സി.എം.എസ് സ്‌ക്കൂളിലെ വെറും വിജയനില്‍ നിന്ന് ഐ. എം വിജയന്‍ എന്ന ഫുട്‌ബോളറിലേക്ക് എന്നെ എത്തിച്ചത് എന്റെ അധ്യാപകരാണ്. പഠിക്കാന്‍ വളരെ പിറകിലായിരുന്ന എന്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ചത് അവരായിരുന്നു. അഞ്ചാം ക്ലാസില്‍ എന്നെ പഠിപ്പിച്ച പ്രഭാവതി ടീച്ചറെ ഒരിക്കലും മറക്കാനായി കഴിയില്ല. ഞാന്‍ അഞ്ചിലെത്തിയെ അതേ വര്‍ഷം തന്നെയായിരുന്നു ടീച്ചറും സി.എം.എസ് സ്‌ക്കൂളിലേക്ക് എത്തിയത്. പിന്നീട് അഞ്ച് വര്‍ഷം അതേ ക്ലാസില്‍ ഞാന്‍ തോറ്റു പോയി. പക്ഷേ ഒരിക്കല്‍ പോലും പഠിക്കാത്തതിന്റെ പേരില്‍ ടീച്ചര്‍ എന്നോട് മുഖം തിരിച്ചിട്ടില്ല. അമ്മയെ പോലെ സ്‌നേഹത്തോടെ പെരുമാറി, പരിപാലിച്ച് നല്ല രീതിയില്‍ എന്നെ മുന്നോട്ട് നയിച്ചു

സ്‌ക്കൂളില്‍ നിന്ന് എന്റെ വീട്ടിലേക്ക് അധികം ദുരം ഉണ്ടായിരുന്നില്ല പക്ഷേ എന്നും ഉച്ചയ്ക്ക് ഞാന്‍ വൈകിയെത്തുന്നത് ടീച്ചര്‍ ശ്രദ്ധിച്ചു. കാരണം അന്വേഷിച്ച ടീച്ചറോട് വീട്ടില്‍ ഭക്ഷണം ഇല്ലെന്ന് പറയേണ്ടി വന്നു. ക്ഷിണിതനായ എന്റെ വാക്കുകള്‍ ടീച്ചറുടെ ഹൃദയത്തിലാണ് പതിച്ചത്. പിന്നീട് ഉച്ചയ്ക്ക് ടീച്ചര്‍ എനിക്ക് വേണ്ടി ഒരു ഭക്ഷണ പൊതി കൈയില്‍ കരുതും. ടീച്ചറുടെ മകനും എന്നോടൊപ്പമാണ് പഠിച്ചത്. എന്നെ രണ്ടാമത്തെ മകനാണെന്നാണ് പറയുക.

ഞാനൊരു നല്ല പാന്റ് ഇടുന്നത് ടീച്ചര്‍ തന്നിട്ടാണ്. കളിക്കാന്‍ പോവുമ്പോള്‍ വേണ്ട വസ്ത്രങ്ങള്‍, ഷൂസ് എല്ലാം  ടീച്ചറുടെ സഹായങ്ങള്‍ കൊണ്ടാണ് വാങ്ങിയത്. 

ജീവിതത്തില്‍ ഒരോ ഘട്ടങ്ങളിലും എന്റെ അധ്യാപകരുടെ ഉപദേശങ്ങള്‍ വെളിച്ചമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു അനുഭവം പറയാം. കശ്മീരില്‍ പോയി കളിക്കാനായി എനിക്കൊരു അവസരം ലഭിച്ചു. അവസരം സന്തോഷിപ്പിച്ചെങ്കിലും ഹിന്ദി അറിയാത്തത് എന്നെ ചെറുതായി ഭയപ്പെടുത്തി. ആ ഘട്ടത്തില്‍ എനിക്ക് ധൈര്യം പകര്‍ന്നത് എന്റെ അധ്യാപകരാണ്. നിന്റെ കഴിവാണ് നിന്റെ ഭാഷ നീ അതു കൊണ്ട് സംസാരിക്കെന്നായിരുന്നു അവരുടെ മറുപടി. ഇന്നും എനിക്ക പ്രചോദനം ആ വാക്കുകളാണ്

സിഎംഎസ് സ്‌ക്കൂളിലെ എല്ലാ ടീച്ചര്‍മാരും എന്നെ നന്നായി ശ്രദ്ധിച്ചിരുന്നു. അവര്‍ക്കെല്ലാം എന്നെ നല്ല ഇഷ്ടമായിരുന്നു. പഠിക്കുന്നില്ലെന്ന പരാതി പറഞ്ഞ് പിന്നോട്ട് തള്ളാതെ എന്റെ കഴിവിനെ പിടിച്ചുയര്‍ത്തിയത് എന്റെ അധ്യാപകരായിരുന്നു

പോലീസിന് ട്രയലിന് പോവുമ്പോള്‍ ടീച്ചമാര് പിരിവിട്ടാണ് എനിക്ക് വസ്ത്രങ്ങള്‍ വാങ്ങിതന്നത്. എട്ടാം ക്ലാസില്‍ എന്റെ ക്ലാസ് മാഷായിരുന്ന ഗോപിനാഥന്‍ മാഷും പ്രഭാവതി ടീച്ചറുമായിരുന്നു അന്ന് മുന്നില്‍ നിന്നിരുന്നത്.

എന്റെ പ്രഭാവതി ടീച്ചറെ പോലെയാവണം ഒരു ടീച്ചര്‍ എന്നാണ് എനിക്ക് പറയാനുള്ളത്. ടീച്ചര്‍ ഇംഗ്ലീഷാണ് പഠിപ്പിച്ചിരുന്നത്. അതേ പോലെ തന്നെയാണ് ഗോപിനാഥന്‍ മാഷും. കുട്ടികളുടെ മനസ്സ് വേദനിപ്പിക്കാതെ സ്‌നേഹത്തോടെ അവരുടെ കഴിവുകളെ പുറത്തെടുക്കാന്‍ സാധിക്കണം.

Content Highlights: IM Vijayan About his teachers  - Teachers day 2021