ന്നാം ക്ലാസിലെ ആദ്യ ദിവസം....ഒരുപാട് കുട്ടികളും അധ്യാപകരും.... അറിയാത്ത കുറെ മുഖങ്ങള്‍. വേറെ ഏതോ ലോകത്തെത്തിപ്പെട്ടതുപോലെയായിരുന്നു ആ ക്ലാസ് മുറികള്‍... അതെനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യത്തെ ഒരാഴ്ച ക്ലാസ്സിൽ കയറാൻ മടിച്ച എന്റെ പഠനം സ്‌കൂളിന്റെ പറമ്പിലും, തൊട്ടടുത്ത പള്ളിമുറ്റത്തുമായിരുന്നു. കൃത്യം നാലാം ദിവസം  ടീച്ചറെന്നെ എന്റെ സമ്മതമില്ലാതെ തൂക്കിയെടുത്ത് ക്ലാസിലിട്ടു...

ക്ലാസ് മുറികളേ ഇഷ്ടമല്ലായിരുന്ന എനിക്ക് മനോഹരമായ ഒരു ലോകത്തെ അവിടെ കാട്ടിത്തരാന്‍ തുടക്കമിട്ടത് എന്നെ ഇന്നും സ്‌നേഹത്തോടെ ''എടി കൊച്ചേ...'എന്ന് വിളിക്കുന്ന എന്റെ ഗ്രേസിടീച്ചറാണ്.. ആ എല്‍പി കാലം എന്നെ പിന്നീടുള്ള പത്ത് വര്‍ഷങ്ങളിലും ക്ലാസ് മുറികളില്‍ പിടിച്ചിരുത്തി.

ക്ലാസ് മുറിയിലേക്ക് മഴയെ കൊണ്ടുവന്ന സതീശന്‍മാഷും, പാഠപുസ്തകങ്ങളെ മുഴുവന്‍ സമൂഹവുമായി ബന്ധപ്പെടുത്തി ചിന്തിക്കാന്‍ പഠിപ്പിച്ച രാജന്‍മാഷും, അകക്കണ്ണുകൊണ്ട് വര്‍ണ്ണങ്ങള്‍ തീര്‍ത്ത ജലീല്‍ മാഷും, അച്ചടക്കം വേണ്ടതിനെ പറ്റിയും, വേണ്ടാത്ത അച്ചടക്കത്തെ പറ്റിയും ജീവിതത്തില്‍ പഠിപ്പിച്ച ഉഷടീച്ചറും, ശൂലപാണി മാഷും... പേരുപറഞ്ഞാല്‍ തീരാത്ത നിരവധി അധ്യാപകരും എന്റെ സ്‌കൂള്‍ ജീവിതത്തില്‍ വസന്തം തീര്‍ത്തപ്പോളും അധ്യാപകരും ക്ലാസ് മുറികളുമില്ലാത്ത ഒരു അധ്യയനലോകത്തെ ഞാൻ സ്വപ്നം കണ്ടു. അലസത ഒന്നു കൊണ്ട് മാത്രമാണത്.

2019 മാര്‍ച്ച് മാസം ലോകമാകെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ കടന്ന് വരവ് ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ പരീക്ഷയെന്ന് പറഞ്ഞ് പേടിപ്പിച്ച എസ്എസ്എല്‍സി പരീക്ഷയെ നടുമുറിച്ചുകളഞ്ഞുകൊണ്ടായിരുന്നു. പെന്നിനും പേപ്പറിനുമൊപ്പം പരീക്ഷഹാളില്‍ സാനിറ്റൈസറും മാസ്‌കും കടന്നുവന്നു. പിന്നീട് നടന്നത് എന്റെ അധ്യാപകരേയോ സഹപാഠികളേയോ ഒന്നും തന്നെ കാണാന്‍ സാധിക്കാതെ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോറത്തിന്റെ മുന്നിലിരുന്ന് ഒരു അധ്യയനം വര്‍ഷം മുഴവന്‍ തീര്‍ക്കലായിരുന്നു.

ഈ ഡിജിറ്റല്‍ ലോകം അറിവിന്റെ ഒരു വലിയ സാധ്യത തുറന്ന് തരുമ്പോഴും ക്ലാസ് മുറിയിലെ നേരിട്ടുള്ള സംവാദങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നുമല്ലാം ലഭിക്കുന്ന സാമൂഹികമായ അറിവിനെ ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കിയിരിക്കുന്നു.

ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ എനിക്ക് എന്റെ അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നുമെല്ലാം ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇത്തരമൊരു ഓണ്‍ലൈന്‍ പഠനരീതിയിലൂടെ അത് ലഭിക്കുന്നില്ല. ആരേയും നേരിട്ട് കാണാതെ വീടുകള്‍ക്കുള്ളില്‍ ഒരു മൊബൈല്‍ ഫോണ്‍ നോക്കിയിരുന്ന് യാന്ത്രികമായി പഠിക്കുന്ന ഈ വിദ്യാഭ്യാസ രീതി വിദ്യാര്‍ത്ഥികളില്‍ തീര്‍ക്കുന്നത് കടുത്ത മാനസിക സംഘര്‍ഷമാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ അവന്റെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അവന്റെ സാമൂഹിക ചുറ്റുപാടുകള്‍ക്കും വളരെ വലിയ പങ്കുണ്ട്. അവന്റെ ബാല്യകാലത്തും കൗമാര കാലത്തും അവനേറ്റവും കൂടുതല്‍ ചിലവിടുന്നത് വിദ്യാലയങ്ങളിലാണ്.  അവിടമവന്റെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ഓണ്‍ലൈന്‍ വിദ്യഭ്യാസ കാലത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല.

ഒരു കാലത്ത് ഞാന്‍ അറിഞ്ഞുകൊണ്ടും അറിയാതെയും സ്വപ്‌നം കണ്ടിരുന്ന അധ്യാപകരും ക്ലാസ്മുറികളുമില്ലാത്ത പഠനം മടുപ്പുളവാക്കുന്നതാണെന്ന് തിരിച്ചറിയുന്നു.ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ്...എല്ലാ വിദ്യാര്‍ത്ഥികളേയും പോലെ സഹപാഠികളോടൊത്ത് എന്റെ സ്‌കൂള്‍ മുറ്റത്ത് പാറി നടക്കാന്‍...എന്റെ പ്രിയപ്പെട്ട അധ്യാപകരോട് സംവദിക്കാന്‍.......

പ്ലസ്ടു വിദ്യാര്‍ത്ഥിനി, എസ്.എന്‍.എം.എച്ച്‌എസ്

Content Highlights: Online classes- Teachers day 2021