കോവിഡ് മഹാമാരിയുടെ ഫലമായി എല്ലാ രംഗത്തും നാം പിന്നോട്ട് പോയെങ്കിലും സങ്കല്‍പ്പിക്കുവാന്‍ കഴിയാത്ത വിധം ചില കാര്യങ്ങളില്‍ നാം മുന്നോട്ട് പോയിരിക്കുന്നു. നമ്മുടെ ക്ലാസ്സ് മുറികള്‍ താത്കാലികമായെങ്കിലും ഓണ്‍ലൈന്‍ ആയിരിക്കുന്നു. കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ക്കായി കമ്പൂട്ടറും മൊബൈല്‍ ഫോണുമെല്ലാം ഒരുക്കേണ്ട അവസ്ഥ. എന്നാല്‍ പലര്‍ക്കും ഇത് പുത്തന്‍ അനുഭവമാണ്. അതിനാല്‍ത്തന്നെ കുട്ടികളെ ഏതുരീതിയില്‍ ശ്രദ്ധിക്കണമെന്നോ ക്ലാസ് സമയത്ത് എന്തെല്ലാം ചെയ്യണമെന്നോ അറിയാത്തവര്‍ നിരവധിയാണ്.

ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌കൂളില്‍ നിന്നും ഷെയര്‍ ചെയ്തുകിട്ടുന്ന ഒരു ലിങ്ക് ഉപയോഗിച്ചു എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന ഒരു പ്ലാറ്റ്‌ഫോം  ആണ് ഇന്ന് മിക്കവാറും എല്ലാ ഓണ്‍ലൈന്‍ ക്ലാസ്സുകളിലും കണ്ടു വരുന്നത് . ഈ പ്രവണത അത്ര നല്ലതല്ല. അധ്യാപകന്‍ അനുവാദം കൊടുത്താല്‍ മാത്രം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ കയറാന്‍ കഴിയുന്ന ഗൂഗിള്‍ മീറ്റ് (Google Meet) പോലുള്ള താരതമ്യേന സുരക്ഷിതമായ ഒരു ആപ്ലിക്കേഷന്‍ ആണ് സ്‌കൂള്‍ അധികാരികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ഉപയോഗിക്കേണ്ടത്.

ഗൂഗിള്‍  മീറ്റില്‍ കുട്ടിയുടെ പേര്,ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ കൊടുക്കുവാനുള്ള  ഓപ്ഷനുകള്‍ ഉണ്ട്. ഇതുമൂലം ക്ലാസ്സില്‍ കയറുന്നത് കുട്ടികള്‍ തന്നെ ആണോ എന്ന് ടീച്ചര്‍ക്ക് ഉറപ്പാക്കുവാന്‍ സാധിക്കുന്നു .കുട്ടികള്‍ അബദ്ധത്തിലോ മറ്റോ ഷെയര്‍ ചെയ്തു പോകുന്ന ലിങ്കുകള്‍ വഴി പുറത്തു നിന്നുള്ളവര്‍ കയറാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇത്തരത്തില്‍ കയറുന്നവര്‍ക്ക് കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് വഴി എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുകയും അത്തരം ചിത്രങ്ങള്‍ പിന്നീട് ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതകള്‍ ഏറെയാണ് .

സ്‌കൂളില്‍ എന്നതുപോലെതന്നെ ഓണ്‍ലൈന്‍ ക്ലാസ്സിലും കുട്ടികള്‍ക്ക് അച്ചടക്കം ആവശ്യമാണ്.ഒരു ക്ലാസിന്റേതായ സാഹചര്യം ഉറപ്പുവരുത്തുവാന്‍ ഓണ്‍ലൈന്‍ ക്ലാസ്സിലും സ്‌കൂള്‍ അധികൃതര്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ സാധാരണ ക്ലാസ്സുകളില്‍ എന്നപോലെ തന്നെ അറ്റന്റന്‍സ് രജിസ്റ്ററുകള്‍ അദ്ധ്യാപകര്‍ സൂക്ഷിക്കേണ്ടതും ഓരോ കുട്ടിയുടെയും  ക്ലാസ്സില്‍ കയറാന്‍ ഉള്ള റിക്വസ്റ്റുകള്‍ അനുവദിക്കുമ്പോള്‍ തന്നെ കുട്ടിയുടെ അറ്റന്‍ഡന്‍സും അടയാളപ്പെടുത്തേണ്ടതാണ്.സ്‌കൂള്‍ രേഖകളിലുള്ള പേരില്‍ മാത്രമേ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ കയറാന്‍ അനുവദിക്കാവൂ .ഇതുമൂലം യഥാര്‍ത്ഥ കുട്ടി തന്നെയാണോ കയറിയത്  എന്ന് ഉറപ്പാക്കാനും എത്ര കുട്ടികള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തു എന്നതിന് ഒരു ഏകദേശ രൂപം ലഭിക്കുവാനും അദ്ധ്യാപകന് കഴിയുന്നു.

ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

ഓണ്‍ലൈന്‍ ക്ലാസ്സിനായി കുട്ടികള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഒരു കംപ്യൂട്ടറോ ടി.വിയോ കൊടുക്കുന്നാതാണ്.കാരണം മൊബൈല്‍ ഫോണില്‍  കുട്ടികള്‍ കൂടുതല്‍ നേരം തലകുനിച്ചിരിക്കുന്നത് മൂലം അവര്‍ക്ക് കഴുത്തുവേദന, തലവേദന എന്നിവ ഉണ്ടാക്കുവാനുള്ള സാധ്യത ഉണ്ട്.

  • എങ്ങിനെയാണ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പ്രവേശിക്കുന്നത് എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്.
  • കുട്ടികളെ ഉത്തരവാദിത്തത്തോടെ ക്ലാസ്സില്‍ ഇരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. കുട്ടികള്‍ ക്ലാസ്സില്‍ തന്നെയാണോ ശ്രദ്ധിക്കുന്നത് എന്നത് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്.
  • ഓണ്‍ലൈന്‍ ക്ലാസ്സിനുശ്ശേഷം ക്യാമറ അണ്‍പ്ലഗ്ഗ് ചെയ്യുകയും അല്ലാത്ത പക്ഷം അവ കവര്‍ ചെയ്ത് സൂക്ഷിക്കുകയും വേണം.
  • കൃത്യമായി ചാര്‍ജ് ചെയ്ത ഉപകരണങ്ങള്‍ വേണം ഓണ്‍ലൈന്‍ ക്ലാസ്സിന് ഉപയോഗിക്കേണ്ടത്. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ കുത്തിവെച്ച നിലയില്‍ യാതൊരു കാരണവശാലും കുട്ടികള്‍ക്ക് കൊടുക്കരുത്.

ലേഖകന്‍: എ.വി. വിമല്‍കുമാര്‍ (കേരള ഹൈക്കോടതി അഭിഭാഷകന്‍, ലെക്സ് എക്സ്പെര്‍ട്ട്സ് ഗ്ലോബല്‍ ,അഡ്വക്കേറ്റ്സ് ആന്‍ഡ് അറ്റോര്‍ണീസ്, കൊച്ചി)

Content Highlights: Online Class Guidelines for Teachers and Parents