രോ ക്ലാസും ജീവന്‍ തുടിക്കുന്ന ഒരു ശരീരമാണ്. അങ്ങനെയൊരു ബോധ്യം അദ്ധ്യാപനം തുടങ്ങിയ കാലത്തു തന്നെ രൂപപ്പെട്ടിരുന്നു എന്നതില്‍ അഭിമാനമുണ്ട്. പാഠ്യ പദ്ധതിയും വര്‍ക്ക് ഡയറികളും അന്നന്നു ചാടേണ്ട വളയങ്ങളെ രൂപപ്പെടുത്തുമെന്നത് ശരിയാണ്. പക്ഷേ ചില ക്ലാസ്സുകളില്‍ ആ വളയങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വരും. മുന്നില്‍ നിരന്നു കിടക്കുന്ന ബഞ്ചുകളില്‍ കനംതൂങ്ങിയ മുഖവുമായിരിക്കുന്ന ഒരു കുട്ടിയുടെ കണ്ണുകള്‍ മതി ഒരു ദിവസത്തെത്തന്നെ മറ്റൊന്നാക്കാനും അന്നു സംസാരിക്കാനുദ്ദേശിച്ച വിഷയം മാറിമറിയാനും.

സാഹിത്യത്തിനു പകരം ജീവിതം പറയാന്‍ ആ ക്ലാസ് അദ്ധ്യാപിക തെരഞ്ഞെടുത്തെന്നു വരും. ഇന്ന് ടീച്ചര്‍ ഒന്നും പഠിപ്പിച്ചില്ല, വെറുതെ സംസാരിച്ചതേയുള്ളൂ എന്ന് ചില കുട്ടികളെങ്കിലും അത് അവരുടെ ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യും.  അത് അദ്ധ്യാപികയുടെ കുറവല്ല, അവരുടെ നിക്ഷേപം വറ്റിയതിന്റെ അടയാളവുമല്ല. അങ്ങനെ മനസ്സിലാക്കിയിരുന്ന  വിദ്യാഭ്യാസകാലമോര്‍ത്ത് പിന്നീട് ലജ്ജിച്ചിട്ടുണ്ട്. ലിറ്റ്മസ് ടെസ്റ്റ് പഠിപ്പിക്കുമ്പോള്‍ ചില മനുഷ്യരെയും നാം ഇങ്ങനെ മനസ്സിലാക്കുമെന്ന് പറയുന്ന അദ്ധ്യാപിക കൗമാരക്കാരിലുണ്ടാക്കുന്ന ഒരു കെമിസ്ട്രിയുണ്ട്. സമുദ്രജലപ്രവാഹങ്ങളെ മനുഷ്യബന്ധങ്ങളുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന ഒരു ജ്യോഗ്രഫിയുണ്ട്  വിജ്ഞാനമൂല്യത്തിനപ്പുറം വിലമതിക്കാവുന്നതാണ്  ക്ലാസ് മുറിയിലെ അത്തരം ആകസ്മികതകള്‍ പോലും നല്കുന്ന ജീവിതപാഠങ്ങള്‍. തിരിച്ച്  അദ്ധ്യാപികയ്ക്ക് കുട്ടികളില്‍ നിന്നും ചിലത് പഠിക്കാവുന്നതാണ്. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപികയ്ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടി വരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ചിത്രം ഓര്‍മ്മയിലുണ്ട്.  അമ്മയെ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള കുട്ടി അവരുമായി രൂപസാമ്യമുള്ള അദ്ധ്യാപികയെ കാണാനായി മാത്രം ഒരു വര്‍ഷം സ്റ്റാഫ് റൂമിലും പരിസരത്തും ചുറ്റിക്കറങ്ങിയിരുന്നുവെന്ന് അപ്പോള്‍ മാത്രം അറിഞ്ഞതിന്റെ വിഷമം ഇന്നും കൂടെയുണ്ട്, നേരത്തേ മനസ്സിലായിരുന്നെങ്കില്‍ അവളോട് കുറേക്കൂടി അടുപ്പം കാണിക്കുമായിരുന്നോ എന്നു നിശ്ചയമില്ലെങ്കിലും. ക്ലാസ് മുറിക്കകത്തും പുറത്തുമുള്ള വൈയക്തികമായ അനുഭവങ്ങള്‍ കൂടി ചേര്‍ന്നതാണ് അദ്ധ്യയനവും അദ്ധ്യാപനവും . അറിവിന്റെ വിനിമയമെന്നത് രണ്ടാമത്തെയോ മൂന്നാമത്തെയോ ലക്ഷ്യമാണ്. അതിന് അദ്ധ്യാപകര്‍ തന്നെ വേണമെന്നില്ല എന്നതാണ് വസ്തുത.

അറിവിനെ ജൈവികമാക്കി മാറ്റുകയും വ്യക്തി സവിശേഷതകള്‍ക്കനുസരിച്ച് പരിവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്നത് വലിയ അദ്ധ്വാനമാവശ്യമുള്ള ജോലിയാണ്. ഒരദ്ധ്യാപികയും നിര്‍ദ്ദിഷ്ടകാലപരിധിക്കകത്ത് അത് പൂര്‍ത്തിയാക്കുന്നില്ല. മുന്നിലെത്തുന്ന പുതു പുതു ജീവിതങ്ങള്‍ക്കായി നിരന്തരമായി അവര്‍ സ്വയം അഴിച്ചുപണിയുന്നുണ്ട്. ഓണ്‍ലൈനിലേക്ക് വിദ്യാഭ്യാസം മാറുമ്പോള്‍ നഷ്ടമാകുന്നത് ആ ജൈവികതയും പാരസ്പര്യവുമാണ്.  ന്യൂനതകളോടെയാണെങ്കിലും  സമീപഭാവിയില്‍ത്തന്നെ അത് തിരിച്ചെടുക്കാന്‍ കഴിയും എന്നതാണ് അധ്യാപകദിനത്തില്‍ ഉള്ളിലുയരുന്ന പ്രതീക്ഷ.കുട്ടികള്‍ക്കൊപ്പമിരുന്ന് ജീവിതം പഠിക്കുന്ന അദ്ധ്യാപിക എത്ര സുന്ദരമായ ദൃശ്യമാണ്

Content Highlights: Writer Rajasree About Teachers day