'ഇനി നിന്റെയൊന്നും വിളച്ചില്‍ നടക്കില്ല. കെ.ടി.ജോസഫ് സാറാ എട്ടാം ക്ലാസില്‍  നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഉഴപ്പുകാണിച്ചാല്‍ ചൂരലുകൊണ്ട് നല്ല പെട കിട്ടും'. കുറുമ്പനാടം സെന്റ് പീറ്റേഴ്‌സില്‍ നിന്നു ഏഴാം ക്ലാസ് ജയിച്ചതിന്റെ പിന്നാലെ ചേട്ടന്റെ ഭീഷണി വന്നു. ചേട്ടന്‍ പത്താം ക്ലാസിലേക്ക് കയറിയതിന്റെ ഗമയ്ക്കിടയിലും അനിയന് ചെറിയൊരു സമ്മര്‍ദ്ദം ഇട്ടുതന്നതാണ്. ആ പ്രായത്തില്‍ അതൊന്നും മനസിലാകില്ലല്ലോ?

സ്‌കൂളിലേക്കുളള നാലഞ്ചു കിലോമീറ്റര്‍ കാല്‍ നടയാത്രക്കിടെ ഹൈസ്‌കൂളിലെ സാറന്‍മാരുടെ വിവരങ്ങള്‍ ചേട്ടനും കൂട്ടുകാരും പറയുന്നത് പലപ്പോഴും കേട്ടിട്ടുള്ളതാണ്. അതിലെ ഒരു പേടിസ്വപ്നമാണ് ജോസഫ് സാര്‍. ഒത്ത പൊക്കവും വണ്ണവുമൊക്കെയുള്ള ഗൗരവക്കാരന്‍. കയ്യില്‍ മിക്കപ്പോഴും ഒരു ചൂരല്‍ കാണും. പദ്യം ചൊല്ലുന്നത് തെറ്റിച്ചാല്‍, പകര്‍ത്തുബുക്ക് കൃത്യസമയത്ത് വെച്ചില്ലെങ്കില്‍, ക്ലാസില്‍ ഉഴപ്പിയാലൊക്കെ സാറിന്റെ ചൂരലിന്റെ രുചി അനുഭവിക്കേണ്ടി വരും.

ദൈവമേ ജോസഫ് സാറായിരിക്കല്ലേ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എന്ന പ്രാര്‍ത്ഥനയോടെയാണ് എട്ടാം ക്ലാസിലെ ആദ്യദിനത്തിനായി സ്‌കൂളിലെത്തിയത്. പ്രാര്‍ത്ഥനയൊന്നും ഫലിച്ചില്ല. ഇംഗ്ലീഷ് പഠിപ്പിക്കരുതേയെന്ന് പ്രാര്‍ത്ഥിച്ച ആള്‍ ദേ ക്ലാസ് ടീച്ചറായി കയറി വരുന്നു.

സാറിനോടുള്ള പേടിയൊക്കെ ആദ്യ ഒരാഴ്ചകൊണ്ടു തന്നെ മാറി. ഓരോ കുട്ടിക്കും മനസിലാകും വിധം പദ്യവും ഗദ്യവുമൊക്കെ പഠിപ്പിക്കും. അതിനിടയില്‍ ലോക കാര്യങ്ങളും പറഞ്ഞു തരും (സാമൂഹ്യ ശാസ്ത്രവും സാര്‍ പഠിപ്പിച്ചിരുന്നു). പക്ഷേ ക്ലാസില്‍ ബഹളം വച്ചാലും അനുസരണക്കേടു കാട്ടിയാലും പഠിച്ചു കൊണ്ടു വന്നില്ലെങ്കിലും സാറിന്റെ വേറൊരു മുഖം കാണേണ്ടി വരുമെന്ന് ഒന്നു രണ്ടു മാസത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യമായി.

കണക്കില്‍ പണ്ടേ കണക്കായിരുന്ന എനിക്ക് ഇംഗ്ലീഷ് ക്ലാസ് ആശ്വാസമായിരുന്നു. കുറച്ചെന്തെങ്കിലുമൊക്കെ അറിയാം എന്ന സന്തോഷം. പെട്ടെന്ന് ഉത്തരം പറയുന്ന കുട്ടിയെ സാറിനും താത്പര്യമായി. ഓണപ്പരീക്ഷ വന്നു. ഇംഗ്ലീഷിന് ഒരു വിധം നല്ല മാര്‍ക്ക് കിട്ടുകയും ചെയ്തു. അതിനിടെയാണ് ഒരു പേപ്പട്ടി കടിച്ചത് എന്റെ ഒരു സ്‌കൂള്‍ വര്‍ഷം കവര്‍ന്നത്.

ഇടയ്ക്ക് ചങ്ങനാശ്ശേരിക്ക് ആന്റിക്കൊപ്പം മരുന്നു വാങ്ങാന്‍ പോയപ്പോള്‍  സാറിനെ കണ്ടു. ആ ഗൗരവക്കാരന്‍ അടുത്തു വന്ന് വിവരങ്ങള്‍ തിരക്കി. അടുത്തവര്‍ഷവും എട്ടാം ക്ലാസില്‍ ജോസഫ് സാര്‍ തന്നെ ഇംഗ്ലീഷ് ടീച്ചര്‍. എന്റെ കഥ എല്ലാം അറിയാവുന്നതുകൊണ്ട് പ്രത്യേക കരുതലും സ്‌നേഹവും സാര്‍ തന്നു. നമ്മളോട് സ്‌നേഹവും കരുണയും കാണിക്കുന്ന അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയത്തോട് നമുക്ക് ഇഷ്ടം കൂടുമല്ലോ? മറ്റുവിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറയുമെങ്കിലും ഇംഗ്ലീഷിന്റെ മാര്‍ക്കുകള്‍ തലയെടുപ്പോടെ തന്നെ നിന്നു.

വാര്‍ഷിക പരീക്ഷയില്‍ ഇംഗ്ലീഷ് രണ്ടാം പേപ്പറിന്റെ പരീക്ഷ നടക്കുകയാണ്. വേറൊരു സാറാണ് ഇന്‍വിജിലേറ്റര്‍. പരീക്ഷാ ഹാളില്‍ ഇടയ്ക്ക് ജോസഫ് സാര്‍ എത്തി. എന്റെ പേപ്പര്‍ സാര്‍ എടുത്തു നോക്കി. അദ്ദേഹം പഠിപ്പിച്ച ഉപന്യാസം വള്ളി പുള്ളി വിടാതെ ഞാന്‍ എഴുതിയിട്ടുണ്ട്. അഭിമാനത്തോടെ ജോസഫ് സാര്‍ മറ്റേ അധ്യാപകനോട് ഇതേക്കുറിച്ചു പറയുന്നതു കേട്ടപ്പോള്‍ ഒരു എട്ടാം ക്ലാസുകാരനുണ്ടായ സന്തോഷവും അത് നല്‍കിയ ആത്മവിശ്വാസവും വാക്കുകള്‍ കൊണ്ട് എഴുതിപ്പിടിപ്പിക്കാനാകില്ല.
 
ആ വര്‍ഷത്തോടെ സാര്‍ ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളിലേക്ക് മാറി. (സാറിന്റെ മകന്‍ സണ്ണി പക്ഷേ ഞങ്ങള്‍ക്കൊപ്പം പത്താം ക്ലാസ് വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ അമേരിക്കയിലാണ്).എങ്കിലും ചങ്ങനാശ്ശേരിയിലും തെങ്ങണയിലും വച്ചൊക്കെ ഇടയ്ക്കിടെ സാറിനെ കാണും.'എന്നാ ഉണ്ടെടാ ജോസേ' എന്ന സ്‌നേഹത്തോടെയുള്ള വിളിയുമായി അടുത്തെത്തും. നമ്മുടെ കാര്യങ്ങള്‍ ചോദിക്കും. സണ്ണിയടക്കമുള്ള മക്കളുടെ വിവരങ്ങള്‍ പറയും. ക്ലാസിലെ മറ്റു കുട്ടികളുടെയുമൊക്കെ കാര്യങ്ങളും തിരക്കും. നമ്മള്‍ വീണ്ടും പഴയ ആ എട്ടാം ക്ലാസുകാരനാകും.

സാറിനെക്കണ്ടിട്ട് പത്തു പതിനഞ്ചു വര്‍ഷങ്ങളായി. ചേട്ടനൊപ്പം രണ്ടു വര്‍ഷം മുമ്പ് സാറിനെ കാണാന്‍ പോകണമെന്ന് പ്ലാനിട്ടതാണ്. കോവിഡ് മഹാമാരി എല്ലാ പദ്ധതികളും തകര്‍ത്തു. സാറിനെ കാണാന്‍ സാധിച്ചില്ലെങ്കിലും  യാതൊരു പ്രത്യേകതകളുമില്ലാത്ത സാധാരണക്കാരനായ ഒരു കുട്ടിയോട് കാണിച്ച കരുതലും സ്‌നേഹവുമെല്ലാം എന്നും മനസ്സിലുണ്ട്.
                        
Content Highlights: Journalist P J Jose About his teacher - Teachers day 2021