വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, ഇനിയും മുന്നേറേണ്ടതുണ്ട്. മുഴുവന്‍ കുട്ടികളുടെയും കഴിവിനെ അംഗീകരിക്കുന്നതും അത് ഏറ്റവും ഉന്നതിയിലേക്കെത്തിക്കുന്നതിനുമുള്ള തുല്യ അവസരം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കാന്‍ നമുക്ക് കഴിയണം.

നമ്മുടെ മുന്നോട്ടുള്ള പോക്കില്‍ അന്തര്‍ലീനമായ പ്രധാനപ്പെട്ട ദൗര്‍ബല്യമാണ് നമ്മുടെ നാട്ടിലെ മാലിന്യപ്രശ്‌നം. ചെറിയ ക്ലാസുകളില്‍ത്തന്നെ ശുചിത്വത്തിന്റെ രീതിശാസ്ത്രം കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയണം.

കായികക്ഷമത ഉറപ്പാക്കുന്ന കാര്യം വിട്ടുവീഴ്ചചെയ്യാന്‍ കഴിയാത്തതാണ്. രോഗാതുരരായ കുട്ടികളുള്ള തലമുറ ഒരു പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ല. അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ശാസ്ത്രീയവികാസം ഉറപ്പാക്കാനും ഏറ്റവും മികച്ച വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും നമുക്ക് കഴിയണം. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി നമുക്ക് പുതുതായി വികസിപ്പിക്കണം.

പഠനവസ്തുതകള്‍ ഇത്രമാത്രം കുത്തിനിറച്ച് കുട്ടികളുടെ പഠനഭാരം വല്ലാതെ വര്‍ധിപ്പിക്കേണ്ടതുണ്ടോ എന്നും പാഠ്യപദ്ധതി പരിഷ്‌കരണസമയത്ത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. തൊഴിലിനോടുള്ള മനോഭാവത്തിലും മാറ്റംവരണം. ജ്ഞാനസമൂഹം, പ്രാദേശികസമ്പദ്ഘടന ശക്തിപ്പെടുത്തല്‍ തുടങ്ങിയ പുതിയ ധാരണകളുമായി കേരളീയസമൂഹം മുന്നോട്ടുപോകുമ്പോള്‍ അതിനോടൊപ്പം ചലിക്കാന്‍ സ്‌കൂള്‍പാഠ്യപദ്ധതിക്ക് കഴിയണം. ഇതെല്ലാം ഉള്‍ക്കൊള്ളുംവിധം അധ്യാപകരുടെ മനോഭാവം മാറേണ്ടതുണ്ട്. സാങ്കേതികവിദ്യാമാറ്റംകൂടി നാം കാണണം. അതുംകൂടി ഉള്‍ക്കൊള്ളാനുള്ള അറിവും കഴിവും നൈപുണിയും നേടണം.

അധ്യാപകരുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കേണ്ടതുണ്ട്. എല്ലാകാര്യത്തിലും മികവാകണം നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും മുമ്പെന്നപോലെ ഇപ്പോഴും വഴികാട്ടികളാകാന്‍ അധ്യാപകര്‍ക്ക് കഴിയണം.

Content Highlights: V. Sivankutty  Minister for General Education and Labour - Teachers day 2021