തോപ്പുംപടി (കൊച്ചി): ഒരു വീട് നിര്‍മിക്കുന്നതുതന്നെ വലിയ ഭാരമായി മാറുന്ന കാലത്ത് രണ്ട് അധ്യാപികമാര്‍ നിര്‍മിച്ചുനല്‍കിയത് 150 വീടുകള്‍. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലും അധ്യാപിക ലില്ലി പോളും ചേര്‍ന്നാണ് 150 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

മനോഹരമായി ഡിസൈന്‍ ചെയ്ത്, ടൈല്‍ പതിച്ച സുന്ദരമായ വീടുകള്‍. ഒരു സെന്റിലും രണ്ട് സെന്റിലുമൊക്കെയായി ആറ് മുതല്‍ 10 ലക്ഷം വരെ ചെലവിലാണ് നിര്‍മിച്ചത്.

ഇവര്‍ കാരുണ്യത്തിന്റെ വഴികളിലേക്കു വന്നത് യാദൃച്ഛികമായാണ്. സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവ് മരിച്ചതറിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കണ്ടത് ദയനീയ കാഴ്ച. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിലാണ് കുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്. അവിടെവെച്ച് ഒരു കാര്യം തീരുമാനിച്ചു, ഈ കുട്ടിക്ക് വീട് നിര്‍മിച്ചുനല്‍കണം.

അങ്ങനെ സിസ്റ്റര്‍ ലിസി, 'ഹൗസ് ചലഞ്ച്' എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍നിന്ന് ചെറിയ സംഭാവനകള്‍ സ്വീകരിച്ച് വേഗത്തില്‍ ഒരു വീട് നിര്‍മിച്ച് കുട്ടിക്ക് സമ്മാനിച്ചു. അതൊരു തുടക്കമായിരുന്നു. വീടില്ലാത്ത ധാരാളം കുട്ടികളുണ്ടെന്നറിഞ്ഞതോടെ അടുത്ത വീടിനായി പദ്ധതി തയ്യാറാക്കി. നാട്ടിലെ നല്ല മനുഷ്യരുടെ സഹകരണത്തോടെ വീട് നിര്‍മിക്കുന്ന പദ്ധതിയായിരുന്നു അത്. ജോലിസമയം കഴിഞ്ഞ് സിസ്റ്റര്‍ ലിസിയും ലില്ലി പോളും ഇറങ്ങി. കുറേ ആളുകളെ കണ്ടു. സഹായം നല്‍കാനായി നിരവധി സ്ഥാപനങ്ങളുമെത്തി. ഓരോ മാസവും പുതിയ വീടുകള്‍ നിര്‍മിച്ചു. ഒട്ടേറെ തൊഴിലാളികള്‍ സഹായിച്ചു. വന്‍കിട സ്ഥാപനങ്ങള്‍ നിര്‍മാണ സാമഗ്രികള്‍ എത്തിച്ചുകൊടുത്തു.

ഭര്‍ത്താവ് മരിച്ച, പെണ്‍മക്കള്‍ മാത്രമുള്ളവര്‍ക്കും രോഗികള്‍ക്കുമാണ് ഇവര്‍ മുന്‍ഗണന നല്‍കിയത്. സ്‌കൂളിലെ 80ഓളം കുട്ടികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. ഇതിനിടയില്‍ ചില സുമനസ്സുകള്‍ ഭൂമി ദാനം ചെയ്തു. ആറുവര്‍ഷം കൊണ്ട് 150 വീടുകള്‍. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന പല വീടുകളും ഏറ്റെടുത്ത് നിര്‍മിച്ചു. 150ാം വീടിന്റെ താക്കോല്‍ അടുത്തദിവസം കൈമാറും.

'വീട് വരുന്നതോടെ, ഒരു സ്ത്രീയുടെ ജീവിതം മാറും. അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. സുരക്ഷിതബോധമുണ്ടാകും. അശരണയായ സ്ത്രീക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും പുണ്യമുള്ള പ്രവൃത്തി അവര്‍ക്കൊരു വീട് നിര്‍മിച്ചു കൊടുക്കലാണ്' സിസ്റ്റര്‍ ലിസിയും ലില്ലി പോളും പറയുന്നു.

Content Highlights:  150 houses were built by two teachers: Teachers day 2021