• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Education
More
Hero Hero
  • News
  • Features
  • Notifications
  • Scholarships
  • Vidya
  • Quiz Corner
  • Ask Expert
  • Last Rank 2020
  • Careers
  • GK & CA
  • Courses & Institutions
  • YearBook
  • Videos
  • University News
  • Announcements

ലോക്ക്ഡൗണ്‍കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം: ഭാവി സാധ്യതകളും വെല്ലുവിളികളും

Sep 3, 2020, 09:25 AM IST
A A A

ലോക്ക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഭാവിസാധ്യതകളും വിലയിരുത്തുകയാണ് ലേഖകന്‍

# ദാമോദര്‍ പ്രസാദ്
Online Leraning
X

Representational Image | Pic Credit: Getty Images

'സര്‍വകലാശാല എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല', ആലീസ് പറഞ്ഞു.

ഹംപ്റ്റി ഡംപ്റ്റി പുച്ഛത്തോടെ ചിരിച്ചു: ' ശരിയാണ് നിനക്ക് മനസിലാകില്ല... ഞാന്‍ അത് പറയാത്തത് വരെ. ഞാന്‍ അര്‍ത്ഥമാക്കുന്നത് 'കാണാന്‍ നല്ല ചന്തമുള്ള ഒരു കെട്ടിടം ഉണ്ടെന്നാണ്'.

'പക്ഷെ സര്‍വകലാശാല എന്നാല്‍ 'ചന്തമുള്ള കെട്ടിടം എന്നല്ല.' ആലീസ് എതിര്‍ത്തു.

'ഞാന്‍ ഒരു വാക്ക് പറയുമ്പോള്‍.' ഹംപ്റ്റി  ഡംപ്റ്റി പറഞ്ഞു, അല്പം പരിഹാസ സ്വരത്തോടെ തന്നെ 'ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് മാത്രമാണ് അര്‍ത്ഥമാക്കുന്നത്.   അതില്‍ കൂടുതലായോ കുറവായോ ഒന്നുമില്ല.

'ചോദ്യം ഇതാണ്' ആലീസ് പറഞ്ഞു, 'ഒരു വാക്ക്‌കൊണ്ടു പലതും അര്‍ത്ഥമാക്കാന്‍ കഴിയുമോ' 

'ചോദ്യം എന്താണെന്നു വെച്ചാല്‍', ഹംപ്റ്റി ഡംപ്റ്റി പറഞ്ഞു, 'എല്ലാത്തിന്റെയും മാസ്റ്റര്‍ ആവുകയാണ് എന്നാണ്. അത്രയേയുള്ളു'

(ലൂയിസ് കരോള്‍, ത്രൂ ദ ലുക്കിങ് ഗ്ലാസ്)

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങള്‍ ഹംപ്റ്റി ഡംപ്റ്റിയും ആലീസും തമ്മില്‍ സര്‍വകലാശാലയുടെ അര്‍ത്ഥത്തെക്കുറിച്ചു നടന്ന സംഭാഷണം പോലെയാണ്. സാധ്യതകളെ പരിപൂര്‍ണമായി നിരാകരിക്കുന്ന അര്‍ത്ഥങ്ങള്‍ വാസ്തവത്തില്‍ ഏകപക്ഷീയമാണ്. ഓണ്‍ലൈന്‍ പഠനം വികസ്വരമായ മേഖലയാണ്. അതിനെ അടുത്തറിയുകയും  കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ പൊതുവിദ്യാഭ്യസത്തിന്റെ ഭാഗമാക്കണോ എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ടതും വിമര്‍ശനപരവുമായ ചോദ്യം.

ഔപചാരിക രീതികളും മാര്‍ഗ്ഗങ്ങളും അവലംബിച്ചു നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്ന ഒരു സവിശേഷ ഘട്ടത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകളെ നമ്മള്‍ അന്വേഷിക്കുന്നത്. സ്‌കൂളുകള്‍, കോളേജുകള്‍,  സര്‍വകലാശാലകള്‍, ഇതര പരിശീലന കേന്ദ്രങ്ങള്‍ -എല്ലാംതന്നെ അടിച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ബദല്‍ മാര്‍ഗമെന്ന നിലയില്‍ ഇന്റര്‍നെറ്റ് അടിസ്ഥാനപ്പെടുത്തിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ ആകൃഷ്ടരാവുന്നത്. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിനു ഒരു ബദല്‍ മാര്‍ഗമായി ഓണലൈനിനെ പല അധ്യാപകരും കാണുന്നില്ല. ശരിയാണ്, നിലവില്‍ ഇത് ഒരു ബദല്‍ മാര്‍ഗമല്ല, മറിച്ച് നിലവിലുള്ള വിദ്യാഭ്യാസ വിനിമയങ്ങള്‍ക്ക് സഹായകരമാവുന്ന കൂടുതല്‍  സാധ്യതകളൊരുക്കുക മാത്രമാണ് ചെയ്യുന്നത്. 

ഔപചാരിക പഠനപ്രക്രിയ പ്രധാനമായും നടക്കുന്നത് ക്ളാസ്റൂം സംവേദനത്തിലൂടെയാണ്. മാനവിക വിഷയങ്ങളായായാലും സാമൂഹിക ശാസ്ത്ര, ശാസ്ത്ര പഠനമായാലും ക്ളാസ്റൂം പഠനം ഒഴിവാക്കാന്‍ പറ്റാത്തതാണ്. വ്യക്തിഗതമായ സംവേദനത്തിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള കൂട്ടായ പഠന പ്രക്രിയ ധൈഷണികതയെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതും ഒപ്പംതന്നെ പഠനത്തിന്റെ സാമൂഹ്യവത്കരണത്തെയും ഗുണകരമായ രീതിയില്‍ സ്വാധീനിക്കുന്നു. ക്ളാസ്‌റൂം ഇന്ററാക്ഷന്‍ അധ്യാപനത്തിന് ഏറ്റവും അമൂല്യവത്തായ ഒന്നായി അധ്യാപകര്‍ എടുത്തുപറയുന്ന കാര്യമാണ്.  ഇതിനോട് ചേര്‍ന്ന് ലാബ് സൗകര്യങ്ങളും, ലൈബ്രറിയും വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇതൊക്കെ ഭൗതിക ഇടങ്ങളില്‍ മാത്രം പരിമിതപ്പെടുത്തേണ്ട കാര്യങ്ങളല്ല. 

പഠനം ഓണ്‍ലൈനാകുമ്പോള്‍

ഓണ്‍ലൈന്‍ എന്നാല്‍ ഒരു പരിസ്ഥിതിയാണ് (online is an environment) . അതിനെ മൊത്തത്തില്‍ കാണേണ്ടതായുണ്ട്. പഠനത്തിനാവശ്യമായുള്ള എന്തെങ്കിലും ഒരു പ്ലാറ്റ്‌ഫോം  അല്ലെങ്കില്‍ താത്ക്കാലികമായി പഠനത്തിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ മാത്രമല്ല ഇത്. വാസ്തവത്തില്‍, ഇ- പുസ്തകങ്ങളും, നിരവധിയായ വീഡിയോകളും, പ്രതീതി ലാബുകളും ഉള്‍ക്കൊള്ളുന്ന വിസ്തൃതമായ ലോകമാണ്. അദ്ധ്യാപകര്‍ക്ക് ഒരു വിഷയം പഠിപ്പിക്കുന്നതിന് അല്ലെങ്കില്‍ ഒരു ആശയം അവതരിപ്പിക്കുന്നതിന് അനവധിയായ ഗ്രാഫിക്്‌സുകളെയും, വിഡിയോകളെയും, ഇതര ടെസ്റ്റുകളുളെയും ഇന്റര്‍നെറ്റില്‍നിന്നുതന്നെ കണ്ടെത്താം. ഒറ്റക്കാര്യമേ ഉള്ളൂ:  ഇതിന്റെ ആധികാരികതയും ഗുണമേന്മയും ഉറപ്പു വരുത്തേണ്ടത് അധ്യാപകരുടെ ചുമതലയാണ്. ഇത് കൂടുതല്‍ സമയം ആവശ്യപ്പെടുന്ന പ്രക്രിയയാണ്. ഒരുപക്ഷെ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇന്റര്‍നെറ്റ് അന്വേഷങ്ങളില്‍ പങ്ക് ചേരാം. അങ്ങിനെ അതൊരു സംയുക്തവും പങ്കാളിത്തപരവുമായ പഠനത്തിന് സഹായകമാകുന്നു.

നിലവില്‍ ക്ളാസ് റൂമുകള്‍ ഈമട്ടില്‍ സജ്ജമാണ്. എത്രയോ  അധ്യാപകര്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. സമകാലിക പഠന പ്രക്രിയ ഇന്റര്‍ മീഡിയയാണ് ( inter media). ഇന്റര്‍ മീഡിയ എന്നതുക്കൊണ്ട് അര്‍ത്ഥമാക്കുന്നത് ക്ളാസിലെ വ്യക്തിഗതമായ അധ്യാപനവും മാധ്യമ കലര്‍പ്പുകളടെ സവിശേഷ ഭാഗമെന്ന നിലയ്ക്കാണ്. ഇന്റര്‍നെറ്റില്‍ നിന്ന് കണ്ടെത്തിയ ഓപ്പണ്‍ വിദ്യാഭ്യാസ സ്രോതസുകള്‍ എന്ന നിലയ്ക്കുള്ള വീഡിയോകള്‍, ഇതര ടെക്സ്റ്റുവല്‍, ഗ്രാഫിക്‌സ്, പ്രെസന്റേഷന്‍ സാമഗ്രികള്‍ ക്ലാസില്‍ അവതരിപ്പിച്ചുകൊണ്ടാണ് അധ്യാപകര്‍ 'പഠിപ്പിക്കുക'  (teaching) എന്ന ഔപചാരിക കൃത്യത്തില്‍ ഏര്‍പ്പെടുന്നത്. അത് ക്ളാസ്റൂമിലെ പഠനപ്രക്രിയയെ കൂടുതല്‍ സമ്പന്നവും ജീവസ്സുറ്റതുമാക്കുന്നു. ഭൗതിക സാമീപ്യത്തിന്റെ (eye contact)  കാര്യമൊഴിച്ചാല്‍ ഓണ്‍ലൈനിലെ പഠനപ്രക്രിയയില്‍ ഇന്റര്‍മീഡിയ ഇന്ററാക്ഷനില്‍ നിന്ന്  വലിയ  മാറ്റമൊന്നും സംഭവിക്കുന്നില്ല. 

ഓണ്‍ലൈനിലെ വെല്ലുവിളികള്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇന്നും അഭിമുഖീകരിക്കുന്നത് ഒരു പഴയ പ്രശ്‌നമാണ്. ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ തുടക്കം മുതല്‍ക്കേ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണത്. അത് ഡിജിറ്റല്‍ അന്തരത്തിന്റെ (digital divide) പ്രശ്‌നമാണ്. ഇന്റര്‍നെറ്റ് അവകാശമാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. എങ്കിലും ഡാറ്റ കണക്റ്റിവിറ്റി എല്ലാവര്‍ക്കും ഒരേപോലെ ലഭ്യമല്ല. സര്‍വകലാശാലകളിലും പല കോളേജുകളിലും ഫ്രീ വൈ ഫൈ ലഭ്യമാക്കുന്നുണ്ടെങ്കിലും വീടുകളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആ സൗകര്യം ലഭ്യമാകണമെന്നില്ല. അത്തരത്തിലുള്ള അസമത്വത്തെക്കുറിച്ചു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. 

വിദ്യാഭ്യാസത്തിന്റെ തലത്തില്‍ മാത്രം നില്‍ക്കുന്ന ഒരു കാര്യമല്ല, ഡിജിറ്റല്‍ ഇക്കണോമിയുടെ സവിശേഷ പ്രശ്‌നമാണ് ഇത്. സര്‍വമേഖലയും ഡിജിറ്റല്‍വത്കരിക്കപ്പെടുകയും എന്നാല്‍ ഒരു വലിയ വിഭാഗം ജനത്തിന് അതിലേക്ക് പ്രവേശന സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് ഡിജിറ്റല്‍ ഇക്കണോമിയുടെ വികാസത്തിന് തടസമാവുകയാണ്. കോവിഡ് -19 കാലത്തില്‍  ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥക്ക് കൂടുതല്‍ ഊന്നല്‍ ലഭിച്ചിരുക്കുന്ന ഘട്ടത്തില്‍ എല്ലാവരെയും ഉള്‍ച്ചേര്‍ത്തിട്ടുള്ള വികസനത്തിന് പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണ്.

ഓണ്‍ലൈന്‍ പഠനത്തിനെതിരെ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രധാന വിമര്‍ശനം അത് വിമര്‍ശനാത്മക ചിന്തയെ നിരുത്സാഹപ്പെടുത്തുന്നു എന്നാണ്. അവരുടെ കാഴ്ചപ്പാടില്‍ വിദ്യാഭ്യാസത്തിന്റെ ഒരു ഘടകമായ അധ്യാപനം മാത്രമേ ഓണ്‍ലൈനില്‍ നടക്കുന്നുള്ളൂ എന്നാണ്.  ഓണ്‍ലൈനില്‍ ഏറ്റവും സവിശേഷമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് അധ്യാപനമാണ്. ഇപ്പോഴത്തെ ഘട്ടത്തിലാണെങ്കില്‍, പൂര്‍ത്തീകരിക്കാത്ത ക്‌ളാസുകള്‍ എടുത്തു തീര്‍ക്കുക, അത്യാവശ്യം സോഷ്യല്‍ മീഡിയയിലൂടെ സംശയ നിവാരണത്തിലുള്ള അവസരം ഒരുക്കുക. അതാണ് ഓണ്‍ലൈന്‍ വിദ്യാഭ്യസത്തിന്റെ പ്രായോഗിക തലം. പക്ഷെ വിമര്‍ശനാത്മക പഠനത്തെ ഓണ്‍ലൈന്‍ നിരാകരിക്കുന്നു എന്നുള്ളത് ഒരു അതിരുകടന്ന വാദമാണ്. ഒരര്‍ത്ഥത്തില്‍ അത് ദോഷൈകദര്‍ശനമാണ്. ഒരുപക്ഷെ ലബ്ധപ്രതിഷ്ഠരായ വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് മാധ്യമ വേദികള്‍ കൂടുതല്‍ ലഭിക്കുന്നു എന്നുള്ളതുകൊണ്ടും അവരുടെ ഇത്തരം കാഴ്ചപ്പാടുകള്‍ വിമര്‍ശനരഹിതമായി സ്വീകരിക്കപ്പെടുന്നു എന്നുള്ളതാണ് വാസ്തവം. 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ വ്യവസായിക മുതലാളിത്തത്തിന്റെ മൂലമാതൃകയില്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായം പല പരിഷ്‌കരണങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അത് ഫാക്ടറി ഘടനയെ തന്നെ ഇപ്പോഴും പിന്‍പറ്റുന്നു. ക്ളാസ് റൂമിന്റെ ഘടനയിലും വിദ്യാര്‍ത്ഥികളുടെ ഇരിപ്പിലും അധ്യാപകന്റെ മേല്‍നോട്ടത്തിന്റെ കാര്യത്തിലും റോസ്റ്റര്‍ സമ്പ്രാദയത്തിലും സിലബസ് നിര്‍മാണത്തിലും കരിക്കുലം ഡിസൈന്റെ സ്വഭാവത്തിലും പൊതുവില്‍ പ്രാമാണിക ധാരണകളെ മുറിച്ചു കടക്കാന്‍ പരമ്പരാഗത വിദ്യാഭ്യാസത്തിനു സാധിച്ചിട്ടില്ല. സ്ഥാപനപരമായ ഈ പരിമിതികളെയാണ്  ദശകങ്ങള്‍ക്ക് മുമ്പേ ഇവാന്‍ ഇല്ലിച്ചിന്റെ ഡി-സ്‌കൂളിംഗ് പോലുള്ള ദര്‍ശനങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിച്ചത്. എങ്കിലും പാരമ്പരാഗത വിദ്യാഭ്യാസത്തില്‍ അതിന്റെ പരിമിതികളെകൂടി ഉള്‍ക്കൊണ്ടു പുതിയ ദിശയിലേക്ക് വികസിച്ചുവെന്നുള്ളത് നേരാണ്.

പക്ഷെ, വിമര്‍ശനാത്മക സമീപനം സ്ഥാപനമരമായ വിദ്യാഭ്യാസത്തില്‍ അന്തഃസ്ഥിതമാണ് എന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല. ക്ളാസ്റൂമിന്റെ പരിമിത വൃത്തത്തിനകത്തല്ല വിമര്‍ശനാത്മക കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നത്. അത് നിരന്തരമായ പഠിതാക്കളും അധ്യാപകരും തമ്മിലുള്ള ചോദ്യോത്തരങ്ങളിലൂടെയുള്ള പ്രതിപ്രവര്‍ത്തനത്തിലാണ്. അതിനു സഹായകമാകുന്ന ലൈബ്രറി സൗകര്യവും മറ്റനുബന്ധ കാര്യങ്ങളും ഓണ്‍ലൈന്‍ ഏതൊരു പഠിതാവിനും ഏതുനേരവും എവിടെ നിന്നും ലഭ്യമാണ്. വാസ്തവത്തില്‍ ആ നിലയ്ക്ക് നോക്കിയാല്‍ വിദ്യാര്‍ത്ഥി സമൂഹത്തെ നവമാധ്യമ സാങ്കേതികവിദ്യ വിജ്ഞാനപരമായി കൂടുതല്‍ ദൃഢപ്പെടുത്തുകയാണ്. ഓണ്‍ലൈന്‍ പരിസ്ഥിതിയെ സമഗ്രമായി കാണാന്‍ മടിക്കുന്നതിനാലാണ് ഇത്തരം പല വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നത്. അച്ചടി നവ മാധ്യമത്തിനെതിരെ ലെഗസി മീഡിയ (legacy media) വളരെ മുമ്പ് ഉന്നയിച്ചുക്കൊണ്ടിരുന്ന ഒരു വാദം പോലെ മാത്രമേ ഇത് പരിഗണിക്കേണ്ടതുള്ളൂ.

വാസ്തവത്തില്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേരിടുന്ന ഒരു പ്രധാന പരിമിതി അത് ഇപ്പോഴും പരമ്പരാഗത വിദ്യാഭ്യാസ രീതികളെ/ സമ്പ്രദായങ്ങളെ ഓണ്‍ലൈനില്‍ പുനരാവിഷ്‌കരിക്കുന്നു എന്നതാണ്. ക്ളാസ്റൂം പഠനം, പരമ്പരാഗത പരീക്ഷ രീതികളെ പിന്തുടര്‍ന്ന് അതേരീതിയിലുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ തുടങ്ങി ഓരോ ഓരോ കാര്യത്തിലും പരിചിതവും സ്ഥാപനപരവുമായ രീതികള്‍ തന്നെയാണ് അവലംബിക്കപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ വെര്‍ച്വല്‍വത്ക്കരണം അതിനുമപ്പുറം പുതിയ ആകാശങ്ങള്‍ കണ്ടത്തേണ്ടതാണ്. ഡേവിഡ്  ഹാര്‍വേയെ പോലുള്ള അതിപ്രഗത്ഭരായ അക്കാദമിക്കുകള്‍ സ്വീകരിക്കുന്ന സാങ്കേതികവിദ്യയോട്  മുന്‍വിധികളില്ലാതെയുള്ള പ്രായോഗിക സമീപനമായിരിക്കും താത്വിക സിനിസിസത്തേക്കാള്‍ പ്രതീക്ഷകള്‍ നല്‍കുന്നത്.  

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍

ഓണ്‍ലൈന്‍ വിനിമയങ്ങളില്‍ പ്രധാനമായും ഇന്ന് ശ്രദ്ധയാകര്‍ഷിക്കുന്നത് പ്ലാറ്റ്‌ഫോമുകളാണ്. നെറ്റ്ഫ്‌ളിക്‌സ് സിനിമക്കായുള്ള ഒരു പ്ലാറ്റ്‌ഫോമാണ്. സമാനമായ രീതിയില്‍ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നല്‍കുന്ന വലുതും ചെറുതുമായ പ്ലാറ്റ്‌ഫോമുകളുണ്ട്. ഇതില്‍ പ്രധാനമായവയൊക്കെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെതാണ്. Coursera, Udemy എന്നിവയൊക്കെ ആക്കൂട്ടത്തില്‍പ്പെടും. വളരെ പോപ്പുലര്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് ലഭ്യമാകുന്ന സൈറ്റുകളാണ്   ഇവ. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുമായി ചേര്‍ന്ന് നാനാവിധ വിഷയങ്ങളില്‍ മൂക് (MOOC)  ഈ സൈറ്റുകളില്‍ ലഭ്യമാണ്.  എന്നാല്‍ ഈ സൈറ്റുകളില്‍ ലഭ്യമായിട്ടുള്ള പല കോഴ്‌സുകളും ഓപ്പണ്‍ കോഴ്‌സ് വെയര്‍ അല്ല എന്നതിന്റെ അര്‍ത്ഥം കോഴ്‌സിന് ചേരാന്‍ നിശ്ചിത ഫീസുകളുണ്ടെങ്കില്‍ ചിലതിനു സെര്‍ട്ടിഫിക്കേഷനാണ് ഫീസ്. 

സ്വയം മൂക് ( SWAYAM MOOC) സൈറ്റ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കാര്‍മ്മികത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് ലഭ്യമാകുന്ന പ്ലാറ്റ്ഫോമാണ്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളാണ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് സ്വയത്തിലൂടെ വിദ്യാര്‍്ത്ഥികളിലേക്ക് എത്തിക്കുന്നത്. എല്ലാ കോഴ്‌സുകളും ഫ്രീയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രധാനമായും ലക്ഷ്യം വെച്ചുള്ള സ്വയം മൂക് കരിക്കുലവുമായി  ബന്ധപ്പെട്ടിരിക്കുന്നു. ബിരുദത്തിനോ ബിരുദാനന്തരത്തിനോ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ നിന്ന് സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള കോഴ്‌സ് പഠിച്ചുകൊണ്ട്, പ്രസ്തുത കോഴ്‌സിന് നിശ്ചയിച്ചിട്ടുള്ള ക്രെഡിറ്റ് ലഭിക്കുന്നതാണ്. സ്വയം മൂകിന്റെ ( swayam mooc) റെഗുലേഷന്‍ എല്ലാ  സര്‍വകലാശാലകള്‍ക്കും ബാധകമാണ്. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ഒരു സവിശേഷ ഘടകം മാത്രമാണ് മാസിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്. ഓണ്‍ലൈന്‍ കോഴ്സുകള്‍ ഇതല്ലാതെയുമുണ്ട്. വ്യക്തിഗത അധ്യാപകര്‍ ഓഫര്‍ ചെയ്യുന്ന വ്യക്തിഗത കോഴ്സുകള്‍.  സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കോഴ്‌സ് നല്‍കുന്നത്. സ്വയം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിന്റെ കൃത്യമായ ഘടനയുള്ളതായിരിക്കില്ല ഈ കോഴ്‌സുകള്‍. വളരെ അയഞ്ഞ സ്വഭാവമുള്ളതായിരിക്കാം എങ്കിലും പല വിഷയങ്ങളിലും പ്രശസ്തമായ കോഴ്‌സുകള്‍ പലരും ഓഫര്‍ ചെയ്യുന്നുണ്ട്. നവമാധ്യമത്തിന്റെ നവീന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത് വഴി. ഔപചാരിക വിദ്യാഭ്യാസത്തിന്റെ സ്ഥാപനപരവും ഘടനപരവുമായ പരിമിതികളെ മറികടന്നുകൊണ്ടു വിദ്യാഭ്യാസ സംവേദനത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുകയാണ്. 

ഇനിയും പ്രയോജനപ്പെടുത്താത്ത ഓണ്‍ലൈന്‍ സാധ്യതകള്‍

പ്ലസ്ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരാകുന്നതില്‍ ഏതാണ്ട് മുപ്പതു ശതമാനത്തില്‍ താഴെപ്പേര്‍ മാത്രമാണ് ഡിഗ്രിക്ക് ചേരുന്നത് എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ ഗ്രോസ് എന്റോള്‍മെന്റ് റേഷിയോ വളരെ പിന്നാക്കമാണ്. ലോക ആവറേജിനേക്കാള്‍ എത്രയോ പിന്നിലാണ് കേരളവും. ഇതുയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ അവലംബിച്ചിട്ടുള്ള മാര്‍ഗങ്ങളിലൊന്ന് ഡിജിറ്റല്‍ പഠനം ശക്തിപ്പെടുത്തുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട സര്‍വകലാശാലാ പഠന സൗകര്യങ്ങള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ പഠന രീതികളെ  സ്വീകരിക്കുന്നത് വിമര്‍ശിക്കപ്പെടുന്നുണ്ട്. 

ഉന്നതവിദ്യാഭ്യാസത്തിന് നവലിബറല്‍വത്കരണത്തിന്റെ ഭാഗമായി ഗണ്യമായ തോതില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുകയൂം സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍നിന്ന് പിന്‍വാങ്ങുകയുമാണ് എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്. സര്‍വകലാശാലാ തലത്തില്‍ കുറെവര്‍ഷങ്ങളായി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളില്‍ തന്നെ  അധ്യാപക തസ്തികകളിലേക്ക് നിയമനം നടന്നിട്ട്. അതേസമയം, സ്വകാര്യ സര്‍വകലാശാലകള്‍ വ്യാപകമാവുകയും ചെയ്യുന്നു. സ്വകാര്യ സര്‍വകലാശാലകളില്‍ കനത്ത ഫീസാണെന്ന് മാത്രമല്ല പൊതു വിദ്യാഭ്യാസത്തില്‍ പിന്തുടരുന്ന സംവരണം ഉള്‍പ്പടെ ഒരു മാനദണ്ഡവും പാലിക്കുന്നുമില്ല. യഥാര്‍ത്ഥ വിമര്‍ശനം അര്‍ഹിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തു നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് പുതിയൊരു സാധ്യത ഒരുക്കുന്നുവെന്നല്ലാതെ പൊതുവിദ്യാഭ്യാസത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ നിന്ന് ഒന്നും അപഹരിക്കുന്നില്ല. മറിച്ച്, അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തെ വിജ്ഞാനപരമായി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓപ്പണ്‍ സര്‍വകലാശാലകളും വിദൂര വിദ്യാഭ്യസവും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന നിലയില്‍ ഓണ്‍ലൈന്‍ സാധ്യതകളെ ശരിക്കും പ്രയോജനപ്പെടുത്ത സാഹചര്യമാണ് നിലവിലുള്ളത്.

(കോഴിക്കോട് സര്‍വകലാശാലയിലെ എജ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Online Education: Possibilities and Challenges

PRINT
EMAIL
COMMENT

 

Related Articles

കോവിഡ് കാലത്തെ പരീക്ഷ: പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Education |
Education |
ചിരിക്കില്ല,പക്ഷെ ചിരിപ്പിക്കും; കുട്ടികളുടെ നിര്‍ത്താത്ത ചിരികേട്ടാലറിയാം ക്ലാസില്‍ ഷാഫിമാഷാണെന്ന്
Education |
കഥയും കവിതയും ചര്‍ച്ചകളുമൊക്കെയായി നമ്മളിനിയും ഒരു ക്ലാസ്മുറിയില്‍ ഒന്നിക്കും
Education |
ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ പലരുമറിഞ്ഞു, സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപനം മികച്ചതെന്ന്
 
  • Tags :
    • education
    • Online Learning
    • MOOC Platform SWAYAM
    • Higher Education
    • Teachers' Day 2020
More from this section
teachers
നാലുകാലങ്ങളിലെ ശിഷ്യന്മാര്‍ ഒത്തുചേര്‍ന്നു, പ്രിയപ്പെട്ട മാഷിനെക്കാണാന്‍ 
teachers
മോഹന്‍ മാഷ് സൂക്ഷിക്കുന്നുണ്ട് ഒരമൂല്യ 'ചരിത്രശേഖരം'
teachers
പഠിപ്പിക്കുന്നത് ഇംഗ്ലീഷെങ്കിലും പാട്ടും സിനിമയും വഴങ്ങും മനോജ് മാഷിന്
Shafi Master
ചിരിക്കില്ല,പക്ഷെ ചിരിപ്പിക്കും; കുട്ടികളുടെ നിര്‍ത്താത്ത ചിരികേട്ടാലറിയാം ക്ലാസില്‍ ഷാഫിമാഷാണെന്ന്
Teachers from same family
അധ്യാപനം ഇവര്‍  നാലുപേര്‍ക്കും കുടുംബകാര്യം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.