ണ്ടുമാസംമുമ്പ് ആദ്യമായി കേരള തീരത്ത് നീലത്തിമിംഗിലത്തിന്റെ സാന്നിധ്യമുണ്ടെന്ന ചില സൂചനകള്‍ ലഭിച്ചത് .വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോഫോണ്‍ വഴിയാണ് ശബ്ദം രേഖപ്പെടുത്തിയത്. നീലത്തിമിംഗിലത്തിന്റെ അദ്ഭുതകരവും ഒപ്പം കൗതുകകരവുമായ വിശേഷങ്ങളിലേക്ക്

എന്തൊരു ശബ്ദം
ഏറ്റവും ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്ന ജീവിയാണിത്. ഒരു ജെറ്റ് വിമാനത്തിന്റെ ശബ്ദത്തെക്കാള്‍ ഉയര്‍ന്നതാണിത്. ജെറ്റിന്റെ ശബ്ദം 140 ഡെസിബല്‍ ആണെങ്കില്‍ 188 ഡെസിബലാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം. (ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റാണ് ഡെസിബല്‍). തിമിംഗിലത്തിന്റെ ഏറ്റവും ചെറിയ ശബ്ദംപോലും 100 മൈല്‍ (160 കിലോമീറ്ററില്‍ അധികം) താണ്ടും.

മത്സ്യവേട്ടക്കാരന്‍
ചെമ്മീന്‍ ഗണത്തില്‍പ്പെട്ടതും കാഴ്ചയില്‍ അതിനോടു സാമ്യമുള്ളതുമായ ക്രില്‍ മത്സ്യമാണ് നീലത്തിമിംഗിലത്തിന്റെ ഇഷ്ട ഭക്ഷണം. ലക്ഷക്കണക്കിന് അംഗങ്ങളുള്ള വന്‍ പറ്റമായാണു ക്രില്‍ മത്സ്യങ്ങള്‍ സഞ്ചരിക്കുന്നത്. അത്തരം മത്സ്യക്കൂട്ടത്തെ പിന്‍തുടര്‍ന്നു മൊത്തമായി വായ്ക്കുള്ളിലാക്കുന്നതാണു നീലത്തിമിംഗിലത്തിന്റെ രീതി.

അതിനായി വായ തൊണ്ണൂറു ഡിഗ്രിയില്‍ തുറക്കും. വലിയ നാവ് സഞ്ചിക്കു സമാനം പിടിക്കും. വായ അടച്ചാല്‍ ഉടന്‍ സമുദ്രജലം താടിയുടെ ഇരുവശങ്ങളിലുള്ള ചാലുകള്‍ വഴി പുറത്തേക്ക് ഒഴുക്കുകയും മത്സ്യത്തെ അപ്പാടെ വിഴുങ്ങുകയും ചെയ്യും.

നിലനില്‍പ്പ് ഭീഷണിയില്‍
അതിഗുരുതര വംശനാശ ഭീഷണിയാണു നീലത്തിമിംഗിലം നേരിടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ മുതല്‍ മനുഷ്യര്‍ തുടര്‍ന്നുപോന്ന അനിയന്ത്രിത വേട്ടയാണ് അതിന് ഏറ്റവും പ്രധാന കാരണം. മാംസത്തിനും എണ്ണയ്ക്കും വേണ്ടിയായിരുന്നു അത്. 1966ല്‍ ഇന്റര്‍നാഷണല്‍ വെയ്‌ലിങ് കമ്മിഷന്‍ തിമിംഗില വേട്ട നിരോധിച്ചു. അപ്പോഴേക്കും നീലത്തിമിംഗിലത്തിന്റെ എണ്ണം ഒരു നൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്നതിന്റെ പത്തിലൊന്നായി ചുരുങ്ങിയിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ 2018ല്‍ നീലത്തിമിംഗിലത്തെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒടുവിലത്തെ സര്‍വേ പ്രകാരം 5000 മുതല്‍ 10000 വരെ നീലത്തിമിംഗിലങ്ങളാണ് അവശേഷിക്കുന്നത്.

നീലത്തിമിംഗിലത്തിനു ശത്രുക്കള്‍ കുറവാണ്. ഓര്‍ക്ക എന്നും അറിയപ്പെടുന്ന കില്ലര്‍ വെയ്‌ലുകള്‍ ആണ് ഉള്ളതില്‍ പ്രബലര്‍. 

കേരളത്തിലെ വിരുന്നുകാര്‍
കേരളത്തില്‍ ആദ്യമായി നീലത്തിമിംഗിലത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത് രണ്ടുമാസം മുമ്പാണ്. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് തിമിംഗിലത്തിന്റെ ശബ്ദം രേഖപ്പെടുത്തിയത്. ഒന്നാ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണ് റെക്കോഡ് ചെയ്തത്. നീലത്തിമിംഗലത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിനായി ഈ ശബ്ദം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.


വലിയവന്റെ വലുപ്പം
• നീലത്തിമിംഗിലത്തിന് ഇരുനൂറു ടണ്ണിലേറെ ശരീരഭാരം ഉണ്ടാകും.

• തിമിംഗിലങ്ങള്‍ മത്സ്യങ്ങളല്ല. ഹിപ്പോപൊട്ടാമസുമായി അടുത്ത ബന്ധമുള്ള സസ്തനിയായ കടല്‍ജീവികളാണിവ. കുഞ്ഞുങ്ങളെ പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്നു.

• വളര്‍ച്ചയെത്തിയ നീലത്തിമിംഗിലത്തിന്റെ ശ്വാസകോശത്തിന് അയ്യായിരം ലിറ്റര്‍ വ്യാപ്തമുണ്ട്. 60 മിനിറ്റോളം ശ്വാസം പിടിച്ചുവെക്കാന്‍ ഇവയ്ക്ക് സാധിക്കും.

• ഏറ്റവും വലിയ ഹൃദയത്തിന് ഉടമയും നീലത്തിമിംഗിലം തന്നെ.

• ഒരേ പ്രായത്തിലുള്ള ആണ്‍  പെണ്‍ നീലത്തിമിംഗിലങ്ങളില്‍ വലുപ്പത്തില്‍ മേല്‍ക്കൈ പെണ്ണിനാണ്.

ഭൂമിയിലെ ഏറ്റവും വലിയ ജീവി
കരയിലെ ഏറ്റവും വലിയ ജീവി ആനയാണെന്നു കൂട്ടുകാര്‍ക്കറിയാമല്ലോ. ആനയെ ഒട്ടേറെത്തവണ നേരിട്ടും തൊട്ടടുത്തു നിന്നുപോലും കണ്ടിട്ടുമുണ്ടാകും. ഭീമാകാരന്മാരായ 33 ആനകള്‍ കൂടിയാലുള്ള വലുപ്പമുണ്ട് ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗിലത്തിന്.

മഹാസമുദ്രത്തിലെ ഒറ്റയാന്‍ ജീവിതം
സമുദ്രങ്ങളിലാണ് നീലത്തിമിംഗിലത്തെ കാണുന്നത്. എന്നാല്‍, ആര്‍ട്ടിക് സമുദ്രത്തില്‍ മാത്രം ഇവയെ കണ്ടെത്തിയിട്ടില്ല. ബലീനോപ്റ്റീറ മസ്‌കുലസ് (Balaenoptera musculus) എന്നാണ് ഇവയുടെ ശാസ്ത്രനാമം.

ഒറ്റയ്ക്കുള്ള ജീവിതമാണ് പൊതുവില്‍ നീലത്തിമിംഗിലങ്ങളുടേത്. ഇണചേരല്‍ സമയത്തുമാത്രമാണ് ആണ്‍, പെണ്‍ നീലത്തിമിംഗിലങ്ങള്‍ ഒന്നിച്ചു കാണപ്പെടുക. ഇണചേര്‍ന്ന ശേഷം അവരവരുടെ വഴിക്കുപോകും. ഒറ്റ പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവും. രണ്ട് ടണ്ണിലേറെ ഭാരമുണ്ടാകും നവജാതര്‍ക്ക്. എട്ടുമാസം വരെ മുലപ്പാലാണ് കുഞ്ഞു തിമിംഗലത്തിന്റെ ഭക്ഷണം. പശുവിന്‍ പാലിനെക്കാള്‍ പന്ത്രണ്ടു മടങ്ങ് കൊഴുപ്പുണ്ട് ഈ പാലില്‍. ഒരു വയസ്സാകുമ്പോഴേക്കും പത്തിരട്ടി ശരീരഭാരം കൈവരിക്കും. 80  90 വര്‍ഷമാണ് നീലത്തിമിംഗിലത്തിന്റെ സ്വാഭാവിക ആയുസ്സ്.

അഞ്ചുതരം
നീലത്തിമിംഗിലങ്ങളെ അഞ്ച് സ്പീഷീസുകളായി തിരിച്ചിരിക്കുന്നു. അന്റാര്‍ട്ടിക് ബ്‌ളൂ വെയ്ല്‍, നോര്‍ത്ത് അറ്റ്‌ലാന്റിക് ബ്‌ളൂ വെയ്ല്‍, പിഗ്മി ബ്ലൂ വെയ്ല്‍, നോര്‍ത്തേണ്‍ ഇന്ത്യന്‍ ഓഷ്യന്‍ ബ്ലൂ വെയ്ല്‍, സൗത്ത് പസഫിക് ഓഷ്യന്‍ ബ്ലൂ വെയ്ല്‍ എന്നിങ്ങനെ. വലുപ്പത്തില്‍ ഒന്നാം സ്ഥാനം അന്റാര്‍ട്ടിക് ബ്ലൂ വെയ്‌ലിനാണ് (ബലീന്‍ തിമിംഗിലം). ഏറ്റവും ചെറിയ ഇനം പിഗ്മി ബ്ലൂ വെയ്ല്‍.

Content Highlights: About blue whale