പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധര മേനോന്റെ ശിഷ്യനായിരുന്നു ചലച്ചിത്ര താരം ഇന്നസെന്റ്. വൈലോപ്പിള്ളിയുടെ ക്ലാസ്സില്‍ കോട്ടുവായിട്ടതിനു ശിക്ഷയായി അച്ഛനെ വിളിച്ചുകൊണ്ടുവരേണ്ടി വന്ന അനുഭവം ഇന്നസെന്റ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഞാന്‍ പഠിച്ചിരുന്ന ഇരിങ്ങാലക്കുട ഗവണ്‍മെന്റ്‌ബോയ്‌സ് ഹൈസ്‌ക്കൂളില്‍ മൂന്ന് നാല് വര്‍ഷം അധ്യാപകനായി ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയ്ക്ക്  അടുത്താണ് അദ്ദേഹം താമസിച്ചിരുന്നത് . ഒരു സൈക്കിളിലായിരുന്നു മാഷ് സ്‌കൂളില്‍ വന്നിരുന്നത് . സൈക്കിളിന്റെ ടയര്‍ ഉരുണ്ടിട്ടു പോലും റോഡിനു വേദനിക്കരുത് എന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു എന്നു തോന്നുന്ന രീതിയിലാണ് അദ്ദേഹം സൈക്കിള്‍ ചവിട്ടിയിരുന്നത്. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ മലയാളം അധ്യാപകന്‍ അവധി എടുക്കുന്ന ദിവസങ്ങളിലാണ് വൈലോപ്പിള്ളി എനിക്ക് ക്ലാസ് എടുക്കാന്‍ വന്നിരുന്നത് . ഒരിക്കല്‍ മലയാളം അധ്യാപകന്‍ ഇല്ലാതിരുന്ന ദിവസം വൈലോപ്പിള്ളി ക്ലാസ്സില്‍ വന്നു. വൈലോപ്പിള്ളി തന്നെ എഴുതിയ കാക്ക എന്ന പദ്യമാണ് അദ്ദേഹം അന്ന് പഠിപ്പിച്ചിരുന്നത്. ക്ലാസ്സില്‍ വന്ന് ഒരു ടെക്സ്റ്റ് ബുക്ക് എടുത്ത് അദ്ദേഹം കവിത ചൊല്ലി തുടങ്ങി .

''കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ സൂര്യ പ്രകാശത്തിനുറ്റ തോഴി
 ചീത്തകള്‍ കൊതി വലിക്കുകിലും ഏറ്റവും വൃത്തി വെടിപ്പെഴുന്നോള്‍''
ഞാന്‍ അന്ന് പഠിക്കാന്‍ മോശമായിരുന്നെങ്കിലും തമാശ കാണിക്കാന്‍ മിടുക്കനായിരുന്നു. അദ്ദേഹം പദ്യം ചൊല്ലുന്നതിനിടെ ഞാന്‍ ഒന്ന് കോട്ടുവായിട്ടു. മറ്റു കുട്ടികള്‍ എന്നെ ശ്രദ്ധിക്കാന്‍ വേണ്ടി ഞാന്‍ ഒരു തമാശയ്ക്ക് ചെയ്തതായിരുന്നു അത്..

ഉടന്‍ അദ്ദേഹം പുസ്തകം ഒന്ന് താഴ്ത്തിയിട്ട് ആ അപശബ്ദം ഉണ്ടാക്കിയ കുട്ടി ഒന്ന് എഴുന്നേറ്റ് നില്‍ക്കു എന്നു പറഞ്ഞു. സാധാരണ അധ്യാപകര്‍ അങ്ങനെ പറയുമ്പോള്‍ നമ്മള്‍ പിന്നില്‍ ഇരിക്കുന്നവരെ നോക്കിയിട്ട് ഒന്ന് ആംഗ്യം കാണിക്കും . എന്തിനാടാ എന്ന മട്ടില്‍ . അപ്പോള്‍ അധ്യാപകര്‍ ആ കുട്ടിയെ പിടിക്കും . ഞാനും അതുപോലെ പിറകിലേക് നോക്കി . അപ്പോള്‍ അദ്ദേഹം വീണ്ടും പറഞ്ഞു പിന്നിലേക്കൊന്നും നോക്കണ്ട എഴുന്നേറ്റു നിന്നോളൂ, അങ്ങനെ ഞാന്‍ എഴുന്നേറ്റു നിന്നു. അപ്പോള്‍ അദ്ദേഹം എന്നോട് പേരു ചോദിച്ചു  ഞാന്‍ പറഞ്ഞു ഇന്നസെന്റ് ...ആ വാക്കിന്റെ അര്‍ഥം അറിയാമോ എന്ന് ചോദിച്ചു . ഞാന്‍ അറിയാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി തുടര്‍ന്ന് വീടിനെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായി. അതെല്ലാം കഴിഞ്ഞു അദ്ദേഹം എന്നോട് ചോദിച്ചു ''മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയല്ലേ കുട്ടി ശബ്ദം ഉണ്ടാക്കിയത്''? .

ഞാന്‍ പറഞ്ഞു ''അല്ല മാഷെ'' അപ്പോള്‍ മാഷ് പറഞ്ഞു ''അങ്ങനെ പറയരുത് അതെ അന്ന് പറയു''. നിവൃത്തികേടു കൊണ്ടും സത്യം അതായത് കൊണ്ടും ഞാന്‍ പറഞ്ഞു ''അതെ''. അപ്പോള്‍ മറ്റു കുട്ടികളോടായി മാഷിന്റെ  ചോദ്യം. എന്ത് ചെയ്യണം? എന്ത്  ശിക്ഷയാണ് ഈ കുട്ടിക്ക് കൊടുക്കേണ്ടത് ? മറ്റുകുട്ടികള്‍ എല്ലാവരും എന്നെ നോക്കി, എന്നിട്ട് അവരെല്ലാം ഒറ്റ സ്വരത്തില്‍ പറഞ്ഞു ഇന്നസെന്റിനെ വെറുതെ വിടണം. എല്ലാവരും ഒരുമിച്ച് അങ്ങനെ പറഞ്ഞത് കൊണ്ട് എന്നെ വെറുതെ വിട്ടു. എന്നോട് മാഷ് ഇരുന്നോളാന്‍ പറഞ്ഞു. ദൈവമേ എനിക്കിനി ശരിക്കുള്ള കോട്ടുവായ വരല്ലേ ഒരു ചുമ പോലും വരല്ലേ എന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ ഇരുന്നു. കുറച്ച് കഴിഞ്ഞ് എന്റെ ഗതികേടിന് എനിക്ക് ഒരു കോട്ടുവായ വന്നു. ഞാന്‍ അത് തടഞ്ഞു നിര്‍ത്തി , വീണ്ടും വന്നു, അവസാനം എനിക്ക് തടുക്കാന്‍ പറ്റാത്ത തരത്തില്‍ ഒരു പ്രത്യേക ശബ്ദത്തില്‍ അത് പുറത്ത് വന്നു.  ലോകത്ത് ഇന്നുവരെ ആരും കോട്ടുവായിട്ടിട്ടില്ലാത്ത തരത്തില്‍ ഒരു പ്രത്യേക ശബ്ദം. വൈലോപ്പിള്ളി ശ്രീധരമേനോന്‍ ആ പുസ്തകം അടച്ചു. എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം ബെല്ലടിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു ''കുട്ടി ഒരു കാര്യം ചെയ്യ് , അങ്ങോട്ട് വരൂ'' എന്ന് പറഞ്ഞ് എന്നെ ഓഫീസിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോള്‍ എന്റെ അപ്പനെ വിളിച്ച് കൊണ്ടുവരാന്‍ പറഞ്ഞു. പിറ്റേ ദിവസം  അപ്പന്‍ സ്‌കൂളില്‍ വന്നു.

അപ്പന്‍ എന്നോട് എന്താ പ്രശ്‌നം എന്ന് ചോദിച്ചു. ഒരു കോട്ടുവായിട്ടതാ അപ്പാ എന്ന് ഞാന്‍. അങ്ങനെ ഹെഡ്മാഷിന്റെ മുന്നില്‍ ചെന്നു. മാഷ് പറഞ്ഞു ആദ്യം ഇയാളൊരു കോട്ടുവായിട്ടു അപ്പോള്‍ ഞാന്‍ പോട്ടെ എന്നുവെച്ചു, കുട്ടികളോട് ചോദിച്ചപ്പോള്‍ കുട്ടികളും പറഞ്ഞു അയാള്‍ പാവമാണെന്ന് അങ്ങനെ ക്ലാസില്‍ ഇരുത്തി. അത് കഴിഞ്ഞ് രണ്ടാമതൊരെണ്ണം കളിയാക്കുന്ന വിധത്തിലാണ് ഇട്ടത്. അപ്പോള്‍ അപ്പന്‍ എന്റെ മുഖത്തേക്ക് നോക്കി. കാരണം ഞാന്‍ അങ്ങനെ ഒന്നും ചെയ്യുന്ന ആളല്ല എന്ന് എന്റെ അപ്പനറിയാം. അപ്പോള്‍ ഞാന്‍ സത്യം ഇതാണെന്ന് പറഞ്ഞ് ഉണ്ടായ കാര്യം പറഞ്ഞു. പലവട്ടം കോട്ടുവായ വന്നിട്ട് അത് ഒതുക്കി നിര്‍ത്താന്‍ നോക്കിയപ്പോള്‍ അത് അപശബ്ദമായി മാറിയതാണ് മാഷേ എന്ന് പറഞ്ഞു. അപ്പോള്‍ മാഷ് ചോദിച്ചു എന്നിട്ട് എന്തു കൊണ്ട് നീ അത് നേരത്തെ പറഞ്ഞില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ പറയാം പറയാം എന്ന് പറഞ്ഞിട്ട് മാഷ് സമ്മതിച്ചില്ലല്ലോ. അത് കേട്ട് വൈലോപ്പിള്ളി മാഷ് ഒരു ചിരി ചിരിച്ചു. അത് കേട്ട് എന്റെ അപ്പനും ചിരിച്ചു. അവസാനം വൈലോപ്പിള്ളി മാഷ് എന്റെ അപ്പനോട് പറഞ്ഞു, എടോ വറീതേ പോയ്‌ക്കോളൂ,  അങ്ങനെ അപ്പന്‍ പോയി, മാഷ് എന്റെ അടുത്ത് പറഞ്ഞു പോയ്‌ക്കോളൂ, കുട്ടീ ഞാന്‍ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു. എന്നും സ്‌നേഹത്തോടെ വിമര്‍ശിക്കുന്ന ഒരധ്യാപകനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍

Content Highlights: Innocent About His Teacher Vailoppilly Sreedhara Menon - Teachers Day 2021