ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അപാരമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച ആഗോളതലത്തില്‍ വിദ്യാഭ്യാസ മേഖലയേയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ക്ലാസ് റൂം പഠനത്തില്‍ ഡിജിറ്റല്‍ സാങ്കേതികത വരുത്തിയ മാറ്റങ്ങള്‍ ചില്ലറയല്ല. അക്കൂട്ടത്തിലേക്ക് ഏറ്റവുമൊടുവിലായി വന്നതാണ് 'വില്‍'(Will) എന്ന് പേരിട്ടിരിക്കുന്ന ഡിജിറ്റല്‍ ടീച്ചര്‍. ന്യൂസിലാന്‍ഡില്‍ അവതരിപ്പിച്ച വില്‍ മനുഷ്യരേപ്പോലെ പെരുമാറുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. 

നിര്‍മ്മിത ബുദ്ധി(Artificial Intelligence)യുടെ അവതാരമായ വില്‍ ന്യൂസിലാന്‍ഡിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയതാണ്. ഡെസ്‌ക്ടോപ്പിലോ ടാബിലോ എന്തിനേറെ മൊബൈല്‍ഫോണിലോ വില്ലുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാം. ജിയോതെര്‍മല്‍, സോളാര്‍, കാറ്റ് തുടങ്ങി പുനരുപയോഗിക്കാവുന്ന ഊര്‍ജത്തേക്കുറിച്ച് പഠിക്കാന്‍ വില്‍ സഹായിക്കും. 

വെക്ടര്‍ എന്ന ഊര്‍ജോത്പാദന കമ്പനിയും സോള്‍ മെഷീന്‍സ് എന്ന നിര്‍മ്മിത ബുദ്ധി കമ്പനിയും ഒത്തുചേര്‍ന്നാണ് വില്ലിന്‌ രൂപം നല്‍കിയത്. രണ്ട് കമ്പനികളും ന്യൂസിലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. സോള്‍ മെഷീന്‍സ് വെബ്‌സൈറ്റിന്റെ സഹായത്തോടെ പ്രൈമറി സ്‌കൂളുകളിലെ എനര്‍ജി എജുക്കേഷനായി ഡിജിറ്റല്‍ മനുഷ്യന്റെ ഉപയോഗങ്ങള്‍ പഠിക്കുകയാണ് വെക്ടര്‍. 

വെക്ടറിന്റെ ഓക്ലാന്‍ഡ് ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്കിന് കീഴില്‍വരുന്ന സ്‌കൂളുകള്‍ക്കായി തയ്യാറാക്കിയ 'സുസ്ഥിര ഊര്‍ജത്തോടൊപ്പം' (Be with Sustainable Energy) എന്ന പദ്ധതിയുടെ ഭാഗമായാണ് വില്‍ ജന്മം കൊണ്ടത്. 2005 മുതല്‍ നടപ്പാക്കിവരുന്ന പദ്ധതിയില്‍ ഇതുവരെ ഓക്ലാന്‍ഡിലെ ഒന്നേകാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കാളികളായിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നല്‍കുന്നതോടൊപ്പം തന്നെ അവരോട് ചോദ്യങ്ങളുന്നയിക്കാനും വില്ലിന്‌ കഴിയും. വിദ്യാര്‍ഥികള്‍ നല്‍കുന്ന ഉത്തരത്തിന് പുറമേ അവരുടെ ശരീരഭാഷയേയും വില്‍ മനസിലാക്കും. പരീക്ഷണഘട്ടത്തില്‍തന്നെ വില്ലിനോട് ചിരിക്കുമ്പോള്‍ തങ്ങളോട് തിരിച്ചും വില്‍ ചിരിക്കുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞതായി ന്യൂസ്‌ റൂം വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ സിരിയില്‍നിന്ന് ഏറെ വ്യത്യസ്തമായാണ് വില്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വില്‍ പ്രവര്‍ത്തിക്കുന്നത് കൃത്രിമമായി പ്രോഗ്രാം ചെയ്ത നാഡീ സംവിധാനത്തിന്റെ സഹായത്തോടെയാണെന്നാണ് സോള്‍ മെഷീന്‍സിന്റെ അവകാശവാദം. വെബ് ക്യാമറയും മൈക്രോഫോണുമുപയോഗിച്ച് ഉപയോക്താവിന്റെ ഭാവവ്യത്യായാസങ്ങളേയും വികാരവ്യതിയാനങ്ങളേയും തിരിച്ചറിയാനാകുന്ന വില്‍ ഇതിനനുസൃതമായ രീതിയില്‍ പ്രതികരിക്കത്തക്ക വിധത്തിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. തല്‍ഫലമായി ഉപയോക്താവ് ചിരിക്കുകയാണോ ബോറടിച്ചിരിക്കുകയാണോ എന്നെല്ലാം തിരിച്ചറിയാന്‍ വില്ലിന്‌ കഴിയും. ഇത്തരത്തില്‍ വില്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത അധ്യാപകനായി മാറുന്നു. 

nikhil

വിലിനെ നിര്‍മ്മിച്ചതില്‍ ഇന്ത്യന്‍ വംശജനായ നിഖില്‍ രവിശങ്കറിന്റെ പങ്ക് നിര്‍ണായകമാണ്. വെക്ടറിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീറാണ് നിഖില്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന് നിഖില്‍ പറയുന്നു. വളരെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ മികച്ച അധ്യാപന രീതികള്‍ അവലംബിക്കാന്‍ ഡിജിറ്റല്‍ മനുഷ്യന്റെ ഉപയോഗത്തിലൂടെ കഴിയുമെന്നും ഭാവിയില്‍ വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുമെന്നും നിഖില്‍ അഭിപ്രായപ്പെടുന്നു. 

വില്ലിനോടുള്ള വിദ്യാര്‍ഥികളുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും നിഖില്‍ പറയുന്നു. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിയാത്മകമായ ഇത്തരം സൃഷ്ടികളെ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ ഏറെ താല്‍പര്യത്തോടെയാണ് സമീപിക്കുന്നത്. ഒരു യഥാര്‍ഥ മനുഷ്യനേപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വില്‍ വിദ്യാര്‍ഥികളുമായി എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കുന്നു.  

സോള്‍ മെഷീന്‍സിന്റെ ചീഫ് ബിസിനസ് ഓഫീസറായ ഗ്രെഗ് ക്രോസ് പറയുന്നതും മറ്റൊന്നല്ല. സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ജനിച്ച ഇന്നത്തെ കുട്ടികള്‍ക്ക് സാങ്കേതികവിദ്യകള്‍ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഇനിവരുന്ന തലമുറയില്‍ അധ്യാപകരുടെ ഒഴിവുകള്‍ നികത്താന്‍ വിലിനേപ്പോലുള്ള പ്രോഗ്രാമുകള്‍ മതിയാകുമെന്നും ഗ്രെഗ് ക്രോസ് പറയുന്നു. വിലിനെപ്പോലെ ഓരോ വിഷയത്തിലും വിദഗ്ദരായ ഡിജിറ്റല്‍ അധ്യാപകരെ സൃഷ്ടിക്കാന്‍ തക്കവണ്ണം സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞു  ഗ്രെഗ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വില്ലിനേപ്പോലുള്ള ഡിജിറ്റല്‍ ടീച്ചര്‍മാര്‍ക്ക് പ്രോഗ്രാം ചെയ്തുവെച്ചതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനാകില്ലെന്നതാണ്  പ്രധാന ന്യൂനതയായി പറയപ്പെടുന്നത്. സമൂഹികമായ ഇടപെടലുകള്‍ക്ക് യന്ത്രങ്ങള്‍ക്ക് കഴിയില്ലെന്നും മൂല്യാധിഷ്ടിതമായ വിദ്യാഭ്യാസത്തിന് യഥാര്‍ഥ മനുഷ്യര്‍ തന്നെ വേണമെന്നും ക്രിസ്റ്റിന്‍ ഹോസര്‍ ഫ്യൂച്ചറിസം വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. എന്നിരുന്നാലും വില്‍ എന്ന ഡിജിറ്റല്‍ ടീച്ചര്‍ വിദ്യാഭ്യാസ രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു എന്നതില്‍ തര്‍ക്കമില്ല. സമൂലമായ മാറ്റങ്ങള്‍ ഇനിയും എത്രത്തോളമുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.

 

 

അവലംബം

The World’s First Digital Teacher Just Debuted in New Zealand 

Primary schools in New Zealand get world’s first digital teacher- Business Recorder

 Newsroom - World first digital teacher in NZ schools  

Meet Will - Vector's new renewable energy educator in schools 

 The Vision - Digital Interaction in the classroom

Will Image Courtesy: Ofiicial Website of Soul Mechines 

Nikhil Ravishankar: Image Grabbed from cio.co.nz