ധ്യാപകര്‍ എന്ന കുറെ മനുഷ്യര്‍ ജീവിതത്തിലുണ്ടായിരുന്നു എന്നോര്‍ക്കുന്നത് ഒരിക്കലുമൊരു സവിശേഷ ദിനത്തെ കരുതിയല്ല, അവര്‍ എല്ലായ്‌പ്പോഴും കൂടെയുണ്ടായിട്ടുണ്ട്. ജീവിതം മാറ്റി മറിച്ചവര്‍ തൊട്ടു ഇനിയൊരിക്കലും കാണേണ്ടതില്ല എന്ന് മനസ്സ് നൊന്ത് ആഗ്രഹിച്ചവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. എല്ലാവരെയും അവരായി തന്നെ കണ്ട് ഉള്‍ക്കൊള്ളുന്നു എന്നതാണ് സത്യം.

ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയ ഒരു കാലമുണ്ടായിരുന്നു. ആ തോന്നലിനെ അത്രയും ആഴത്തിലാക്കാന്‍ സഹായിച്ചത് അന്നത്തെ അധ്യാപകരും. ഹൈസ്‌കൂള്‍ കാലമെന്നത് ശരീരവും മനസ്സുമൊക്കെ ഒന്നില്‍ നിന്നു മറ്റൊന്നിലേയ്ക്കുള്ള വളര്‍ച്ചയുടെ സമയമായിരുന്നു, ചേര്‍ത്ത് പിടിക്കാന്‍ കരുതല്‍ കൈയ്യുകൾ ആവശ്യമുള്ള സമയം. ഉള്ളിലെന്തായിരുന്നു? ലക്ഷ്യമെന്തായിരുന്നു?
ഒന്നുമില്ല. വെറും ശൂന്യത മാത്രം.

പിൻബെഞ്ചും മുന്നിലെ ബഞ്ചുകളും തമ്മിലുള്ള അന്തരം എത്ര തെളിച്ചമുള്ളതായിരുന്നു ആ സമയത്ത്!വലിയ വീട്ടിലെ കുട്ടികള്‍, അധ്യാപകരുടെ മക്കളും അവരുടെ വീട്ടില്‍ ട്യൂഷന്‍ പോകുന്ന കുട്ടികളും നന്നായി പഠിക്കുന്നതുമായുള്ള കുട്ടികള്‍ക്കുള്ള മുന്‍വശത്തെ ബെഞ്ചുകള്‍. നിറം മങ്ങിയ ഉടുപ്പുകള്‍ ഇടുന്ന, വസ്ത്രങ്ങളിലോ ശരീരത്തോ അത്ര വലിയ നിറങ്ങളൊന്നുമില്ലാത്ത, ട്യൂഷനുകളില്ലാത്ത, അത്ര നന്നായൊന്നും പഠിക്കാത്ത കുട്ടികളുടെ നിര പിന്നിലും. എല്ലാത്തിലുമുണ്ടാവും ഈ രണ്ട് തരം വ്യത്യാസം. അധ്യാപികയുടെ വീട്ടില്‍ ട്യൂഷന് പോകുന്നു എന്നതുകൊണ്ട് മാത്രം മാര്‍ക്ക് കൂടുതല്‍ കിട്ടുന്ന കുട്ടികളും വര്‍ഷ അവസാനം അവരുടെ മാത്രം ചിത്രമെടുക്കലും മനസ്സിലാക്കി തന്നത് സമൂഹത്തില്‍ എല്ലായ്‌പ്പോഴും മനുഷ്യര്‍ രണ്ട് തരമായിരിക്കാം എന്ന് തന്നെയാണ്. ജാതിയോ മതമോ എന്നതിനേക്കാള്‍ സാമ്പത്തിക നിലയാണ് ഈ വേര്‍തിരിവിനെ സ്വാധീനിച്ചിരുന്നത് . ജീവിതത്തെ ഒരുവിധത്തിലും സ്വാധീനിച്ചിട്ടില്ലാത്ത കുറെ മനുഷ്യരായിരുന്നു ആ മൂന്ന് വര്‍ഷത്തെ അധ്യാപകര്‍. അവിടെ നിന്നിറങ്ങിപ്പോരുമ്പോള്‍ ഒന്നും മനസ്സിലോ ഓര്‍മ്മകളിലോ അവശേഷിച്ചിരുന്നില്ല. കുറെ വെറുപ്പ് നിറഞ്ഞ, പുച്ഛം നിറഞ്ഞ മുഖങ്ങളല്ലാതെ. എല്ലാം കൊണ്ടും വെറുപ്പ് തോന്നിപ്പോയ അനുഭവങ്ങളില്‍ നിന്നാണ് മറ്റൊരു അധ്യയന വര്‍ഷത്ത് മറ്റൊരു ക്യാമ്പസിലേയ്ക്ക് കയറുന്നത്. 

ജീവിതം മാറ്റി മറിച്ചത് കലാലയമാണ്. ഓര്‍ത്തു വയ്ക്കാന്‍ എത്ര മുഖങ്ങളാണ്. ആദ്യമായി പത്രത്തിന്റെ ക്യാമ്പസ് പേജുകളില്‍ മനസ്സില്‍ തോന്നിയത് എന്തൊക്കെയോ കൂടെ പഠിക്കുന്നവളുടെ സ്‌നേഹ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അയച്ചു കൊടുക്കുമ്പോള്‍ പ്രസിദ്ധീകരിക്കുമെന്ന് കരുതിയതേയില്ലല്ലോ! അത് വന്നു.

ആ പേര് അന്വേഷിച്ച് പ്രിയപ്പെട്ട അധ്യാപകനെത്തി. ക്ലാസ്സിൽ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ആശംസകള്‍ ചൂടോടെ നല്‍കി. ചുറ്റും ഉയരുന്ന കയ്യടി, ആദ്യമായി അംഗീകരിക്കപ്പെടുന്നതിന്റെ ഉന്മാദം.
എന്തൊരു അനുഭവമായിരുന്നു അത്!

മലയാളം പഠിപ്പിക്കുന്ന ഒരു ഡാനിയേല്‍ സാറുണ്ടായിരുന്നു. ആദ്യമായി എഴുതിയ കഥ ചോദിച്ച് വായിക്കാന്‍ വാങ്ങിയ ആള്‍ അദ്ദേഹമാണ്. വായനയ്ക്ക് ശേഷം മനസ്സില്‍ തോന്നിയതും തിരുത്തലുകളുമെല്ലാം കൃത്യമായി പറഞ്ഞു തന്നു. ആദിത്യനും രാധയിലെ രാധയെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നു ഡയറിയില്‍ കുറിച്ച് തന്നു. ആ വാക്കുകളും താളും മരണം വരെയും ഉപേക്ഷിക്കാന്‍ ആവുന്നതല്ല. ഡാനിയേല്‍ സാറിന്റെ ക്ലാസ് കഴിയാന്‍ വേണ്ടി പുതിയ കഥയുമായി അദ്ദേഹത്തിന്റെ ക്ലാസ് റൂമിന്റെ പുറത്ത് കാത്തിരുന്നു. ക്ലാസ് കഴിഞ്ഞു ക്ഷമയോടെ ഓരോന്നും പറഞ്ഞു തന്നു. അധ്യാപകന്‍ എന്ന പേരിനേക്കാള്‍ സുഹൃത്ത് എന്ന വാക്കിനോട് എത്ര ചേര്‍ന്നിരുന്നു ആ സ്‌നേഹം. ഒടുവില്‍ സ്വന്തമായി എഴുതിക്കൂട്ടിയ കവിതകള്‍ പോലും എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചുവെന്നു തോന്നിച്ചുകൊണ്ട് അദ്ദേഹം വിദേശത്തേയ്ക്ക് പറന്നു. പഠന കാലം അവസാനിച്ചിരുന്നുവെങ്കിലും കത്തുകളിലൂടെയും ഫോണിലൂടെയും തുടര്‍ന്ന ആ കരുതല്‍ ഇപ്പോള്‍ എവിടെയാണെന്ന് പലപ്പോഴും തിരയാറുണ്ട്. ഫെയ്‌സ്ബുക്കിലും ഇന്‍സ്‌റാഗ്രാമിലുമൊക്കെ. ഓരോ കാലത്ത് കൂടെ നിന്നവരെ വേറൊരു കാലത്ത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാനാവില്ലല്ലോ.

എത്ര പേരായിരുന്നു ആ കാലത്ത് ജീവിതം ചേര്‍ത്ത് പിടിച്ചവര്‍! ലക്ഷ്യവും ആഗ്രഹങ്ങളും മുന്നോട്ടുണ്ടായിരിക്കണമെന്നു മനസ്സിലാക്കി തന്നവര്‍, അക്ഷരങ്ങളെ ചേര്‍ത്ത് പിടിച്ചവര്‍, സ്‌നേഹം കൊണ്ട് നിറച്ചവര്‍, അവര്‍ക്ക് മറ്റൊന്നും തടസ്സമായിരുന്നില്ല. സാമ്പത്തികമോ, ജാതിയോ, ജന്‍ഡറോ ഒന്നും. ഞങ്ങള്‍ ഓരോരുത്തരും ആ സ്‌നേഹം അനുഭവിച്ചു കൊണ്ടിരുന്നു. കിംഗ് ലിയര്‍ എന്ന ഷേക്‌സ്പിയര്‍ നാടകത്തിലെ മനസ്സില്‍ തട്ടുന്ന പല വാചകങ്ങളും ഇപ്പോഴും ഹൃദയത്തില്‍ തട്ടുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ലിയറിന്റെ അതെ അഹങ്കാരത്തോടെ ശബ്ദമെടുത്ത് ഉറക്കെ ആ ഡയലോഗ് പറഞ്ഞ വിജയന്‍ സാറിന്റെ മുഖം കൂടിയുണ്ട്. ടൂറിനു പോകാന്‍ സാമ്പത്തികം തികയാഞ്ഞതിനാല്‍ വരുന്നില്ല എന്ന് പറഞ്ഞെങ്കിലും , നിന്നെ കൂടാതെ ഞങ്ങള്‍ പോകുന്നില്ല എന്ന് പറഞ്ഞതും അദ്ദേഹം തന്നെ. ഞങ്ങള്‍ മാത്രമറിഞ്ഞ ഒരു രഹസ്യം, ക്ലാസ്സിലെ മറ്റാരും അത് അറിഞ്ഞിട്ടേയില്ല. ബസിലെ പാട്ടിലും കൂത്തിലും പങ്കെടുക്കാനാകാതെ വഴികള്‍ ഓടി മറയുന്നതും നോക്കിയിരുന്നപ്പോഴും അടുത്ത് വന്നു തമാശകള്‍ പറയുകയും ആ യാത്രയിലെ രാത്രിയില്‍ മഞ്ഞ വെളിച്ചത്തില്‍ ഞങ്ങളെ എല്ലാവരെയും കൂട്ടിക്കൊണ്ട് പോയി പൊടി മഴയത്ത് കട്ടന്‍ കാപ്പി വാങ്ങി തരുകയും ചെയ്യാന്‍ വേറെ ആര്‍ക്കുണ്ടാവും ധൈര്യം.

കണിക്കൊന്ന എന്ന ഓണ്‍ലൈന്‍ മാഗസിന്‍ വിവാഹ ശേഷം തുടങ്ങിയപ്പോള്‍ അതിന്റെ ഉദ്ഘാടനത്തിനു ആകെ ക്ഷണിക്കാനായത് ഷിബു സാറിനെ മാത്രമായിരുന്നു. ക്യാമ്പസില്‍ ഫൊണെറ്റിക്‌സ് എടുത്തിരുന്ന അധ്യാപകന്‍. ആദ്യമായി എല്ലാവരുടെയും മുന്നില്‍ നിര്‍ത്തി കയ്യടിച്ച ആള്‍, ആരാണീ പാര്‍വതി എന്ന് ക്ലാസ്സിൽ പെട്ടെന്ന് കയറി വന്നു ഉറക്കെ ചോദിച്ച് ഭയപ്പെടുത്തിയ ആള്‍. കൊല്ലത്ത് നിന്ന് കൂത്താട്ടുകുളം വരെ സാര്‍ എന്തിനാവും ഞങ്ങളുടെ ഓണ്‍ലൈന്‍ മാസികയുടെ പരിപാടിക്ക് വന്നിട്ടുണ്ടാവുക? അത്രയും സ്‌നേഹത്തിനും കരുതലിനും എന്താണ് പകരം കൊടുക്കുക.

എന്റെ എഴുത്തിനും എഴുത്തുകാരി എന്ന പദവിയ്ക്കും ഒരു സമര്‍പ്പണമുണ്ടെങ്കില്‍ അത് അവര്‍ക്കാണ് എന്റെ ക്യാമ്പസിലെ അധ്യാപകര്‍ക്ക്, എന്റെ കൂട്ടുകാര്‍ക്ക്. നിങ്ങളെക്കാള്‍ മനോഹരമായി ആ പ്രായത്തില്‍ എന്റെ ജീവിതത്തിലൊന്നുമേ സംഭവിച്ചിട്ടില്ല. ഇപ്പോഴും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഓര്‍ക്കുന്ന, സുഹൃത്തുക്കളെപ്പോലെ ഒപ്പം നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ട മനുഷ്യര്‍. അധ്യാപക ദിനത്തില്‍ മാത്രമല്ല അക്ഷരങ്ങള്‍ ഹൃദയത്തിലുള്ള കാലത്തോളം മറക്കാനാകാത്തവര്‍. ജീവിതത്തില്‍ നിന്ന് മൂന്ന് വര്‍ഷം കൗമാരത്തിന്റെ തുടക്കത്തില്‍ കൊഴിഞ്ഞു വീണപ്പോള്‍ അതിന്റെ ഒടുക്കത്തെ ആ മൂന്ന് വര്‍ഷങ്ങള്‍ ലോകം മുഴുവന്‍ എന്നെ നിറച്ചു വച്ചിരിക്കുന്നു. ഇപ്പോഴും അവരില്‍ പലരും എനിക്കൊപ്പമുണ്ട്. സന്തോഷവും സ്‌നേഹവും പങ്കു വയ്ക്കുന്നുണ്ട്. ഇനിയെന്താണ് എനിക്ക് വേണ്ടത്!

Content Highlights: Writer Sreeparavathy Teachers day 2021