ഇടതുഭാഗത്തിന് രണ്ടു കൈകളിലും തരിപ്പ് അനുഭവപ്പെട്ടതിനാല്‍ ഒരു ന്യൂറോ സര്‍ജനെ കാണാന്‍ ആ പ്രൈവറ്റ് ആശുപത്രിയില്‍ കറങ്ങിത്തിരിച്ചു പുറത്ത് കടക്കാന്‍ നേരത്താണ് ഈ് വിവരമറിഞ്ഞത്.
'എമ്മ ടീച്ചര്‍ അവിടെയുണ്ട്. രണ്ടാം നിലയില്‍ ഒരുവീല്‍ചെയറില്‍ കണ്ടൂ..'
ആരാണ് പറഞ്ഞത് എന്ന് ഓര്‍മ്മ കിട്ടുന്നില്ല. പെട്ടെന്ന് മേലോട്ട് ഓടിക്കയറി..ടീച്ചറുടെ മുന്നിലെത്തി .
അവരുടെ വീല്‍ചെയറിന് സമീപം  ഒടിഞ്ഞു കുത്തിയ മറ്റൊരു പെണ്‍കോലം!ഹോം നഴ്‌സാണ്.

വേദനനിറഞ്ഞമുഖഭാവത്തില്‍ ടീച്ചറെ കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ മാഷായി മാനേജറുടെ നിയമനോത്തരവും കൊണ്ട് ടീച്ചറുടെ മുന്നില്‍ ആദ്യമായി വന്ന ദിവസം ഓര്‍മ്മ വന്നു.

അന്ന് ആ കൊച്ചു മുറിയില്‍ സ്ഥാനംതെറ്റിവെച്ച ഒരു കൗതുകവസ്തുപോലെ ഒരു പഴയ മരമേശക്കുപിറകില്‍ ഒരു മരക്കസേരയില്‍ സര്‍വ്വാലങ്കാരഭൂഷണത്തോടെ അവര്‍ ഇരിക്കുകയായിരുന്നു.

ഒരു നിറം കുറഞ്ഞ കുറുതായ അല്പം തടിച്ച സ്ത്രീ.അത്ര ആകര്‍ഷകമല്ലാത്ത മുഖം പല്ലുകള്‍ മുന്നോട്ടു ഉന്തിയിരിക്കുന്നു. വിടര്‍ന്ന കണ്ണുകള്‍! മുഖംനിറയെ പൗഡര്‍ വാരിപ്പൊത്തിയിട്ടുണ്ട്. നെറ്റിയില്‍ മെറൂണ്‍ നിറത്തിൽ വലിയൊരു പൊട്ട് ഒട്ടിച്ചിരിക്കുന്നു. കഴുത്തില്‍ വലിയ വട്ടത്തിലുള്ള പതക്കങ്ങള്‍ പതിച്ചപോലുള്ള ഒരു നെക്ലസ്, പുരികം ഐബ്രോകൊണ്ട് വരച്ചിട്ടുണ്ട്. വാലിട്ടു കണ്ണെഴുതിയപോലെ കണ്‍കോണും നീട്ടി വരച്ചിരിക്കുന്നു. ഒരു നീലപട്ടുസാരിയും ബ്ലൗസും..,ഒറ്റ നോട്ടത്തില്‍ ഇവരെ ഞാന്‍ എവിടെയൊക്കെയാ കണ്ടതായി ഓര്‍ത്തു.

'ഗുഡ്‌മോര്‍ണിംഗ് അഭിവാദ്യം ചെയ്തു നിയമനോത്തരവുവാങ്ങി നോക്കി. പേരു വായിച്ചു.
മാഷെ വീടെവിട്യാ...വീടു പറഞ്ഞു കൊടുത്തു.'ഓഹ്...ഞങ്ങളുടെ അടുത്തന്ന്യാ...നന്നായി.'
അപ്പോഴേക്കും പുതിയ മാഷെ കാണാന്‍ എല്ലാവരും ഓഫീസില്‍ എത്തി .
ടീച്ചര്‍ ആ നിയമനോത്തരവു വേറൊരു ടീച്ചറെ ഏല്പിച്ചു, അതുനോക്കി പേര് രജിസ്റ്ററില്‍ എഴുതാന്‍ പറഞ്ഞു.
എഴുതിക്കഴിഞ്ഞപ്പോള്‍ ഒപ്പിടീച്ചു. പിന്നെ വ്യക്തിപരമായ കുറേ കാര്യങ്ങളും ചോദിച്ചു മനസിലാക്കി. അവര്‍ ഒരു ക്ലാസിലേക്കു കൂട്ടികൊണ്ടുപോയി.

അന്ന് ആ ടീച്ചറെ കണ്ടപ്പോള്‍ ഒരമ്പരപ്പാണ് തോന്നിയത്. ഇവരെന്താ ഇങ്ങനെ?
തുണിക്കടയിലെ പ്രതിമകള്‍ അലങ്കരിച്ചപോലെ എപ്പോഴും ഇടതുകൈ ഒന്ന് മുന്നോട്ടു മടക്കി അതില്‍ സാരിയുടെ മുന്താണി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അവരെ സാധാരണ കാണുക. നഗരത്തില്‍ പല ആള്‍ക്കൂട്ടത്തിലും അവരെ മുന്‍പ് കണ്ടിട്ടുണ്ട്!

പോകെപ്പോകെ ആളെ മനസിലായി വയസ് അന്‍പതുകഴിഞ്ഞു. ആംഗ്ലോ ഇന്ത്യന്‍.  നഗരമധ്യത്തില്‍പഴയതെങ്കിലും വലിയ ഒരുവീട്ടില്‍ അനിയത്തിയും ഒരു സഹോദരനുമൊപ്പമാണ് താമസം. എല്ലാവരും ഒരല്പം വ്യത്യസ്തമായ രീതിയിലാണ് പെരുമാറ്റം. സഹോദരനും സഹോദരിയും അധികമാരോടും സംസാരിക്കില്ല. കാഴ്ചക്ക് അത്ര പോരാ. എല്ലാവരും അവിവാഹിതരാണ്.

ടീച്ചര്‍ക്ക് ജോലിയുള്ളതുകൊണ്ട് എല്ലാവരും സുഖമായി കഴിയുന്നു. ആ വീടിന്റെ പലഭാഗവും പലര്‍ക്കുമായി വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. പണ്ടെങ്ങോ നിശ്ചയിച്ച വാടകയാണ്. അടുത്ത മുറിയില്‍ താമസിക്കുന്നവരാരുമായി ഒരടുപ്പവുമില്ലത്രേ! അവിടെയുള്ളവര്‍ അവരുടെ കാര്യവുമായി കഴിയുന്നു.

ടീച്ചര്‍ രാവിലെ കൃത്യമായി നല്ലവണ്ണം അണിഞ്ഞൊരുങ്ങി സ്‌കൂളിലെത്തും. സ്‌കൂളില്‍ പത്തു പന്ത്രണ്ട് അദ്ധ്യാപകരും ഒരു പ്യൂണുമുള്ളതു കൊണ്ട് വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടന്നു പോണുണ്ട്. പ്യൂണാണ് മിടുക്കന്‍.   ഓഫീസ് ജോലികള്‍ എല്ലാം അറിയാം. ഏതു ഫയലും പുള്ളിയാണ് കൈകാര്യം ചെയ്യുന്നത്. പുള്ളി എഴുതുന്നു ടീച്ചര്‍ ഒപ്പിടുന്നു. അവര്‍ ആള്‍ ഒരു പാവമായിരുന്നു.ചില മനുഷ്യര്‍ഇങ്ങനെയുമുണ്ട്.അവിടെ പ്രധാനാധ്യാപികയുടെ ഒഴിവുവന്നപ്പോള്‍ സീനിയോറിറ്റികാരണം അവര്‍ പ്രധാന അദ്ധ്യാപിക ആയിപ്പോയതാണ്. എല്ലാ സഹാദ്ധ്യാപകരും വളരെ കരുതലോടെ സ്‌കൂള്‍ കൊണ്ടു നടക്കുന്നു. ആര്‍ക്കും ഒരു പരിഭവവുമില്ലാതെ യാന്ത്രികമായി  സ്‌കൂള്‍ നടുന്നു പോയി!വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പ്രത്യേക പരിഗണന അവര്‍ക്ക് ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരെഇഷ്ടവുമായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ കഴിവനുസരിച്ച് അവര്‍ക്ക് ആഫീസ്‌കാര്യങ്ങളില്‍ സഹായിച്ചിരുന്നു.

അവര്‍  പൊതുവില്‍ പാട്ടുകള്‍ ഇഷ്ടപ്പെട്ടിരുന്നു.യേശുദാസിനെ വലിയ ഇഷ്ടമായിരുന്നു .ഇടക്കിടെ സ്വകാര്യമായി പാട്ടുമൂളും ഞങ്ങള്‍ ആണുങ്ങള്‍ പലപ്പോഴും  ടീച്ചറുടെ ഈ ദൗര്‍ബല്ല്യം മുതലാക്കാന്‍ ഒഴിവു പിരീഡുകളില്‍ ടീച്ചറെ പറഞ്ഞു പുകഴ്ത്തി പാട്ട് പാടിക്കുമായിരുന്നു. പാട്ട് നന്നായി എന്ന് പറഞ്ഞു ടീച്ചറുടെ വക ചായകൊണ്ടുവരീച്ചു കുടിക്കുമായിരുന്നു. ഒരു നേരമ്പോക്ക്, അത്രമാത്രം. ലേഡിടീച്ചര്‍മാരോട് ടീച്ചര്‍ അത്ര അടുപ്പം കാണിക്കില്ല.  അവരും അങ്ങനെ തന്നെ!അണിഞ്ഞൊരുങ്ങലും പാട്ട് പാടലുമൊക്കെ  ചെയ്യുന്നത് പരിഹാസാസ്യമായി അവരില്‍ ചിലര്‍ കണ്ടിരുന്നു.പക്ഷെ അവര്‍ക്കും ടീച്ചറെ വലിയ ഇഷ്ടമായിരുന്നു.

സുഖമോദേവീ എന്നപാട്ട് പാടി ഞങ്ങള്‍ ഇടക്കിടെ ടീച്ചറുടെ വക ചായ വാങ്ങി കുടിക്കും. ഇങ്ങനെയൊക്കെ  ഞങ്ങളുടെ പ്രധാനാദ്ധ്യാപികയായിരുന്ന  ടീച്ചറാണിത്. ടീച്ചര്‍ ഏറ്റവും വെറുത്തിരുന്നത് പ്രായത്തെയായിരുന്നു. താന്‍ പിരിയുന്നത് പത്രത്തില്‍ കൊടുക്കാന്‍ പോലും ടീച്ചര്‍ മടിച്ചു. ആള്‍ക്കാര്‍ പ്രായം മനസിലാക്കുമല്ലോ..
പെന്‍ഷന്‍പറ്റിയശേഷം ടീച്ചര്‍ വല്ലപ്പോഴും മാത്രമേ സ്‌കൂളില്‍ വന്നുള്ളൂ പക്ഷെ അപ്പോഴും നന്നായി അണിഞ്ഞൊരുങ്ങിയാണ് വന്നിരുന്നത്.

പിന്നെ പിന്നെ എല്ലാവരേയും പോലെ ഞങ്ങളും ടീച്ചറെ മറന്നു. ടീച്ചര്‍ സ്‌കൂളിനേയും.ജോലിത്തിരക്കിനിടെ വല്ലപ്പോഴും ഞാനും സുരേന്ദ്രന്‍ മാഷും ഒന്നുരണ്ടു തവണ അവരുടെ വീട്ടില്‍ കയറിയിറങ്ങിയിട്ടുണ്ട്.
എനിക്ക് ഒരുമകനുണ്ടായപ്പോള്‍ കുറച്ച് മധുരവുമായി ടീച്ചറെ പോയികണ്ടു.അപ്പോഴും ആ സന്ധ്യയില്‍ ധാരാളം പൗഡറിട്ട് ആഭരണങ്ങള്‍ ധരിച്ച് ഉമ്മറത്തില്‍ തന്നെ ടീച്ചര്‍ ഇരിപ്പുണ്ടായിരുന്നു.

അച്ഛന്‍ പഠിപ്പിച്ച് സ്‌കൂള്‍ ജോലിക്ക് കയറ്റിയത് ടീച്ചറുടെ ഭാഗ്യം.അവരുടെവേണ്ടപ്പെട്ട വരാരു മായി ഒരു ബന്ധവുമില്ലാതെ ആ കൊച്ചു കുടുബം അങ്ങനെ കഴിഞ്ഞു വന്നു. അയല്‍ക്കാരാരുമായി സൗഹൃദമില്ലാതെ ഏറെക്കുറെ ദുരൂഹമായ ഒരു ജീവിതം! അതിനിടെ എപ്പോളോ സഹോദരന്‍ മരിച്ചത് ഞങ്ങള്‍ കേട്ടിരുന്നു.

ഒരു ദിവസം വീണ്ടും ടീച്ചര്‍ സ്‌കൂളില്‍ വന്നു. കുറെ സങ്കടങ്ങള്‍ പറഞ്ഞു. അവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ മറ്റൊരു യമണ്ടന്‍ സ്‌നേഹം ഭാവിച്ച് തട്ടിയെടുത്ത കഥ!

ഇങ്ങനെയും മനഷ്യരുണ്ടോ?എനിക്ക് അത്ഭുതം തോന്നി.
തൊട്ടടുത്ത വീട്ടില്‍ ഒരു ബിസിനസ്‌കാരന്‍ തെക്ക് നിന്നും, വാടകയ്ക്ക് വന്നിരുന്നു. ടീച്ചറുടെ സാമ്പത്തിക കാര്യങ്ങള്‍ മനസിലാക്കിയ ആ കേമന്‍ ടീച്ചറെ പറഞ്ഞു പറ്റിച്ച് എല്ലാസമ്പാദ്യവും  തട്ടിയെടുത്ത കഥ പറഞ്ഞു .എങ്ങനെ പറ്റിച്ചുഎന്ന് ആരും അന്വേഷിച്ചില്ല.

'അബദ്ധം പറ്റി മാഷേ..'അന്ന് അവര്‍ കുറെ നേരം അവിടെയിരുന്നു കരഞ്ഞു.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും അത് ഒരു ദു:ഖവാര്‍ത്തയായിരുന്നു.പിന്നീട് ടീച്ചര്‍  സ്‌കൂളില്‍ വന്നിട്ടില്ല.ആ ടീച്ചറാണിത്.
ആശുപത്രിയില്‍ കൂടെ നില്‍കുന്ന പെണ്‍കോലത്തോട് രോഗവിവരം ചോദിച്ചു മനസിലാക്കി.അവര്‍ ഒരു ക്ഷീണിതയായ ഹോം നഴ്‌സാണ്.ആരോ പറഞ്ഞു കേട്ട് ടീച്ചറുടെ അടുത്ത് എത്തിപ്പെട്ടതാണ്.ഇല്ലായ്മയുടെ ദൈന്യത അവരുടെ ശരീരം വിളിച്ചു പറയുന്നുണ്ട്.

സുരേഷ് ഡോക്ടറാണ് ചികിത്സിക്കുന്നത്. സംഭവം കേന്‍സറാണ്.ബ്രസ്റ്റ് റിമൂവ് ചെയ്തു കഴിഞ്ഞു.ഡോക്ടറെ നേരിട്ട് കണ്ടു.  വിവരങ്ങള്‍ അന്വേഷിക്കാന്‍ ഒരാള്‍ വന്നത് അദ്ദേഹത്തിനെ അത്ഭുതപ്പെടുത്തിയത്രേ..! അത്യാവശ്യത്തിനുപണമുണ്ട്  പക്ഷെ അത് ബാങ്കില്‍ നിന്നും എടുത്തു കൊടുക്കാനാളില്ല. ഡോക്ടര്‍ എന്നോട് ആ നിസ്സഹായാവസ്ഥ വിശദീകരിച്ചു.ഡോക്ടര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് കൊടുത്ത് ചെലവിന് കൈയില്‍ വെക്കാന്‍ പറയുമത്രെ.ഇടക്ക് ടീച്ചര്‍ ഡോക്ടര്‍ക്ക് ചെക്ക് എഴുതിക്കൊടുത്തു കണക്ക് തീര്‍ക്കും!

എന്നെ കണ്ടത് ടീച്ചര്‍ക്കും ഡോക്ടര്‍ക്കും കൂടെ കണ്ട ആ സ്ത്രീക്കും ഒരാശ്വാസമായി
വളരെ മോശം അവസ്ഥയിലാണ് രോഗം!
ഇനി ഒരു തിരിച്ചു വരവ് ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ നിന്നും മനസിലായി

അതു ഒരു ഓണക്കാലവും നോമ്പ് കാലവും ആയിരുന്നു. സ്‌കൂള്‍ അവധിക്കാലം.ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ എന്ന് പറയുന്നത് ഇല്ല തന്നെ.

ഞാന്‍ ആ ചുരുങ്ങിയ ദിവസങ്ങളില്‍ ആശുപത്രിയില്‍ നിത്യ സന്ദര്‍ശകനായി. ഞാനല്ലാതെ അടുത്ത് ആരും ടീച്ചറെ അന്വേഷിച്ചു വരാനില്ല. സുരേന്ദ്രന്‍ മാഷെ ഞാന്‍ ഫോണ്‍ ചെയ്തു വിവരം അറിയിച്ചു. മാഷ് കുറേ ദൂരെയാണ് താമസം.പെട്ടെന്ന് ഓടിവരാനൊന്നും പറ്റില്ലല്ലോ.

ശ്വാസതടസവും വേദനയും കൊണ്ട് ടീച്ചര്‍ പലപ്പോഴും അസ്വസ്ഥയായിരുന്നു.
ടീച്ചര്‍ക്കുള്ള കഞ്ഞി ആ സ്ത്രീ കേന്റീനില്‍ നിന്നും കൊണ്ടു വരും.എന്തുഭക്ഷണം വേണമെങ്കിലും കൊടുത്തൊളാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു.

അടുത്ത ദിവസം ഓണമാണ്.ടീച്ചറോട് ഞാന്‍ ഓര്‍മ്മിപ്പിച്ചു.'നാളെ കഞ്ഞി വേണ്ട, നമുക്ക് സദ്യയാക്കാം..'
ടീച്ചര്‍ വിഷാദഭാവത്തില്‍ ചിരിച്ചു തലയാട്ടി.ഓണത്തിന് എല്ലാ വിഭവങ്ങളോടും കൂടിയ ഒരു സദ്യതന്നെ ഞാന്‍ ടിഫിന്‍ കേരിയറിലാക്കിയിരുന്നു ആ സ്ത്രീ അതോരോന്നും അല്പാല്പമായി പ്ലേറ്റില്‍ വിളമ്പി ക്കൊടുത്തു.അല്പം ആര്‍ത്തിയോടെതന്നെ ഓരോ രുചിയും ടീച്ചര്‍ ആസ്വദിച്ചു എന്ന് എനിക്ക് തോന്നുന്നു.കുറച്ചു ചോറേ കഴിച്ചുള്ളൂ.
പായസവും കഴിച്ചു.പിന്നെ കുറച്ചു  നേരം ചെരിച്ചു വെച്ച തലയിണയില്‍ ചാരി ഇരുന്നു.ഹോംനേഴ്‌സ് പാത്രങ്ങള്‍ വൃത്തിയാക്കി തിരിച്ചു തന്നു.ഞാന്‍ ഇറങ്ങാന്‍ നോക്കുകയായിരുന്നു.

പെട്ടെന്നാണ് അതു സംഭവിച്ചത്. ഒരു അസ്വാസ്ഥ്യം!ശ്വാസതടസ്സം കൂടിയപോലെ ഞാന്‍ ടീച്ചറെ കൈകൊണ്ട് താങ്ങി,ആ താങ്ങലിനിടയില്‍ ടീച്ചര്‍ യാത്ര തുടങ്ങിയിരുന്നു!മറ്റു പ്രയാസങ്ങന്‍ ഒന്നുമില്ലാതെ!
കണ്ണുകള്‍ മിഴിച്ചു, ബലംവെച്ചുതുടങ്ങിയ ശരീരം! ആ സ്ത്രീ നേഴ്‌സിനെ വിളിച്ചു.
ഡോക്ടര്‍ ഓടിയെത്തി.കുറച്ചു നേരം അവരെല്ലാവരും കൂടി എന്തെല്ലാമോ ചെയ്തു നോക്കി. ആള്‍ പോയിക്കഴിഞ്ഞിരുന്നു.!

'മാഷെ ആരെങ്കിലും ഉണ്ടെങ്കില്‍ വിവരം അറിയിച്ചോളൂ..'ഡോക്ടര്‍ നിസ്സഹായനായി പറഞ്ഞു.

ഇനി എന്ത് ചെയ്യും?ആരെയാണ് വിവരം അറിയിക്കേണ്ടത്?ആ സ്ത്രീ അവരുടെ പേഴ്‌സ് തുറന്ന് ഒരു ചെറിയ കടലാസ് തുണ്ടു എടുത്തു തന്നു.ഒരു ഫോണ്‍ നമ്പര്‍ ആണ്. ഒരു സ്റ്റാന്‍ലി മാഷുടെ,ഞാന്‍ ആ നമ്പറില്‍ വിളിച്ചു പറഞ്ഞു.' ഇത് ആശുപത്രിയില്‍ നിന്നാണ്,ടീച്ചര്‍ തന്ന നമ്പര്‍ ആണ്, താങ്കളെ എനിക്ക് അറിയില്ല, എമ്മടീച്ചര്‍ പോയീ'അപ്പുറത്തെ ആളെ എനിക്ക് അറിയില്ലായിരുന്നു.
'നിങ്ങള്‍ ദയവായി ഒന്നു ബോഡി വീട്ടില്‍ എത്തിക്കുക. ഞാന്‍ കുറച്ചു വൈകിയേ എത്തൂ.'അയാള്‍ പറഞ്ഞു
ഞാന്‍ സുരേന്ദ്രന്‍ മാഷെ വിളിച്ചു വിവരം പറഞ്ഞു.

'ഇതാ..ഇപ്പൊ വരാം',

'ഒന്ന് എല്ലാ ടീച്ചര്‍മാരേയുംവിവരമറിയിക്കണേ'
'ഓ.കേ..'

ബോഡി തല്ക്കാലം മോര്‍ച്ചറിയിലേക്ക് മാറ്റി. സ്‌കൂളില്‍ അധികവും ലേഡി ടീച്ചര്‍മാരാണ്. പലരും ഓണത്തിരക്കിലുമാണ്.ഞാന്‍ സുരേന്ദ്രന്‍ മാഷുടെ വരവും കാത്തിരുന്നു.സന്ധ്യയോടെ വന്നു.
സുരേന്ദ്രന്‍ മാഷും ഞാനും മോര്‍ച്ചറിയില്‍ കയറി,ജീവിതത്തില്‍ ആദ്യമായി മോര്‍ച്ചറിയില്‍ കയറുകയാണ്.ശീതീകരിച്ച മുറിയില്‍ ടേഗ് കെട്ടി വെച്ച ആ ശരീരം കൂടുതല്‍ ബലം വെച്ചു കഴിഞ്ഞു.

ഞങ്ങള്‍ രണ്ടു പേരും കൂടി ആ ശരീരം ആമ്പുലന്‍സില്‍ ആ പഴയ വീട്ടില്‍ എത്തിച്ചു.അത്ഭുതപ്പെടുത്തിയ ഒരു കാര്യം ആരും അവിടെ ഒരു സഹായത്തിനില്ലായിരുന്നു എന്നതായിരുന്നു. ആ ഹോം നഴ്‌സി നോട് ഒരു പായ എടുത്തു തരാന്‍ പറഞ്ഞു. അവര്‍തന്ന പായ തെക്ക് വടക്കായി വിരിച്ച് അതില്‍ അവരെ കിടത്തി.പിന്നെ എന്ത് ചെയ്യണമെന്ന് അറിയില്ല.അവരുടെ ആചാരങ്ങള്‍ ഒന്നും അറിയില്ലല്ലോ.ടീച്ചറുടെ ഒരു  അന്തവുമില്ലാത്ത ആ സഹോദരി അവിടെയിരുന്നു കരയുന്നു.  

നഗരത്തിലെ മറ്റൊരു സ്‌കൂളിലെ എന്റെ ഒരു സുഹൃത്ത് ഡെന്നിസ് മാഷുണ്ട്.ഇവരുടെ സമുദായക്കാരനും  പള്ളിയിലെ ഒരു കാര്യക്കാരനുമാണ്.അയാളോട് ഞാന്‍ വിവരം അറിയിച്ചു.സ്റ്റാന്‍ലിമാഷ് എത്തീട്ടില്ല.

സന്ധ്യയോടു കൂടി അവരുടെ പള്ളിയില്‍ നിന്നും ചിലരെല്ലാം വന്നു. ഞങ്ങളുടെ സ്‌കൂള്‍ ടീച്ചര്‍മാരും വന്നു ചേര്‍ന്നു.പിന്നെ ഞാനും  സുരേന്ദ്രന്‍ മാഷും മെല്ലെ മുറ്റത്തിറങ്ങിനിന്നു.. അവിടെ ഒരു ശവപ്പെട്ടിയും
ഇറക്കി വെച്ചിട്ടുണ്ട്.

ആ സംഭവം ഒരു നിയോഗമായിരുന്നിരിക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ അവരെ ഇങ്ങനെ കണ്ടുമുട്ടേണ്ടിവന്നതിലെ ആ ആകസ്മീകത!ആ ഓണം!!ആ മരണം!!!ഏതു പൂര്‍വ്വജന്മങ്ങളുടെ കര്‍മ്മഫലമോ എന്തോ.

(എംഐയുപി സ്കൂൾ മൂരിയാട് റിട്ട. അധ്യാപകനാണ് ലേഖകൻ)
Content Highlights: Teachers Day 2021