രു സ്‌കൂൾ തുറന്നാല്‍ ഒരു ജയിലടക്കും എന്നുപറഞ്ഞത് വിക്ടര്‍ ഹ്യൂഗോയാണ്. അത്രമാത്രം സ്‌കൂളുകള്‍ സമൂഹത്തിന്റെ സ്പന്ദനങ്ങളാണ്. ഒരു സമൂഹംകൂടി വളരുകയാണ് സ്‌കൂളിനോടൊപ്പം. ഒപ്പം കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയും. 

ലോകം മുഴുവന്‍ ഒരു വൈറസിന് കീഴടങ്ങിയപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കൊച്ചുകേരളത്തേയും തകര്‍ത്തുകളഞ്ഞു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ അതിന്റെ ഇരകളും അനുഭവസ്ഥരുമായി.

ഒന്നരകൊല്ലത്തോളമായ് സ്‌കൂളുകളുടെ വാതിലുകള്‍ കുട്ടികള്‍ക്കായ് മലര്‍ക്കെ തുറക്കാതിരുന്നിട്ട്. ബെഞ്ചുകള്‍ക്കും ഡെസ്‌കുകള്‍ക്കും ജീവന്‍ ഇല്ലാതായിട്ട്. ചുവരുകളില്‍ കോറിവരകളും ചിത്രങ്ങളും പതിയാതായിട്ട്. സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ആര്‍പ്പുവിളികളാൽ ശബ്ദമുഖരിതമാകാതായിട്ട്. കൊല്ലം തോറും നിറയെ മാങ്ങകള്‍തരുന്ന സ്‌കൂളിലെ മാവ് കഴിഞ്ഞവര്‍ഷം പൂത്തതേയില്ല. കുട്ടികളില്ലാതെ അവര്‍ക്ക് അനുഭവിക്കാനാവാതെ എന്തിന് പൂക്കണം കായ്ക്കണം എന്ന് മാവിനും തോന്നിയിട്ടുണ്ടാവണം.

മുപ്പതുകൊല്ലത്തോളമായ് സ്‌കൂളുമായ് ആത്മബന്ധം സ്ഥാപിച്ചുതുടങ്ങിയിട്ട്. ഇത്രയും കാലത്തിനിടയില്‍ ഇത്രയും ശൂന്യതയനുഭവിച്ച ഒരു കാലമുണ്ടായിട്ടില്ല. കുട്ടികളാണ് ഓരോ സ്‌കൂളിന്റേയും സന്തോഷങ്ങളും ചലനങ്ങളും. അവ നിശ്ചലമാകുമ്പോള്‍ മരിച്ചവീടുപോലെയത് മരവിച്ചുകിടക്കും.

സംവാദസാധ്യതകള്‍ നിറഞ്ഞ, പങ്കാളിത്ത ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ ക്ലാസുമുറികളിന്ന് ഒച്ചയും അനക്കവുമില്ലാതെ കിടക്കുകയാണല്ലോ. വ്യക്തിപരമായ് പറഞ്ഞാല്‍ എന്റെ ചില സര്‍ഗ്ഗാത്മകതകളും വായനയും ഞാന്‍ വളര്‍ത്തിയെടുത്തത് എന്റെ കുട്ടികളോടൊപ്പമുള്ള ജീവിതമായിരുന്നു. അവരില്‍ നിന്നു എത്രയോ അറിവുകള്‍ കിട്ടി. എത്രയോ മൂല്യങ്ങള്‍ പഠിക്കാനായി. അവരിലൂടെ ഒരു കുട്ടിയാകാനും കുട്ടികളുടെ മനസ്സും നിഷ്‌കളങ്കതയുമറിയാനും കഴിഞ്ഞു. അതെല്ലാം തകിടംമറിയുകയായിരുന്നു സ്‌കൂള്‍ ഇല്ലായ്മയിലൂടെ.

ഇന്ന് നേരിട്ടുള്ള പഠനം അസാധ്യമാണല്ലോ. കുഞ്ഞുങ്ങളുടെ മുഖംകണ്ട്, അവരുടെ പ്രസരിപ്പുകള്‍ കാണാതെ, അവരുടെ കുരുത്തകേടുകള്‍ അനുഭവിക്കാതെ ഒരു ക്ലാസുമായ് മുന്നോട്ടുപോകുന്നതിന്റെ വേദനയും അസ്വാസ്ഥ്യവും ശരിക്കും അനുഭവിക്കുകയാണിപ്പോള്‍.

ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവരുടെ മനസ്സും ചിന്തകളുമനുഭവിക്കാതെ അതങ്ങ് പോയികൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ അതിനൊരു പുതുമയും സൗന്ദര്യവുമുണ്ടായിരുന്നു. ഇതുവരെയും കുട്ടികളും അധ്യാപകരും അനുഭവിക്കാത്ത ഇടങ്ങള്‍. പയ്യെപയ്യെ അതിന്റെ നിര്‍ജീവത്വം എല്ലാവരുംഅനുഭവിക്കുകയായിരുന്നു. ക്ലാസുറൂമുകളിലെ ജൈവികതയും സര്‍ഗ്ഗാത്മകതയും ഒരിക്കലും ഓണ്‍ലൈന്‍ക്ലാസുകളിലൂടെ സാധ്യമല്ല. അതിന്റെ നിര്‍ജീവത പലപ്പോഴും മറുതലയിലുള്ള കുട്ടികളില്‍ കാണാറുമുണ്ട്.

യാന്ത്രികമായുള്ള ഓണ്‍ലൈന്‍ക്ലാസുകളും നിര്‍ജീവിതക്കൊരു കാരണം തന്നെ. സിലബസ് തീര്‍ക്കാനുള്ള നെട്ടോട്ടത്തില്‍ മറുപുറമുള്ള കുട്ടികളുടെ മനസ്സും ശരീരവും കാണാതെപോകുന്നതാണ് പ്രധാനം. റെഗുലര്‍ ക്ലാസുകളേക്കാള്‍ ഭാരവും വിഷമവും കുട്ടികള്‍ അനുഭവിക്കുന്നതായും അറിയുന്നു.
ഈയിടെ ഒരു ഓണ്‍ലൈനില്‍ ക്ലാസില്‍ കയറിയപ്പോള്‍ കൃഷിയായിരുന്നു വിഷയം. പറഞ്ഞ് പറഞ്ഞ് അത് വീട്ടിലെ ചെടികളിലേക്കും പൂന്തോട്ടനിര്‍മ്മാണത്തിലുമെത്തി. എന്റെ തോട്ടം ഞാനവതരിപ്പിച്ചപ്പോള്‍ കുട്ടികള്‍ അവരുടെ പൂവും ചെടികളും ആവേശത്തോടെ പറയാന്‍ തുടങ്ങി. ഞങ്ങള്‍ തമ്മില്‍ പരസ്പരം ചെടികള്‍ കൈമാറുംവരെ അതെത്തി. ഇതെല്ലാം സംഭവിക്കുന്നത് ഇതുവരേയും നേരില്‍ കാണാത്ത കുട്ടികളുമായാണ്.

ഒരിക്കലത് സംഗീതത്തിലെത്തി അവര്‍ പാട്ടും കവിതയും ചൊല്ലി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഈയിടെ പരിഷത്തിന്റെ മക്കള്‍ക്കൊപ്പം പരിപാടിയില്‍ നൂറുകണക്കിന് രക്ഷിതാക്കളുമായ് ഓണ്‍ലൈന്‍മീറ്റിന് അവസരം കിട്ടി...രക്ഷിതാക്കളും നിരാശരാണ് കുട്ടികളുടെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയില്‍. സ്‌കൂളൊന്ന് തുറന്ന് കിട്ടിയാല്‍മതിയെന്ന് രക്ഷിതാക്കളും കുട്ടികളും ഒരുപോലെ ആഗ്രഹിക്കുകയാണ്.

ഈ കോവിഡ് കാലത്ത് കുട്ടികള്‍ക്കെന്തെല്ലാം നഷ്ടപ്പെട്ടു. അവരുടെ മാനസിക ശാരീരിക വളര്‍ച്ചയാണ് മുരടിച്ചത്. അവരുടെ ഭാഷാശേഷിയും നേതൃത്വപാഠവുമാണ് ഇല്ലാതായത്. അവരുടെ ഓടിച്ചാടിയുള്ള കളികളാണ് നിന്നുപോയത്. അവരുടെ ചില ചിട്ടകള്‍ക്കാണ് ക്രമംതെറ്റിയത്. സ്‌കൂളുണ്ടായിരുന്നെങ്കില്‍ ഇതിനൊക്കെ കുറേയേറെ പരിഹാരമുണ്ടായിരുന്നു.. ഇവരുടെ ആവശ്യങ്ങള്‍ പരഗണിക്കാന്‍ രക്ഷിതാക്കള്‍ക്ക് ആവുന്നില്ല. സമൃദ്ധമായ സംസാരസാഹചര്യങ്ങള്‍ നിലച്ചപ്പോള്‍ അവര്‍ കൂടുതല്‍ ദേഷ്യമുള്ളവരായ് മാറുന്നുവെന്നും പല രക്ഷിതാക്കളും ഒരേ സ്വരത്തില്‍ പറഞ്ഞു.

എന്തായാലും ഇതിനൊക്കെയുള്ള പരിഹാരങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഉണര്‍വുകള്‍ കിട്ടണമെങ്കില്‍ കുട്ടികളെ നേരില്‍കണ്ടും ഇടപെട്ടും മുന്നോട്ടുപോയേ പറ്റു. 2022 ല്‍ ഔദ്യോഗികജീവിതം അവസാനിക്കുമ്പോള്‍ ഇത്രയും കാലം അനുഭവിച്ചതെല്ലാം ശൂന്യമായതുപോലെ...കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ കാണാതെ, അവരുടെ കുസൃതികള്‍ കാണാതെ, അവരുമായ് ക്ലാസ് സംവാദങ്ങള്‍ സാധ്യമാകാതെ എന്തിന് അവരുടെ കൊച്ചുപ്രണയങ്ങള്‍പോലും ദര്‍ശിക്കാനാവാതെ പിരിഞ്ഞുപോകേണ്ടി വരുമോ? കുട്ടികളെപോലെ മനംനിറഞ്ഞാഗ്രഹിക്കുകയാണ് സ്‌കൂളൊന്ന് പെട്ടെന്ന് തുറക്കണേ. മനസ്സിലൊരു കുട്ടിയുണ്ടാകണമേ.

Content Highlights: Online Class System - Teachers Day 2021