കടലുണ്ടി/ കോഴിക്കോട്: സേതുമാധവൻ മാഷ് പഠിപ്പിച്ചത് ഭൂഗോളത്തിന്റെ സ്പന്ദനമായ ഗണിതം. ഇപ്പോൾ പഠിപ്പിക്കുന്നത് ലോകത്തിന്റെ സ്പന്ദനമായ ഫുട്ബോൾ. ഫിഫയുടെ റഫറിയായിരുന്ന ചാലിയം വട്ടപറമ്പിലെ സേതുമാധവൻ മാഷ് അധ്യാപകജോലിയിൽനിന്ന് വിരമിച്ചെങ്കിലും ഫുട്ബോൾ പരിശീലനം വിടാതെ തുടരുന്നു.
ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന സേതുമാധവൻ 2010-ലാണ് പ്രധാനാധ്യാപകനായി വിരമിച്ചത്. പഠനത്തിലും കാൽപ്പന്തുകളിയിലും മികവുപുലർത്തിയ അദ്ദേഹം സ്കൂൾ പഠനകാലത്ത് സ്കൂൾ ജില്ലാ ടീമിൽ അംഗമായിരുന്നു. ഈഗിൾസ് വട്ടപറമ്പിലൂടെയാണ് കാൽപ്പന്തുകളിയിലേക്ക് കടന്നുവന്നത്.
ഒട്ടേറെ ജില്ലാ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ബൂട്ടണിഞ്ഞു. 1981-ൽ കേരള ഫുട്ബോൾ ഫെഡറേഷന്റെ റഫറിയായും 1995-ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ റഫറിയായും തിരഞ്ഞെടുത്തു. 1995-ൽ ഫിഫയുടെ അസിസ്റ്റന്റ് റഫറിയുമായി. ഫിഫയുടെ കീഴിൽ സൗത്ത് കൊറിയ, മാലദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനടന്ന ഫുട്ബോൾ മത്സരങ്ങളിൽ റഫറിയായി പങ്കെടുക്കാനും സേതുമാധവനായി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ റഫറിമാരുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാലാന്തരത്തിൽ ഫുട്ബോളിൽവന്ന മാറ്റങ്ങളെയും സേതുമാധവൻ പിന്തുടർന്നു. പഴയ പുൽമൈതാനങ്ങളിൽനിന്ന് ടർഫ് മൈതാനങ്ങളിലേക്കുള്ള മാറ്റമാണ് അതിൽ പ്രധാനം. ഐ.എസ്.എൽ. പോലുള്ള കളികൾ വന്നതോടെ നമ്മുടെ കളിക്കളവും ലോകോത്തര നിലവാരത്തിലേക്ക് മാറി. വിദേശ ടീമുകൾക്കൊത്ത നിലവാരം പുലർത്തുന്ന മൈതാനങ്ങളും സജ്ജമായി. പന്തിലും കളിക്കാർ ഉപയോഗിക്കുന്ന ജഴ്സിയിലും ബൂട്ട്സിലുംവരെ ഈ മാറ്റങ്ങൾ പ്രകടമാണെന്ന് അദ്ദേഹം പറയുന്നു. അതത് മാസങ്ങളിൽ ഫുട്ബോളിൽ വരുന്ന മാറ്റങ്ങൾ കോച്ചുമാരുടെ കൂട്ടായ്മയിലൂടെ കൂട്ടികൾക്ക് പകർന്നുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് രൂപവത്‌കരിച്ച കായികസമിതിയുടെ ആദ്യ കൺവീനറായി തിരഞ്ഞെടുത്തത് മാഷെയാണ്. സ്കൂൾ കുട്ടികൾക്ക് കാൽപ്പന്തുകളിയിൽ പരിശീലനം നൽകുന്ന സർക്കാരിന്റെ കിക്കോഫ് പദ്ധതി നടപ്പാക്കുന്നതിനും സേതുമാധവൻ സെക്രട്ടറിയായ സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രെമോഷൻ ട്രസ്റ്റിനാണ് ചുമതല.
കോവിഡിനുശേഷം കുട്ടികൾക്ക് പരിശിലനം നൽകാനും നിർദേശങ്ങൾ നൽകാനും സേതുമാധവനും ഉണ്ടാവും. ഇരിങ്ങാലക്കുടയിൽനിന്നും ഡി.ഇ.ഒ. ആയി റിട്ടയർചെയ്ത ഉഷാറാണിയാണ് ഭാര്യ. മക്കൾ: ഡോ. അതുൽ, ആലാപ്.
Content Highlights: From teaching to football coaching sethumash is an idol to students