കേരള നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു. കേരളീയസമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേയും ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരേയും അദ്ദേഹം ശബ്ദമുയര്‍ത്തി. അക്കാലത്ത് അവര്‍ണവിഭാഗക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ആരാധന നടത്താനോ എന്തിന്, ക്ഷേത്രത്തിനടുത്തുള്ള പൊതുവഴിയിലൂടെ നടക്കാനോ അവകാശമുണ്ടായിരുന്നില്ല. വിഗ്രഹാരാധനയുടെയും പ്രതിഷ്ഠയുടെയും മേല്‍ജാതിക്കുത്തക തകര്‍ക്കുന്നതായിരുന്നു അദ്ദേഹം നടത്തിയ വിഗ്രഹപ്രതിഷ്ഠകള്‍. വിഗ്രഹത്തിനുപകരം പിന്നീട് കണ്ണാടികളും കെടാവിളക്കുകളുമാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. ദേവാലയങ്ങളെക്കാള്‍ സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്‌ബോധിപ്പിച്ച ഗുരു വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം സ്ഥാപിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി 1856 ഓഗസ്റ്റ് 20ന് നാരായണഗുരു ജനിച്ചു. വിവിധ ഗുരുക്കന്മാരുടെ കീഴില്‍ മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകളില്‍ അറിവുനേടി. തര്‍ക്കം, വേദാന്തം, വ്യാകരണം തുടങ്ങിയവയെല്ലാം അദ്ദേഹം അഭ്യസിച്ചു. തിരികെ ഗ്രാമത്തിലെത്തിയ അദ്ദേഹം കുടിപ്പള്ളിക്കൂടം കെട്ടി, കുട്ടികളെ പഠിപ്പിച്ചു. വിവാഹം കഴിച്ചെങ്കിലും അദ്ദേഹം ഗൃഹസ്ഥാശ്രമിയായി തുടര്‍ന്നില്ല. ആയിടയ്ക്ക് അദ്ദേഹം കുഞ്ഞന്‍പിള്ളയുമായി (ചട്ടമ്പിസ്വാമികള്‍ എന്ന് പിന്നീടറിയപ്പെട്ടു) പരിചയപ്പെട്ടു. അദ്ദേഹം തൈക്കാട് അയ്യാ എന്ന യോഗിയെ പരിചയപ്പെടുത്തി. തൈക്കാട് അയ്യായുടെ കീഴില്‍ ഹഠയോഗം അഭ്യസിച്ചു. 1888ല്‍ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി.

'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്'

എന്ന വരികള്‍ ഈ ക്ഷേത്രത്തില്‍ ആലേഖനംചെയ്തു. ശ്രീനാരായണഗുരു വിവിധസ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ അദ്ദേഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. 1913ല്‍ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്ദേഹം രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ചു.

ശിവഗിരിമഠം

ഗുരു ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ വര്‍ക്കലയ്ക്കടുത്തുള്ള ശിവഗിരി. 1904ലാണ് ശ്രീനാരായണഗുരു ശിവഗിരിയില്‍ ആശ്രമം സ്ഥാപിച്ചത്. 1912ല്‍ ഇവിടെ ശാരദാദേവിക്ഷേത്രവും സ്ഥാപിച്ചു.

ഗുരുവചനങ്ങള്‍

  • മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
  • അവനവനാത്മസുഖത്തിനാചരിക്കുന്നവഅപരന്നു സുഖത്തിനായ് വരേണം
  • മദ്യം വിഷമാണ്അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്
  • ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്

ജാതിയില്ലാ വിളംബരം

ശ്രീനാരായണഗുരു ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ ആളായിരുന്നില്ല.,മനുഷ്യജാതിയും മനുഷ്യസ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കടിസ്ഥാനം. 1916ല്‍ പ്രബുദ്ധകേരളം എന്ന പത്രത്തിലെ ഒരു വിളംബരത്തിലൂടെ ഇത് അദ്ദേഹം ലോകത്തെ അറിയിച്ചു. 'നമുക്ക് ജാതിയില്ല' എന്നതായിരുന്നു അതിലെ പ്രധാന കാര്യം. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്നും ഗുരു ഉദ്‌ബോധിപ്പിച്ചു.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല

കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല. ഈ സര്‍വകലാശാലയുടെ ആസ്ഥാനം കൊല്ലത്താണ്.

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നതാണ് ഈ സര്‍വകലാശാലയുടെ ആപ്തവാക്യം.

2020 ഒക്ടോബര്‍ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകലാശാല നാടിന് സമര്‍പ്പിച്ചത്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കേരള ഗവര്‍ണര്‍ ആണ്. ആദ്യ വൈസ് ചാന്‍സലര്‍ ഡോ. പി.എം. മുബാറക് പാഷ.

ശിവഗിരി തീര്‍ഥാടനം

1933 ജനുവരി ഒന്നിനായിരുന്നു ആദ്യത്തെ ശിവഗിരി തീര്‍ഥാടനം നടന്നത്. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്. 2021ല്‍ 89ാമത് ശിവഗിരി തീര്‍ഥാടനമാണ് നടക്കുന്നത്.

ഗുരുവിന്റെ ശിഷ്യനായ മൂലൂര്‍ പദ്മനാഭപ്പണിക്കരായിരുന്നു ശിവഗിരിതീര്‍ഥാടനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്.

വല്ലഭശ്ശേരി ഗോവിന്ദന്‍വൈദ്യരും കിട്ടന്‍ റൈറ്ററുമാണ് ഈ ആശയം ഗുരുവിനുമുന്നില്‍ സമര്‍പ്പിച്ചത്. യൂറോപ്യന്മാരുടെ പുതുവത്സരദിനമായ ജനുവരി ഒന്നിന് (ധനു 15, 16) തീര്‍ഥാടനം നടത്താം എന്നായിരുന്നു ഗുരുവിന്റെ നിര്‍ദേശം. 10 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ മഞ്ഞവസ്ത്രംധരിച്ച് ശ്രീബുദ്ധന്റെ പഞ്ചശുദ്ധി (ശരീരശുദ്ധി, മനഃശുദ്ധി, ആഹാരശുദ്ധി, വാക്ശുദ്ധി, കര്‍മശുദ്ധി) അനുഷ്ഠിച്ച് തീര്‍ഥാടനം നടത്തുക. ശിവഗിരി തീര്‍ഥാടനത്തിന് ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടാവണമെന്നും ഗുരു നിര്‍ദേശിച്ചു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, സാങ്കേതികപരിശീലനം എന്നീ വിഷയങ്ങളിലെ വിദഗ്ധരെ വിളിച്ച് പ്രഭാഷണം നടത്തണമെന്നും തീര്‍ഥാടനത്തിനു വരുന്നവര്‍ ഇത് ശ്രദ്ധിച്ചു പഠിക്കണമെന്നും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരണമെന്നും ഗുരു പറഞ്ഞു.

ഈഴവരടക്കമുള്ള പിന്നാക്കസമുദായക്കാരുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിക്ക് കാരണമായത് ഗുരുവിന്റെ പ്രവര്‍ത്തനങ്ങളാണ്. ജാതിക്കും മതത്തിനും അതീതനായ വിശ്വമാനവികതയുടെ വക്താവായ ശ്രീനാരായണഗുരു 1928 സെപ്റ്റംബര്‍ 20ന് തന്റെ 73ാം വയസ്സില്‍ ശിവഗിരിയില്‍ സമാധിയായി. പോസ്റ്റല്‍ സ്റ്റാമ്പില്‍ ചിത്രീകരിക്കപ്പെട്ട ആദ്യ കേരളീയനാണ് ശ്രീനാരായണഗുരു. ഇന്ത്യന്‍ നാണയത്തില്‍ ആലേഖനം ചെയ്യപ്പെട്ട ആദ്യ മലയാളിയും അദ്ദേഹമാണ്.

Content Highlights: About Sree Narayana Guru