മിക്കവാറും കുട്ടികളെപ്പോലെതന്നെ എനിക്കും വളരെ ബുദ്ധിമുട്ടുള്ള വിഷയം കണക്കു തന്നെ. എന്നിട്ടും കണക്ക് പ്രധാനവിഷയമായെടുത്തതിന്റെ പിന്നിലുള്ള ഒരു കാരണമാണ് ഈ എഴുത്ത്. പഠിപ്പിച്ച അധ്യാപകനോടുള്ള ആരാധനയും അധ്യാപികയോടുള്ള സ്‌നേഹവുമാണ് എന്റെ ജീവിതത്തില്‍ കണക്കിനുള്ള പ്രാധാന്യം. ഒരു ആവറേജ് വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് ഏഴാം ക്ലാസ് അവസാനത്തോടെ ഞാനെന്തോ പിഎച്ച്ഡിക്കോ മറ്റോ പോകാന്‍ പോകുന്നത്രക്കും ടെന്‍ഷനായിരുന്നു. അടുത്ത വര്‍ഷം ഹൈസ്‌കൂളാണ്, ഇതേ പോലെ പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, പത്താം ക്ലാസിൽ മികച്ച മാര്‍ക്ക് ലഭിക്കണമെങ്കില്‍ എട്ടാം ക്ലാസ് മുതലേ നോക്കണം എന്നിങ്ങനെയുള്ള ഉപദേശങ്ങളും മറ്റുമാണ് ചുറ്റിലും. 

അതുവരെ ട്യൂഷനൊന്നും പോകാതിരുന്ന എനിക്ക് എട്ടാം ക്ലാസ് മുതല്‍ ട്യൂഷന്‍ വേണമെന്ന് ഒരേ നിര്‍ബന്ധം. ട്യൂഷനൊന്നും പോകാതെ സ്‌കൂളില്‍ ടീച്ചര്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ച് വീട്ടില്‍ വന്നിരുന്ന് പഠിച്ചാല്‍ മതിയെന്ന് അമ്മ. എന്നത്തെയും പോലെ അച്ഛന്‍ എന്റെ ആഗ്രഹസാഫല്യത്തിനായെത്തി. അവള്‍ പോകുന്നെങ്കില്‍ പൊക്കോട്ടെ, വീടിന് പിറകില്‍ തന്നെയുണ്ടല്ലോ ട്യൂഷന്‍ സെന്റര്‍. പിന്നെ നിനക്കെന്താ കുഴപ്പമെന്നായി. ആ എന്തേലും ചെയ്യെന്ന് അമ്മ. എന്തിനു പറയുന്നു ബുക്കും ചുറ്റിപ്പിടിച്ച് ട്യൂഷന് പോകാനുള്ള ആഗ്രഹം നടന്നു. സ്‌കൂളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചതിനുശേഷമാണ് ട്യൂഷന്‍ ക്ലാസില്‍ പഠിപ്പിക്കുന്നതെന്നത് അവിടെ ആളാകാനുള്ളതിനൊരു കാരണവുമായി. 

അങ്ങനെയിരിക്കെയാണ് പൊതുവെ താത്പര്യമില്ലാത്ത കണക്ക് പഠിപ്പിക്കാനായി ഒരു സുന്ദരന്‍ സാര്‍ വന്നത്. പേരും ആളും ഒരുപോലെ സുന്ദരന്‍ തന്നെ. കണ്ടമാത്രയില്‍ എനിക്ക് വല്യ ഇഷ്ടവുമായി. പക്ഷെ ആളെടുക്കുന്ന ക്ലാസ് ആലോചിക്കുമ്പോള്‍ ബാഗും തൂക്കി ഇറങ്ങിയോടാനാ തോന്നിയത്. ആദ്യദിവസമായതുകൊണ്ട് സാര്‍ കുറച്ച് ലളിതമായ ചോദ്യങ്ങളൊക്കെ ചോദിച്ച് കുറെ വിശേഷങ്ങളൊക്കെ പറഞ്ഞു. അപ്പോഴും മനസില്‍ വലിയ ആശങ്കയായിരുന്നു. പിന്നീടുള്ള ക്ലാസുകള്‍ എങ്ങിനെ തള്ളിനീക്കുമെന്നായി അടുത്ത ചിന്ത. തൊട്ടടുത്ത ക്ലാസ്സോടെ എനിക്ക് കണക്കിലുള്ള ജ്ഞാനത്തെക്കുറിച്ച് മാഷിന് ഏകദേശ ധാരണയായി. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍ സാര്‍ ഞങ്ങളെ ഓരോരുത്തരെയായി സഹിക്കാന്‍ തുടങ്ങി. ആത്മാര്‍ത്ഥതയോടെയും അതിലേറെ പ്രസന്നതയോടെയുമാണ് മാഷ് പാഠഭാഗങ്ങള്‍ പകര്‍ന്നു തരുന്നത്. അതില്‍ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു തര്‍ക്കവുമില്ല.

പക്ഷെ കുട്ടികളായ ഞങ്ങള്‍ മാഷ് കണക്ക് ബോര്‍ഡില്‍ ചെയ്തുതരുമ്പോള്‍ സംസാരവും അടിയും ഇടിയുമൊക്കെയായി ശ്രദ്ധിക്കാതെ ഇരിക്കും. പലപ്പോഴും ചോക്ക് പൊട്ടിച്ചെറിഞ്ഞ് സാര്‍ സാറിന്റെ അമര്‍ഷം ഉള്ളിലൊതുക്കി സ്‌നേഹത്തോടെ പെരുമാറി. ഇതിനിടെ ഒരു ക്ലാസില്‍ എന്റെ അശ്രദ്ധയും സംസാരവും കേട്ട് സാറിന് കലിവന്ന് എന്നോടൊരു ചോദ്യം. ഞാന്‍ നിന്ന് ബബബ..... സര്‍വസമവാക്യങ്ങളെക്കുറിച്ചാണോ ബഹുഭുജത്തെക്കുറിച്ചാണോ പറയുന്നതെന്നുപോലും ശ്രദ്ധിക്കാതെ ക്ലാസിലിരുന്ന എനിക്ക് അന്ന് നല്ലപോലെ കേട്ടു. അന്ന് എല്ലാവരുടെയും മുന്നില്‍ വെച്ച് എല്ലാമറിയാമെന്ന ഭാവമാണല്ലോ എന്നെല്ലാം പറഞ്ഞ് അദ്ദേഹം എന്നെ കളിയാക്കുകയും വഴക്കുപറയുകയും ചെയ്തു. നിന്നിടത്തുനിന്ന് ഉരുകി ഒലിച്ചുപോകുന്നപോലെ എനിക്ക് തോന്നി. പൊതുവെ പൊട്ടിത്തെറിയായ ഞാന്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ ക്ലാസില്‍ മിണ്ടാതെയിരിക്കാനും പ്രതികരിക്കാതെയിരിക്കാനും തുടങ്ങി. ഒത്തിരി അനുഭവപരിചയമുള്ള സാറിന് എന്റെ മനസ് വായിക്കാന്‍ സാധിച്ചു എന്നുവേണം കരുതാന്‍. പിന്നീടൊരു ദിവസം സാര്‍ എന്നെ വിളിപ്പിച്ചു. 

ക്ലാസില്‍ കുട്ടികള്‍ ശ്രദ്ധിക്കാതെയിരിക്കുമ്പോള്‍ സാറിനുണ്ടാകുന്ന വിഷമങ്ങളെക്കുറിച്ചും കുട്ടികള്‍ ശ്രദ്ധിച്ചിരിക്കുമ്പോഴും ഉത്തരം പറയുമ്പോഴുമുണ്ടാകുന്ന സന്തോഷത്തക്കുറിച്ചുമെല്ലാം പറഞ്ഞു തന്നു. (അഞ്ചു വര്‍ഷത്തെ എന്റെ അധ്യാപന ജീവിതത്തില്‍ അദ്ദേഹത്തെ ഓര്‍ക്കാത്ത ദിവസങ്ങളില്ല. അന്ന് സാര്‍ എന്നോട് സംസാരിച്ച പോലെ ഒരുപാട് കുട്ടികളോടെനിക്കും സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് സാറനുഭവിച്ച സങ്കടത്തക്കുറിച്ചോര്‍ത്ത് വിഷമിച്ചിട്ടുമുണ്ട്.) ഒന്നാം ക്ലാസ് മുതല്‍ 7 വരെയും അവിടുന്ന് പത്താംക്ലാസ് വരെയും വനിതാഅധ്യാപകര്‍ മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ പുരുഷഅധ്യാപകരോട് പൊതുവെ ഒരു അതൃപ്തിയോടെയുള്ള സമീപനമായിരുന്നു. പക്ഷെ എല്ലാം ചുമ്മാതാണെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ മുതല്‍ സാറിനോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും ഇഷ്ടവുമൊക്കെ തോന്നിത്തുടങ്ങി.

അവിടുന്നങ്ങോട്ട് അദ്ദേഹം പറയുന്ന പാഠങ്ങളെല്ലാം അതേ പോലെ ഉള്‍ക്കൊള്ളാന്‍ തുടങ്ങി. എല്ലാം ഹൃദ്യസ്ഥമാക്കാന്‍ തുടങ്ങി. എത്ര പ്രയാസമുള്ള കണക്കുകളായാല്‍ പോലും ആവേശത്തോടെ ചെയ്തു തുടങ്ങി. സ്‌കൂളില്‍ ചെന്നാല്‍ മാഷിന്റെ രീതികള്‍ മനസില്‍ കണ്ട് മറ്റു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനും തുടങ്ങി. ഇതുപോലെ എന്നെ സ്വാധീനിച്ച ഒരു അധ്യാപകനോ അധ്യാപികയോ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നോണം ഞാന്‍ കണക്ക് എന്ന വിഷയത്തെയും സ്‌നേഹിച്ചു തുടങ്ങി.

എല്ലാ വിഷയത്തിലും ഈ ആത്മാര്‍ത്ഥത കാണിക്കാനായില്ലെങ്കിലും കണക്കില്‍ മികച്ച മാര്‍ക്കോടെ തന്നെ എനിക്ക് പത്താം ക്ലാസ് വിജയിക്കാനുള്ള കാരണവും സുന്ദരനായ സുന്ദരന്‍ സാര്‍ തന്നെ എന്ന് നിസ്സംശയം പറയാന്‍ കഴിയും.

Content Highlights: Teachers day 2021