കൊച്ചി: ഇന്നലെകളുടെ അടയാളങ്ങൾ പോലെ മുറ്റം നിറയെ കൊഴിഞ്ഞ ഇലകൾ... സതീദേവി, സാനു മാഷിന്റെ കൈകളിൽ മുറുകെപ്പിടിച്ചു: ''നോക്കൂ മാഷേ, ആ ക്ലാസിലിരുന്നാണ് മാഷ് ഞങ്ങളെ പഠിപ്പിച്ചത്...''

ഓർമകളിലേക്ക് മറവിയുടെ വള്ളികൾ പടർന്നുകയറുന്ന കാലത്തും സതിയുടെ വാക്കുകൾ സാനു മാഷിന്റെ മനസ്സിൽ ചില ചിത്രങ്ങൾ തെളിച്ചു. മങ്ങാത്ത ഓർമകളായി മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ക്ലാസ് തെളിഞ്ഞു.

സാനു മാഷിനൊപ്പം അവർ നാല് ശിഷ്യരുണ്ടായിരുന്നു... 1956-ൽ മാഷ് ആദ്യമായി കോളേജിൽ പഠിപ്പിക്കാനെത്തുമ്പോൾ ശിഷ്യനായിരുന്ന പ്രതാപചന്ദ്രൻ, 1963-ലെ ബി.എ. ഇക്കണോമിക്സ് വിദ്യാർഥി മുൻ എം.പി. സെബാസ്റ്റ്യൻ പോൾ, 1967-ലെ ബി.എ. മലയാളം വിദ്യാർഥിനി കനകം, 1981-ലെ എം.എ. മലയാളം വിദ്യാർഥിനി സതീദേവി.

മറക്കാനാകാത്ത ഗുരു

ഒരുപാടു നാളുകൾക്കു ശേഷം പ്രിയ കലാലയത്തിൽ വെച്ച് സാനു മാഷിനെ കാണാനായതിന്റെ സന്തോഷമായിരുന്നു എല്ലാവർക്കും.

''സാനു മാഷിന്റെ ശിഷ്യൻ എന്ന മേൽവിലാസം ജീവിതത്തിലെ മഹത്തായ അനുഭവങ്ങളിലൊന്നാണ്. മാഷ് പഠിപ്പിക്കാൻ വരുമ്പോൾ ക്ലാസ് ഹൗസ് ഫുള്ളായിരിക്കും. മുൻനിരയിൽ ഇരിക്കുന്ന ഒരാളുടെ ടെക്സ്റ്റ് ബുക്ക് വാങ്ങി, ആദ്യത്തെ രണ്ടോ മൂന്നോ വാചകങ്ങൾ അതിലുള്ളതുതന്നെ മാഷ് പറയും. പിന്നെ, നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത് അതുവരെ കാണാത്ത പുതിയ ലോകങ്ങളിലേക്കായിരിക്കും...''

- സെബാസ്റ്റ്യൻ പോളിന്റെ വാക്കുകൾ പ്രതാപചന്ദ്രൻ പൂരിപ്പിച്ചു: ''സാറിന്റെ ക്ലാസ് കേൾക്കാൻ സെയ്ന്റ് ആൽബർട്സ് കോളേജിലെ കൂട്ടുകാർ എനിക്കൊപ്പം മഹാരാജാസിൽ വന്ന് ഇരിക്കുമായിരുന്നു''.

ശിഷ്യരെ അറിയുന്ന ഗുരു

''സതി കല്യാണം കഴിഞ്ഞാണ് എം.എ.യ്ക്ക് ചേരാനെത്തിയത്. മകനെ നഴ്സറിയിൽ വിട്ട ശേഷമായിരുന്നു സതി കോളേജിൽ വന്നിരുന്നതല്ലേ...'' - സാനു മാഷിന്റെ ചോദ്യം കേട്ട് സതി ചിരിച്ചു.

''മാഷിന് അന്നും ഇന്നും നല്ല ഓർമയാണ്. ഞങ്ങളുടെ എല്ലാ കാര്യവും മാഷിന് അറിയാം. വിദ്യാർഥികളുമായി അത്രമേൽ ആത്മബന്ധം''.

അതുകേട്ട് കനകം നാണത്തോടെ ഒരു വരികൂടി പറഞ്ഞു: ''എന്റെ കല്യാണം വരെ നടത്തിത്തന്ന ആളാണ് മാഷ്.''

നോറ അടച്ച വാതിൽ

''മാഷിന്റെ ഓരോ ക്ലാസും ഓരോ അനുഭവമായിരുന്നു... ഇബ്സന്റെ നാടകം പഠിപ്പിക്കുമ്പോൾ അതിലെ ഓരോ രംഗവും മാഷ് വേദിയിലെന്ന പോലെ മുന്നിൽ അവതരിപ്പിക്കും. നാടകത്തിലെ നായിക നോറ വാതിൽ വലിച്ചടച്ച് ഇറങ്ങിപ്പോകുന്ന ഒരു രംഗമുണ്ട്. അതു ക്ലാസിൽ അവതരിപ്പിച്ച് മാഷ് വാതിൽ അടച്ചതുപോലെ കാണിച്ചപ്പോൾ എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞ വാചകം ഞാൻ ഇപ്പോഴും മറന്നിട്ടില്ല...''

- എല്ലാവരും അതു കേൾക്കാൻ സെബാസ്റ്റ്യൻ പോളിന്റെ മുഖത്തേക്കു നോക്കി. പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ''മാഷ് അന്ന് ആ വാതിൽ വലിച്ചടച്ചപ്പോൾ യൂറോപ്പ് മുഴുവൻ നടുങ്ങിയിട്ടുണ്ടാകും''.

അക്കാലം വീണ്ടും വന്നാൽ

ഒരിക്കൽക്കൂടി പഠിക്കാൻ അവസരം കിട്ടിയാൽ ആരൊക്കെ അധ്യാപകരായി എത്തണം...?

എല്ലാവരുടെയും ഉത്തരങ്ങളിൽ സാനു മാഷിനൊപ്പം ലീലാവതി ടീച്ചറും ഒ.എൻ.വി. കുറുപ്പും ഉണ്ടായിരുന്നു. സെബാസ്റ്റ്യൻ പോൾ, ടി.ആർ.കെ. മാരാർ എന്ന അധ്യാപകനെക്കൂടി ഓർത്തെടുത്തു.

''അധ്യാപകരെ എന്നും ഓർക്കുന്ന ശിഷ്യർ ഉണ്ടാകുന്നതിനെക്കാൾ വലിയ സന്തോഷം മറ്റെന്താണുള്ളത്...'' - പിരിയുമ്പോൾ കലാലയത്തിലേക്കു നോക്കി സാനു മാഷ് ഒരു വാചകം കൂടി പറഞ്ഞു: ''അജ്ഞാതമായ പുണ്യങ്ങൾ ഒരുപാട് ഉറങ്ങിക്കിടക്കുന്ന സ്ഥാപനമാണിത്''.

Content Highlights: M.K Sanu mash and his Students, Teacher's Day 2020