കല്പറ്റ/ വയനാട്: സ്കൂൾകുന്ന് കോളനിയിലെ കുട്ടികൾ ഇതുവരെ കാറിൽ കയറിയില്ലെന്ന് സങ്കടം പറഞ്ഞത് ഷാലമ്മ ടീച്ചറോടാണ്. അതിൽപ്പിന്നെ ദിവസവും വൈകുന്നേരം കുട്ടികളെ കാറിൽ കയറ്റി അരമണിക്കൂർ സവാരി ടീച്ചർക്ക് പതിവായി. കുട്ടികളോടുള്ള ആ കരുതലിനാണ് കോട്ടത്തറ ജി.എച്ച്.എസ്.എസിലെ പ്രാധാനാധ്യാപികയായ ഷാലമ്മാ ജോസഫിനെത്തേടി സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരമെത്തിയത്. സെക്കൻഡറി വിഭാഗത്തിലാണ് പുരസ്കാരം.
''കുട്ടികളെ മാത്രം അറിഞ്ഞാൽ പോരാ, അവരുടെ മനസ്സുംകൂടി അറിയണം'' -ടീച്ചർ പറയുന്നു. 1989-ലാണ് ഷാലമ്മാ ജോസഫ് അധ്യാപകജോലിയിൽ പ്രവേശിച്ചത്. അന്നു പഠിപ്പിച്ച കുട്ടികളൊക്കെ ഇന്ന് വലിയവരായി. സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തിയവരുമുണ്ട് കൂട്ടത്തിൽ. ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയും. അവരിൽ ചിലർ ഇടയ്ക്കൊക്കെ വിളിക്കും. അതാണ് ഏറ്റവും വലിയ അംഗീകാരം -ഷാലമ്മ പറഞ്ഞു.
മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ എത്തിയപ്പോഴാണ് അധ്യാപിക എന്നതിനൊപ്പം മറ്റൊരു ഉത്തരവാദിത്വംകൂടി കിട്ടിയത്, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സി.പി.ഒ. സ്ഥാനം. അവിടെയുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് തന്നെ പുരസ്കാരത്തിലേക്ക് എത്തിച്ചതെന്ന് ഷാലമ്മ പറഞ്ഞു. സഹപ്രവർത്തകരുടെ സഹകരണമാണ് പുരസ്കാരത്തിനുപിന്നിൽ.
'വൃത്തിയിലൂടെ ഭൂമിയെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി 53 കുട്ടികളെയുംകൊണ്ട് ഷാലമ്മയുടെയും സഹപ്രവർത്തകൻ സജി ആന്റോയുടെയും നേതൃത്വത്തിൽ നടത്തിയ ഡൽഹി യാത്രയായിരുന്നു അതിൽ പ്രധാനം. 2019 ജൂണിലാണ് ഷാലമ്മ കോട്ടത്തറ ജി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപികയായി ചുമതലയെടുക്കുന്നത്.
അന്നുമുതൽ ഇന്നുവരെയും സ്കൂളിൽ ആദ്യമെത്തി അവസാനം മടങ്ങുന്ന ആളാണ് ടീച്ചറെന്ന് പി.ടി.എ. പ്രസിഡന്റ് കെ.കെ. മുഹമ്മദ് അലി പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കല്പറ്റ എസ്.കെ.എം.ജെ. സ്കൂളിനു സമീപമാണ് ഷാലമ്മയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. ജെ.എൻ.യു.വിൽ വിദ്യാർഥികളായ അലീഷ മേരി ജോസഫും ആഷ്ലി മേരി ജോസഫും മക്കളാണ്.
Content Highlights: Shalamma teacher got Best Teacher award, Teacher's Day Special