എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ അധ്യാപകരെല്ലാം എനിക്ക് പിന്തുണ നല്‍കിയവരായിരുന്നു. പഠനത്തിൽ മിടുക്കിയായത് കൊണ്ട് ടീച്ചര്‍മാര്‍ക്ക് പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയായിരുന്നു. പഠിപ്പിച്ച എല്ലാ ടീച്ചര്‍മാരും എന്നെ മോള്‍ഡ് ചെയ്യുന്നതില്‍ സഹായിച്ചിട്ടുണ്ട്. ക്ലാസ് ലീഡറും സ്‌കൂള്‍ ലീഡറുമൊക്കെയായതുകൊണ്ട് തന്നെ അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. അവരുടെ അനുഗ്രഹം ജീവിതത്തില്‍ ഗുരുത്വമായി ഭവിച്ചിട്ടുണ്ട്.

എന്റെ സ്‌കൂളിലെ ഫൗണ്ടര്‍ പ്രിന്‍സിപ്പലായ നളിനി മിസ് വഴിയാണ് സിനിമയിലേക്ക് വന്നത്. മിസ് എന്നെ പഠിപ്പിച്ചിട്ടില്ല പക്ഷേ ജീവിത്തത്തില്‍ എനിക്ക് മറക്കാനാവാത്ത വ്യക്തികളില്‍ ഒരാളാണ് അവര്‍.

സിനിമയില്‍ സജിവമായിരുന്നുവെങ്കിലും പഠനത്തില്‍ ഒരിക്കലും പിന്നോക്കം നിന്നിരുന്നില്ല, അത് കൊണ്ട് എന്റെ അഭിനയ ജിവിതം ഒരു തരത്തിലും അവരില്‍ അതൃപ്തി  ഉണ്ടാക്കിയിരുന്നില്ല. പ്ലസ്ടു കാലഘട്ടത്തിലാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് കോളേജ് കാലഘട്ടത്തിലാണ് സിനിമകള്‍ ധാരാളമായി ചെയ്ത് തുടങ്ങുന്നത്. കോളേജ് അഡ്മിഷന്‍ സമയത്ത് പ്രിന്‍സിപ്പൽ മാര്‍ക്ക് കുറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. മാര്‍ക്ക് കുറഞ്ഞാല്‍ ലീവ് എടുക്കുന്നത് അനുവദിച്ച് തരാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിഗ്രിക്ക് എനിക്ക് സ്റ്റേറ്റ് റാങ്ക് വാങ്ങിക്കാന്‍ പറ്റിയതിന് കാരണം തന്നെ എന്റെ അധ്യാപകരാണ്.

ഇടയ്‌ക്കെല്ലാം പഠിപ്പിച്ച അധ്യാപകരെ കാണാറുണ്ട്. അവര്‍ക്കെല്ലാം എന്റെ കാര്യത്തില്‍ അഭിമാനമാണ്. ഇപ്പോഴും അവര്‍ അന്നത്തെ അതേ സ്‌നേഹത്തോടെയാണ് പരിഗണിക്കുന്നത്. 

നമ്മള്‍ പഠിക്കേണ്ട നിരവധി കാര്യങ്ങള്‍ക്ക് അധ്യാപകര്‍ സപ്പോര്‍ട്ടാവുകയാണ് ചെയ്യുന്നത്. നമ്മളേക്കാള്‍ ആ വിഷയത്തില്‍ ജ്ഞാനമുള്ളത് കൊണ്ട് നല്ല രീതിയില്‍ ഗൈഡ് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരിക്കലും ഒരാളെ പഠിപ്പിക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് അറിവ് നല്‍കാം അത് പഠിച്ചെടുക്കേണ്ടത് മുന്നിലിരിക്കുന്നവരാണ്. നല്ലൊരു ഫെസിലിറ്റേറാവുകയാണ് ഒരു അധ്യാപകന്‍ ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം

എന്റെ അച്ഛന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്റ്റാഫ് ട്രെയിനറായിരുന്നു. അച്ഛന്‍ എന്ന അധ്യാപകനാണ് എന്നെ ഏറ്റവും സ്വാധിനിച്ചത്. സൈക്കോളജി എന്ന വിഷയത്തോട് താത്പര്യം ജനിച്ചതും അത് പഠന മേഖലായി തിരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടായിരുന്നു. ഞങ്ങളുടെ സംസാരങ്ങള്‍ വരെ എന്നെ അക്കാദമിക്കായി ഒരുപാട് സ്വാധിനിച്ചിട്ടുണ്ട്

ഞാന്‍ ജോലി ചെയ്ത സിനിമകളിലെ സംവിധായകരെ ഗുരുക്കന്‍മാരായിട്ടാണ് കാണുന്നത്. 
വളര്‍ന്ന് വരും തോറും എനിക്ക് മനസിലാക്കാന്‍ പറ്റിയത് എല്ലാവരും ടീച്ചര്‍മാരാണെന്നാണ്. ജീവിതത്തില്‍ കടന്നു പോവുന്ന ഒരോരുത്തരും നമ്മളെ ഓരോന്ന് പഠിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

Content Highlights: Actress Lena About Her Teacher - Teachers Day 2021