ഗ്രാഫ് ആദ്യം വരച്ചത് എട്ടാം ക്ലാസിലാണ്, വരയ്ക്കാന്‍ പഠിപ്പിച്ചത് വേണു മാഷും. അക്കാലത്തെ ക്രിക്കറ്റ് കളിക്കാരന്‍ ശ്രീനാഥിനെ ഓര്‍മിപ്പിക്കുന്ന മുഖമുള്ള, ആറടിയെങ്കിലും പൊക്കമുള്ള ആജാനുബാഹു. ക്ലാസിലെ പഠിത്തത്തില്‍ ഏറ്റവും പിന്നിലുള്ളവരെ പ്രത്യേകം പരിഗണിക്കുന്ന അധ്യാപകന്‍ എന്നായിരുന്നു അന്നത്തെ അതിശയം.

കുട്ടികളോട് സംവദിക്കുന്ന കാര്യങ്ങള്‍ കൃത്യമായിരിക്കണമെന്നും യുക്തിപൂര്‍വ്വമായിരിക്കണമെന്നും നിശ്ചയമുണ്ടായിരുന്നു വേണുമാഷിന്. ഗ്രാഫ് വരയ്ക്കാനെന്നപോലെ കണക്കിലെ മറ്റു കളികളും ശരിയായിത്തന്നെ പഠിപ്പിച്ചു. അധ്യാപനത്തിലെയും ആശയവിനിമയത്തിലെയും കൃത്യത ആയിരുന്നിരിക്കണം എന്നിലെ അധ്യാപികയ്ക്ക് വേണുമാഷ് തന്ന അറിവ്.

ഇപ്പോള്‍ ഫിസിക്കല്‍ കെമിസ്ട്രി ലാബില്‍ ഇന്‍സ്ട്രക്ഷന്‍ കൊടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഗ്രാഫിന്റെ പൊതുരൂപം പറഞ്ഞുകൊടുക്കേണ്ടിവരാറുണ്ട്. കുട്ടികളുടെ പ്രാക്ടിക്കല്‍ റെക്കോര്‍ഡ് ബുക്കിലെ ഗ്രാഫില്‍ ഡാറ്റ കൃത്യമായിരുന്നാലും പൊതുരൂപത്തിന്റെ ഭാഗമായ ആക്‌സിസ് ലേബലുകള്‍, സ്‌കെയില്‍ എന്നിവ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഞാന്‍ ബുക്ക് തിരിച്ചയയ്ക്കും. അങ്ങനെ ചെയ്യുമ്പോഴെല്ലാം ഒരു ലേശം വേണുമാഷ് എന്നില്‍ ജീവിച്ചിരിക്കുന്നു എന്നാണ് എനിക്കതിനേപ്പറ്റി തോന്നാറുള്ളത്.

11-ാം ക്ലാസില്‍നിന്ന് 12-ാം ക്ലാസിലേക്ക് കയറുമ്പോള്‍ സീനിയേഴ്‌സില്‍നിന്ന് പകര്‍ന്നുകിട്ടുന്ന ആവലാതിയാണ് ഇന്റഗ്രേഷനും ഡിഫറന്‍സിയേഷനും പഠിക്കാനുണ്ട് എന്നത്. മലയാളം ക്ലാസില്‍ പരിചയപ്പെട്ട 'ബന്ധനസ്ഥനായ അനിരുദ്ധനി'ലെ കുംഭാണ്ഡന്റെ പേരില്‍ അറിയപ്പെട്ടിരുന്ന മാഷാണ് ഇന്റ്രേഗഷനുമായി വന്നത്. ഇന്റഗ്രേഷന്‍ പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നും അത് നിങ്ങളെക്കൊണ്ടൊന്നും പറ്റില്ലെന്നുമായിരുന്നു ആദ്യ ക്ലാസ് മുതല്‍ വര്‍ഷം തീരുംവരെ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. അത് ഞാന്‍ ശിരസ്സാവഹിച്ചു. ഇന്റഗ്രേഷന്‍ പഠിക്കാന്‍ പ്ലസ്ടു കാലത്ത് എനിക്ക് കഴിഞ്ഞതേയില്ല.

പിന്നീട് ഡിഗ്രി ഒന്നാം വര്‍ഷ പരീക്ഷയില്‍ കണക്കിന് മിനിമം മാര്‍ക്കില്‍ പാസ്സാകുന്നതുവരെ കുംഭാണ്ഡന്റെ സ്വാധീനം എന്നെ പിന്തുടര്‍ന്നു. ഇതിന്റെ പരിക്ക് പരിഹരിക്കാനും ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടാനും ബ്രണ്ണന്‍ കോളേജിലെ ക്ലാസ്മുറികളും മികച്ച അധ്യാപകരും പിന്നീട് എന്നെ പ്രാപ്തയാക്കി.

ഒരു വിഷയം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ ഇതു കടുകട്ടിയാണെന്നും നിങ്ങള്‍ക്ക് വഴങ്ങില്ലെന്നും പറയുന്ന ചുരുക്കം അധ്യാപകരെയും  സഹപ്രവര്‍ത്തകരെയും കണ്ടിട്ടുണ്ട്. കുട്ടികളെ കുറച്ചുകാണുകയാണ് അവര്‍ ചെയ്യുന്നത്. ഭീതി നിറച്ച് അവതരിപ്പിക്കപ്പെട്ട ഒന്നിനേയും സ്‌നേഹത്തോടെ സമീപിക്കനാവില്ല എന്നത് അടിസ്ഥാന പാഠമാണ്.

പിന്നീട് ഉപരിപഠന കാലത്ത് നല്ല അധ്യാപകരെ മാത്രം കണ്ടുമുട്ടാനുള്ള ഭാഗ്യമുണ്ടായി. സയന്റിഫിക് ടെംപര്‍, ശാസ്ത്രീയ യുക്തിയോടെ ഏതു കാര്യത്തെയും മനസ്സിലാക്കാനുള്ള പരിശീലനം, പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ജീവിതത്തില്‍ പരമാവധി പാലിക്കണമെന്നുള്ള വാശി, അധ്യാപനത്തിലെ ജനാധിപത്യബോധം ഇങ്ങനെ തിരിച്ചറിവുകളുടെ വലിയൊരു പാക്കേജ് ആണ് അവരുമായുള്ള ഇപ്പോഴും തുടരുന്ന ബന്ധം.

ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും തന്നിട്ടുള്ളവരാണ് അവരെല്ലാം. ക്ലാസ്മുറിയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠശാലകൂടിയായിരുന്നു അവരുടെ കെമിസ്ട്രി ക്ലാസുകള്‍. അതുകൊണ്ടുതന്നെയാകണം ഇരുപതു വയസ്സുകാരെ വ്യക്തികളായി പരിഗണിക്കാനും എന്നോടൊപ്പം കാണാനും ഇപ്പോള്‍ കഴിയുന്നത്.

തങ്ങള്‍ക്ക് സൗകര്യപ്രദമല്ലാത്ത ക്ലാസ് സമയങ്ങളും പരീക്ഷാ സമയങ്ങളും അധ്യാപകന്റെ തീരുമാനത്തെ അതേപടി പിന്തുടര്‍ന്ന് സ്വീകരിക്കാന്‍ പരിശീലിക്കപ്പെട്ടവരാണ് നമ്മുടെ കുട്ടികള്‍. സ്വന്തം സ്‌പേസിനെക്കുറിച്ച് ഏറെ ബോധവാന്മാരാണെന്ന് നമ്മള്‍ പറയാറുള്ള പുതുതലമുറപോലും ക്ലാസ് മുറി അവരുടേതാണെന്നും അവരാണ് അവിടെ പരിഗണിക്കപ്പെടേണ്ടതെന്നും മുന്‍ഗണനയ്ക്ക് അര്‍ഹരെന്നും മനസ്സിലാക്കുന്നില്ല. ക്ലാസ് മുറികളിലും നോ പറയാന്‍ അവര്‍ ശീലിക്കേണ്ടിയിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവരവിനിമയം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും വലിയ പരിക്കുകളില്ലാതെ നടക്കും. വിഷയം പഠിപ്പിക്കാന്‍ ഇക്കാലത്ത് അധ്യാപകന്റെ ആവശ്യമില്ല. ക്ലാസ് മുറികളിലെ ജൈവികതയില്‍ന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ട അറിവുകളിലാണ് അധ്യാപകന്റെ പങ്കുള്ളത്. പാഠഭാഗങ്ങള്‍ക്കപ്പുറത്ത് കിട്ടേണ്ടിയിരുന്ന ട്രെയിനിങ് ആണ് കോവിഡ് കാലം കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തിയത്. ക്ലാസ്മുറികളില്‍ സ്വാഭാവികമായി സംഭവിക്കുമായിരുന്ന സന്ദര്‍ഭങ്ങളും അധ്യാപകവിദ്യാര്‍ഥി വ്യവഹാരങ്ങളുമാണ് ഇല്ലാതായിപ്പോയത്. അധ്യാപകനില്‍നിന്ന് വിദ്യാര്‍ഥികളിലേക്കുള്ള പകര്‍ച്ചകളാണ് ഇല്ലാതായത്.

അത് തിരിച്ചുകിട്ടും. മുന്‍പത്തേക്കാള്‍ കാര്യക്ഷമവും സാങ്കേതികതകളാല്‍ കൂടുതല്‍ ചലനാത്മകവുമായ ക്ലാസ് മുറികളും അധ്യാപകവിദ്യാര്‍ഥി ബന്ധവും ഇനി ഉണ്ടാകും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയിലെ സവിശേഷ വിനിമയസന്ദര്‍ഭങ്ങള്‍ ക്ലാസ് മുറികളില്‍ ഇനിയും സൃഷ്ടിക്കപ്പെടും. അങ്ങനെ അധ്യാപകന് പിന്തുടര്‍ച്ചകളുണ്ടാകും.

എന്റെ എല്ലാ അധ്യാപകരും ഓരോ ക്ലാസ്മുറിയിലും എന്നോടൊപ്പം വരുന്നു. അവരില്‍നിന്നു കിട്ടിയതും അവരില്‍നിന്ന് കിട്ടാതിരുന്നതുമാണ് എന്നിലെ അധ്യാപികയെ രൂപപ്പെടുത്തിയതെന്നാണ് വിശ്വാസം. ഗ്രാഫിലെ എക്‌സ്‌വൈ ആക്‌സിസുകള്‍ മാത്രമല്ല, ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ കണിശതയും ശാസ്ത്രത്തിന്റെ രീതിശാസ്ത്രവുംകൂടിയാണ് വേണു മാഷിന്റെ കണക്കു ക്ലാസില്‍നിന്ന് എനിക്ക് കിട്ടിയത്. മുന്‍വിധികളെ പുറത്താക്കാനുള്ള പാഠമായിരുന്നു കുംഭാണ്ഡന്റെ കണക്കു ക്ലാസ്.

ഗ്രാഫ് വരയ്‌ക്കേണ്ടത് എങ്ങനെയെന്നും ഗ്രാഫ് വായിക്കേണ്ടത് എങ്ങനെയെന്നും എന്റെ ഫിസിക്കല്‍ കെമിസ്ട്രി ക്ലാസില്‍ ട്രെയിനിങ് കിട്ടുന്ന ഓരോ വര്‍ഷത്തെയും മുപ്പതിലേറെ കുട്ടികളില്‍ ഒരാളെങ്കിലും ഭാവിയില്‍ എന്നെ പ്രതിഫലിപ്പിക്കുമായിരിക്കും. ആ ഒരാള്‍ വരുംതലമുറയിലെ വേറൊരാളില്‍ പ്രതിഫലിക്കുമായിരിക്കും. അങ്ങനെ അനേക തലമുറകള്‍ക്കു ശേഷവും ഒരുലേശം വേണുമാഷ് ജീവിക്കും. ജനിതക കൈമാറ്റത്തേക്കാള്‍ ശേഷിയുള്ള മറ്റൊരു കൈമാറ്റം- മനുഷ്യനെ അനശ്വരനാക്കുന്ന മറ്റൊരു വിദ്യ.

ഇത്രയും ഉയരമുള്ള മനുഷ്യന്‍ എങ്ങനെ തൂങ്ങിമരിച്ചു എന്നതായിരുന്നു ആ മരണവാര്‍ത്ത ആദ്യമുണ്ടാക്കിയ നടുക്കം. അല്‍ഷിമേഴ്‌സ് ബാധിച്ച അമ്മയുടെ പിന്തുടര്‍ച്ചയില്‍ ഭയന്നിട്ടാവാം ഗ്രാഫിലെ വൈ ആക്‌സിസിനെ ഓര്‍മിപ്പിക്കുംവിധം മാഷ് കൃത്യതയുടെ, സ്ഥിരതയുടെ ഒരു നേര്‍രേഖ തിരഞ്ഞെടുത്തത്. ഓര്‍മകളില്ലാതെ ജീവിക്കേണ്ടിവരുന്നതിനെ പേടിച്ച്, സ്വന്തം അസ്തിത്വം സന്ദിഗ്ധതകളിലേക്ക് നീങ്ങുന്നതിനെ ഭയന്ന് നിനച്ചിരിക്കാതെ മരണം തിരഞ്ഞെടുത്തത്. കൃത്യതയില്‍ വിശ്വസിച്ചിരുന്ന വേണു മാഷിന് അതില്ലാതെയുള്ള ജീവിതം അസാധ്യമായിരുന്നിരിക്കാം.

(മഞ്ചേരി എന്‍.എസ്.എസ്. കോളേജ് അധ്യാപികയാണ് ലേഖിക. ജര്‍മനിയിലെ കോബ്ലന്‍സ്‌ലാന്‍ഡൗ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.).

Content Highlights: Teachers Day Special  - Teachers day 2021