്ചാണ് കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്.
ആര്‍ട്ടിക്കില്‍

ഹിമാദ്രിയെന്ന ഒരു ഗവേഷണകേന്ദ്രമാണ് ആര്‍ട്ടിക്കില്‍ ഇന്ത്യയ്ക്കുള്ളത്. നോര്‍വേയിലെ സ്‌വല്‍ബാര്‍ഡിലാണിത്. 2008-ല്‍ സ്ഥാപിച്ചു. ഉത്തരധ്രുവത്തില്‍നിന്ന് 1200 കിലോമീറ്റര്‍ അകലെ.
Content Highlights: Arctic to Antarctic; Know The Polar Regions of Planet Earth