അധ്യാപക ദിനത്തില്‍ തന്റെ ജീവിതത്തില്‍ മറക്കാനാവാത്തെ അധ്യാപകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മണിപ്പൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ആശിഷ് ദാസ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം 2019 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു 

ജീവിതത്തില്‍ നിരവധി അധ്യാപകര്‍ കടന്നു പോയിട്ടുണ്ട്. എങ്കിലും രാജിവ് സാറിനെ ഒരിക്കലും മറക്കാനാവില്ല.പത്താം ക്ലാസിലാണ് ആ സാറിനെ ആദ്യമായി കാണുന്നത്. വളരെ കുറച്ച് കാലം മാത്രമേ അദ്ദേഹം ആ സ്‌ക്കൂളില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളു. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ധാരാളമുണ്ടായിരുന്ന സ്‌കൂളായിരുന്നു അത്. ഞാന്‍ പഠിച്ച ഡിവിഷന്‍ സ്കൂളുകാര്‍ തള്ളികളഞ്ഞ പിള്ളേരുടേതായിരുന്നു. കുറേ ഉഴപ്പന്‍മാരും ചില മിഡില്‍ ബെഞ്ച് എന്ന് വിളിക്കുന്നവരും. പൊതുവേ ഞങ്ങളില്‍ ആര്‍ക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍. ഇംഗ്ലീഷ് എന്നും ഞങ്ങള്‍ക്ക് പേടിയായിരുന്നു. പത്താം ക്ലാസ് തുടക്കത്തില്‍ നടത്തിയ ഇംഗ്ലീഷ് പരീക്ഷയില്‍ ഞാന്‍ തോറ്റിരുന്നു. പൊതു പരീക്ഷയിലും തോല്‍ക്കും എന്ന് തന്നെ എല്ലാവരും ഉറപ്പിച്ചു. എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യണം എന്നറയാതെ വിഷമിച്ച് ഇരിക്കുന്ന കാലഘട്ടമായിരുന്നു അത്

ആ സമയത്താണ് രാജിവന്‍ സര്‍ ക്ലാസിലേക്ക് എത്തുന്നത്. സര്‍ അന്ന് ബിഎഡ് കഴിഞ്ഞതും ജോലിക്ക് കയറി എത്തിയതായിരുന്നു. പുള്ളിക്ക് ഞങ്ങളുടെ പള്‍സ് അറിയാമായിരുന്നു. ഞങ്ങളിലേക്ക് ഇറങ്ങിവന്നാണ് അദ്ദേഹം പഠിപ്പിച്ചത്. ഞങ്ങളുടെ പ്രശ്‌നത്തിന്റെ അടിത്തട്ടില്‍ വന്ന് പരിഹാരം കണ്ടുവെന്ന് വേണം പറയാന്‍. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇംഗ്ലീഷിന്റെ അടിസ്ഥാനം എവിടെയോ വിട്ട് പോയതായിരുന്നു പ്രശ്‌നം. എത്ര കഷ്ടപ്പെട്ട് പഠിച്ചാലും ഒന്നും നടക്കില്ല. പിന്നെ നമ്മള്‍ തന്നെ വിട്ട് കളയും. ടീച്ചര്‍മാര്‍ വിചാരിക്കും നമ്മള്‍ മടിയന്‍മാരാണെന്ന് പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇതെല്ലാമാണ്. രാജിവന്‍ സാര്‍ ക്ഷമയോടെ ഞങ്ങളുടെ കൂടെ നിന്നുവെന്ന് വേണം പറയാന്‍. കൃത്യമായി ഞങ്ങളെ പഠിപ്പിക്കുകുയും തെറ്റുകള്‍ ക്ഷമയോടെ തിരുത്തി മുന്നോട്ട് നയിച്ചു. അത് ഫലം കണ്ടു ഞങ്ങളുടെ ക്ലാസില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു.

പത്താം ക്ലാസിലെ വിട വാങ്ങല്‍ പരിപാടിക്ക് എല്ലാവരും എത്തിയിട്ടും സാര്‍ എത്താന്‍ വൈകിയിരുന്നു. ഞങ്ങള്‍ എല്ലാവരും സാറിനെ അക്ഷമരായി കാത്തിരുന്നു. അല്‍പ്പം വൈകിയാണെങ്കിലും അദ്ദേഹം ഓട്ടോയില്‍ സ്‌ക്കൂള്‍ പടിക്കല്‍ എത്തി. ഞങ്ങള്‍ എല്ലാവരും ഒറ്റ ഓട്ടമായിരുന്നു സാറിനെ എടുത്ത് പൊക്കി പരിപാടി നടക്കുന്ന ഹാള്‍ വരെ കൊണ്ടു പോയി. രാജിവന്‍ സാറിനെ ഒരിക്കലും ഞങ്ങളുടെ ബാച്ചുകാര്‍ക്ക് മറക്കാനവില്ല.

കുട്ടികള്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ക്ലാസ് മുറികളിലാണ്. വീട്ടില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിച്ച് വരുന്നവരും ഉണ്ടാവും. സ്‌ക്കൂള്‍ ഒരു പ്രഷര്‍ പോയിന്റ് ആവാതെ അവര്‍ക്ക് റിലാക്‌സ് ചെയ്യാന്‍ പറ്റുന്ന ഇടമായാല്‍ അവരില്‍ നിന്ന് മികച്ച കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കും.

Content Highlights: Ashish das IAS About his teacher - Teachers day 2021