രു ശിഷ്യന്‍ എന്നതിനേക്കാളുപരി മകനായി കണ്ട് സ്‌നേഹിച്ച സംഗീതം പകര്‍ന്നു നല്‍കിയ പ്രിയപ്പെട്ട ഗുരു ദേവരാജന്‍ മാഷിനെക്കുറിച്ച് ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ ശിഷ്യനായ സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍

''ഞാന്‍ എപ്പോളും ചിന്തിക്കാറുണ്ട്  ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനാവാന്‍ പറ്റിയതില്‍ ഞാന്‍ എത്രത്തോളം ഭാഗ്യവാനാണ് എന്ന്. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ച് ദക്ഷിണ കൊടുത്ത് ശിഷ്യത്വം സ്വീകരിച്ച ആളാണ് ഞാന്‍. ഒരു പക്ഷേ ഇന്നുള്ളവരില്‍ വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കി യേശുദാസ് പാടിയ പാട്ട് കണ്ടക്ട് ചെയ്യാനുള്ള ഭാഗ്യം കിട്ടിയ ഒരാള്‍ ഞാന്‍ മാത്രമായിരിക്കും. എന്റെ പൊന്നു തമ്പുരാന്‍ എന്ന സിനിമയ്ക്ക് വേണ്ടി സുഭഗേ സുഭഗേ എന്ന പാട്ടായിരുന്നു ഞാന്‍  കണ്ടക്ട് ചെയ്തത്. ലൈവ് റെക്കോര്‍ഡിങ്ങാണ് യേശുദാസ് സാര്‍ തരംഗിണി സുറ്റിഡിയോയില്‍ വോയിസ് റൂമില്‍ നിന്നും പാടുന്നുണ്ടായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ കണ്‍സോളില്‍ ഉണ്ടായിരുന്നു. വയലാര്‍ സാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അങ്ങനെ ഒരു വലിയ അവസരം ജീവിതത്തില്‍ എനിക്ക് കിട്ടി. സിനിമാ സംഗീതം മാത്രമല്ല ശാസ്ത്രീയ സംഗീതത്തില്‍ ഒട്ടേറെ കൃതികള്‍ അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്.

അദ്ദേഹം ഹാര്‍മോണിയവുമായിട്ടിരുന്ന് പല കൃതികളും അതിന്റെ ഉള്ളിലുള്ള അന്തസത്തയും അതിന്റെ ഭാവങ്ങളും ഒക്കെ കൃത്യമായി സ്‌നേഹത്തോടെ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ദേവരാജന്‍ മാസ്റ്റര്‍ ഒരു പ്രത്യേക സ്വഭാവം ഉള്ള ആളാണെന്നും ഒത്തുപോവാന്‍ പാടുള്ള ആളാണെന്നും ഒക്കെ പലരും പറഞ്ഞത് ഞാന്‍ വായിച്ചിട്ടുണ്ട്. കേട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ അദ്ദേഹം എത്രയധികം സ്‌നേഹം ഉള്ളില്‍ നിറച്ചുവെച്ചിരിക്കുന്ന ആളാണെന്ന് എനിക്ക് മനസ്സിലായി. ഒരച്ഛന്‍ മകനു നല്‍കുന്ന സ്‌നേഹം അദ്ദേഹം എനിക്ക് തന്നു. ഒരു ശിഷ്യന്‍ എന്നതിനപ്പുറം ഒരു മകന്‍ എന്ന നിലയിലുള്ള സ്‌നേഹമാണ് അദ്ദേഹം എനിക്ക് തന്നത്. അത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഞാന്‍ ഇന്ന് എന്താണോ അതിന്റെ കാരണവും അദ്ദേഹത്തിന്റെ ശിഷ്യത്തമാണ്.

ഒരിക്കല്‍  ദേവരാജന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് ഒരു ക്ലാസിക്കല്‍ മ്യൂസിക് ഫെസ്റ്റിവല്‍ നടത്തുകയുണ്ടായി. സ്വാതി തിരുന്നാള്‍ മഹാരാജാവിന്റെ കൃതികളാണ് അവിടെ അവതരിപ്പിച്ചത്. അതില്‍ ഒരു കച്ചേരിക്ക് ശേഷം അദ്ദേഹം തംബുരു സൂക്ഷിക്കാനായിട്ട്എന്റെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു . ഞാന്‍ തംബുരു ഗ്രീന്‍ റൂമില്‍ വച്ച് ഒന്ന് വാഷ്‌റൂമില്‍ പോയി വരുമ്പോള്‍ കണ്ടത് തംബുരുവിന്റെ ഒരു സൈഡ് പൊട്ടിയതായിട്ടാണ്. അത് കണ്ട് ഞാന്‍ എന്തുചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി. കാരണം മാഷ് അത്രയും അമൂല്യമായി കൊണ്ട് നടന്നിരുന്ന ഒരു ചുരയ്ക്കാ തംബുരു ആയിരുന്നു അത് മാഷോട് പറഞ്ഞാല്‍ ഏത് രീതിയിലാണ് പ്രതികരിക്കുക എന്ന് അറിയില്ല. കാരണം തംബുരു എന്ന് പറയുന്നത് ഒരു സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രാണനാണ്. ആ പ്രായത്തില്‍ എനിക്ക് എന്തോ ഒന്നും പറയാതെ തംബുരു അവിടെ വെച്ചിട്ട് പോകാനാണ് തോന്നിയത്. അവിടുന്ന് രക്ഷപ്പെട്ടു എന്ന് തന്നെ പറയാം.

പിന്നീട് കുറേ ദിവസത്തേക്ക് ഞാന്‍ മാഷിനെ വിളിച്ചില്ല.  മാഷ് ഗിറ്റാറിസ്റ്റായ ഇളങ്കോ ചേട്ടനോടൊക്കെ അവന്‍ ചെയ്തത് ശരിയായില്ല, അവന്‍ ഇനി ഇവിടെ വരണ്ട എന്നൊക്കെ പറഞ്ഞു. എന്റെ മനസ്സിലാണെങ്കില്‍ വല്ലാത്ത സങ്കടം, അത് ഒരു അഗ്‌നി പര്‍വ്വതം പോലെ ഒക്കെ എനിക്ക് തോന്നി തുടങ്ങി. അങ്ങനെ ഞാന്‍ അമ്മയോട് കാര്യം പറഞ്ഞു. നീ ചെയ്തത് വലിയൊരു തെറ്റാണ്, അപ്പോള്‍ അത് മാഷോട് പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു പറയാതെ അവിടുന്ന് പോന്നത് ഒട്ടും ശരിയായില്ലെന്ന് അമ്മ പറഞ്ഞു. അങ്ങനെ ഞാന്‍ അമ്മയേയും കൂട്ടി മാഷിന്റെ അടുത്ത് പോയി. ഞാന്‍ പുറത്ത് നിന്നു. അമ്മ അകത്ത് പോയി മാഷോട് സംസാരിച്ചു. മാഷ് അമ്മയോടും ആദ്യം ദേഷ്യപ്പെട്ടു പിന്നീട് എന്നെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ അകത്ത് പോയി അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് ചെയ്ത തെറ്റിന് മാപ്പു പറഞ്ഞു. അതിനടുത്ത ദിവസം ഞാന്‍ മാഷിന്റെ അടുത്ത് ചെന്നപ്പോള്‍ മാഷ് പറഞ്ഞു. തംബുരു എന്ന് പറഞ്ഞാല്‍ ഒരു സംഗീതജ്ഞന് പ്രാണനെപ്പോലെ ആകണം. സ്വന്തം ജീവനേക്കാളും അതിന് വിലമതിക്കണം.  ഇന്നും തംബുരു എടുക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ തംബുരു അടുത്തുണ്ടായിരിക്കുമ്പോള്‍ ഞാന്‍ മാഷിനെ ഓര്‍ക്കും മാഷ് പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ക്കും. ''