സ്‌കൂള്‍ തുറന്ന ആദ്യ ദിനം. ഒന്നാം ക്ലാസ്സിലെ സ്ഥിരം കാഴ്ചകള്‍ക്ക് വിരാമം നല്‍കിക്കൊണ്ട് എല്ലാ കുഞ്ഞുമക്കളുടെയും ശ്രദ്ധ എന്നിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയില്‍ അതാ എവിടെ നിന്നോ ഒരു ശബ്ദം, 'ടീച്ചറേ... ഈ ഏട്ടന്‍ എന്റെ ബുക്ക് തൊടാ..' രണ്ടാമത്തെ ബെഞ്ചില്‍ നിന്നാണ്.ഞാനൊന്ന് നോക്കി.കൂട്ടത്തില്‍ നന്നേ ചെറുത്, എന്നാല്‍ കുറുമ്പത്തിയാണെന്ന് മുഖത്ത് എഴുതിവെച്ചതുപോലെ.

'മോളിവിടെ വന്നേ'. അവള്‍ വന്നു.'എന്താ മോള്‍ടെ പേര്?' 'മീനു' അവള്‍ പറഞ്ഞു. 'ഏട്ടാ ന്ന് വിളിക്കരുത്, എല്ലാരും മീനൂന്റെ കൂട്ടുകാരാണ് ട്ടോ. 'ഉം.....' ഞാന്‍ അവളെ സമാധാനിപ്പിച്ചു. പിന്നീട് അവളുടെ അമ്മയോട് കാര്യം തിരക്കി. അവള്‍ യു.കെ.ജിയില്‍ പോയില്ല, നേരെ ഒന്നാം ക്ലാസ്സിലേക്ക് ചേര്‍ത്തിയതാണ്. അതിന്റെ ഒരു പ്രശ്‌നം ചിലപ്പോള്‍ അവളില്‍ കാണാമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ മറ്റുള്ള കുട്ടികള്‍ക്ക് ഒപ്പമെത്താന്‍ അവള്‍ പ്രയാസപ്പെടുന്ന പോലെ തോന്നി. പിന്നീട് മറ്റുള്ള കുട്ടികള്‍ എഴുതുമ്പോള്‍ മീനു എന്റെ അരികത്തിരുന്ന് എഴുതാന്‍ തുടങ്ങി. പതിയെ പതിയെ അവള്‍ മാറാന്‍ തുടങ്ങി. ക്ലാസ്സുകളുമായി എന്റെ അധ്യാപന ജീവിതവും.

കുറച്ച് മാസങ്ങള്‍ പിന്നിട്ടു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് എനിക്ക് ലീവെടുക്കേണ്ടി വന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വലിയൊരു മാറ്റമൊന്നും തോന്നുന്നില്ല. വല്ലാത്തൊരു അവസ്ഥ. രക്ഷിതാക്കളും ടീച്ചര്‍മാരും വിളിച്ച് അന്വേഷിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് ശേഷം ഒരു ഫോണ്‍ കോള്‍. ടീച്ചറേ..മീനു ഒന്നും മിണ്ടുന്നില്ല. എന്താ പറ്റിയേന്ന് അറിയില്ല. സ്‌കൂളില്‍ പോവാന്‍ മടിയാണ്. ഇഷ്ടല്ലാന്ന് പറയുന്നുണ്ട്. എന്താണാവോ..' അവര്‍ക്ക് ടെന്‍ഷന്‍. 'അങ്ങനെ വരാന്‍ വഴിയില്ലല്ലോ. വേറെ അധ്യാപകര്‍ ക്ലാസ്സില്‍ വരാറുണ്ട്. ഞാന്‍ ലീവാണ് കുറച്ച് ദിവസമായിട്ട് എനിക്ക് സുഖമില്ലാത്തത് കൊണ്ടാണെന്ന് ഞാന്‍ അവരെ അറിയിച്ചു. 'എങ്കില്‍ അത് തന്നെയാണ് കാരണം. ടീച്ചറിനെ കാണാത്തതുകൊണ്ടുള്ള വിഷമമാണ്. ഇവിടുന്ന് ഭക്ഷണം പോലും കഴിക്കുന്നില്ല. സ്‌കൂളില്‍ നിന്ന് വന്നാല്‍ ടീച്ചറിന്റെ വര്‍ത്തമാനം മാത്രേ ഉള്ളൂ. പഠിപ്പിക്കുമ്പോള്‍ പോലും പറയും. വേറെ ഒരാളും ടീച്ചറെ പോലെ അല്ല. എന്താന്നറിയില്ല.എന്നാ വരാ..' 

അവരോട് എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാന്‍ കുഴങ്ങി. 'മോളോട്  നാളെ ഞാന്‍  വരാന്ന് പറയൂ.' എന്റെ കണ്ണുകള്‍ ശരിക്കും നിറഞ്ഞു. ആ കുഞ്ഞിന്റെ സ്‌നേഹത്തനു മുന്‍പില്‍ വയ്യാതിരുന്നിട്ടും പിറ്റേന്ന് ഞാന്‍ സ്‌കൂളിലേക്ക് പോയി. കുട്ടികള്‍ക്ക് സന്തോഷം. പക്ഷേ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ ഒരാള്‍ ഇരിപ്പുണ്ട്. 'മീനൂ ഇവിടെ വാ'. അവള്‍ എന്റെ അടുത്തേക്ക് വന്നു.'എന്തൊക്കെയാ വിശേഷം?' 'ടീച്ചറെന്താ വരാഞ്ഞേ?' തിരിച്ചൊരു ചോദ്യം. 'വയ്യാത്തോണ്ടാ..'  'ഉം....' അവള്‍ അവളുടെ സ്ഥലത്തിരുന്നു. വല്ലാത്തൊരു ആത്മബന്ധം എനിക്ക് ആ കുഞ്ഞിനോട് തോന്നി. പതിയെ എന്റെ അസുഖവും മാറി. 

ആ വര്‍ഷാവസാനം അവള്‍ക്ക് വീട് മാറേണ്ട സാഹചര്യം വന്നപ്പോള്‍ സ്‌കൂളും മാറേണ്ടി വന്നു. എന്നാലും അവള്‍ വിളിക്കുകയും  വിശേഷങ്ങള്‍ പറയുകയും ചെയ്തു. എന്നെ മറന്നോന്ന് ചോദിച്ചാവും വിളി. അവളുടെ ഡാന്‍സും പാട്ടും ഒക്കെ കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നും. അവളുടെ അമ്മ ഇടക്ക് പറയും 'നിങ്ങള്  തമ്മിലെന്തോ ആത്മബന്ധമാണ് ട്ടോ. അവള്‍ക്ക് യാതൊരു മാറ്റവുമില്ല. എപ്പഴും ടീച്ചറിനെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടി വരുമ്പോള്‍ എനിക്ക് വിഷമമാണ്.' അതൊന്നും സാരമില്ല. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വിളിക്കാമെന്ന് ഞാനും പറഞ്ഞു.അവള്‍ടെ സ്‌കൂളില്‍ നിന്ന് ടീച്ചേഴ്‌സ് പോയാല്‍ ഉടനെ വിളിയാണ് സ്‌കൂളിലേക്ക് വരുമോന്ന് ചോദിച്ച്.

കൊറോണ കാലമാണ് അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വന്ന വിഷേശങ്ങളോക്കെ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസിന്റെ പെടാപ്പാടിലാണ് കക്ഷി. ക്വിസ് മത്സരങ്ങള്‍, പാട്ട്, ഡാന്‍സ്, ഹോം വര്‍ക്ക്..... ആള് നല്ല തിരക്കില്‍ തന്നെ. ഇടക്ക് സമ്മാനങ്ങളൊക്കെ കിട്ടുന്നുമുണ്ട്. ഓണം പ്രമാണിച്ച് ടീച്ചര്‍ കൊടുത്ത വര്‍ക്കിന്റെ ഭാഗമായി പായസമുണ്ടാക്കിയ കഥ കേള്‍ക്കുമ്പോഴും എന്നും നന്മകളുണ്ടാവട്ടെയെന്ന നിറഞ്ഞ പ്രാര്‍ഥനയോടെ അധ്യാപന ജീവിതത്തിലെ വേറിട്ടൊരനുഭവമായി ഇത് മാറിക്കൊണ്ടേയിരിക്കുകയാണ്.

Content Highlights: Teacher shares her moments with student Meenukutty