ര്‍ഷങ്ങള്‍ക്കുമുമ്പ്. മനസ്സ് തളര്‍ന്ന്, ജീവിതം താറുമാറാവുന്നു എന്നു തോന്നിയിരുന്ന കാലം. നാടകം എന്ന ആഗ്രഹത്തിനൊടുവില്‍ ഡിഗ്രി പഠനം അവസാനിപ്പിച്ചിരുന്നു. നാടകം തൊഴിലായി എടുക്കണമെന്ന ആഗ്രഹത്തില്‍ ജീവിതത്തിന് മുമ്പില്‍ പല ജോലിയും ചെയ്ത് സംഭ്രമിച്ച് നിന്നിരുന്ന ആ സമയത്തായിരുന്നു ഒരു ഫിലിം ആക്ടിങ് വര്‍ക് ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. അന്ന് അവിടെ ക്ലാസെടുത്തത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആക്ടിങ് വിഭാഗം തലവനായിരുന്ന ചന്ദ്രമോഹന്‍ നായര്‍ സാറായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിവെച്ചു. എന്റെ ജീവിതത്തില്‍ ഏറ്റവും വഴിത്തിരിവായ സംഭവമായിരുന്നു അത്.

കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സൂര്യ ഫെസ്റ്റിവലില്‍ ഒരു നാടകം കളിക്കാന്‍ പോയി. നാടകത്തില്‍ അഭിനയിക്കുന്നതിനുപുറമെ അവിടത്തെ പല ജോലികളും കൂടെ ചെയ്യേണ്ടിയിരുന്നു. അതൊക്കെ നാടകത്തിന്റെ ഭാഗമായി സന്തോഷത്തോടെയും അഭിമാനത്തോടെയും ചെയ്തിരുന്ന കാര്യങ്ങളാണ്. പെയിന്റ് ചെയ്യുക, സെറ്റ് ചുമക്കുക തുടങ്ങിയവയൊക്കെ ചെയ്യേണ്ടിവരും. 
ഞാനും സുഹൃത്തു കലേഷും ഇതിന്റെ ഇടവേളകളില്‍ അവിടെനിന്നും മുങ്ങി തിരുവനന്തപുരത്തു തന്നെയുള്ള സാറിനെ കാണാന്‍ പോകുമായിരുന്നു. അവിടെ വെച്ച് അദ്ദേഹം ചോദിച്ച ചോദ്യമാണ് എന്റെ ജീവിതം ആകെ മാറ്റിമറിച്ചത്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏറെക്കാലത്തിന് ശേഷം അഭിനയത്തില്‍ കോഴ്‌സ് ആരംഭിച്ചിരുന്നു. അഭിനയം ഇത്രയും ഗൗരവമായി കാണുന്നയാളെന്ന നിലയില്‍ കോഴ്‌സിന് പ്രവേശനത്തിന് ശ്രമിച്ചുകൂടെ എന്ന് അദ്ദേഹം എന്നോടുചോദിച്ചു. എന്നാല്‍ വീട്ടിലെ സ്ഥിതി അപ്പോള്‍ അനുകൂലമായിരുന്നില്ല. ചേച്ചിയുടെ വിവാഹമൊന്നും കഴിഞ്ഞിരുന്നില്ല. ആ അവസ്ഥയില്‍ അവിടെനിന്ന് ഒരു മാറിനില്‍ക്കല്‍ സാധ്യമായിരുന്നില്ല. രണ്ടാം വര്‍ഷവും സൂര്യ ഫെസ്റ്റിവലിന് നാടകത്തിന്റെ ഭാഗമായി ഞാന്‍ പോയി. അവിടെയും ചന്ദ്രമോഹന്‍ സാര്‍ വന്നു. നാടകം കണ്ട അദ്ദേഹത്തിന് നാടകവും എന്റെ അഭിനയവും ഒരുപോലെ ഇഷ്ടമായി. 

അഭിനയത്തെ കുറച്ചുകൂടി ഗൗരവത്തോടെയെടുക്കണമെന്നും ഇല്ലെങ്കില്‍ ജീവിതം ഇങ്ങനെത്തന്നെയങ്ങ് പോവുമെന്നും ജീവിതം മാറ്റമില്ലാതെ ഇങ്ങനെത്തന്നെ തുടരുമെന്നും അദ്ദേഹം അന്ന് എന്നോടുപറഞ്ഞു. കോഴ്‌സിന് പ്രവേശനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അതിനായി എങ്ങനെ തയ്യാറാവണമെന്ന് പറഞ്ഞുതരാമെന്നും സാര്‍ പറഞ്ഞു. എന്നെ പൂര്‍ണമായും ഫിലിം സ്‌കൂള്‍ പരീക്ഷയ്ക്കായി തയ്യാറാക്കിയത് അദ്ദേഹമാണ്. അവിടെ പ്രവേശനം കിട്ടിയതോടെയാണ് എന്റെ ജീവിതം ഇന്ന് ഇവിടെയെത്തി നില്‍ക്കുന്നത്. ആ ഒരു സ്‌നേഹവും മകനോടെന്നപോലെയുള്ള അടുപ്പവും ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും വലിയ നടന്‍മാരില്‍ ചിലരുടെ ശിഷ്യന്‍ എന്ന നിലയില്‍ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. നസറുദ്ദീന്‍ ഷാ, ആദില്‍ അമന്‍, ആദില്‍ ഹുസ്സൈന്‍,  ബെഞ്ചമിന്‍ ഗിലാനി, അരവിന്ദ് പാണ്ടെ, ലോക് ധര്‍മ്മിയില്‍ എന്റെ ഗുരുവായ പ്രൊഫസര്‍ ചന്ദ്രദാസന്‍ സര്‍ തുടങ്ങീ പ്രഗത്ഭരായ നിരവധി പേരുടെകൂടെ ദിവസങ്ങള്‍ ചെലവഴിക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ അധ്യാപക ദിനത്തില്‍ ഞാന്‍ ഏറ്റവും ഓര്‍ക്കുന്നതും മനസ്സുകൊണ്ട് പ്രണമിക്കുന്നതും ചന്ദ്രമോഹന്‍ സാറിനെത്തന്നയാണ്. എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. പരിചയപ്പെടുന്നവരില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന വ്യക്തിത്വം. പുള്ളിയെ ജീവിതത്തില്‍ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ മുന്നോട്ടുള്ള യാത്ര എത്രത്തോളം ഇതുപോലെ സാധ്യമാവുമായിരുന്നു എന്ന് എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല.

Content Highlights: Vinay about His teacher - Teachers day 2021