രു വ്യാഴവട്ടക്കാലം മുമ്പ് എളങ്കൂര്‍ ജി.യു.പി.സ്‌കൂളില്‍ അധ്യാപകനായിരുന്ന കാലം. ഏഴാം ക്ലാസിലെ ബുദ്ധിയും കഴിവുമുള്ള ഒരാണ്‍കുട്ടിയുടെ ക്ലാസിലെ ഇടപെടലുകളിലും പ്രവര്‍ത്തനങ്ങളിലും വേണ്ടത്ര സജീവത ഇല്ലാതെ വന്നപ്പോള്‍ ഞാനവനെ അടുത്തേക്കു വിളിച്ചു.
'നീ ഇങ്ങനെയൊന്നും ആയാല്‍ പോര... നിനക്കിതിനേക്കാള്‍ എത്രയോ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് എനിക്കുറപ്പുണ്ട്. നിന്റെ ഉപ്പയോട് ഒന്നിവിടംവരെ വരാന്‍ പറയണം. ചില കാര്യങ്ങള്‍ ഡിസ്‌ക്കസ് ചെയ്യാനുണ്ട്.'
'സര്‍, ഉപ്പ പണിക്കു പോകും.'
'ആ... പണിയൊന്നും കളഞ്ഞ് വരണ്ട. പണിയില്ലാത്തതെന്നാ?'
'മറ്റന്നാള്‍... വെള്ളിയാഴ്ച.'
'ആ... അന്നു വന്നാല്‍ മതി.'
ഉപ്പയോട് സംസാരിച്ചാല്‍ അവന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാമെന്നും അവനെ കൃത്യമായി നയിക്കാന്‍ കഴിയുമെന്നും ഞാന്‍ സന്തോഷിച്ചു.

പക്ഷേ... പിറ്റേന്ന് ആ സന്തോഷം മുഴുവന്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് മൂന്നാം പിരിയഡ് ആ വാര്‍ത്തയെത്തി. തലങ്ങും വിലങ്ങും ഓഫീസ് റൂമില്‍ പാഞ്ഞെത്തിയ കുട്ടികള്‍ കിതച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

'സര്‍, അവന്‍... അവന്‍... പോയി. '
നിന്നനില്‍പ്പില്‍ ഇല്ലാതാകുന്നതുപോലെ എനിക്കുതോന്നി.
'എ...ങ്ങോ...ട്ട്?'
എന്റെ വാക്കുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
'അതൊന്നും അവന്‍ പറഞ്ഞില്ല. സൈക്കിളെടുത്താണ് പോയത്.'
'സര്‍... അവന്‍ ചാകും ന്നൊക്കെ പറയണണ്ടായിരുന്നു.'
'സര്‍... അവനാ കുളത്തിന്റെ അടുത്തേക്കാണ് പോയത്.'

എന്റെ കാലും ശരീരവുമെല്ലാം വല്ലാതെ തളര്‍ന്നുതുടങ്ങിയിരുന്നു. ടി.വി.യില്‍ ഇഷ്ടപ്പെട്ട ചാനല്‍ വെക്കാന്‍ പറ്റാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്ന കുട്ട്യോള്‍ടെ കാലമാണ്.

'മാഷേ... ഇങ്ങള് ധൈര്യായിട്ടിരിക്ക്... നമുക്കന്വേഷിക്കാം.'
സഹപ്രവര്‍ത്തകരുടെ വാക്കുകള്‍ ആശ്വാസം നല്‍കിയെങ്കിലും അവരുടെ ശബ്ദത്തിലുണ്ടായിരുന്ന വിറയല്‍ ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു.

ബൈക്കിലും അല്ലാതെയുമായി ഞങ്ങള്‍ അന്വേഷണമാരംഭിച്ചു. പറയപ്പെട്ട കുളത്തിനടുത്തൊന്നും അവന്‍ ചെന്നതായി ആരും കണ്ടിട്ടില്ല.

'മാഷേ... നമുക്കവന്റെ വീട്ടില്‍ അന്വേഷിച്ചാലോ?'
'നമ്മള്‍ അവിടെച്ചെന്ന് എന്തുപറയും? ങ്ങളെ കുട്ടിയെ കാണാനില്ലെന്നോ? അവരെങ്ങനെ പ്രതികരിക്കും ന്ന് വല്ല നിശ്ചയവും ണ്ടോ? പറയണതു മുഴുവന്‍ കേള്‍ക്കേണ്ടി വരും.'
'അല്ലാതെന്തു ചെയ്യും? അധ്യാപക വൃത്തിയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഒരുപാട് അഭിമുഖീകരിക്കേണ്ടി വരും.'
രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ അങ്ങോട്ട് ബൈക്ക് തിരിച്ചു.

'അവന്റെ ഉപ്പ പള്ളീല്‍ പോയതാ... ഇപ്പോ വരും. ഇരിക്കിം.'
ഒരു സ്ത്രീശബ്ദം അകത്തുനിന്ന് ഉയര്‍ന്നു കേട്ടു.

അധികം കഴിയുന്നതിനുമുമ്പ് പള്ളി പിരിഞ്ഞ് ആള്‍ക്കാര്‍ റോഡില്‍ നിറഞ്ഞു.
മെലിഞ്ഞുനീണ്ട ഒരു മനുഷ്യന്‍ വീട്ടിലേക്ക് കയറിവന്നു. വര്‍ദ്ധിച്ച ഹൃദയമിടിപ്പുമായി ഞങ്ങള്‍ എഴുന്നേറ്റുനിന്നു.

'ആ... ഇതിനാണോ മാഷമ്മാര് ത്രേം എടങ്ങേറായി വന്നിരിക്ക് ണേ... അവന്‍ വന്നോളും. ഇങ്ങള് പൊയ്‌ക്കോളീം.'
ഒരു പൊട്ടിത്തെറീം ചൂടാകലും പ്രതീക്ഷിച്ചുനിന്ന ഞങ്ങളോട് ഒരു ഭാവവ്യത്യാസവുമില്ലാതെ അയാള്‍ പറഞ്ഞു. ഞങ്ങളുടെ കൂടെ വരാനോ കൂടുതല്‍ സംസാരിക്കാനോ അയാള്‍ തയ്യാറായില്ല.

'ഇതെന്തു മനുഷ്യനാണപ്പാ...' മടക്കയാത്രയില്‍ ഞങ്ങള്‍ പരസ്പരം മന്ത്രിച്ചു.

വിശപ്പ് അസഹനീയമായി മാറിയിരുന്നെങ്കിലും ഒന്നും കഴിക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. മറ്റൊരു നിവൃത്തിയുമില്ലാതിരുന്നതുകൊണ്ട് നാലുമണി കഴിഞ്ഞപ്പോള്‍ മഞ്ചേരി സ്റ്റേഷനില്‍വിളിച്ച് ഞങ്ങള്‍ കാര്യമറിയിച്ചു.
അല്‍പ്പംകൂടി വെയിറ്റ് ചെയ്യൂ... എന്നിട്ടും കിട്ടുന്നില്ലെങ്കില്‍ കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാം.'

സ്‌കൂള്‍ വിട്ടു. കുട്ടികളെല്ലാം വീടുകളിലേക്ക് മടങ്ങി. മുഖത്തോടുമുഖം നോക്കിക്കൊണ്ട് ഞങ്ങള്‍മാത്രം സ്റ്റാഫ് റൂമിന്റെ വിവിധ കോണുകളില്‍ അവശേഷിച്ചു. പലരും മൗനമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

'ഇപ്പോഴത്തെ കുട്ട്യോളോട് ഒന്നും പറയാന്‍ പറ്റാതായിരിക്കുന്നു.'
'എന്തെങ്കിലും പറ്റിക്കാണുമോ?'
'കൃത്യമായ വിവരം കിട്ടാതെ എങ്ങനെ വീട്ടില്‍ പോകും?'
സംശയങ്ങളും ആശങ്കകളും സായാഹ്നത്തെ വല്ലാതെ സങ്കീര്‍ണ്ണമാക്കിക്കൊണ്ടിരുന്നു. വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ നിറഞ്ഞ അന്തരീക്ഷം.

സമയം അഞ്ചരയോടടുത്തു.
ഒരാള്‍ സ്‌കൂള്‍ ഗെയിറ്റ് കടന്ന് അകത്തേക്കു പ്രവേശിച്ചു.

'അത്... അവന്റെ ഉപ്പയല്ലേ..?'
ഞങ്ങളുടെ നെഞ്ചിടിപ്പ് ഞങ്ങള്‍ക്കുതന്നെ കേള്‍ക്കാമായിരുന്നു. എല്ലാവരും മുറ്റത്തേക്കിറങ്ങി.

'അവനവിടെ അഞ്ചച്ചവിടിയിലുണ്ട്. ന്നാ ഒ.കെ.' കൂടുതലൊന്നും പറയാതെ അയാള്‍ മടങ്ങി.

ഒരു നീണ്ട ദീര്‍ഘനിശ്വാസത്തിലേക്ക് പതുക്കെ ഞങ്ങളിരുന്നു.

അയാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെന്നും ആദ്യ ഭാര്യ അതായത് അവന്റെ ഉമ്മ അഞ്ചച്ചവിടിയിലാണ് താമസമെന്നും ഞങ്ങളറിഞ്ഞത് പിന്നീടാണ്.

'ഇവിടെയില്ലെങ്കില്‍ അവനവിടെയുണ്ടാകും എന്നുറപ്പുള്ളതുകൊണ്ടാവും ഉച്ചയ്ക്ക് കണ്ടപ്പോള്‍ അയാള്‍ക്കൊരു കൂസലുമില്ലാതിരുന്നത്. എന്നാലും അയാളിക്കാര്യം അപ്പോള്‍ പറഞ്ഞിരുന്നെങ്കില്‍  വൈകുന്നേരംവരെ നമ്മളീ തീ തിന്നണ്ടായിരുന്നു.'
'രണ്ടു ഭാര്യമാരുള്ള കാര്യം പറയാന്‍ മടിച്ചിട്ടാവും.'
'ആ... അതുശരിയാ...'
'അവന്റെ പ്രശ്‌നം എന്താണെന്നറിയാനല്ലേ മാഷ് ഉപ്പയോട് വരാന്‍ പറഞ്ഞത്. ഇപ്പോ ശരിക്കും മനസ്സിലായില്ലേ, അവന്റെ പ്രശ്‌നമെന്താണെന്ന്?'
'മനസ്സിലായി... മനസ്സിലായി... ഇതില്‍ കൂടുതല്‍ എന്തു മനസ്സിലാവാന്‍..?'

രാവിലെ മുതല്‍ ഹൃദയത്തിലെടുത്തുവെച്ച വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസത്തില്‍ എല്ലാവരും മടങ്ങി. വാക്കുകള്‍ തേച്ചുമിനുക്കാന്‍ ഇനിയുമേറെ പഠിക്കാനുണ്ടെന്ന തിരിച്ചറിവുമായി ഞാനും.

(കേരള സര്‍ക്കാരിന്റെ സംസ്ഥാന അധ്യാപക അവാര്‍ഡ്, കേരള പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രഥമ മാതൃകാധ്യാപക പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയിട്ടുള്ള ലേഖകന്‍ നിലമ്പൂര്‍ പൂക്കോട്ടുംപാടം പറമ്പ ജി.യു.പി. സ്‌കൂളില്‍ അധ്യാപകനാണ്)

 

Content Highlights: Gireesh Marengalath shares his experience on Teachers Day 2021